ആദരം


ബഷീര്‍ മേച്ചേരി

പീഡിതസത്തയുടെ കല
 

 



മാനുഷികയാഥാര്‍ത്ഥ്യങ്ങളുടെ തീവ്രമായ ആവിഷ്കാരങ്ങളിലൂടെ ഭാഷയുടെ കരുത്തും ദീപ്തിയും സൗന്ദര്യവും അനുഭവിപ്പിച്ച എഴുത്തുകാരനാണ്‌ കോവിലന്‍. മിനിയേച്ചര്‍ പ്രപഞ്ചമാണ്‌ ആ കൃതികളില്‍ ദര്‍ശിക്കുന്നതെന്ന് പ്രകീര്‍ത്തിക്കപ്പെട്ടിട്ടുണ്ട്‌. ശക്തമായ രാഷ്ട്രീയബോധം ആ രചനകള്‍ക്ക്‌ ഊര്‍ജ്ജവും ദൃഢതയും നല്‍കുന്നു. ചരിത്രവും രാഷ്ട്രീയവും എഴുത്തുകാരന്റെ ഹൃദയരേഖകളാകുന്നതെങ്ങനെയെന്ന് കോവിലന്‍ കൃതികളുടെ പഠനങ്ങള്‍ വ്യക്തമാക്കും.

പാദരക്ഷകള്‍ വലിച്ചെറിഞ്ഞ്‌ മണ്ണിന്റെ ജീവനില്‍ കാലൂന്നി സ്വന്തം തട്ടകത്തില്‍ നെഞ്ഞൂക്കോടെ നില്‍ക്കുന്ന പച്ച മനുഷ്യന്റെ ലാവണ്യബോധമാണ്‌ കോവിലന്‍കൃതികളുടെ ആന്തരികചൈതന്യം. അടിസ്ഥാനമാനുഷികഭാവങ്ങളോട്‌ അന്യം കല്‍പിക്കാതെയാണ്‌ ഭാഷയുടേ ഉരം തെളിയിച്ചുകൊണ്ട്‌ ഒന്നിനൊന്ന് വ്യത്യസ്തമായ മികച്ച കൃതികള്‍ അദ്ദേഹം രചിച്ചത്‌. ഭരണകൂട തന്ത്രങ്ങള്‍ പ്രയോഗിച്ചും ആധുനിക പരിഷ്‌കൃതസംസ്‌കൃതിയുടെ മൂടുപടമിട്ടും കണ്മുന്നില്‍ നിന്നും ബോധപൂര്‍വ്വം മറയ്ക്കപ്പെടുന്ന സംഭവങ്ങളെ, പാര്‍ശ്വവല്‍കരിക്കപ്പെടുന്ന ജീവിതങ്ങളെ, ഗോത്രസംസ്‌കൃതിയുടെ അപൂര്‍വ്വമുഹൂര്‍ത്തങ്ങളെ, എല്ലാം കണ്ടെത്തുകയാണ്‌ അദ്ദേഹം. കണ്ടാണിശ്ശേരി മുതല്‍ ഹിമാലയം വരെ എത്തുന്ന വിസ്‌തൃതമായ ഒരനുഭവലോകം. എഴുത്തുകാരന്റെ ഉപകരണമായ ഭാഷയുടെ മൂര്‍ച്ച അനുഭവിപ്പിക്കുന്ന കലാസൃഷ്‌ടികളാണ്‌ എ മൈനസ്‌ ബിയും, ഹിമാലയവും, ഏഴാമെടങ്ങളും, ബോര്‍ഡൗട്ടും, താഴ്‌വരകളും, തോറ്റങ്ങളും, ഭരതനും, ജന്മാന്തരങ്ങളും, തട്ടകവും, പന്ത്രണ്ടിലധികം പുസ്തകങ്ങളിലായി സമാഹരിക്കപ്പെട്ട ചെറുകഥകളും മറ്റും.

1942 ആഗസ്റ്റില്‍ വിദ്യാലയമുറ്റത്തിലിറങ്ങി നിന്ന് ഭാരതമാതാവിന്‌ ജയ്‌ വിളിച്ച്‌ ജീവിതാനുഭവങ്ങളുടെ മഹാവിദ്യാലയത്തിലേക്കിറങ്ങിത്തിരിച്ച കോവിലന്റെ രാഷ്ട്രീയബോധം ആ രചനകള്‍ക്ക്‌ ജീവരക്തമേകുന്നതില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്‌. തലപ്പിള്ളി താലൂക്കിലെ ആദ്യത്തെ തൊഴിലാളി സംഘടനയായിരുന്ന കണ്ടാണിശ്ശേരി കള്ളുചെത്തുതൊഴിലാളി യൂണിയന്റെ സ്ഥാപകമെമ്പറായിരുന്നു കോവിലന്‍. 1946- 47 കാലത്ത്‌ അവിടെ നടന്ന കള്ളുചെത്ത്‌ സമരരംഗത്തും കോവിലന്‍ ഉണ്ടായിരുന്നു. കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ ആ ഗ്രാമത്തില്‍ ബീജാവാപം നടക്കുകയായിരുന്നു അക്കാലങ്ങളില്‍. നാവികസേനയിലെ ജോലിക്കാലത്ത്‌ ഐ.എന്‍.എ.യുടെ രേഖകള്‍ രഹസ്യമായി സൂക്ഷിക്കാനുള്ള മനോധൈര്യമുണ്ടായതും അടിയുറപ്പിച്ച ആ രാഷ്ട്രീയബോധത്തിന്റെ പിന്‍ബലത്തിലാണ്‌.


മഹാശിലാസംസ്കാരങ്ങളുടെ അവശിഷ്ടങ്ങളായ കുടക്കല്ലുകള്‍ക്കും പുരാതനമായ മുനിമടയ്ക്കും അരികില്‍ ജീവിച്ച്‌ ചവുട്ടിയരക്കപ്പെടുന്ന മനുഷ്യഭാഗധേയത്തെക്കുറിച്ച്‌ കോവിലന്‍ ആധി കൊള്ളുന്നു. വിശപ്പിന്റെ പോര്‍വിളികളത്രേ മനുഷ്യന്റെ നേര്‍വിളികള്‍- എന്നാണ്‌ കോവിലന്‍ പറയുക. സ്വാനുഭവങ്ങളുടെ ഭൂമിശാസ്ത്രത്തില്‍ നിന്നു മാത്രമേ കോവിലന്‍ സര്‍ഗ്ഗരചനകള്‍ സൃഷ്ടിച്ചിട്ടുള്ളൂ. പാര്‍ശ്വവല്‍കൃതജീവിതങ്ങളോടും ചരിത്രത്തില്‍ എന്നും തോല്‍പിക്കപ്പെട്ടവരോടും സഹാനുഭവം പുലര്‍ത്താന്‍ താന്‍ ആര്‍ജ്ജിച്ച മാനവികവീക്ഷണം അദ്ദേഹത്തിന്‌ കെല്‍പുണ്ടാക്കി.

എഴുത്ത്‌ കോവിലന്‌ ഒരു സുഗമപ്രവൃത്തിയല്ല. എഴുത്തിന്റെ പരിണാമഘട്ടങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്‌ കഠിനമായ അസ്വാസ്ഥ്യങ്ങളും അശാന്തിയുമാണെന്ന് അദ്ദേഹം പറയാറുണ്ട്‌. മണ്ണില്‍ വിത്തിറക്കുന്ന ഒരു കര്‍ഷകന്റെ പരിശുദ്ധിയും സൂക്ഷ്മതയും ഉദ്വേഗവുമൊക്കെ സര്‍ഗ്ഗപ്രക്രിയയില്‍ സൂക്ഷിക്കാന്‍ ഈ മനുഷ്യനാകുന്നു. നാഗരികസംസ്‌കൃതിയുടെ അമാനവീകരണ പ്രക്രിയകളെ ധിക്കരിച്ച്‌ പുരാവൃത്തങ്ങള്‍ ഇഴചേര്‍ന്ന പ്രാചീനമയ തന്റെ തട്ടകത്തില്‍ മണ്ണിലും മനുഷ്യനിലും മനസ്സര്‍പ്പിച്ച്‌ കോവിലന്‍ ജീവിക്കുന്നു.

ഒരെഴുത്തുകാരന്റെ ജീവിതകാലഘട്ടത്തില്‍ മാത്രം വായിക്കപ്പെടുന്ന രചനകളുണ്ട്‌. രചയിതാവിന്റെ വ്യക്തിപ്രഭാവം ഒന്നുകൊണ്ടു മാത്രം ജനകീയമാകുന്നവ. എഴുത്തുകാരന്റെ കാലശേഷവും തലമുറകളിലൂടെ കാലാതിവര്‍ത്തിയായി നിലനില്‍ക്കുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്യുന്ന രചനകളുമുണ്ട്‌. ഇതില്‍ രണ്ടാമത്തെ വിഭാഗത്തിലയിരിക്കും കോവിലന്‍ കൃതികള്‍ ഉള്‍പ്പെടുക. കോവിലന്റെ രചനാശൈലിയില്‍ മലയാളത്തിന്റെ ശക്തിസൗന്ദര്യങ്ങള്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു.'തട്ടക'ത്തെക്കുറിച്ചുള്ള പഠനത്തില്‍ സച്ചിദാനന്ദന്‍ എഴുതുന്നു,' എന്റെ ഭാഷ ഈ കൃതിയില്‍ പൂവിടുന്നതും നൃത്തമാടുന്നതും ഞാന്‍ കാണുന്നു. മലയാളത്തിന്റെ സംഗീതം ഇതിന്റെ മുന്നൂറു തന്ത്രികളിലും മുഴങ്ങി നില്‍ക്കുന്നു. എവിടെ തൊട്ടാലും ഈ ശതതന്ത്രി സംഗീതമുതിര്‍ക്കുന്നു. നാടന്‍പാട്ടുകളിലോ നമ്പ്യാരിലോ ചെറുശ്ശേരിയിലോ ചമ്പുക്കളിലോ സി.വി.യുടെ പ്രചോദിതമുഹൂര്‍ത്തങ്ങളിലോ മാത്രം നാമറിഞ്ഞ മലയാളത്തിന്റെ മൂര്‍ത്തമധുരം ഈ ഗദ്യത്തിന്റെ ഓരോ ചുളയിലും ഓരോ പൂളിലും കിനിഞ്ഞു നില്‍ക്കുന്നു.'

കേരളപ്പിറവിയുടെ അമ്പതാം വാര്‍ഷികവേളയില്‍ കോവിലന്‌ എഴുത്തച്ഛന്‍ പുരസ്കാരം സമര്‍പ്പിച്ചത്‌ സാര്‍ത്ഥകമായ ആദരം തന്നെ.
നമ്മുടെ കാലത്ത്‌ നാം നമ്മെ നേരിട്ട വിധം.
 

comments