എഡിറ്റോറിയല്‍

മനുഷ്യരുടെ കയറ്റുമതി

 


മേനിനടിച്ച്‌ വീമ്പു പറഞ്ഞ്‌ മരിച്ചവരുടെ ഛായാചിത്രങ്ങള്‍ ഉയര്‍ത്തി കേരളപ്പിറവിയുടെ അമ്പതാം വാര്‍ഷികം നാം ആഘോഷിക്കുകയാണ്‌. ഒരാള്‍ക്കെങ്കിലും സ്ഥിരം വരുമാനമുള്ള കേരളീയ കുടുംബങ്ങളുടെ കണക്കെടുക്കുമ്പോള്‍ നമ്മുടെ ഉത്സവബലൂണുകള്‍ പൊട്ടും.വര്‍ഷത്തില്‍ പകുതി ദിനങ്ങളെങ്കിലും ഒരു കുടുംബത്തിലെ ഒരാള്‍ക്ക്‌ സ്ഥിരമായി തൊഴില്‍ നല്‍കാനുള്ള യു.പി.എ. സര്‍ക്കാരിന്റെ തൊഴിലുറപ്പു പദ്ധതി കേരളത്തില്‍ രണ്ടു ജില്ലകളിലാണ്‌ നടപ്പിലാക്കുന്നത്‌. ശേഷിക്കുന്ന പന്ത്രണ്ട്‌ ജില്ലകളില്‍ സമാനമായ ഒരു പദ്ധതി പ്രഖ്യാപിച്ചുകൊണ്ട്‌ ഒരു വീട്ടില്‍ ഒരാള്‍ക്കെങ്കിലും തൊഴില്‍ നല്‍കാനുള്ള ശേഷി ഇന്ന് കേരളസര്‍ക്കാരിനില്ല.

ദേശം സുവര്‍ണ്ണ ജൂബിലി കൊണ്ടാടുമ്പോഴും ജോലിയൊന്നുമില്ലാതെ അലഞ്ഞുതിരിഞ്ഞ്‌ അതുമിതും ചെയ്ത്‌ അങ്ങനെയുമിങ്ങനെയുമൊക്കെ ജീവിക്കേണ്ടി വരുന്ന മലയാളികളുടെ സംഖ്യ നടുക്കമുണ്ടാക്കും വിധം ഉയര്‍ന്നതാണ്‌. മരവിച്ച മനുഷ്യവിഭവശേഷിയുടെ മഞ്ഞുമലകളെ കാത്തുവെച്ചുകൊണ്ട്‌ കേരളം പുരോഗമനത്തിന്റെ ഒരു മായാവിക്കഥ പറയുന്നു.

കേരളത്തെ ഗ്രസിച്ച ഏറ്റവും പ്രധാന സാമൂഹിക പ്രശ്നമായ തൊഴിലില്ലായ്മയെ അഭിസംബോധന ചെയ്യാനുള്ള രാഷ്ട്രീയ ഉത്തരവാദിത്വം ഒരു സര്‍ക്കാരിനുമുണ്ടായില്ല. അതിന്റെ അനന്തര ഫലമായാണ്‌ മലഞ്ചരക്ക്‌ പോലെ അന്യ ദേശങ്ങളിലെ പാതി അടിമത്തത്തിലേക്ക്‌ മനുഷ്യരെ കയറ്റി അയക്കുന്ന ഒരു പ്രദേശമായി മലയാളിയുടെ ജന്മദേശം മാറിയത്‌.

നാം തൊഴിലില്ലായ്‌മയുടെ രൂക്ഷത പറഞ്ഞിട്ടുള്ളത്‌ അഭ്യസ്തവിദ്യരും തൊഴില്‍രഹിതരുമായ യുവതീയുവാക്കളുടെ എണ്ണം ഉയര്‍ത്തിക്കാട്ടിയാണ്‌. എന്നാല്‍ വിദ്യകളൊന്നും അഭ്യസിച്ചിട്ടില്ലാത്ത പ്രത്യേകിച്ച്‌ തൊഴിലുകളൊന്നുമില്ലാത്തവരുടെ എണ്ണം കൂടി കണക്കിലെടുക്കുമ്പോഴാണ്‌ പാഴാകുന്ന മനുഷ്യ വിഭവശേഷിയുടെ ഏകദേശചിത്രം വെളിപ്പെടുക.

ജനസംഖ്യയില്‍ നിന്ന് കുട്ടികളും വൃദ്ധരും എന്ന നിലയില്‍ ഒരു കോടി ജനങ്ങളെ ഒഴിവാക്കിയാല്‍ രണ്ടു കോടിയോളം വരും തൊഴില്‍സന്നദ്ധരായ മലയാളികളുടെ എണ്ണം. ഇതിന്റെ രണ്ടു ശതമാനത്തില്‍ താഴെയാണ്‌ സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം. കേരളത്തിലെ സംഘടിത അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്നവരുടെയും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വിദേശത്തും ജോലിചെയ്യുന്നവരുടെയും സ്ഥിതിവിവരക്കണക്കുകള്‍ ചേര്‍ത്തുവെക്കുമ്പോള്‍ കേരളത്തില്‍ ജന്മം പാഴാകുന്നവരുടെ സംഖ്യ ഒരു കോടിയോളം വരും.

ഈ പ്രശ്നത്തെ ഇത്രത്തോളം ഭീകരമാക്കിയത്‌ കേരളം ഭരിച്ച ഇടതുവലതുസര്‍ക്കാരുകളും അതിനു നേതൃത്വം നല്‍കിയ വിചാരശേഷിയില്ലാത്ത രാഷ്ട്രീയനേതാക്കന്മാരും അവരുടെ പ്രസ്ഥാനങ്ങളുമാണ്‌. ഒരു വശത്ത്‌ ജനങ്ങള്‍ക്ക്‌ ജീവിക്കാന്‍ വേണ്ട തൊഴിലില്ലാതിരിക്കുകയും മറുവശത്ത്‌ കേരളം അഴിമതിയില്‍ അഴുകുകയും ചെയ്യുന്നു. നമ്മുടെ ഭരണകൂട സംവിധാനങ്ങള്‍ ഇത്‌ മലയാളിയുടെ വിധിവിഹിതം എന്ന മട്ടില്‍ എന്തെല്ലാമോ മേളകളിലും ഉത്സവങ്ങളിലും പൊറാട്ടു നാടകങ്ങളിലും മുഴുകിനില്‍ക്കുന്നു. അന്യദേശങ്ങളിലെ കരാറു ജോലിക്കാരായി മലയാളികളെ കയറ്റിയയക്കുന്നതിന്റെ സാമൂഹികപശ്ചാത്തലമിതാണ്‌. പാസ്പോര്‍ട്ടും വിസയുമായി അളുകള്‍ നാടു വിടുകയായിരുന്നില്ല. അവര്‍ കയറ്റി അയക്കപ്പെടുകയായിരുന്നു.

ഇന്ത്യാക്കാരുടെ കരാര്‍തൊഴിലാളികള്‍ എന്ന നിലക്കുള്ള കുടിയേറ്റജീവിതത്തിനും പ്രക്ഷോഭസമരങ്ങള്‍ക്കും ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തോളം പഴക്കമുണ്ട്‌.ഗാന്ധിജി രാഷ്ട്രീയപ്രവര്‍ത്തനം ആരഭിച്ചത്‌ ദക്ഷിണാഫ്രിക്കയില്‍ കുടിയേറ്റത്തൊഴിലാളികളെ സഘടിപ്പിച്ചുകൊണ്ടായിരുന്നു.ആത്മ കഥയില്‍ അദ്ദേഹം ഇങ്ങനെ എഴുതി..

'1860 ഓടു കൂടി നെറ്റാളില്‍ കരിമ്പുകൃഷിക്ക്‌ നല്ല സാദ്ധ്യതയുണ്ടെന്ന് കണ്ട യൂറോപ്യന്മാര്‍ക്ക്‌ തൊഴിലാളികള്‍ ആവശ്യമാണെന്നു വന്നു. പുറത്തുനിന്നുള്ള തൊഴിലാളികളെ കൂടാതെ കരിമ്പുകൃഷിയും പഞ്ചസാര ഉല്‍പാദനവും അസാദ്ധ്യമായിരുന്നു. കാരണം നെറ്റാളിലെ സുളു ജാതിക്കാര്‍ അത്തരം ജോലിക്ക്‌ പറ്റിയവരായിരുന്നില്ല. അതിനാല്‍ നെറ്റാള്‍ ഗവണ്‍മന്റ്‌ ഇന്ത്യന്‍ ഗവണ്മെന്റുമായി കത്തിടപാടുകള്‍ നടത്തി. ഇന്ത്യന്‍ ജോലിക്കാരെ കൊണ്ടുപോകാനുള്ള അനുവാദം വാങ്ങി. ഇങ്ങനെ ജോലിക്ക്‌ വരുന്നവര്‍ അഞ്ചു വര്‍ഷം നെറ്റാളില്‍ ജോലിചെയ്തുകൊള്ളാമെന്ന കരാര്‍ ഒപ്പിടണമായിരുന്നു...

'1916 മാര്‍ച്ചില്‍ പണ്ഡിറ്റ്‌ മദനമോഹനമാളവ്യ സാമ്രാജ്യ നിയമസഭയില്‍ (Imperial Legislative Council) കരാര്‍ സമ്പ്രദായം നിരോധിക്കാനുള്ള ഒരു പ്രമേയം അവതരിപ്പിച്ചു...1894ലാണ്‌ ഈ സമ്പ്രദായത്തില്‍ പ്രതിഷേധിച്ചു കൊണ്ടുള്ള എന്റെ ആദ്യത്തെ ഹര്‍ജി തയ്യാറാക്കിയത്‌. സര്‍ ഡബ്ലിയു. ഡബ്ലിയു. ഹണ്ടര്‍ പാതി അടിമത്തം എന്നു വിളിച്ചിരുന്ന ഈ സമ്പ്രദായം എന്നെങ്കിലും അവസാനിക്കുമെന്ന് ഞാന്‍ ആശിച്ചിരുന്നു.'
-കരാര്‍കുടിയേറ്റ നിരോധനം-ഗാന്ധിജി
 

comments