പണ്ടെന്നോ മറന്ന ഒരു ചെടി
ഇന്നു ഞാന്‍ കണ്ടു
പരിചയം തോന്നിയിട്ടാവണം
കൊത്തുപണികളുള്ള
കള്ളിചെടികള്‍ക്കിടയില്‍നിന്ന്
വിസയില്ലാത്ത പണിക്കാരനെപ്പോലെ
പരിഭ്രമത്തോടെ തല നീട്ടി
എന്തോ പറയുവാനാഞ്ഞത്
അതിന്റെ നിറം പോയ പൂക്കളില്‍
കറുത്ത ചിറകുള്ള ഒരോണത്തുമ്പിയെ
സങ്കല്‍പിക്കുവാന്‍ തോന്നി
ഒരു സാധാരണ ചെടി അത്രയകലേക്ക്
നമ്മെ കൊണ്ടു പോകുന്നത്
നാട്ടുനടപ്പാണോ

നാടും വീടുമറിയില്ല
നാലു പതിറ്റാണ്ടായി
മരുഭൂമിക്കും ഒട്ടകങ്ങള്‍ക്കുമൊപ്പം
നിന്ന് ചിരിക്കുന്ന
പാകിസ്ഥാനി വൃദ്ധനോ
പുഴുത്ത കാലുമായ്
മുടന്തിപ്പോകുന്ന
തെലുങ്കന്‍ തൊഴിലാളിയോ
ഇതുപോലെ നിന്നെ എങ്ങോട്ടെങ്കിലും
കൊണ്ടുപോകുന്നുണ്ടോ
എന്നുചോദിച്ചാല്‍ എന്തു പറയും?
ഞാനതിനെ മയിന്റ് ചെയ്തില്ല
പറമ്പു നിറയെ പൂക്കുന്ന
കൂട്ടുകാരെക്കുറിച്ച് ചോദിച്ചാലോ
കൊങ്ങിണി മുക്കുറ്റി തൊട്ടാവാടി
വേട്ടാളന്‍ പച്ചത്തുള്ളന്‍ തുമ്പികള്‍...
അവരെക്കുറിച്ചൊക്കെ എന്തു പറയും?
ഞാന്‍ മറന്നുപോയല്ലോ
മഴയില്‍ തരിച്ച മണ്ണില്‍
പുലര്‍കാലത്ത്
ചെരിപ്പിടാതെ ചവിട്ടും പോലെ
ഉടലൊന്നു കുളിര്‍ന്നു
നിലം തല്ലി വന്ന കാറ്റില്‍
തലയൊന്നു കുടഞ്ഞ്
തന്റെ ഉണക്കപ്പൂക്കളില്‍ നിന്ന്
കറുത്ത വിത്തുകള്‍ തെറിപ്പിച്ചു
വിത്തുകള്‍ പെറുക്കുമ്പോള്‍
എനിക്കു മനസ്സിലായി
എന്താണ് അതിനു
പറയുവാനുണ്ടായിരുന്നതെന്ന്.
comments