തീ കായുന്ന ഒരു രാത്രി
ഗലീലിയില്‍ പകല്‍ കണ്ടതെല്ലാം
എന്നെ വേട്ടയാടിക്കൊണ്ടിരുന്നു
നിന്റെ സംഭാഷണങ്ങള്‍ക്കിടയില്‍
പ്രതിധ്വനികളുടെ ഒരു പാലം..
മറ്റൊരുവളുടെ പാദുകമണിയുന്നപോലെ
എന്റെ കിനാവുകള്‍ക്കുമേല്‍
ചിറകടിക്കാന്‍
പറവകളുടെ അഭിനിവേശം
കടമെടുത്ത ഒരു സന്ധ്യ.

എന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയ
ഋതുക്കളെക്കുറിച്ചാലോചിക്കുന്നു
ഒരിക്കലും ഞാന്‍ വെളിപ്പെടുത്തിയിട്ടില്ലാത്ത
കാമുകരെക്കുറിച്ചും
അരുവിയെ എന്റെ മടിയിലേക്ക്
ഒഴുകാന്‍ അനുവദിച്ചു
കാല്‍വണ്ണകളിലൂടെ ഷൂസിലേക്കും
യാത്ര പുറപ്പെട്ട ആ രാത്രി
ഞാന്‍ വിലക്കിയതുകൊണ്ട്
നീ പകുതി പറഞ്ഞു നിര്‍ത്തിയ
ആ വാചകം എന്തായിരുന്നു?
comments