കഥ

ഭൂമി ഇടക്കിടെ
നടക്കുന്ന നഗരം

വി. മുസഫര്‍ അഹമ്മദ്‌

 


നഗരം തകര്‍ച്ചയുടെയും നാശത്തിന്റെയും വക്കിലാണ്‌. നിരന്തരം പൊടിക്കാറ്റ്‌ അടിക്കുന്ന ഇവിടെ ഇടക്കിടെ ചെറുതും വലുതുമായ ഭൂചലനങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ഇതുമൂലം ജനജീവിതം അനിശ്ചിതത്വത്തിലായിരിക്കുന്നു. ഒരിക്കല്‍ കാടും ചതുപ്പുകളും മാത്രം നിറഞ്ഞ ഈ പ്രദേശത്തെ കാറുകളും ലോറികളും നിര്‍മ്മിക്കുന്ന കമ്പനികളാണ്‌ പ്രശസ്തമാക്കിയത്‌. ഇന്നത്തെ നഗരത്തെ മൂടിയിരിക്കുന്ന കാട്‌ വെട്ടിത്തെളിച്ചതിനെക്കുറിച്ച്‌ പറഞ്ഞു കേള്‍ക്കുന്നത്‌ ഇങ്ങനെയാണ്‌. വെള്ളക്കുതിരപ്പുറത്ത്‌ ഒരാള്‍ സ്വര്‍ണ്ണനാണയങ്ങള്‍ നിറച്ച ചാക്കുമായി കാട്ടിലേക്ക്‌ പോകുന്നു. അയാള്‍ നാണയങ്ങള്‍ കാടിന്റെ പല മൂലകളിലുമായി എറിയുന്നു. വിവരം കാട്ടുതീ പോലെ അടുത്ത പ്രദേശങ്ങളിലെത്തി. അറിഞ്ഞവര്‍ അറിഞ്ഞവര്‍ കാടുകയറി സ്വര്‍ണനാണയങ്ങള്‍ സ്വന്തമാക്കാന്‍ വ്യഗ്രതപ്പെട്ടു. കൂറ്റന്‍ മരങ്ങള്‍ നിറഞ്ഞുനിന്നിരുന്ന കാട്ടില്‍ അപ്പടി ഇരുട്ടായിരുന്നു. ചെറിയ സ്വര്‍ണ്ണനാണയങ്ങള്‍ ഇരുട്ടില്‍ തിളങ്ങുമെന്ന് ജനങ്ങള്‍ കരുതിയെങ്കിലും ഒരിടത്തും തിളക്കം കാണാനായില്ല. കാടും മരങ്ങളും വെട്ടിത്തെളിയിക്കാതെ വെളിച്ചം വരില്ലെന്ന് മനസ്സിലാക്കിയവര്‍ പിന്നെ ഇടവും വലവും നോക്കാതെ ആ പ്രവൃത്തിയില്‍ ഏര്‍പ്പെടുകയായിരുന്നു. അങ്ങിനെയാണ്‌ ഈ പ്രദേശം ആദ്യമായി ജനവാസകേന്ദ്രമായി മാറിയത്‌.



കാടിന്റെ ചില മൂലകളില്‍ മാത്രം സ്വര്‍ണനാണയങ്ങള്‍ എറിഞ്ഞ കുതിരക്കാരന്‍ അതീവ ബുദ്ധിശാലിയായിരിക്കണം. കാട്ടില്‍ നിന്നും ജനങ്ങള്‍ക്ക്‌ കിട്ടിയത്‌ വളരെക്കുറച്ച്‌ സ്വര്‍ണ്ണനാണയങ്ങള്‍ മാത്രമായിരുന്നു. പലരും പാമ്പുകടിയേറ്റ്‌ മരിച്ചു. ചിലരെ കാട്ടുപോത്തുകള്‍കൊന്നു, മറ്റു ചിലര്‍ക്ക്‌ കുറുക്കന്മാരുടെ കടിയേറ്റ്‌ പേയിളകി. മലമ്പനി വന്ന് കാട്ടില്‍ കിടന്ന് ഏറെ ആളുകള്‍ മരിച്ചു.

അക്കാലത്തെ കൂലി നിലവാരം വെച്ചു നോക്കുകയാണെങ്കില്‍ ചിലവാകുമായിരുന്ന പണത്തിന്റെ കാല്‍ ഭാഗം കൊണ്ട്‌ കുതിരക്കാരന്‍ കാട്‌ തെളിച്ചെടുത്തുവെന്നു വേണം കരുതാന്‍. പക്ഷെ അയാള്‍ എന്തിനിതു ചെയ്തുവെന്നത്‌ ദുരൂഹമാണ്‌. അയാള്‍ക്കിതുകൊണ്ടെന്തു നേട്ടം എന്ന അന്വേഷണത്തിനും കാര്യമായ ഉത്തരം കിട്ടിയില്ല. പിന്നീട്‌ നഗരത്തിന്റെ ആദ്യ മേയറായി അധികാരമേറ്റത്‌ കുതിരക്കാരന്റെ മകനായിരുന്നുവെന്ന് അഭ്യൂഹമുണ്ടായിരുന്നു. ആദ്യ മേയര്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്‌. അയാള്‍ താന്‍ ആ കുതിരക്കാരന്റെ മകനല്ലെന്ന് പലവുരു ആവര്‍ത്തിച്ചിട്ടുള്ളതാണ്‌. തന്റെ പിതാവിന്റെ വിവരങ്ങള്‍ വ്യക്തമാക്കി താന്‍ പിതൃശൂന്യനല്ലെന്നും മേയര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്‌.

ചതുപ്പുകള്‍ നികത്തിയെടുത്തത്‌ വാഹനനിര്‍മ്മാണ കമ്പനികളാണ്‌. അതു സംബന്ധിച്ച ആധികാരിക രേഖകള്‍ ലഭ്യമാണ്‌. തൊട്ടടുത്ത പത്തു മുന്നൂറ്‌ ഗ്രാമങ്ങളില്‍ നിന്ന് കൂലിപ്പണിക്കാരായി വന്ന ആയിരക്കണക്കിന്‌ സാധാരണ തൊഴിലാളികളാണ്‌ ചതുപ്പുകള്‍ വറ്റിച്ചത്‌. അക്കാലത്ത്‌ പ്രദേശത്തിന്‌ ചേറിന്റെ മണമായിരുന്നുവെന്ന് പഴമക്കാര്‍ ഇപ്പോഴും പറയാറുണ്ട്‌.ചതുപ്പിലെ കെട്ട വെള്ളവും മണ്ണും കലരുമ്പോഴുണ്ടാവുന്ന അസഹ്യമായ നാറ്റം. ചതുപ്പുകള്‍ വറ്റിച്ചെടുത്ത്‌ നിലമൊരുക്കിയ തൊഴിലാളികള്‍ തന്നെയാണ്‌ പിന്നീട്‌ കമ്പനികളില്‍ സാധാരണ ലേബര്‍മാരും ഹല്‍പ്പര്‍മാരുമായി മാറിയത്‌. നഗരത്തിന്റെ കിഴക്കും തെക്കും വടക്കും പടിഞ്ഞാറും ചേരികള്‍ ഉയര്‍ന്നത്‌ താഴ്‌ന്ന കൂലിക്ക്‌ ജോലി ചെയ്യുന്ന കമ്പനിത്തൊഴിലാളികള്‍ക്ക്‌ താമസിക്കാന്‍ വേണ്ടിയായിരുന്നു.

വര്‍ഷത്തില്‍ 365 ദിവസവും കലങ്ങി മാത്രം ഒഴുകുന്ന ഒരു നദി ഇവിടെയുണ്ട്‌. ചതുപ്പില്‍ നിന്നൂറ്റിയ ചെളിവെള്ളത്തിന്റെ പുതിയ തലമുറ ഇന്നും ഇതിലൂടെ കരഞ്ഞ്‌ കലങ്ങി ഒഴുകുകയാണെന്നാണ്‌ വിശ്വാസം. കുറേക്കാലം വര്‍ഷത്തില്‍ 365 ദിവസവും തെളിഞ്ഞ വെള്ളം മാത്രം ഒഴുകുന്ന ഒരു പുഴയെ ഈ കലക്കനദിയിലേക്ക്‌ തിരിച്ചു വിട്ടുനോക്കിയെങ്കിലും അലക്കി വെളുക്കാന്‍ കലങ്ങിയ നദി തയാറായിരുനില്ല.

സത്യത്തില്‍ ഈ ശുദ്ധീകരണ ശ്രമം ഒരു കമ്പനി ഉടമയുടെ ചെറുപ്പക്കാരിയായ മകളുടെ ആവശ്യം മുന്‍നിര്‍ത്തിയായിരുന്നു. അവള്‍ കവിതകള്‍ എഴുതിയിരുന്നുവത്രേ. പൂര്‍ണ്ണചന്ദ്രനുദിക്കുന്ന രാത്രികളില്‍ പുഴയില്‍ വീണുകിടക്കുന്ന അമ്പിളിമാമനെ കണ്ടുകണ്ടിരുന്ന് കവിതയെഴുതണമെന്നതായിരുന്നു ആവശ്യം. കലങ്ങിയ പുഴയില്‍ ചന്ദ്രബിംബം തെളിഞ്ഞുകാണുന്നില്ലെന്ന അസത്യമായ പ്രസ്താവനയും അവള്‍ നടത്തുകയുണ്ടായി. ഏതായാലും ധാരാളം പണം കയ്യിലുള്ള അച്ഛനുള്ളതിനാലാണ്‌ തെളിവെള്ളം കലക്കവെള്ളത്തിലേക്ക്‌ കടത്തിവിടാനുള്ള പദ്ധതി തയ്യാറാക്കിയത്‌. ഓപ്പറേഷന്‍ മഡ്ഡി റിവര്‍ എന്ന പേരില്‍ പില്‍ക്കാലത്ത്‌ ഇതു സംബന്ധിച്ച ചില എഴുത്തുകള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്‌.

കാട്‌ വെട്ടി, ചതുപ്പ്‌ വറ്റിച്ച്‌ നിലമൊരുക്കി ഒന്നിനുപിറകെ ഒന്നായി കമ്പനികള്‍ വരികയും ജനങ്ങള്‍ ജോലിക്കാരും ശമ്പളക്കാരാവുകയും ചെയ്തതോടെ ഭക്ഷണശാലകള്‍, സിനിമാകൊട്ടകകള്‍, മദ്യശാലകള്‍, പണം വെച്ച്‌ ചീട്ടു കളിക്കുന്ന ക്ലബ്ബുകള്‍, പാര്‍ക്കുകള്‍, അര്‍ദ്ധനഗ്നകളായ സ്ത്രീകള്‍ ഉറഞ്ഞുതുള്ളുന്ന നൃത്തശാലകള്‍, ആണ്‍-പെണ്‍ വേശ്യകള്‍ (അക്കാലത്ത്‌ ഇവര്‍ ഇന്നത്തെപ്പോലെ ലൈംഗികത്തൊഴിലാളികള്‍ എന്ന പേരിലായിരുന്നില്ല അറിയപ്പെട്ടിരുന്നത്‌) കൂട്ടിക്കൊടുപ്പുകാര്‍, പിടിച്ചുപറിക്കാര്‍, കൂലിത്തല്ലുകാര്‍, എന്നിവയിലൂടെ ദിനേനയെന്നോണം നഗരം വളര്‍ന്നുകൊണ്ടിരുന്നു. വാഹനക്കമ്പനികള്‍ തൊഴിലാളികള്‍ക്ക്‌ മികച്ച വേതനം കൊടുത്തിരുന്നതിനാല്‍ ജനങ്ങള്‍ മതിമറന്ന് ജീവിക്കുകയായിരുന്നു. ഇതിനിടെ കല്യാണങ്ങളും, പേറും മരണങ്ങളുമൊക്കെ ഏത്‌ സമൂഹത്തിലുമെന്ന പോലെ ഇവിടെയും പതിവുരീതികളിലും ശൈലികളിലും ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ചേരികളില്‍ മറപ്പുരകളില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങള്‍ വിശേഷാവസരങ്ങളില്‍ ഒന്നിച്ചുകൂടി വലിയൊരു കൂട്ടുകുടുംബമാണ്‌ തങ്ങളെന്ന് ബോദ്ധ്യപ്പെടുത്തി ജീവിച്ചുവന്നു.

പിന്നീട്‌ വാഹനനിര്‍മ്മാണം കൂടുതല്‍ കൂടുതള്‍ യന്ത്രവല്‍കൃതമായിക്കൊണ്ടിരിക്കെ, സവിശേഷ തൊഴിലില്‍ മിടുക്കുള്ള ചെറുപ്പക്കാരും അവരുടെ സുന്ദരിമാരും അഭ്യസ്തവിദ്യകളുമായ ഭാര്യമാരും നഗരത്തില്‍ വന്നിറങ്ങിക്കൊണ്ടിരുന്നു. അണുകുടുംബങ്ങളായി അവര്‍ ജീവിക്കുന്നുവെന്നും അണുകുടുംബങ്ങളില്‍ അവര്‍ തലതല്ലി ചാവുകയായിരുന്നുവെന്നും രണ്ടു പക്ഷമുണ്ട്‌. അതിരിക്കാട്ടെ, പുതിയവരുടെ വരവോടെ പഴയ തൊഴിലാളികളില്‍ ഭൂരിഭാഗവും കമ്പനികളില്‍ നിന്ന് പുറത്താക്കപ്പെട്ടു. ഉപേക്ഷിക്കപ്പെടുന്ന പഴയ വാഹനങ്ങളുടെ താമ്പാള ഭാഗങ്ങള്‍ പെറുക്കി വില്‍ക്കുന്ന ആക്രിക്കാരായി അവര്‍ മാറി. ചാക്കുകെട്ടുകള്‍ കക്ഷത്തിലിടുക്കി നടന്നുനീങ്ങുന്നവര്‍ തെരുവുകളില്‍ നിത്യക്കാഴ്ചയായി മാറിയത്‌ അങ്ങിനെയാണ്‌.

കമ്പനികളില്‍ മോശമില്ലാത്ത ശമ്പളം കിട്ടിയിരുന്ന കാലത്ത്‌ തടിച്ച്‌ തുടുത്തിരുന്നവര്‍ വെയില്‍ കൊണ്ട്‌ കറുത്ത്‌ മെലിഞ്ഞൊട്ടി. തലയില്‍ മഞ്ഞ ഹെല്‍മറ്റുകളിട്ട്‌ ഇരുചക്രവാഹനങ്ങളിലും നാല്‍ചക്രവാഹനങ്ങളിലും കമ്പനികളിലേക്ക്‌ ജോലിക്കു പോകുന്നവര്‍ ചാക്കുമായി നടന്നു പോകുന്നവരെ പരിഹസിച്ചു. ചിലപ്പോള്‍ അവരുടെ മുഖത്തേക്ക്‌ തുപ്പി അതിവേഗത്തില്‍ വാഹനങ്ങള്‍ ഓടിച്ചു പോയി. പഴയ മനുഷ്യര്‍ കിട്ടുന്ന തക്കത്തിന്‌ വാഹനങ്ങള്‍ക്കു നേരെ കല്ലെറിഞ്ഞു കൊണ്ടിരുന്നു. സംഘര്‍ഷം കൂവലുകള്‍ക്കും ആര്‍പ്പുവിളികള്‍ക്കുമിടയില്‍ ആഴ്‌ന്നുപോവുകയും തെളിഞ്ഞുവരികയും ചെയ്തു. ചേരികളെ അശ്ലീലമാക്കി ഉയര്‍ന്നു പൊന്തിയ കെട്ടിടസമുച്ചയങ്ങളിലാണ്‌ ഹെല്‍മറ്റ്‌ ധാരികളും അവരുടെ സുന്ദരികളായ ഭാര്യമാരും കണ്ണ്‍ കീറിത്തുടങ്ങിയ കുട്ടികളും ജീവിച്ചിരുന്നത്‌.

വിലകൂടിയ ഭക്ഷണം പകുതി തിന്നും തിന്നാതെയും കെട്ടിടസമുച്ചയങ്ങളില്‍ കഴിയുന്നവര്‍ പുറത്തേക്കെറിഞ്ഞുകൊണ്ടിരുന്നു. ആദ്യമൊക്കെ ആക്രി പെറുക്കുന്നവര്‍ എച്ചില്‍ കണ്ടില്ലെന്ന് നടിച്ചിരുന്നു. പിന്നെ എച്ചില്‍ തന്നെയായി ഭക്ഷണം. പണ്ട്‌ ചതുപ്പ്‌ വറ്റിക്കാന്‍ വരുന്നതിനു മുമ്പ്‌ ഗ്രാമങ്ങളില്‍ കഴിയുന്ന കാലത്തും അവരുടെ ഭക്ഷണം എച്ചില്‍ തന്നെയായിരുന്നു. ഭക്ഷണം മാത്രമല്ല, ചെറിയ കേടുകളുള്ള ഫര്‍ണിച്ചറുകള്‍, ഒട്ടും പഴക്കം തോന്നാത്ത വസ്ത്രങ്ങള്‍, വീടുകളില്‍ കുറച്ചു കാലം ഉപയോഗിച്ച ശേഷം കളയുന്ന വിനോദയന്ത്രങ്ങളും ഗൃഹജോലികള്‍ ലഘൂകരിക്കാനുള്ള ഉപകരണങ്ങളും - കേടുള്ളവയും ഇല്ലാത്തവയും കുപ്പത്തൊട്ടികളില്‍ കുമിഞ്ഞുകൂടിക്കൊണ്ടിരുന്നു.

ആളുകളെ മൂടാന്‍ പാകത്തില്‍ ഭക്ഷണത്തിന്റെ എച്ചിലും മറ്റു സാധനങ്ങളും നഗരത്തിലെവിടെയും കുന്നുകൂടിക്കൊണ്ടിരിക്കെ, ഇവയെല്ലാം കൊണ്ടിടാനുള്ള സ്ഥലമില്ലാതായതോടെ പഴയ ചേറുനാറ്റത്തേക്കാള്‍ ഭീകരമായ മണം എവിടേയും കെട്ടി നിന്നു. എച്ചില്‍ക്കൂമ്പാരങ്ങളില്‍ മനുഷ്യരും നായ്ക്കളും പന്നികളും പുഴുക്കളും പോരടിച്ചു. വെട്ടി നിരത്തിയ പഴയ കാടു പോലെ മുളപ്പിക്കുന്ന നഗരം ഇരുട്ടിനോട്‌ പൊരുതാന്‍ തുടങ്ങിയ നാളുകളിലൊന്നില്‍ ഭൂമി ആദ്യമായി ഒന്നു കുലുങ്ങി പ്രതിഷേധമറിയിച്ചു. പാത്രങ്ങള്‍ താഴെ വീഴുകയും കട്ടിലുകള്‍ കുലുങ്ങുകയും ചില കെട്ടിടങ്ങളില്‍ പെന്‍സില്‍ കൊണ്ട്‌ വരച്ചാലെന്ന പോലെ ചെറിയ, വളരെ ചെറിയ വിള്ളലുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഫാക്ടറികള്‍ക്കുള്ളില്‍ ഒന്നും സംഭവിച്ചിരുന്നില്ല.

അതിന്റെ ആശ്വാസത്തില്‍ നഗരവാസികള്‍ കഴിയുമ്പോഴാണ്‌ ഇടക്കിടെ ഭൂമി നടക്കാനിറങ്ങുന്ന പ്രതിഭാസം കണ്ടു തുടങ്ങിയത്‌. മറ്റേതോ നാടുകളില്‍ കിണറുകള്‍ അപ്രത്യക്ഷമാകുന്നതും ചുവന്ന മല്‍സ്യമഴയുണ്ടാകുന്നതും കേള്‍ക്കുമ്പോള്‍ ചിരിക്കുന്നവരായിരുന്നു ഇവിടെയുള്ളവര്‍. വിശുദ്ധ ഗ്രന്ഥത്തില്‍ പറയുന്ന മലകളെന്ന ആണികളെ കുടഞ്ഞെറിഞ്ഞ്‌ പതുക്കെയും വേഗത്തിലും ഇടക്കിടെ നടക്കാന്‍ തുടങ്ങിയതോടെ എച്ചില്‍-ചവറു കൂനകളെ ഭൂമി അതിന്റെ വായ പിളര്‍ന്ന് ഭക്ഷിച്ചു കൊണ്ടിരുന്നു. പല ഫാക്ടറികളേയും കെട്ടിടസമുച്ചയങ്ങളേയും തിന്നു തീര്‍ത്തിട്ടും ഭൂമി നടത്തം മതിയാക്കി വിശ്രമിക്കാന്‍ പോയില്ല. നഗരത്തില്‍ നിന്നും അധികം പേര്‍ക്കും രക്ഷപ്പെടാന്‍ കഴിയുമായിരുന്നില്ല., ഭൂമി തിന്ന് തീര്‍ത്ത്‌ ബാക്കിയായ കുറച്ചു പേര്‍ ഭയചകിതരായി പുഴക്കരയില്‍ കഴിഞ്ഞിരുന്നു. പുഴ ഭൂമിയുടെ മുലപ്പാലായാതിനാലാകണം അതിനു കരക്ക്‌ കുഴപ്പമൊന്നും പറ്റിയിരുന്നില്ല. കുഴി കുഴിച്ച്‌ കമ്പുകളും ഇരുമ്പ്‌ പില്ലറുകളും നാട്ടി ഭൂമിയെ വടത്തില്‍ കെട്ടിയിടാമെന്ന് അപ്പോഴും ചിലര്‍ കരുതിയിരുന്നുവെന്നതാണ്‌ സത്യം. പക്ഷെ കുഴിക്കുമ്പോള്‍ ഭൂമി ഭക്ഷിച്ചിട്ടും ദഹിക്കാത്ത ചില വാഹനങ്ങളിലും കെട്ടിട ബീമുകളിലും തടഞ്ഞ്‌ കമ്പിപ്പാരകള്‍ പിന്‍വാങ്ങി. അജീര്‍ണ്ണമുണ്ടാക്കാന്‍ ശ്രമിക്കുന്ന വസ്തുക്കള്‍ക്കു നേരെ ജഠരാഗ്നി പ്രയോഗിക്കുന്നതിനാലാകാം ഭൂമി അസഹനീയമായ ചൂട്‌ പുറത്തേക്ക്‌ തുപ്പിക്കൊണ്ടിരുന്നു. സൂര്യന്റെ ചൂടിനെക്കുറിച്ച്‌ മനുഷ്യര്‍ മറന്നുതുടങ്ങിയിരുന്നു.

അത്തരമൊരു ദിവസം രാവിലെ പുഴയിലൂടെ ലക്ഷക്കണക്കിന്‌ ശലഭങ്ങളുടെ ജഡങ്ങള്‍ ഒഴുകിവരുന്നതാണ്‌ അവിടെ കഴിയുന്നവര്‍ കണ്ടത്‌. പുഴ കഴുകിക്കളഞ്ഞ ശലഭങ്ങളുടെ നിറങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാനുള്ള കാല്‍പനികത അവിടെ കൂടിയവര്‍ക്കുണ്ടായിരുന്നില്ല. പുഴയില്‍ ഒരു കമ്പളം വിരിച്ചാലെന്നപോലെ ശലഭങ്ങളുടെ ജഡങ്ങള്‍ മൂടിക്കിടന്നു. ശലഭകമ്പളത്തിന്‌ ഇടയിലൂടെ ഒരു മനുഷ്യന്റെ കൈ തുഴയുനത്‌ ചിലര്‍ കണ്ടത്‌ അപ്പോഴാണ്‌. അയാളെ കരക്കടുപ്പിച്ച്‌ ഭൂമിയില്‍ കിടത്തിയതോടെ പൊള്ളലേറ്റ പോലെ അയാള്‍ ചാടിയെണീറ്റു. പിന്നെ അയാള്‍ ഉരുകാന്‍ തുടങ്ങി. 'തണുപ്പ്‌ ദേശക്കാരനായിരിക്കും. അതാണ്‌ ഈ ചൂടില്‍ അയാള്‍ ഉരുകിക്കൊണ്ടിരിക്കുന്നത്‌', പുഴക്കരവാസികളിലാരോ നിസ്സംഗമായി പറഞ്ഞു. കരയില്‍ കിടത്തിയ പാടെ ഒരു കുട്ടി അയാളെ തൊട്ടു നോക്കിയിരുന്നു. തുടര്‍ന്ന് അറിഞ്ഞോ അറിയാതെയോ വിരലുകള്‍ വായിലേക്ക്‌ കൊണ്ടുപോയ കുട്ടി പെട്ടെന്ന് കയ്പെന്ന് പറഞ്ഞ്‌ തുപ്പി. പുഴയിലേക്ക്‌ എവിടെയോ കടല്‍ കയറിയെന്ന് കരുതണമെന്ന് പുഴക്കരക്കാരില്‍ ഒരാള്‍ പറഞ്ഞു.

പുഴയിലൂടെ ഒന്നിനുപിറകെ ഒന്നായി പലതും ഒഴുകിവരാന്‍ തുടങ്ങി. ഗ്രാമങ്ങളും നഗരങ്ങളും അപ്പടി ഒഴുകിവരികയാണ്‌. ജീവനുള്ളതും ഇല്ലാത്തതുമായ പക്ഷികളും മൃഗങ്ങളും വിവിധങ്ങളായ ജീവന്റെ അടയാളങ്ങളും ഒഴുകി വരുന്ന കൂട്ടത്തിലുണ്ട്‌. ഭൂമി അവിടെയും നടക്കാന്‍ തുടങ്ങിയിരിക്കും. തന്റെ മുലപ്പാലിലൂടെ ജീവനെയും ജീവന്റെ പൊടിപ്പുകളെയും കുളിപ്പിച്ചെടുക്കുകയായിരിക്കും. പക്ഷേ പേടിപ്പിക്കുന്ന തരത്തിലുള്ള ഈ നീരാട്ട്‌ എന്തിനെന്ന ചോദ്യം പുഴക്കരയില്‍ കഴിയുന്നവരുടെ മനസ്സില്‍ വളരുകയായിരുന്നു. പൊടുന്നനെ പ്രഭാതം മധ്യാഹ്നത്തിലേക്ക്‌ വളരുന്നതിനിടെ പുഴക്കരയില്‍ സൂര്യന്‍ അണഞ്ഞു.

 

comments