തവനൂരില്‍ ഒരു വീടിന്റെ മുറ്റത്തു നിന്നു് അയാള്‍ അകത്തേയ്ക്കു നോക്കി ആളെ വിളിച്ചുചോദിച്ചു. നസീമയാണു് ഇറങ്ങിവന്നതു്. അവള്‍ തട്ടം ഇടുന്നതേ ഉണ്ടായിരുന്നുള്ളൂ. അതികാലെ ഒരു അന്യപുരുഷനെ ഉമ്മറത്തു കാണുന്നതിന്റെ അതിശയത്തോടെ അവള്‍ തെല്ലുറക്കെ അകത്തുള്ള ഉമ്മയെ വിളിച്ചു.
ഏതാനും ചില നാടകീയ നിമിഷങ്ങള്‍ക്കു ശേഷം ആ വീട്ടില്‍ ചില പരിവര്‍ത്തനങ്ങള്‍ വന്നു. നസീമയ്ക്കു നിനച്ചിരിക്കാതെ ഒരു സഹോദരനുണ്ടായി. പഴയ സാമാനങ്ങള്‍ അടുക്കി വച്ചിരിക്കുന്ന ഉമ്മറത്തെ സൈഡുമുറിയില്‍ അപരിചിതനോട് തോളത്തെ സഞ്ചി ഇറക്കി വച്ചുകൊള്ളാന്‍ നസീമയുടെ ഉമ്മ പറഞ്ഞു, ആ മുറി അയാളുടെയായി. നസീമ അപ്രതീക്ഷിതമായി അഹങ്കാരിയായി.
നസീമ അഹങ്കാരിയാകുന്നതു് ഈ ചില കാരണങ്ങള്‍ കൊണ്ടാണു്:
നസീമയുടെ സഹോദരന്‍ സിനിമാ നടന്മാരെപ്പോലെ സുന്ദരനാണു്. നസീമയുടെ വീട്ടില്‍ ഇത്രകാലവും ഒരു ആണ്‍ തുണ ഉണ്ടായിരുന്നില്ല, ഇന്നതുണ്ടായി. നസീമയുടെ സഹോദരന്റെ കൈവശമുള്ള സഞ്ചിയില്‍ പണമുണ്ടാകും.
അവസാനത്തെ കാരണം കൊണ്ടു അഹങ്കാരിയാകുന്നതില്‍ നസീമയ്ക്ക് ചില്ലറ മാനക്കേടുണ്ട്, എന്തായാലും അതു തന്നെയാണു് നാട്ടുമര്യാദ. മറ്റൊരു നാട്ടുമര്യാദ അനുസരിച്ചു നസീമ അവളുടെ സഹോദരനെ ഇക്കായെന്നു വിളിച്ചു.
നസീമയുടെ ഇക്ക ആലോചിക്കുന്നത് മറ്റുചിലതാണു്. അമ്മയും സഹോദരിയും പറയുന്നത് അയാള്‍ക്ക് മുഴുവനായും മനസ്സിലാവുന്നില്ല. സ്വന്തം ആവശ്യങ്ങള്‍ പറഞ്ഞറിയിക്കാനാവുന്നില്ല. നസീമയുടെ ചില ചോദ്യങ്ങള്‍ക്കു ഒരു കാലത്തും ഉത്തരം കൊടുക്കാനാവുമെന്നു് അയാള്‍ പ്രതീക്ഷിക്കുന്നില്ല.

അയാള്‍ സദാസമയവും കാതുകള്‍ കൂര്‍പ്പിച്ചിരുന്നു. വായുവില്‍ ഒഴുകിവരുന്ന
വാക്കുകള്‍ പിടിച്ചെടുത്തു. ചിലത് പെട്ടെന്നു വെന്തുകിട്ടി. ചിലതാകട്ടെ
അയാള്‍ നസീമയ്ക്ക് മാറ്റിവച്ചു.
ഇക്കാ ഇന്നെ സിനിമയ്ക്ക് കൊണ്ടുപൂവ്വോ? ഒന്നു നിര്‍ത്തി വര്‍ദ്ധിച്ച
ഉത്സാഹത്തോടെ നസീമ തുടര്‍ന്നു: ഇങ്ങള് മമ്മൂട്ട്യേനെ ശരിക്ക്യനെ
കണ്ടിട്ടുണ്ടോ?
അതാരാണു് മമ്മൂട്ടി?
മ്മ്‌ടെ ആളന്ന്യാണു്.
ഓ!
ഓര്‍ത്തിരിക്കേണ്ട ആളുകളുടെ കൂട്ടത്തിലേയ്ക്ക് അയാള്‍ മമ്മൂട്ടിയെ കൂടി
ചേര്‍ത്തു. മറ്റൊരാള്‍ കാലത്തു തെങ്ങുചെത്തുവാന്‍ വരുന്ന
കുട്ടാപ്പിയാണു്. അനുവാദമില്ലാതെ ഒരു ദിവസം കുട്ടാപ്പി
വളപ്പിനകത്തേയ്ക്ക് കടന്നപ്പോള്‍ അയാള്‍ പരിഭ്രമിച്ചു. നസീമയാണു്
അയാളെയും പരിചയപ്പെടുത്തിയതു്.
ഒരു ദിവസം അപ്രതീക്ഷിതമായി നസീമ ചോദിക്കുകയുണ്ടായി, ഇക്കാ എവിടെ നിന്നു
വരുന്നു, എന്തു ചെയ്യുന്നു? അയാള്‍ മിഴിച്ചിരുന്നു. കുറ്റിപ്പുറം വരെ
യാത്രചെയ്ത ട്രെയിന്റെ മുഴക്കം അയാളുടെ തലയ്ക്കകത്തു നിറഞ്ഞു. നസീമയുടെ
മറ്റൊരു ചോദ്യവും വെറുതെയായി.
ഇക്ക ഗോസായിയാണു്. ഇക്കയുടെ കൈവശം ഗഞ്ചാവുണ്ടാകും. ആ പൊതുസംസാരം നസീമ
അത്രയ്ക്കങ്ങു വിശ്വസിച്ചില്ല.
ഇക്ക ഒരു സാഹിത്യകാരനാവും, അയാളുടെ വല്ലാത്ത നിഷ്കൃയത്വവും
ഏകാകിയായുള്ള ഇരിപ്പും നസീമയ്ക്കു ആ വക സംശയങ്ങളാണുണ്ടാക്കിയതു്. അവള്‍
അയാള്‍ക്കു മൂന്നുവീടപ്പുറമുള്ള റസിയയുടെ പക്കല്‍ നിന്നു് മലയാളം
ഉപപാഠപുസ്തകം വാങ്ങിക്കൊടുത്തു. നസീമയുടെ ഇക്ക ദാഹിച്ചപ്പോള്‍ സാഹിത്യം
പറഞ്ഞു, നസീമയുടെ ഇക്ക വിശന്നപ്പോള്‍ സാഹിത്യം പറഞ്ഞു. ഉപപാഠപുസ്തകം
അയാള്‍ക്കു ദഹനക്കേടുണ്ടാക്കിയെന്നു നസീമയ്ക്കു എളുപ്പം മനസ്സിലായി. ആ
കാര്യം അവള്‍ ഉമ്മയോട് പറഞ്ഞില്ല.
അയാള്‍ പതിവുപോലെ കാതുകള്‍ കൂര്‍പ്പിച്ചിരുന്നു, അവയിലേക്കു വീണ ഓരോ
വാക്കും അയാള്‍ ഉരുക്കി മാറ്റുനോക്കി, കൊള്ളാവുന്നയെടുത്ത് പലപ്പോഴായും
പ്രയോഗിച്ചു.
അങ്ങിനെയാണു ദൃഷ്ടാന്തമായ ചായയും, വിമര്‍ശിക്കപ്പെടേണ്ട ആടും
നസീമയ്ക്കു പരിചിതമായ സംജ്ഞകളായതു്.
ഒരു വൈകുന്നേരം ചിലര്‍ പടികടന്നുവന്നു്, നസീമയുടെ ഇക്കയെ അഭിവാദ്യം
ചെയ്തു. അവര്‍ പിന്നീടൊരുമിച്ചു മുറ്റത്തിന്റെ ഒരു മൂലയിലുള്ള
തെങ്ങിന്‍ ചുവടെ നിന്നു സംസാരിച്ചു. വന്നവര്‍ ഇസ്ലാമിക സാഹോദ്യരത്തെ
കുറിച്ചും സമുദായനന്മയെ കുറിച്ചും ആവേശത്തൊടെ പ്രസംഗിച്ചു. അവരില്‍
നിന്നും വീണുകിട്ടിയ ഓരോ വാക്കും നസീമയുടെ ഇക്ക മാറ്റുനോക്കി
തരംതിരിച്ചു സ്വരുക്കൂട്ടിവച്ചു.
വന്നവര്‍ തിരികെ പോകുമ്പോള്‍ അസന്തുഷ്ടരായിരുന്നു.
അന്നു തന്നെയാണു് ഇക്കയുടെ പഴയ സുഹൃത്തു ഹംസൂട്ടി അയാളെ കാണുവാന്‍
അവിടെ വന്നതു്. പടികയറി വരുമ്പോഴെ അയാള്‍ നസീമയുടെ ഇക്കയെ നോക്കി
സന്തോഷത്തോടെ കൈവീശി.
“എല്‍ദോ” ഹംസൂട്ടി നസീമയുടെ ഇക്കയുടെ തോളത്തു തട്ടി. അയാള്‍
മിഴിച്ചിരുന്നു, തലതിരിച്ചു നസീമയെ നോക്കി. നസീമ വാപൊത്തി ചിരിച്ചു.
ഇക്കാ അത് ചങ്ങായിമാര് സ്നേഹത്തോടെ വിളിക്ക്യണ പേരാണു്, എല്‍ദോന്ന്.
ഗോപീന്നും വിളിക്ക്യും. അല്ലേ ഹംസൂക്കാ?
ഹംസൂട്ടി ചിരിച്ചു.
പിറ്റേ ദിവസം മലപ്പുറം സി.ഐയും സംഘവും നസീമയുടെ ഇക്കയെ തിരഞ്ഞുവന്നു.
അയാള്‍ അവരുടെ കൂടെപ്പോയി.
ഉറുദ്ദറിയ്യോ?
അയാള്‍ മിണ്ടിയില്ല.
ജെഹാദി സംഘടനകളുമായി എന്താ ബന്ധം?
സി.ഐ യുടെ കാലുകള്‍ പെരുക്കുന്നതു് അയാള്‍ ശ്രദ്ധിച്ചു. ഏതു നിമിഷവും
അയാള്‍ തന്റെ നാഭിയിലേക്കു തൊഴിക്കും. അതുറപ്പാണു്, അപ്പോള്‍
വേദനിച്ചേയ്ക്കും. അതു സാരമില്ല, പക്ഷെ സി.ഐ അപ്രതീക്ഷിതമായിട്ടാണു
തൊഴിക്കുക. അതിലുള്ള ക്രൂരതയാണു നസീമയുടെ ഇക്കയെ വിഷമിപ്പിക്കുന്നതു്.
പോലീസ് സ്റ്റേഷനില്‍ നിന്നു തിരികെയെത്തി രണ്ടുമൂന്നു ദിവസങ്ങള്‍
കഴിഞ്ഞപ്പോള്‍ വേറെ ചിലര്‍ നസീമയുടെ ഇക്കയെ കാണുവാനെത്തി. അവര്‍ അയാളെ
സഖാവെ എന്നു് അതിസംബോധന ചെയ്തു. ആ വിളി “എല്‍ദോ” പോലെ മറ്റെന്തോ
ആണെന്നു നസീമയുടെ ഇക്ക മനസ്സില്‍ കരുതി.
അവരും നസീമയുടെ ഇക്കയെ മുറ്റത്തെ തെങ്ങിന്‍ തടത്തിലേക്കു
വിളിച്ചുനിര്‍ത്തി സംസാരിച്ചു. സഖാവ് നക്സലാണോ? ഇത്രകാലം
എവിടായിരുന്നു? കേന്ദ്രനേതൃത്വത്തില്‍ നിന്നു വിവരങ്ങള്‍
കാത്തിരിക്കുകയായിരുന്നു ഞങ്ങള്‍. അതാണു വന്നുകാണുവാന്‍ താമസിച്ചതു്.
ഇതിപ്പോള്‍ ലോക്കല്‍ കമ്മറ്റിയുടെ തീരുമാനപ്രകാരമാണു് ഈ കൂടിക്കാഴ്ച.
പാര്‍ട്ടിയിലേക്കു സ്വാഗതം!
ഒളിഞ്ഞു നിന്ന് അവരുടെ സംസാരം കേട്ടിരുന്ന നസീമയ്ക്കു പോലും അവര്‍
പറയുന്ന മിക്ക കാര്യങ്ങളും മനസ്സിലായില്ല. നസീമയുടെ ഇക്ക
തെളിഞ്ഞിരിക്കുന്നു.

വന്നവര്‍ തിരികെ പോകുമ്പോള്‍ കൂട്ടത്തില്‍ നേതാവെന്നു തോന്നുന്നയാള്‍
കുറച്ചു കര്‍ക്കശസ്വരത്തോടെ നസീമയുടെ ഇക്കയോട് പറഞ്ഞു: സഖാവിനെ
ഞങ്ങള്‍ക്കാര്‍ക്കും അറിയില്ല. ഇസ്ലാമിക സോഷ്യലിസം പ്രസംഗിച്ചു
പാര്‍ട്ടിയില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുവാനാണു ഭാവമെങ്കില്‍... അയാള്‍
തറപ്പിച്ചൊന്നു നോക്കി കടന്നുപോയി.
നസീമയുടെ ഇക്ക സന്തോഷാധിക്യത്താല്‍ മതിമറന്നു നിന്നു.
പിറ്റേ ദിവസവും സി.ഐ കടന്നുവന്നു. ഇത്തവണ അവരുടെ ഒപ്പം ഇക്കയെ
കൊണ്ടുപോയില്ല. വന്നപാടെ ഇക്കയുടെ കഴുത്തിനു പിടിച്ചയാള്‍ ചുമരിലേക്കു
തള്ളിയിട്ടു.
താന്‍ നക്സലാണോടോ?
പോലീസുകാര്‍ ഒരു മൂലയ്ക്കിട്ടു നസീമയുടെ ഇക്കയെ ചവുട്ടിക്കൂട്ടി.
നസീമയുടെ നിലവിളി തൊണ്ടയില്‍ കുടുങ്ങി. നസീമയുടെ ഉമ്മ തളര്‍ന്നുവീണു.
പോലീസുകാര്‍ പോയപ്പോള്‍ നസീമയുടെ ഇക്ക എഴുന്നേറ്റിരുന്നു. നിലത്തു വീണു
കിടന്നിരുന്ന പുതിയ വാക്കുകള്‍ അയാള്‍ പെറുക്കിയെടുത്തു. ചിലതെല്ലാം
ഊര്‍ന്നുവീണു, രസമുള്ള പലതും അയാള്‍ പറഞ്ഞു പഠിച്ചു.
നസീമയ്ക്കു വിഷാദം ബാധിച്ചു.
ഇക്ക ആരാണു്? അവള്‍ സ്വയം ചോദിച്ചു. പലവട്ടം. പലവട്ടം.
പിറ്റേദിവസം നസീമ കുറിപ്പണം കെട്ടി വരുന്ന വഴിയെ പ്ലാവിലക്കെട്ടുകള്‍
വില്‍ക്കുന്ന മാപ്പിള പറഞ്ഞു, നസീമയുടെ ഇക്കയ്ക്ക് നൊസ്സിളകിയെന്നു്.
നസീമ വീട്ടിലേക്ക് ഓടി. നസീമയുടെ മാറിടം തുളുമ്പി, അതുനോക്കുവാന്‍
കൂളന്മാര്‍ എത്ര കാണും! നസീമ അതൊന്നും ഓര്‍ത്തതേയില്ല.
നസീമ ഓടിയെത്തുമ്പോഴേയ്ക്കും ഇക്കയുടെ കുപ്പായം അവര്‍ കീറിയിരുന്നു.
വെളുത്ത മുഖത്തു കൈവിരലുകള്‍ വീണ പാടുണ്ടു്.
അവര്‍ അയാളെ ബന്ധിച്ചു വാഹനത്തിലേക്കിട്ടു. അയാള്‍ ഉറക്കെ കരഞ്ഞു.
പലപ്പോഴായി വീണുകിട്ടിയ വാക്കുകള്‍ നസീമയുടെ ഇക്ക തിരികെ
വലിച്ചെറിഞ്ഞിരുന്നു. പ്രസ്ഥാനവും വിപ്ലവവും ജെഹാദും പിന്നെ നസീമ
കൊടുത്ത ഉപപാഠപുസ്തകത്തില്‍ നിന്നു ലഭിച്ച നിഷ്കരുണവും അയാള്‍ അടുക്കും
ചിട്ടയുമില്ലാതെ വലിച്ചെറിഞ്ഞു. നസീമയുടെ ഇക്കയെ ഒപ്പമുള്ളവര്‍
ഒന്നുകൂടെ മുറുക്കെപ്പിടിച്ചു.
നസീമയെ ഒരാള്‍ ശാസിച്ചു: ഓന് നൊസ്സാണു്. ജ്ജ് കുടീലിയ്ക്ക് കേറിക്കോ..
അന്റെ ഉമ്മാനോട് ഞാമ്പറഞ്ഞോണ്ട്.
നസീമ പുരയ്ക്കകത്തു കേറി വാതിലടച്ചു കളഞ്ഞു. ഇക്കായുടെ നിലവിളി
ഉച്ചത്തിലായി. നസീമ ചുമര് ചാരി നിന്നു. ഒച്ചകളകന്നപ്പോള്‍ അവള്‍
ചുമരോട് ചേര്‍ന്നു നിലത്തിരുന്നു. പിന്നെ എന്തോ പ്രതീക്ഷിച്ചെന്നപോലെ
നിലത്തു തിരയുവാന്‍ തുടങ്ങി. രൂക്ഷഗന്ധവും ചട്ടക്കൂടുകളും പിന്നെയും
ചില അജ്ഞാത വാക്കുകളും അവിടെ വീണു കിടന്നിരുന്നു. അവള്‍ അത്
പെറുക്കിയെടുത്തു.

