മാറ്റാമാകട്ടെയെന്ന് കരുതി
ഇക്കൊല്ല്ലത്തെ ഓണസ്‌സദ്യ
കെന്റക്കി ശാലയിലാക്കി
നാക്കിലപോലെ തുടച്ചു
കടലാസു വസ്‌സി
മെഴുക്കുപുരട്ടി പോലെ ചവച്ചു
ഫ്രെഞ്ച്ഫ്രൈസ്
ഇഞ്ചിക്കറിയായി മുഖം ചുളിപ്പിച്ച്
തൊട്ടുനോക്കി തക്കാളിസോസ്
കിച്ചടി പോലെ കോള്‍സ്‌ലോ സലാഡ്
അവിയലിലെ മുരിങ്ങാത്തൊണ്ട്‌പോല്‍
ഈമ്പിയെറിഞ്ഞു കോഴിയെല്ലുകള്‍
എല്ലാം ചേര്‍ത്തു കുഴച്ച്
വിഴുങ്ങി ബന്നുരുളകള്‍
വിരലുചുഴറ്റി കോളകുടിച്ച്
ഏമ്പക്കമിട്ടെണീക്കെ
കണ്ടില്ല
ചുമരില്‍ തൂവെള്ളക്കോട്ടും
ശലഭടൈയും ധരിച്ച്
പാതാളച്ചിരിയുമായി
എന്നെത്തന്നെ തുറിച്ചുനോക്കും
വാമനനെ.

തറവാട്
മുത്തച്‌ഛന്‍ നാസിയായിരുന്നു
അച്‌ഛനോ ജൂതനും
ഞാനാണെങ്കില്‍ കാനാന്‍കാരനും
മുത്തശ്‌ശി ഗാന്‌ധാരിയാണ്
അമ്മയ്‌ക്കന്നുമിന്നും വീറ്റോപവറില്ല
പൂമുഖം പണ്ടത്തെ യൂറോപ്പും
നടുമുഖം ഇന്നത്തെ ഏഷ്യയും
അടുക്കള ഇന്നത്തെ ആഫ്രിക്കയാകുമ്പോള്‍
കിടപ്പറ അന്റാര്‍ട്ടികയാവുക
സ്വാഭാവികം.
3.എഡിറ്റിംഗ് ആന്റ് പബ്ലിഷിംഗ്
മനസ്സിലായതില്‍
ദൈവം
ഏറ്റവും വലിയ കവി
വാല്‍മികി വ്യാസന്‍
ഹോമര്‍ ഷേക്‍സ്‌പിയര്‍
ജിബ്രാന്‍ നെരുദ
അവന്റെ
ശ്രേഷ്‌ഠകാര്യങ്ങളില്‍
ചിലത്
എല്ലാ നല്ല കവികളെയും പോലെ
ചിലപ്പോഴൊക്കെ അവനും
പൊട്ടക്കവിതകള്‍ എഴുതുന്നു
അവനവന്‍ തന്നെ
ഏഡിറ്ററും പബ്ലിഷറുമായതിനാല്‍
വെളിച്ചം കാണുന്നു.
comments