
സില്‍ക്ക് സ്മിതയുടെ മരണാനന്തരം കവി വിജിതമ്പി 'സ്മിത ഒരു നദിയുടെ
പേര്' എന്നൊരു കവിത എഴുതി. നമ്മുടെ ഓടകളെ നദിയാക്കിയ ശരീരത്തിനുള്ള ആ
വാഴ്‌ത്ത് ഉള്ള് തൊടുന്ന ഒന്നായിരുന്നു.
നടി ശ്രീവിദ്യയുടെ മരണം അറിയിച്ചുകൊണ്ട് ടെലിവിഷന്‍ ചാനലുകള്‍
പറഞ്ഞതൊക്കെയും ഈ കവിത ഓര്‍മിപ്പിച്ചു. നദി ഓടയാക്കുന്ന വിധവും.
മരണം ഫാഷന്‍ഷോയ്ക്ക് എന്നപോലെ ഒരു ശരീരം മുന്നില്‍
നിര്‍ത്തിയിരിക്കുന്നു.ഇതാ ഇപ്പോള്‍ കണ്ടത് എന്ന മട്ടില്‍ മലയാളിയുടെ
ദൃശ്യമാധ്യമങ്ങള്‍ വിസ്തരിക്കാന്‍ തുടങ്ങി, ആരോടൊക്കയോ വിളിച്ചു ചോദിച്ചു..
നടി ഒരു ഉടല്‍ മാത്രമായി
ഫ്യൂഡല്‍ കാലം ചന്തം നോക്കുന്ന ന്യൂസ് മുറികളില്‍ നിന്ന്
അഗ്നിപര്‍വ്വതത്തിന്റെ മുഖപ്പ് പൊട്ടിയ പോലെ അടക്കിയ കാമത്തിന്റെ ചലം
ഒഴുകുന്നുണ്ടായിരുന്നു.
അകലെ നിന്ന് കാണുമ്പോള്‍ വിടുതികിട്ടാത്ത ഈ വിഷയ ദൗര്‍ബല്യങ്ങള്‍ കടുത്ത
അപമാനമായി, പ്രതിഭയ്ക്ക് കൊള്ളിവയ്ക്കലായി. ശ്രീവിദ്യ ഏതെങ്കിലും
യൂറോപ്യന്‍ ദേശത്തിന്റെ കലാകാരിയായിരുന്നെങ്കില്‍ ഇങ്ങനെ ഒരു വിയോഗത്തില്‍
എത്ര ആദരവോടെയാകും അവര്‍ വാക്കുകള്‍ തെരഞ്ഞെടുക്കുക എന്ന് വെറുതേ
ആലോചിക്കാം, ഓടയെ നദിയാക്കാന്‍ വേണ്ടി മാത്രം
യഥാര്‍ത്ഥ ആത്മകഥയില്‍ അസാധാരണമായ ഉള്‍ക്കരുത്തും ആത്മബോധവും
സ്വാതന്ത്ര്യകാംഷയുമുള്ള ഒരു സ്ത്രീയെ നാം പരിചയപ്പെടും , സംഗീതവും
നൃത്തവും അനന്യമായ അഭിനയ പാടവവും ഒന്നിച്ച കരുത്താര്‍ന്ന
കലാവ്യക്തിത്വത്തെയും.
'ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ഇരകള്‍, ആദാമിന്റെ വാരിയെല്ല്,
ദൈവത്തിന്റെ വികൃതികള്‍....' അതൃപ്തരായ സ്ത്രീകഥാപാത്രങ്ങളില്‍ നിന്ന് നാം
ഒരു നടിയെ സ്വതന്ത്രയാക്കാതെ, പകുതി നീല മലയാള സിനിമാപ്രസിദ്ധീകരണങ്ങളിലെ
തുണ്ടുകള്‍ ചേര്‍ത്തുവെച്ച് ഒരു ജീവിതം സങ്കല്‍പിക്കുന്നു. മൂര്‍ച്ഛിച്ച
മനോരോഗമാണിത്. നമ്മുടെ അഴക് തൊലിപ്പുറത്താകയാല്‍ ആഴത്തില്‍ എല്ലാം
അഴുകിക്കൊണ്ടിരിക്കുന്നു.
ശ്രീവിദ്യയെ പിന്നില്‍ നിന്ന് നോക്കാന്‍ തത്രപ്പെട്ട ടെലിവിഷന്‍ ക്യാമറകള്‍
നിര്‍മ്മിച്ച ഉടലിന്റെ വലയില്‍ അവരും പെട്ടുപോയിട്ടുണ്ടാകണം. അല്ലെങ്കില്‍
അര്‍ബുദം പ്രാര്‍ത്ഥിച്ചു മാറ്റാന്‍ ശ്രമിക്കുമായിരുന്നില്ല. മുടി
കൊഴിഞ്ഞാലും ജീവിതം കൊഴിയാതെ നോക്കുമായിരുന്നു.
comments