അധികാരം


ആന്റണി, മറ്റൊരദ്ധ്യായം

സി.രാജേഷ്‌
 

 



എണ്ണമറ്റ ഉപദേശീയതകളുടെ സമാഹാരമണ്‌ ഭാരതമെങ്കിലും അതിന്റെ വികാസചരിത്രത്തില്‍, രാജ്യാധികാരത്തില്‍ വ്യത്യസ്ത ഭൂപ്രദേശങ്ങള്‍ക്ക്‌, ജനവിഭാഗങ്ങള്‍ക്ക്‌, അര്‍ഹിക്കുന്ന ആനുപാതിക പ്രാതിനിധ്യം ലഭിച്ചിരുന്നില്ല. 'പശു ചാണകമിട്ട ഇന്ത്യയുടെ ഭൂപടം' എന്നത്‌ പരിഹസത്തിനപ്പുറം യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വിമര്‍ശനമാണ്‌. സംസ്ഥാനങ്ങള്‍ തമ്മിലും സംസ്ഥാനങ്ങള്‍ക്കുള്ളിലും വലിയ അസന്തുലിതാവസ്ഥകള്‍ ഉണ്ടായി. ചില ഇടങ്ങളില്‍ ലോകത്തിലെ വലിയ നഗരങ്ങള്‍ രൂപംകൊണ്ടപ്പോള്‍ മറുവശത്ത്‌ വഴിയും വഴിവിളക്കുമില്ലാതെ പല ഇടങ്ങളും ഇരുളാണ്ടു കിടന്നു. പഞ്ചാബില്‍, കാശ്മീരില്‍, ആസാമില്‍, തെലുങ്കാനയില്‍, മേഘാലയത്തില്‍, നാഗാലാന്റില്‍, ത്രിപുരയില്‍, മിസോറമില്‍, തുടങ്ങി ഇന്ത്യയിലുടനീളം സംഭവിച്ച ആഭ്യന്തര കലഹങ്ങളുടേയും പ്രാദേശിക തീവ്രവാദങ്ങളുടെയും അടിസ്ഥാനം രാഷ്ട്രീയാധികാരത്തില്‍ ജനാധിപത്യപരമായ പങ്കാളിത്തം നിഷേധിക്കപ്പെട്ടതായിരുന്നു. ഒരുവശത്ത്‌ അനര്‍ഹമായ പരിഗണനയും പ്രീണനവും, മറുവശത്ത്‌ കടുത്ത അവഗണനയുമുണ്ടായി.



പ്രാദേശികവും വിഭാഗീയവുമായ രാഷ്ട്രീയരൂപങ്ങള്‍ കേരളത്തില്‍ നേരത്തേ തന്നെ ശക്തി നേടിയിരുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനുള്ളില്‍ ഇന്ത്യയിലുടനീളം പ്രാദേശികരാഷ്ട്രീയപ്രസ്ഥാനങ്ങള്‍ പ്രബലമാവുകയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്‌ ക്ഷയിക്കുകയും കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ ജനകീയാടിത്തറ ക്രമാനുഗതമായി വളരുകയും ചെയ്തു. കഴിഞ്ഞ ഏതാനും സര്‍ക്കാരുകളില്‍ കര്‍ണ്ണാടകത്തിനും ആന്ധ്രയ്ക്കും തമിഴ്‌നാടിനും ലഭിച്ച പ്രാമുഖ്യം ഉത്തരേന്ത്യന്‍ ദക്ഷിണേന്ത്യന്‍ അസന്തുലിതാവസ്ഥകളെ കുറച്ചു. നരസിംഹറാവുവും ദേവഗൗഡയും ഉള്‍പ്പെടെ തെക്കു നിന്ന് പ്രധാനമന്ത്രിമാര്‍ വന്നു. പശു ബെല്‍റ്റ്‌  അയഞ്ഞു.

എന്നാല്‍ കേരളത്തില്‍ ഈ കാലയളവിലും സാരമായ വ്യതിയാനങ്ങള്‍ ഉണ്ടായില്ല. ഇന്ത്യന്‍ വികസനത്തിന്റെ തന്നെ നാഴികക്കല്ലാകാവുന്ന ഒരു തുറമുഖത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിനു വേണ്ടി കേരളത്തില്‍ നിനുള്ള പ്രതിനിധികള്‍ക്ക്‌ പാര്‍ലമെന്റിനു മുന്നില്‍ ധര്‍ണ്ണ ഇരിക്കേണ്ടി വരുന്നു. ടി.ആര്‍. ബാലുവിനെപ്പോലുള്ള മന്ത്രിമാര്‍ കേരളത്തിന്റെ ഉത്തമ താല്‍പര്യങ്ങള്‍ക്ക്‌ അനുമതി നിഷേധിക്കുന്നു.

നെഹ്രുവിയന്‍ കാലത്തിനുശേഷം മലയാളിയുടെ ആത്മഗൗരവം ഉയര്‍ത്തിപ്പിടിക്കുന്ന യഥാര്‍ത്ഥ രാഷ്ട്രീയനേതാക്കള്‍ക്ക്‌ കേന്ദ്രഭരണത്തില്‍ നിര്‍ണ്ണായക പങ്കാളിത്തം ഉണ്ടായിട്ടില്ല. കഴിഞ്ഞ നാലു പതിറ്റാണ്ടുകളിലെ കോണ്‍ഗ്രസ്സ്‌ കോണ്‍ഗ്രസ്സേതര കേന്ദ്രസര്‍ക്കാരുകളെ എടുത്ത്‌ പരിശോധിച്ചാല്‍ കേരളത്തിന്റെ പങ്കാളിത്തം നാമമാത്രമായിരുന്നു. കപടരാഷ്ട്രീയക്കാരും തന്‍കാര്യം നോക്കികളുമായ ഇവരില്‍പ്പലര്‍ക്കും ഭരണത്തിന്റെ ഓരങ്ങളില്‍പ്പോലും ചെന്നുനില്‍ക്കാനായില്ല. അധികം പേരും ചെറിയ ചെറിയ കാലയളവുകള്‍കൊണ്ട്‌ പിന്‍വാങ്ങി. സവിശേഷവ്യക്തിത്വമുള്ള പലരേയും കരുണാകരന്റെ ഉപജാപരാഷ്ട്രീയം വളരെവേഗം സ്ഥാനഭ്രഷ്‌ടരാക്കി, ബിനാമികളെ തിരുകി. ഈ അഭ്യാസങ്ങളെ അതിജീവിച്ച കെ.ആര്‍. നാരായണനെപ്പോലുള്ളവര്‍ക്കാകട്ടെ കേരളത്തില്‍ ജനകീയാടിത്തറ ഉണ്ടായിരുന്നുമില്ല.

രാഷ്ട്രീയ തന്ത്രങ്ങളുടെ ലോകഭാഷ മുഴുവന്‍ വശമുള്ള നരസിംഹറാവുവിനുമുന്നില്‍ കരുണാകരന്‍ അടിയറവു പറഞ്ഞു. 'ഹൈക്കമാന്റ്‌' എന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഉച്ചരിച്ചിട്ടുള്ള കരുണാകരന്‌ ഡല്‍ഹിയില്‍ ഇടമില്ലാതായി. ലോക്‌സഭാ ഇലക്ഷനില്‍ മല്‍സരിച്ചപ്പ്പ്പോള്‍ അഖിലേന്ത്യാരാഷ്ട്രീയം കളിക്കാനുള്ള മോഹം മാരകമായ പരാജയം ഏറ്റുവാങ്ങി. തൃശൂരില്‍ ലോക്‌സഭയിലേക്കുള്ള കന്നിയങ്കത്തില്‍ കരുണാകരന്‍ വി.വി.രാഘവനോടു തോറ്റു. ജനാധിപത്യം എന്നാല്‍ എന്താണെന്നും കരുണാകരണ്‍ ആരാണെന്നും ഇന്നും അറിഞ്ഞുകൂടാത്ത ആള്‍ കരുണാകരന്‍ തന്നെ. നെഹ്‌റുവിയന്‍ കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ ദേശീയതലത്തില്‍ കേരളം നേരിട്ട തിരിച്ചടികള്‍ക്ക്‌ കെ.കരുണാകരനെപ്പോലുള്ളവര്‍ വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്‌.

വി.കെ.കൃഷ്ണമേനോനു ശേഷം ഒരു മലയാളി ഇന്ത്യയുടെ പ്രതിരോധമന്ത്രിയുടെ പദവിയിലേക്ക്‌ എത്തുന്നത്‌ അഭിമാനാര്‍ഹമായ ചരിത്രസന്ദര്‍ഭമാണ്‌. ഇതാദ്യമായാണ്‌ രണ്ടു മലയാളികള്‍ ക്യാബിനറ്റ്‌ മന്ത്രിമാരായി വരുന്നതും. ഇന്ത്യന്‍ ഭരണത്തില്‍ രാഷ്ട്രീയമായും ജനാധിപത്യപരമായും കേരളത്തിന്‌ അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചിരിക്കുന്നു എന്നതാണ്‌ ഈ മാറ്റത്തിന്റെ പ്രത്യേകത.

ഇന്നത്തെ സാഹചര്യത്തില്‍ പ്രതിരോധമന്ത്രിയായ എ.കെ.ആന്റണി കോണ്‍ഗ്രസ്സിനെ സംബന്ധിച്ച്‌ ഒരു മികച്ച തെരഞ്ഞെടുപ്പാണ്‌. അധികാരത്തോട്‌ ആസക്തി പ്രകടിപ്പിക്കാത്ത, തുറന്ന പൊതുജീവിതത്തിന്റെ ഉടമകളായ ആളുകള്‍ ദേശം അഴിമതിയില്‍ അഴുകുമ്പോള്‍ ഇത്തരം ചുമതലകള്‍ ഏറ്റെടുക്കേണ്ടതുണ്ട്‌. പ്രധാനമന്ത്രിയാകുന്നതിനുമുമ്പുള്ള മന്‍മോഹന്‍സിംഗിനേക്കാള്‍ ഇന്നത്തെ പ്രണാബ്‌ മുഖര്‍ജിയേക്കാള്‍ ജനകീയാടിത്തറയുള്ള കോണ്‍ഗ്രസുകാരനാണ്‌ എ.കെ.ആന്റണി. അത്‌ ആന്റണിയെ കൂടുതല്‍ കരുത്തനാക്കും.

മന്‍ മോഹന്‍ സിംഗിനെ ദുര്‍ബ്ബലനാക്കി ഉപപ്രധാനമന്ത്രി പദവി കൊതിച്ച പ്രണാബ്‌ മുഖര്‍ജി, അര്‍ജുന്‍സിംഗ്‌  തുടങ്ങിയ പഴയ താപ്പനകള്‍ക്കുള്ള മറുപടിയാണ്‌  എ. കെ ആന്റണി. മാഡത്തിന്റെ ചോയ്സ്‌  മന്മോഹനുമായി ഒട്ടേറെ സമാനതകളുള്ള ഒരാള്‍. മുപ്പത്താറാം വയസ്സില്‍ കേരളമുഖ്യമന്ത്രിയായ ആന്റണിയ്ക്കും ബംഗാളില്‍ വിലാസമില്ലാത്ത മുഖര്‍ജിയ്ക്കും താരതമ്മ്യങ്ങളില്ല. ശരിയ്ക്കും ഒരു രണ്ടാമന്റെ രംഗപ്രവേശമാണിത്‌. അതുകൊണ്ടുതന്നെ പ്രതിരോധ മന്ത്രാലയത്തേക്കാള്‍ വലിയ വെല്ലുവിളി പ്രണാബ്‌ മുഖര്‍ജിയായിരിക്കും.
 

comments