ഇതു കഥയോ കവിതയോ എന്ന ചോദ്യം വേണ്ട
ഞാനതിന് ആളല്ലെന്ന്
നിനക്കാണല്ലോ നന്നായി അറിയുക.
പടിഞ്ഞാറ് സന്ധ്യക്ക് ചായം വെക്കുമ്പോള്‍
കിഴക്കു നിന്നൊരു മഞ്ഞുപായയെ
ആകാശം വിരിച്ചിടും പോലെ
പതുക്കെ പതുക്കെ
ഞാന്‍ പറയാം...
നിന്നെ കണ്ടിട്ട് എനിക്കു മനസ്സിലായതേ ഇല്ല
ഇത്രയും അരുമയോടെ
ഇതിനു മുമ്പ് നീയെന്നെ തലോടിയിട്ടില്ലല്ലോ
കൈനറ്റിക് ഹോണ്ട ഓടിച്ചു തഴമ്പിച്ച
പൊട്ടിയ പേനത്തുമ്പില്‍ നിന്നും
മഷി പടര്‍ന്ന് ഭംഗി പോയ
നിന്റെ വിരല്‍ത്തുമ്പുകള്‍ക്കു
എന്നാണ് ഇത്രയും മണം കിട്ടിയത്
അല്‍ഭുതം തന്നെ!
ഇങ്ങനെ പതുക്കെ നടക്കാന്‍
നീ എന്നു പഠിച്ചു?
ഈ പാദസരങ്ങളും
പതുപതുത്ത
പാദുകങ്ങളും
ഏതു വണിക്കില്‍ നിന്നാണ്
നീ വാങ്ങിയത്?
മൈല്‍ക്കുറ്റികളില്‍ ചാരി നില്‍ക്കുന്ന ചെറുപ്പക്കാരെ
മോഹിപ്പിച്ചു നിന്റെ സ്കൂട്ടര്‍
നിരത്തിലൂടെ പാഞ്ഞുപോകാറില്ലെന്നുള്ളത്
ആശ്ചര്യം തന്നെ
മഴപെയ്ത ചെളിവെള്ളം
ഉണങ്ങിയിരുന്ന നിന്റെ കാല്‍വണ്ണകളില്‍
എന്നാണ് കുങ്കുമപരഗം നടന്നത്?
വല്ലപ്പോഴും വരുന്ന സന്ദര്‍ശകര്‍ക്കു വേണ്ടി മാത്രമായി
ഈ പഴയ നാലുകെട്ടിന്റെ
മിനുസമുള്ള തറയില്‍
നീ ഒറ്റക്കിരിക്കുന്നത്
ഞാനെങ്ങിനെ വിശ്വസിക്കും?

കാമത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍
ശരീരമെന്നു മാത്രമേ
നീ പറഞ്ഞിരുന്നുള്ളൂ
സ്നേഹവും പ്രേമവും
നിന്നെ ദേഷ്യം പിടിപ്പിച്ചിരുന്നു
മുടിയില്‍ ഒരിക്കലും പൂക്കള്‍ ചൂടാത്ത നിന്നെ
ഷാമ്പൂവിന്റെ മണമില്ലാതെ
ഒരു സൂര്യകാന്തിപ്പൂ പോലെ
ഇപ്പോള്‍ കാണുന്നതെങ്ങനെ?
ഇത്രയും ചെറിയ ചുംബനത്തില്‍
കടലോളം ആഴത്തില്‍
പ്രേമം നീയെങ്ങനെ നിറച്ചു?
ഇണചേരുമ്പോള്‍ നീ സംസാരിക്കാറുണ്ടായിരുന്നില്ലല്ലോ
സംസാരിച്ചാല്‍ തെറികള്‍ മാത്രവും
ഇടുങ്ങിയ ലോഡ്‌ജ് മുറികളും
വിലകുറഞ്ഞ കോണ്ടവും നീ കരുതിവെച്ചിരുന്നു
എന്നാണ് ഹിന്ദുസ്ഥാനിയോളം
നീ നിന്റെ മൂളിപ്പാട്ടിനേയും
രാമച്ചത്തോളം ശരീരത്തെയും
ശുഭ്രമാക്കിയത്....?
നിന്റെ മനോഹാരിത കാണുമ്പോള്‍
എനിക്ക് പേടിയാവുന്നുണ്ട്
സ്നാനഘട്ടത്തില്‍ നിന്നെ ഉപാസിക്കുന്ന
മറ്റൊരു കൂട്ടുകാരനോടൊപ്പം
നീ പോയേക്കുമോ എന്നല്ല,
ഇനിയും കൊഴിയാത്ത
എന്റെ പാല്‍പ്പല്ലുകളെയും
ജനിച്ചപ്പോഴേ നരച്ച
മുടിയിഴകളേയും ഓര്‍ത്ത്..
comments