ഓര്‍മ്മ

ആര്‍.പി.ശിവകുമാര്‍

ആത്മശൈഥില്യത്തിന്റെ ലാവണം
 

 




ഇപ്പോള്‍ സൈറണുകള്‍ക്ക്‌ അവയുടെ സംഗീതത്തേക്കാള്‍ മാരകമായ ഒരായുധമുണ്ട്‌: മൌനം - കാഫ്‌ക

 


'യൂണിവേഴ്‌സിറ്റി കോളേജിലെ ഇരുട്ടും പൊടിയും ഒരിക്കലും ആറാത്ത കൗഷെഡ്ഡില്‍,അധികാരം കൈയ്യെത്താത്ത ദൂരത്തില്‍ ഉയര്‍ന്നു പറക്കാന്‍ തുടങ്ങുന്നതിനു മുമ്പ്‌ അതിന്റെ തൂവലുകള്‍ ഒന്നൊന്നായി പറിച്ചെടുക്കണം' എന്ന് ഉറക്കമില്ലായ്‌മയുടെ കറ പുരണ്ട കണ്ണുകളുമായി ബ്രൂട്ടസിനോട്‌ രഹസ്യം പറയുന്ന കാഷ്യസ്സില്‍ നിന്നു തുടങ്ങി മസ്‌കറ്റിലെ അല്‍ ഫലാജ്‌ ഹോട്ടലിന്റെ സ്വീറ്റില്‍ റെമി മാര്‍ട്ടിന്‍ കോണ്യാക്കിന്റെ കുപ്പി കെട്ടിപ്പിടിച്ച്‌ നിറചിരിയുമായി നൃത്തം ചെയ്യുന്നതുവരെ ഓര്‍മ്മയില്‍ മിന്നുന്ന നിരവധി തുടര്‍ക്കണികളില്‍ ഏതിനാണ്‌ നിര്‍വചനങ്ങള്‍ക്കൊതുങ്ങാത്ത ഒരു വ്യക്തിത്വത്തിന്റെ മുഖചിത്രമാവാന്‍ മാത്രം സംവേദനക്ഷമതയുള്ളത്‌? ഒന്നിനുമില്ല. മനുഷ്യന്‍ ആവിഷ്ടമുഹൂര്‍ത്തത്തില്‍ തന്നോടു തന്നെ കള്ളം പറയുന്നതെങ്ങനെ?

എങ്കിലും ആ വേര്‍പാട്‌ അകാലികമാണ്‌. ഒരു പരിധിവരെ ആകസ്മികവുമാണ്‌. എഴുപത്താറ്‌ വയസ്സുവരെ ആയുസ്സ്‌ എന്ന ജാതകപ്രമാണത്തില്‍ വിശ്വസിച്ചിരുന്ന മനുഷ്യനാണ്‌ തീരെ പ്രതീക്ഷിക്കാത്ത ഒരു സ്ഥായിയില്‍ പിന്മടങ്ങിയത്‌. ബോധപൂര്‍വ്വം ശ്രമിച്ചാല്‍ കൂടി ഒഴിഞ്ഞുപോകാന്‍ കൂട്ടാക്കാത്ത അപൂര്‍വ്വം പ്രഭാവങ്ങള്‍, മനസ്സിലവശേഷിപ്പിക്കുന്ന ഒാര്‍മ്മകളെ കൂടുതല്‍ സാന്ദ്രമാക്കുക അവരുടെപെട്ടെന്നുള്ള അസാന്നിദ്ധ്യത്തിലാണല്ലോ.അതു ചിലതരം വിയോഗതീര്‍ത്ഥമാണെന്ന് ഒരഭിമുഖത്തില്‍ പ്രസാദ്‌ പറഞ്ഞിരുന്നു. പല മദ്യപാനസദസ്സുകളിലും അപകൃഷ്ടമായ ഔത്സുക്യത്തോടെ ആവര്‍ത്തിച്ചു കേട്ട ഉദ്ധരണിയാണിത്‌. അനുക്ഷണം മൂര്‍ച്ചകൂടി വരുന്ന ബോധത്തെ തളര്‍ത്തി കിടത്താന്‍ മദ്യത്തെക്കാള്‍ സ്വീകാര്യമായ നൈവേദ്യമില്ല.

പലര്‍ക്കും അതൊരു മദ്യസ്തവമായിരുന്നില്ല. ഉള്ളില്‍ തിടം വച്ച്‌ വളരുന്ന ചുഴലിയുടെ ആമുഖവാചകമായിരുന്നു. ചെയ്യാനായി ഒരുപാടുണ്ടെന്നറിഞ്ഞിട്ടും ഒന്നും ചെയ്യാനാവാത്ത ആലംബരാഹിത്യത്തിന്‌ ഇങ്ങനെ ചില പഴുതുകള്‍ വേണ്ടിയിരുന്നു. യുദ്ധമുഖത്ത്‌ വെടിയേറ്റ്‌ കൈ മുറിഞ്ഞുപോയ പടയാളിയുടെ നിസ്സഹായത എന്ന് വി.പി.ശിവകുമാറിന്റെ ഒരു ഉപമ ഓര്‍മ വരുന്നു. പ്രസാദ്‌ എഴുതിവച്ചുപോയ കുറിപ്പുകളില്‍ കണ്ണോടിക്കുമ്പോള്‍ നമ്മളെത്തുക, പെയ്യാതെ കനത്ത ശ്യാമമേഘങ്ങളുടെ നിഴല്‍ പ്രദേശങ്ങളിലാണ്‌.

അമ്പത്തേഴു വര്‍ഷങ്ങള്‍ നീണ്ടു നിന്ന ഒരശാന്തിപര്‍വം. അത്രമാത്രം! നരേന്ദ്രപ്രസാദ്‌ എന്താണെന്ന് ആലോചിച്ചെഴുതുക എളുപ്പമല്ല. കൗമാരമനസ്സുകളെ പ്രലോഭിപ്പിക്കുന്ന ഒരംശം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലുണ്ടായിരുന്നു. നാടകമാണ്‌ തന്റെ തട്ടകം എന്ന് തിരിച്ചറിഞ്ഞിട്ടു കൂടി അതിലുറച്ചുനിന്നില്ല. വിചാരിച്ചരീതിയില്‍ അല്ലെങ്കില്‍ പോലും പ്രശസ്തിയും പ്രസക്തിയും സമൂഹത്തില്‍ നേടിക്കൊടുത്ത സിനിമാഭിനയം മതിയാക്കി, വീണ്ടും വായനയുടെയും എഴുത്തിന്റെയും ലോകത്തിലേക്ക്‌ വരാനൊരുങ്ങുമ്പോഴായിരുന്നു മരണം. നിഷേധത്തിന്‌ കള്ളികളിലൊതുങ്ങാതിരിക്കുക എന്നൊരര്‍ത്ഥം കൂടിയുണ്ടല്ലോ. ആ വിശുദ്ധമായ അക്ഷമത്വം ആയിരിക്കണം ഏതെങ്കിലുമൊരു ലേബലില്‍തന്നെ വരിയുന്നതിനു തടയിട്ടുകൊണ്ട്‌ ജീവിതത്തെ ഒരലച്ചിലാക്കിയത്‌. കത്തുന്ന തലയണ സൂക്ഷിക്കപ്പെട്ടത്‌ ഉള്ളിലാണെന്നതുകൊണ്ട്‌ മാത്രം അറുതിയില്ലാത്ത യാത്രകളുടെ തീവ്രസാക്ഷ്യമായി ആ ജീവിതം നമുക്ക്‌ മുമ്പിലുണ്ടായിരുന്നപ്പോള്‍ പക്ഷേ, തിരിച്ചറിയാതെ പോയി.

തന്റെ സ്റ്റീരിയോടൈപ്പ്‌ വില്ലന്‍ വേഷങ്ങളെക്കുറിച്ച്‌ സംസാരിക്കവെ എന്തുകൊണ്ട്‌ ഇത്തരം കഥാപാത്രങ്ങളെ ജനങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു എന്നു വിശദമാക്കിക്കൊണ്ട്‌ പ്രസാദ്‌ ചോദിച്ചത്‌ വില്ലത്തരം നമ്മളിലെല്ലാവരിലും ഉള്ളതല്ലേയെന്നാണ്‌.പ്രസാദ്‌ ഉദാഹരിച്ചത്‌ ശരാശരി മലയാളിയെയാണ്‌, ജീവിതത്തിലും ആവിഷ്കരണങ്ങളിലും. ഇതു മനസ്സിലാക്കിയതുകൊണ്ടാണ്‌ അദ്ദേഹം തന്റേടിയായത്‌.

അതതു കാലങ്ങളില്‍ മേല്‍ക്കൈ നേടുന്ന ആശയാവലികളാല്‍ പ്രചോദിതനായല്ല അദ്ദേഹം എഴുതിയത്‌. സാങ്കേതിക സംഞ്ജാവലികള്‍ അദ്ദേഹം തീരെ ഉപയോഗിച്ച്‌ കണ്ടിട്ടില്ല. പ്രസ്ഥാന ചരിത്രപഠനങ്ങളുടെ പട്ടികയില്‍ ചേര്‍ക്കപ്പെട്ട നിലയില്‍ ആ പേര്‌ ഭാവിയില്‍ ഉച്ചരിക്കപ്പെടുമോ എന്ന് കണ്ടറിയണം. എന്നാല്‍ 'മാറുന്ന ഭാവുകത്വത്തിനോട്‌' കരുതലുള്ള ഒരു മനസ്സ്‌ പ്രസാദ്‌ സൂക്ഷിച്ചിരുന്നു. ഇറക്കുമതി ചെയ്ത ആശയസംഹിതകളുടെ ഏകപക്ഷീയമായ ഒരു പിന്തുടര്‍ച്ച അദ്ദേഹത്തിന്റെ എഴുത്തിന്റെ അജണ്ടയില്‍ വരുന്നില്ല. കേരളീയമായ മിത്തുകളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍ കൂടിയ അളവില്‍ പ്രത്യക്ഷമാകുന്നത്‌ നാടകരചനയിലാണ്‌.സങ്കേതവിചാരങ്ങള്‍ സവിശേഷമായ സാംസ്കാരികപശ്ചാത്തലത്തില്‍ വച്ച്‌, അതിന്‌ അനുയോജ്യമാംവിധം വികസിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കലയുടെയും സാഹിത്യത്തിന്റെയും പേരില്‍ അവശേഷിക്കുക പുറമ്പൂച്ചുകളായിരിക്കും എന്നായിരുന്നു താക്കീതുകളുടെ ധ്വനി.
 

comments