അമ്പതു വര്‍ഷം പിന്നിടുന്ന ഒരു ദേശത്തിന്റെ ജീവിതം അതിലെ ചത്തു
പോയവരും ജീവിക്കുന്നവരുമായ എല്ലാജന്തുജാലങ്ങളുടെയും കൂടി കഥയാണ്. അതിനും
മുമ്പ് ഭൂമിയില്‍ ഇങ്ങനെയൊരു വാസസ്ഥലം ഉണ്ടായിരുന്നു.
എന്നാല്‍ കേരളം പിറവി കൊണ്ടു എന്നു പറയുന്നതില്‍ അമ്പതു വര്‍ഷത്തിന്റെ
ആയുസ്സിന്റെ കണക്കുണ്ട്. രാഷ്ട്രീയപരമായും സംസ്കാരികപരമായും ഉള്ള ഒരു
വേര്‍പിരിയലിന്റെ വിളംബരത്തിനും അത്ര തന്നെ പഴക്കമുണ്ട്. കേരളം
മലയാളികളുടെ മാതൃഭൂമിയാകുന്നുവെന്ന് നമ്മുടെ തന്നെ സാമൂഹികാസ്ഥിത്വത്തെ
നേര്‍കണ്ട വര്‍ഷങ്ങള്‍.

ഈടുവെപ്പായി, കാര്യാമായൊന്നുമില്ല.
വീട്ടിയും തേക്കും പോലുള്ള വലിയ വൃക്ഷങ്ങള്‍ കാണാതായതുപോലെ, പഴയ പക്ഷികള്‍
കാണാതായതുപോലെ, പശിമയുള്ള മണ്ണ്‍ ചോര്‍ന്നുപോയതുപോലെ, നമ്മളില്‍ നിന്ന്
നല്ല മനുഷ്യരും കുറേ ഒലിച്ചുപോയി... ഒലിച്ചുപോയി ആ കാലവും...
അഥവാ ഓരൊ തലമുറയും പൊതുവായ ഒരോര്‍മ്മയില്‍ സവിശേഷമായ ഒരു
ജീവിതമുഹൂര്‍ത്തത്തെ നേരിടുന്നു എന്നാണ് ഏതൊരു ദേശത്തിന്റെയും പിറന്നാള്‍
കഥയുടെ രത്നച്ചുരുക്കം.
എങ്കില്‍, നാം, മലയാളികള്‍ ഇന്ന് അഭിമുഖീകരീക്കുന്ന ജീവിതമുഹൂര്‍ത്തത്തിലെ
പൊതുവായ വിശേഷം എന്താണ്?
ഒന്നിലധികം സ്വത്വങ്ങളിലേക്ക് ചിതറിയ ഒരു സാമൂഹ്യഘടനയാണ് ഇന്ന്
കേരളത്തിന്റേത്. ഒരു ഭാഷാദേശീയത എന്ന നിലയില്‍ സ്വന്തം നില്‍പ്,
ഇന്ത്യന്‍ റിപ്പബ്ലിക് എന്ന ദേശീയഘടനയില്‍ അംഗസംസ്ഥാനം, പിന്നെ
ലോകവിപണിയിലേക്ക് തുറന്ന ഒരു സാമൂഹ്യവിഭാഗം എന്ന നിലയ്ക്കും. കേരളത്തിന്റെ
ഭാഷാപരമയ അസ്തിത്വം തന്നെ വെല്ലുവിളിക്കപ്പെട്ടു എന്നു പറയാറുണ്ട്.
മലയാളഭാഷയിലെ അസംഖ്യം എഴുത്തുകാരും കലാകാരന്മാരും അനവധി ടെലിവിഷന്‍
ചാനലുകളും എന്നാലുമുണ്ട്. ഇംഗ്ലീഷ് ഒരു പ്രധാന വിനിമയ-മാധ്യമ ഭാഷയായി
കൂടെയുണ്ട്.ഇതില്‍ എന്തെങ്കിലും തകരാറുണ്ടെന്നു തോന്നുന്നില്ല. ലോകം
നിങ്ങളോടു സംസാരിക്കാന്‍ ആഗ്രഹിക്കുന്നു എന്നു മനസ്സിലാക്കിയാല്‍ മതി.

സംസാരിക്കുന്ന ഭാഷ മാത്രമല്ല ചിന്തിക്കുന്ന സാംസ്കാരിക സന്ദര്‍ഭം കൂടി
ഒരാളുടെ സാമൂഹിക അസ്തിത്വത്തെ നിഷ്കര്‍ഷിക്കുന്നു. ആയിരത്തി തൊള്ളായിരത്തി
അമ്പതുകളിലെ ഭാഷാപ്രക്ഷോഭത്തിന്റെ നാളുകളില്‍ ഇന്ത്യയിലെ വിവിധ
ഭാഷാദേശീയതകള്‍ അവയുടെ ഓരോന്നിന്റെയും രാഷ്ട്രീയരൂപീകരണത്തോടടുക്കുന്ന അതേ
കാലത്തുതന്നെയാണ് കീഴടങ്ങലിനോളം പോന്ന ഒരു പൊതുരാഷ്ട്രീയഘടനയിലേക്കും
പ്രവേശിക്കുന്നത്.
ഇന്ത്യയുടെ ബഹുദേശീയതാസ്വഭാവത്തെ കണക്കിലെടുക്കുന്ന ഒരോ ഭാഷാദേശീയതയുടെയും
നൈസര്‍ഗ്ഗികവികാസത്തെ ഉറപ്പുവരുത്തുന്ന ഒരു ഫെഡറല്‍ ഘടനയിലേക്ക് നാമിനിയും
എത്തിച്ചേര്‍ന്നിട്ടില്ല. അതുകൊണ്ടു തന്നെ ജനാധിപത്യവല്‍കരണത്തിന്റെ ഒരു
പ്രധാന ഘട്ടം അങ്ങനെ ഇപ്പോഴും തീര്‍ച്ചപ്പെടാത്ത അവസ്ഥയില്‍ തുടരുന്നു.
ഇന്നു നാം അഭിമുഖീകരിക്കുന്ന അസന്തുലിതമായ രാഷ്ട്രീയ- സാമൂഹ്യഘടനക്ക് ഇതും
ഒരു പ്രധാന കാരണമാണ്.
ഇന്ത്യയുടെ പൊതുവായ രാഷ്ട്രീയ ഘടന ഇന്ന് എക്കാലത്തേക്കാളുമധികം
വികേന്ദ്രീകൃതമായ വികസന സങ്കല്‍പത്തിലേക്ക്ക്
തിരിയേണ്ടതുണ്ട്.സ്വാഭാവികമായും അത്തരമൊരു രാഷ്ട്രീയപുതുക്കലിനും
സന്നദ്ധമാകേണ്ടതുണ്ട്.സാമ്പത്തികോദാരവല്‍കരണത്തിലൂടെ നാം നേടിയെടുത്തു
എന്നു പറയുന്ന സാമ്പത്തിക വളര്‍ച്ച, സാമൂഹ്യസുരക്ഷിതത്വം ഈയൊരു
യാഥാര്‍ത്ഥ്യത്തെ വിസ്മരിച്ചുകൊണ്ടാവുന്നതുതന്നെ വരും കാലങ്ങളിലെ ഇന്ത്യയെ
കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയേ ഉള്ളൂ.
ഇന്നു നമ്മുടെ സര്‍ക്കാരും സര്‍ക്കാരേതര ഏജന്‍സികളും ആഭിമുഖ്യം
പ്രകടിപ്പിക്കുന്ന സാമ്പത്തിക ഉദാരവല്‍കരണംവാസ്തവത്തില്‍ ഒരു
ആഗോളസംരംഭത്തിന്റെ ഉപഭാഗങ്ങളുടെ തന്നെ ക്രമീകരണം മാത്രമാണ്. അത്
പ്രാദേശികമായ വികസനസങ്കല്‍പങ്ങളിലെ നൈസര്‍ഗ്ഗിക സാദ്ധ്യതകളെ അത്രമേല്‍
കണക്കിലെടുക്കുന്നില്ല. അതായത് ഭാഷാസംസ്ഥാന രൂപീകരണത്തിനപ്പുറത്തേക്ക്
ഓരോ സാംസ്കാരികദേശീയതകളുടെയും വിഭവങ്ങളിലും സമ്പത്തിലും വിതരണത്തിലും
ഊന്നുന്ന ഒരു വികേന്ദ്രീകൃത അധികാരനിര്‍വ്വഹണത്തിലേക്ക് ഭരണകൂടങ്ങള്‍
തിരിയേണ്ടതുണ്ട്. ഇതൊരു പുതിയ കാര്യമല്ല തന്നെ. ദേശീയ പ്രസ്ഥാനത്തിന്റെ
ഘട്ടത്തിലും സ്വാതന്ത്ര്യാനന്തര വര്‍ഷങ്ങളിലും നമ്മുടെ പ്രമുഖ
രാഷ്ട്രീയനേതാക്കളുടെയും പ്രസ്ഥാനങ്ങളുടെയും അജണ്ടയില്‍ ഇതുണ്ടായിരുന്നു.
പിന്നീടത് കൈമോശം വന്നു, പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളുടെ
അപചയങ്ങള്‍ക്കൊപ്പം.

കേരളത്തിന്റെ വികസനസങ്കല്‍പങ്ങളെ പ്രതി കഴിഞ്ഞ അമ്പതുവര്‍ഷമായി തുടരുന്ന
ചര്‍ച്ചകള്‍ വളരെ അപൂര്‍വ്വമായേ ഇത്തരം ദിശകളിലേക്ക് നീങ്ങാറുള്ളൂ.
അതുകൊണ്ടു തന്നെ, നമ്മുടെ വികസനസങ്കല്‍പങ്ങള്‍
കേന്ദ്രസംസ്ഥാനബന്ധങ്ങളെക്കുറിച്ചുള്ള ഉപരിപ്ലവങ്ങളായ ചര്‍ച്ചകളിലും
പരാതിപ്പെടലുകളിലും ഒടുങ്ങുന്നു. പ്രാദേശികവിപണിയുടെ ക്രയാശേഷിയും
നിയന്ത്രണാധികാരവും തിരിച്ചറിയുന്ന ഒരു സ്വത്വബോധം നമ്മുടെ
രാഷ്ട്രീയവീക്ഷണത്തിന്റെ ഉള്ളടക്കമാവേണ്ടതുണ്ട്.നമ്മെക്കുറിച്ച് നാം
സ്വരൂപിക്കേണ്ടുന്ന പ്രാഥമികമായൊരു ധാരണയെയാണ് 'പൊളിറ്റിക്കല്‍' ആവുക
എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നതുതന്നെ. അല്ലാതെ ഏതെങ്കിലുമൊരു
പ്രത്യശാസ്ത്രത്തോടുള്ള കൂറ് പ്രഖ്യാപിക്കലേ അല്ല. മാത്രമല്ല, ഒരാളുടെ
പ്രത്യയശാസ്ത്രം തന്റെയും സമൂഹത്തിന്റെയും ജീവിക്കുന്ന കാലത്തിന്റെയും
സവിശേഷാവസരങ്ങളെ നിര്‍ദ്ധാരണം ചെയ്യാന്‍ അപ്രാപ്തമാക്കുന്ന സന്ദര്‍ഭങ്ങള്‍,
ഒരിക്കലും, ആ കാലത്തിന്റെയോ സമൂഹത്തിന്റെയോ പരിമിതിയാകുന്നുമില്ല. ചില
ആയുധങ്ങള്‍ നിങ്ങളെ സായുധരാക്കുന്നില്ല; എന്നല്ല ഭയത്തിന്റെ
കാവല്‍ക്കാരാക്കുകയും ചെയ്യുന്നു.
പൊതുവായി മനസ്സിലാക്കുമ്പോള്‍ ഇന്നു നാം തോറ്റതുപോലെ തന്നെയാണ്.ഇന്ത്യയിലെ
ഒരു അംഗസംസ്ഥാനം എന്ന നിലക്ക് അതിന്റെ വികസന ലക്ഷ്യങ്ങള്‍ക്കകത്തു തന്നെ
നാം നേടിയെടുക്കുന്നതോ ഉറപ്പിക്കുന്നതോ ആയ ആവശ്യങ്ങളില്‍
പരിമിതമാക്കപ്പെട്ടിരിക്കുന്നു. പ്രധാനമായും നമ്മുടെ തന്നെ
ഭരണനേതൃത്വങ്ങളുടെയും സംവിധാനങ്ങളുടെയും നഷ്ടപ്പെട്ട വിശ്വാസ്യത തന്നെ
കാരണം. രണ്ടു മുന്നണിസംവിധാനങ്ങളിലേക്കുമായി പിളര്‍ന്ന പാര്‍ട്ടി
അനുഭാവികള്‍ മാത്രമായി നമ്മുടെ സാമൂഹിക സ്വത്വത്തിന്റെ ഊര്‍ജ്ജം തന്നെ
കെട്ടുപോയി. അങ്ങനെ, സ്വാതന്ത്ര്യോന്മുഖമായ രാഷ്ട്രീയത്തിന്റെ പൊതുമണ്ഡലം
നഷ്ടപ്പെട്ടു. ഇതിലേക്ക് ഇ.എം.എസ്. മുതല്‍ ആന്റണി വരെയുള്ളവരുടെ സംഭാവന
ചെറുതല്ല. ദൈനംദിന പാര്‍ട്ടി ആവശ്യങ്ങളിലേക്ക് തങ്ങളുടെ ബുദ്ധിവൈഭവത്തെ
ചുരുക്കിയതുകൊണ്ടുമാത്രമല്ല , പുതിയ സാമൂഹിക മുഹൂര്‍ത്തങ്ങളോടും
രാഷ്ട്രീയസന്ദര്‍ഭങ്ങളോടും സംവദിക്കാന്‍ പറ്റുന്ന ബൗദ്ധികസന്നദ്ധത ഇവരില്‍
അപൂര്‍വ്വമായതുകൊണ്ടുകൂടിയായിരുന്നു ഈ വീഴ്ച എന്ന് ശ്രദ്ധിച്ചാല്‍
മനസ്സിലാകും.

വീണ്ടും നാം ലോകത്തെ നേരിട്ട വിധമാണ്. ആഗോളീകരണമെന്ന് നാം മനസ്സിലാക്കുന്ന
അധിനിവേശാനന്തര കലത്തിന്റെ സാമ്പത്തിക നിയമങ്ങള്‍ ഉറപ്പാക്കുന്ന ഘടനാമാറ്റം
സാമ്രാജിത്വഗൂഢാലോചന എന്ന നിലക്കാണ്, അത്ര ലളിതമായി നാം കണ്ടതു തന്നെ.
പാശ്ചാത്യ സാമ്പത്തിക ശക്തികള്‍ ഇതിനകം നേടിയെടുത്ത മുന്‍കൈ ലോകത്തിന്റെ
ഗതിയെ നിയന്ത്രിക്കാന്‍ അവര്‍ നേടിയെടുത്ത രാഷ്ട്രീയ നീക്കങ്ങള്‍ ലളിതമായി
അവതരിക്കപ്പെടുകയായിരുന്നു. പഴയ പദാവലികളിലും സങ്കല്‍പങ്ങളിലും
തീര്‍ച്ചയായും ലോകം വന്നുപെട്ട ഈ കാലത്തിലും അത്തരം ശക്തികള്‍ ഉണര്‍ന്ന്
പ്രവര്‍ത്തിക്കുന്നു. സാമ്പത്തികവും സാമൂഹികവുമായ അസമത്വത്തിന്റെയും
ദുരിതത്തിന്റെയും കാരണങ്ങള്‍ വേറൊരു കാലത്തിലും വേറൊരു സന്ദര്‍ഭത്തിലും
വ്യക്തമായും പ്രകടിപ്പിക്കപ്പെട്ട ആഗോളീകരണത്തിന്റെ കാലത്തു തന്നെയാണ്
മുമ്പെങ്ങുമില്ലാത്തവിധം ലോകജനത തങ്ങളുടെ
ജീവിതസുരക്ഷിതത്വത്തിനുവേണ്ടിയുള്ള അവകാശസമരങ്ങളിലേക്ക്
പ്രവേശിക്കുന്നതും. ഓരോ രാജ്യവും അതിന്റെ സാംസ്കാരിക
പാരമ്പര്യത്തിനകത്തുവെച്ചാണ് വാസ്തവത്തില്‍, മൂലധനകേന്ദ്രീകരണത്തിന്റെ
പുതിയ രീതികളേയും നയങ്ങളേയും അഭിമുഖീകരിക്കുന്നത്. ഇതേ യാഥാര്‍ത്ഥ്യം
തന്നെയാണ് ഇന്ന് ലോകജനതയെ,കേരളീയരേയും, അതാതുകളുടെ വിപണികളിലേക്ക്
തുറന്നുവെച്ചിരിക്കുന്നതും.
എന്നാല്‍ നാം നമ്മുടെ പരമ്പരാഗത 'ഇടതുപക്ഷസൈക്കി'ല്‍ ഇതിനെ
മള്‍ട്ടിനാഷണലുകളുടെ ഗൂഢാലോചനയായി മാത്രം കാണുന്നു. അങ്ങനെയൊരു
പരിചയപ്പെടല്‍ ഏറ്റവും പുതിയ തലമുറക്കും കൈമാറുന്നു... വീണ്ടും ലോകം
വന്നുപെട്ട സന്ദര്‍ഭം മനസ്സിലാക്കാനുള്ള രാഷ്ട്രീയവിവേകം നമുക്ക്
നഷ്ടപ്പെട്ടു.
അമ്പതു വര്‍ഷം പിന്നിടുന്ന ഈ ദേശത്തിന്റെ ചരിത്രം തോല്‍വിയുടേതുകൂടിയാണ്.
നമ്മുടെ കാലത്ത് നാം നമ്മെ നേരിട്ട വിധം.
comments