സംഭാഷണം

ഞാനൊരു വായനക്കാരനാണ്
പിന്നെ എഴുത്തുകാരനും

ബോര്‍ഹെസ്‌
ഡാനിയല്‍ ബോണ്‍,സ്റ്റീഫന്‍ കെയ്പ്‌

വിവര്‍ത്തനം: ഡോ.കെ.എം.അബ്ദുല്‍ ഖാദര്‍

 

 

കഴിഞ്ഞ ലക്കം തുടര്‍ച്ച...

സ്റ്റീഫന്‍: മിത്തുകളുടെ ഒരു ഗണത്തെ ഓരോ കവിക്കും മറ്റൊന്നുകൊണ്ട്‌ മാറ്റാന്‍ കഴിയുമോ? അപ്പോഴും അതേ ശക്തി കിട്ടുമോ?

ബോര്‍ഹസ്‌: എനിക്കു തോന്നുന്നത്‌, ഓരോ കവിക്കും അവരുടേതായ സ്വകാര്യ മിത്തുകളുണ്ടെന്നാണ്‌. ഒരു പക്ഷെ അയാള്‍ അതറിയുന്നുണ്ടാവില്ല. പലരും പറയുന്നത്‌ എനിക്ക്‌ കടുവകളെക്കുറിച്ചും ബ്ലേഡിനെക്കുറിച്ചും സങ്കീര്‍ണ്ണവലയങ്ങളെ (Labrynth)ക്കുറിച്ചും എന്റേതായ മിത്തുണ്ടെന്നാണ്‌. പഷെ ഞാന്‍ അതിനെക്കുറിച്ച്‌ അജ്ഞനാണ്‌. എന്റെ വായനക്കാര്‍ ഇതൊക്കെ കണ്ടെത്തുന്നു. ഇതാണ്‌ കവിധര്‍മ്മമെന്നാണ്‌ ഞാന്‍ വിചാരിക്കുന്നത്‌. ഞാന്‍ അമേരിക്കയെക്കുറിച്ച്‌ ചിന്തിക്കുന്നത്‌ വാള്‍ട്ട്‌ വിറ്റ്‌മാനിലൂടെയാണ്‌. 'മാന്‍ഹാട്ടണ്‍' എന്ന വാക്ക്‌ അദ്ദേഹത്തിനുവേണ്ടിയാണ്‌ കണ്ടുപിടിക്കപ്പെട്ടത്‌ എന്നു തോന്നുന്നു.

സ്റ്റീഫന്‍: നല്ല അമേരിക്കയെക്കുറിച്ചുള്ള ഒരു രൂപകം....

ബോര്‍ഹസ്‌: തീര്‍ച്ചയായും സ്വയം മിത്തായി മാറിയ ഒരേ ഒരു കവി വാള്‍ട്ട്‌ വിറ്റ്‌മാനാണ്‌.നിര്‍ഭാഗ്യവാനും ഏകാകിയുമായ ഒരു പഥികനെയാണ്‌ അദ്ദേഹം ചിത്രീകരിച്ചത്‌. അമേരിക്ക പ്രശസ്‌തരായ എഴുത്തുകാരെ സൃഷ്ടിച്ചിട്ടുണ്ട്‌. വിറ്റ്‌മാന്‌ സമശീര്‍ഷരും സമകാലീനരുമായിരുന്നു മെല്‍വിന്‍, ഹെന്‍റി ജെയിംസ്‌ തുടങ്ങിയവര്‍. പക്ഷെ ലാറ്റിന്‍ അമേരിക്ക വളരെ പ്രത്യേകതകള്‍ ഉള്ളതാണ്‌. സ്പാനിഷ്‌ സാഹിത്യത്തിന്റെ തുടക്കം ഗംഭീരമായിരുന്നു. പിന്നീട്‌ ക്യുവഡോ, ഗൊന്‍ഗോര തുടങ്ങിയവരിലെത്തുമ്പോള്‍ ഒരു തരം കഠിനത വന്നു ചേര്‍ന്നു. ഭാഷ മുമ്പത്തെപ്പോലെ ചലനാത്മകമല്ല.

ഡാനിയല്‍: ഇത്‌ ഇരുപതാം നൂറ്റാണ്ടിനും ബാധകമാണല്ലോ? ഉദാഹരണത്തിന്‌ ലോര്‍ക്ക.

ബോര്‍ഹസ്‌: എനിക്ക്‌ ലോര്‍ക്കയില്‍ അത്ര താല്‍പര്യമില്ല. ഇത്‌ എന്റെ ഒരു പരിമിതിയാണ്‌. ഞാന്‍ ദൃശ്യവല്‍കരിക്കപ്പെടുന്ന എഴുത്ത്‌ ഇഷ്ടപ്പെടുന്നില്ല. അയാള്‍ എപ്പോഴും കാഴ്ചകളിലാണ്‌ ഊന്നുന്നത്‌. രൂപകങ്ങളില്‍ രമിക്കുന്നുമുണ്ട്‌. പക്ഷെ അദ്ദേഹം തീര്‍ച്ചയായും ആദരണീയനാണ്‌. എനിക്ക്‌ വ്യക്തിപരമായി അറിയാം. ഒരു വര്‍ഷം അമേരിക്കയില്‍ താമസിച്ചിട്ടും ഒരു ഇംഗ്ലീഷ്‌ വാക്കു പോലും അയാള്‍ പഠിച്ചില്ല. വളരെ വിചിത്രം. ഞാന്‍ ബ്യൂണസ്‌ അയേഴ്സില്‍ വെച്ച്‌ ഒരിക്കല്‍ മാത്രം കണ്ടിട്ടുണ്ട്‌. പിന്നീട്‌ വധിക്കപ്പെട്ടു.ഒരു കവിയെ സംബന്ധിച്ചിടത്തോളം ഏറ്റവും അഭികാമ്യമായ മരണം അല്ലേ? അതുകൊണ്ടുകൂടിയാണ്‌ അന്റോണിയോ മുക്കറോക്ക്‌ ലോര്‍ക്കയെക്കുറിച്ച്‌ സുന്ദരമായ കവിത എഴുതാനായത്‌.

സ്റ്റീഫന്‍: 'ഹോപ്പി ഇന്ത്യാക്കാരു'ടെ ഭാഷയും വാക്ചാതുരിയും തന്നെയാണ്‌ അവരെപ്പറ്റി പലയിടത്തും പരാമര്‍ശം വരുന്നതിനു കാരണം.

ബോര്‍ഹസ്‌: ആയിരിക്കാം. പക്ഷെ അവരെക്കുരിച്ചുള്ള എന്റെ അറിവ്‌ പരിമിതമാണ്‌. എന്റെ മുത്തശ്ശി പമ്പാസ്‌ ഇന്ത്യാക്കാരെക്കുറിച്ച്‌ പറയാറുണ്ടായിരുന്നു. അവരുടെ ഗണിതത്തെക്കുറിച്ചും മറ്റും.
അതു പറയുമ്പോള്‍ മുത്തശ്ശി വിരലുകള്‍ കൊണ്ട്‌ 1,2,3... എന്ന് എണ്ണിക്കാണിക്കും. അങ്ങനെ പെരുവിരല്‍ എത്തുമ്പോള്‍ അതില്‍ അനന്തത തത്തിക്കളിക്കുമായിരുന്നു. പമ്പാസിന്‌ ദൂരത്തെക്കുറിച്ച്‌ ആധുനികമായ അറിവുകള്‍ ഉണ്ടായിരുന്നില്ല. അവര്‍ മൈലുകള്‍ക്കു പകരം പാദങ്ങളാണ്‌ ഉപയോഗിച്ചിരുന്നത്‌.

ഡാനിയല്‍: കെന്റക്കിയില്‍ നിന്നുള്ള എന്റെ ഒരു സുഹൃത്ത്‌ പറയും അവര്‍ ദൂരം അളക്കുന്നത്‌ മലകളെ വെച്ചിട്ടാണെന്ന്. രണ്ടു മലകല്‍ക്കപ്പുറം എന്നിങ്ങനെ.

ബോര്‍ഹസ്‌: വളരെ വിചിത്രം തന്നെ.

സ്റ്റീഫന്‍: സ്പാനിഷില്‍ നിന്നും ഇംഗ്ലീഷിലേക്കോ ജര്‍മ്മനിയിലേക്കോ പ്രാചീന ഇംഗ്ലീഷിലേക്കോ മാറുമ്പോള്‍ താങ്കളുടെ ലോക വീക്ഷണം മാറുമോ?

ബോര്‍ഹസ്‌: ഭാഷകള്‍ സമാനങ്ങളാണെന്ന് ഞാന്‍ കരുതുന്നില്ല. സ്പാനിഷിന്‌ ഒഴുക്കില്ല. കാരണം, ദീര്‍ഘപദങ്ങളാണ്‌ ഏറെയും. എന്നാല്‍ ഇംഗ്ലീഷില്‍ ലലിതപദങ്ങളാണ്‌. ഉദാഹരണത്തിന്‌ slowly,quickly എന്ന് ഇംഗ്ലീഷില്‍ പറയുമ്പോള്‍ slow എന്നും quickഎന്നും നമുക്ക്‌ കേള്‍ക്കാനാവും. എന്നാല്‍ സ്പാനിഷില്‍ lentamente, rapidamente എന്നു പറയുമ്പോള്‍ mente എന്നേ കേള്‍ക്കൂ. എന്റെ ഒരു സുഹൃത്ത്‌ ഷേക്‌സ്‌പിയറിന്റെ മുക്തകങ്ങളെ സ്പാനിഷിലേക്ക്‌ തര്‍ജ്ജമ ചെയ്തപ്പോള്‍ ഞാന്‍ പറഞ്ഞു, ഇംഗ്ലീഷിലെ ഒരു മുക്തകത്തിന്‌ സ്പാനിഷില്‍ രണ്ടെണ്ണം വേണ്ടി വരുമെന്ന്. ഇംഗ്ലീഷില്‍ ഹ്രസ്വപദങ്ങളുള്ളപ്പോള്‍ സ്പാനിഷില്‍ ദീര്‍ഘപദങ്ങളാണുള്ളത്‌. കിപ്ലിംഗ്‌ 'Ballard of east and west'ല്‍ അഫ്ഗാന്‍ കുതിരക്കള്ളനെ പിന്തുടരുന്ന ഇംഗ്ലീഷ്‌ ഓഫീസറെ നോക്കൂ. രണ്ടുപേരും കുതിരപ്പുറത്താണ്‌. കിപ്ലിംഗ്‌ എഴുതുന്നു,'They have ridden the low moon out of the sky/ Their hooves drum up the dawn.' ഇത്‌ സ്പാനിഷില്‍ സാദ്ധ്യമല്ല. ചന്ദ്രനെ ആകാശത്തു നിന്നും പുറത്താക്കുക, പ്രഭാതത്തെ പെരുമ്പറകൊട്ടി വരുത്തുക എന്നിവ അസാദ്ധ്യമാണ്‌. He fell down AYhm he picked himself up' എന്നും മറ്റുമുള്ള പ്രയോഗങ്ങള്‍ സ്പാനിഷില്‍ സാദ്ധ്യമല്ല. പകരം പല മുടന്തന്‍ പ്രയോഗങ്ങളും വേണ്ടി വരും. അപ്പോള്‍ സങ്കീര്‍ണ്ണതയേറും. ജര്‍മ്മന്‍ ഭാഷയാകട്ടെ സമൃദ്ധമായി അണിയിച്ചൊരുക്കാന്‍ കഴിയുന്നതാണ്‌. തീര്‍ച്ചയായും നിങ്ങള്‍ക്കറിയാം സ്പാനിഷ്‌ ഭാഷയില്‍ ഞാന്‍ കാണുന്ന മനോഹാരിത എന്താണെന്ന്. ഉച്ചാരണ വ്യക്തത. ഇംഗ്ലീഷിന്‌ അതില്ല.

സ്റ്റീഫന്‍: താങ്കളെ എന്താണ്‌ ആംഗ്ലോ സാക്സണ്‍ കവിതകളിലേക്ക്‌ ആകര്‍ഷിച്ചത്‌?

ബോര്‍ഹസ്‌: പറയാം. ഞാന്‍ അര്‍ജന്റീന ദേശീയ വായനശാലയില്‍ ലൈബ്രേറിയന്‍ ആയപ്പോഴേക്കും കാഴ്ച മങ്ങിത്തുടങ്ങിയിരുന്നു. പക്ഷെ ഞാന്‍ ഹതാശനായില്ല. വീട്ടിലെ വായനമുറിയില്‍ നിന്നും ആംഗ്ലോസാക്സണ്‍ റീഡറും ആംഗ്ലോസാക്സണ്‍ ക്രോണിക്കിളും വായിച്ചു. അങ്ങനെ ഞാന്‍ അവയില്‍ ആകൃഷ്ടനായി. രണ്ടു വാക്കുകളോട്‌ എനിക്ക്‌ പ്രണയം തോന്നി. ലുന്തന്‍ബര്‍ഗും(ലണ്ടന്‍) റോംബര്‍ഗും(റോം) ഇപ്പോള്‍ ഞാന്‍ പ്രാചീന നോഴ്സ്‌(സ്കാന്റിനേവിയന്‍ ഭാഷ) ആണ്‌ പരീക്ഷിക്കുന്നത്‌.

സ്റ്റീഫന്‍: ഇരുപതാം നൂറ്റാണ്ടിന്റെ പുരാണത്തെ എങ്ങനെയാണ്‌ വിവരിക്കുക?

ഡാനിയല്‍: അതൊരു നല്ല ചോദ്യമാണ്‌.

ബോര്‍ഹസ്‌: ഇത്‌ ബോധപൂര്‍വ്വം ചെയ്യാവുന്ന ഒന്നല്ല. നിങ്ങള്‍ സമകാലീനരാവേണ്ടതില്ല. കാരണം നിങ്ങളതാണ്‌. പുരാണം പരിണാമാത്മകമാണ്‌. എനിക്ക്‌ ഗ്രീക്കും പ്രാചീനനോഴ്‌സും വഴങ്ങുമെന്നിരിക്കെ ഞാന്‍ വിമാനങ്ങളുടെയും റെയില്‍വെയുടെയും കാറുകളുടെയും പുറകെ പോകേണ്ടതില്ല.

ചാള്‍സ്‌ സില്‍വര്‍: ഏതെങ്കിലും മിസ്റ്റിക്കോ മതഗ്രന്ഥങ്ങളോ നിങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍...

ബോര്‍ഹസ്‌: സൂഫിസം ഇംഗ്ലീഷിലും ജര്‍മ്മനിലും ഞാന്‍ വായിച്ചിട്ടുണ്ട്‌. എനിക്കു തോന്നുന്നു എന്റെ മരണത്തിനു മുമ്പ്‌ ഞാന്‍ 'സ്വീഡന്‍ബര്‍ഗ്‌' എന്ന മിസ്റ്റിക്കിനെക്കുറിച്ച്‌ എഴുതുമെന്ന്. ബ്ലേക്കും ഒരു മിസ്റ്റിക്കായിരുന്നു. പക്ഷെ ബ്ലേക്കിനെ എനിക്കിഷ്ടമല്ല.

ഡാനിയല്‍: താങ്കള്‍ പറഞ്ഞു. ഒരാള്‍ വിറ്റ്‌മാനെ വായിക്കുമ്പോള്‍ അയാള്‍ വിറ്റ്‌മാനാകുന്നുവെന്ന്. താങ്കള്‍ കാഫ്‌കയെ പരിഭാഷപ്പെടുത്തിയപ്പോള്‍ എപ്പോഴെങ്കിലും കാഫ്‌കയായി മാറിയോ?

ബോര്‍ഹസ്‌: നോക്കൂ, ഞാന്‍ കാഫ്‌കയോട്‌ കടപ്പെട്ടിരിക്കുന്നു. ഞാന്‍ നിസ്സാരനാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്‌.

ഡാനിയല്‍: താങ്കളാണ്‌ കാഫ്കയെ ആദ്യമായി സ്‌പാനിഷിലേക്ക്‌ പരിഭാഷപ്പെടുത്തിയത്‌. അത്‌ മഹത്തായ ഒരു കാര്യമായി തോന്നിയിട്ടുണ്ടോ?

ബോര്‍ഹസ്‌: ഇല്ല്ല, ഞാന്‍ ഒരിക്കലും എന്റെ രചനകളെക്കുറിച്ച്‌ ചിന്തിക്കാറേയില്ല.

ഡാനിയല്‍: പരിഭാഷപ്പെടുത്തുമ്പോഴും...

ബോര്‍ഹസ്‌: ഇല്ല. ബ്യൂണസ്സ്‌ അയേഴ്‌സില്‍ എന്റെ വീട്ടില്‍ വരൂ. എന്റെ ലൈബ്രറിയില്‍ എന്റെ പുസ്‌തകങ്ങളൊന്നുമില്ല. തോമസ്‌ ബ്രഹ്‌മണിന്റെയും എമെഴ്‌സന്റെയും അടുത്തു നില്‍ക്കാന്‍ എനിക്ക്‌ യോഗ്യതയില്ല. ഞാന്‍ ആരുമല്ല.

ഡാനിയല്‍: അപ്പോള്‍ ബോര്‍ഹസ്‌ എന്ന എഴുത്തുകാരനും തര്‍ജ്ജമക്കാരനും രണ്ടാണോ?

ബോര്‍ഹസ്‌: പരിഭാഷപ്പെടുത്തുമ്പോള്‍ ഒരു നുഴഞ്ഞുകയറ്റക്കാരന്‍ ആകാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കുന്നു. ഒരു യഥാര്‍ത്ഥ പരിഭാഷ നടത്താന്‍ ശ്രമിക്കുന്നു... അതേ സമയം ഒരു കവിയായി മാറുവാനും ആഗ്രഹിക്കുന്നു.

തുടരും...
 

comments