സംഭാഷണം

ഞാനൊരു വായനക്കാരനാണ്
പിന്നെ എഴുത്തുകാരനും

ബോര്‍ഹെസ്‌
ഡാനിയല്‍ ബോണ്‍,സ്റ്റീഫന്‍ കെയ്പ്‌

വിവര്‍ത്തനം: ഡോ.കെ.എം.അബ്ദുല്‍ ഖാദര്‍

 

 

കഴിഞ്ഞ ലക്കം തുടര്‍ച്ച...

ഡാനിയല്‍: താങ്കള്‍ പറയുന്നു താങ്കളുടെ രചനകള്‍ ഒന്നും അര്‍ത്ഥമാക്കുന്നില്ലെന്ന്.

ബോര്‍ഹെസ്‌: ശരിയാണ്‌. നോക്കൂ ഞാന്‍ സ്വയം ചില മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നു. എന്നാല്‍ എനിക്ക്‌ ആരേയും ഒരു മൂല്യവും പഠിപ്പിക്കാനില്ല. എന്റെ കൈയ്യില്‍ ഒരു സന്ദേശവുമില്ല. എനിക്ക്‌ വര്‍ത്തമാന ജീവിതത്തെക്കുറിച്ചൊന്നും അറിയില്ല. പത്രം വായിക്കാറില്ല. രാഷ്ട്രീയത്തെയും രാഷ്ട്രീയക്കാരനെയും ഇഷ്ടപ്പെടുന്നില്ല. ഒരു പാര്‍ട്ടിയിലും അംഗമല്ല. എന്റെ സ്വകാര്യജീവിതം തികച്ചും സ്വകാര്യമാണ്‌. ഞാന്‍ ഫോട്ടോഗ്രാഫിയും ജനപ്രീതിയും ഇഷ്ടപ്പെടുന്നില്ല. എന്റെ അച്ഛനും അങ്ങനെയാണ്‌. അദ്ദേഹം എന്നോടു പറഞ്ഞത്‌ താന്‍ H.G.Wellsന്റെ അദൃശ്യമാനവനാകാന്‍ ആഗ്രഹിക്കുന്നുവെന്നാണ്‌. അദ്ദേഹം അതില്‍ അഭിമാനം കൊണ്ടിരുന്നു. റിയാഡോ ജനീറയില്‍ ആരും എന്നെ അറിയില്ല. ഞാന്‍ അവിടെ അദൃശ്യനാണ്‌. പക്ഷെ എങ്ങനെയോ ജനപ്രിയത എന്നെത്തേടിയെത്തി. എനിക്കെന്തുചെയ്യാന്‍ കഴിയും? ഞാന്‍ അതു ശ്രദ്ധിക്കാറില്ല. ഒരു 80 വയസ്സുകാരനെ ജനപ്രിയത പിടികൂടാന്‍ സാദ്ധ്യത കൂടുതലാണ്‌.


കാഫ്ക

ഡാനിയല്‍: താങ്കളുടെ രചനകളിലെ അര്‍ത്ഥതലങ്ങളെക്കുറിച്ച്‌ കാഫ്‌കയുടെ രചനകളില്‍ അര്‍ത്ഥരാഹിത്യവും കുറ്റബോധവുമാണ്‌ നിറയെ . താങ്കളുടേതിലോ?

ബോര്‍ഹെസ്‌: തീര്‍ത്തും ശരിയാണ്‌. കാഫ്‌കയെ കുറ്റബോധം വേട്ടയാടിയിരുന്നു. എനിക്കങ്ങനെയൊന്നുമില്ല. ഞാന്‍ സ്വതന്ത്രമനസ്സിനെക്കുറിച്ച്‌ ആലോചിക്കാറില്ല. ഞാന്‍ ചെയ്യാനുള്ളതു ചെയ്യുന്നു. അഥവാ ചെയ്തു കഴിഞ്ഞു. പക്ഷെ യഥാര്‍ത്ഥത്തില്‍ ഞാനൊന്നും ചെയ്യുന്നില്ല. ഞാന്‍ സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്നില്ല. അതുകൊണ്ട്‌ കുറ്റബോധവുമില്ല.

ഡാനിയല്‍: ഇപ്പോള്‍ പറഞ്ഞതിനെ ഇങ്ങനെ വിലയിരുത്താനാവുമോ?
ഒരു നിശ്ചിത ഘടകങ്ങളുടെ കൂടിച്ചേരല്‍ മാത്രമാണ്‌ യഥാര്‍ത്ഥത്തില്‍ നിലവിലുള്ളത്‌. ഭൂതകാലത്തെ പുനരാവിഷ്കരിക്കുക മാത്രമാണ്‌ conception of ideas കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌....

ബോര്‍ഹെസ്‌: അതെ, ഓരോ തലമുറയും ഭൂതകാലത്തെ പുനരാവിഷ്‌കരിക്കുകയാണ്‌. വ്യത്യസ്തരീതിയില്‍. ഞാന്‍ എഴുതുന്ന കവിതകള്‍ നേരത്തെ എഴുതപ്പെട്ടവയാണ്‌. ഞാന്‍ അതിനെ വീണ്ടും കണ്ടെത്തുന്നു. അതാണെന്റെ ധാര്‍മികമായ ഉത്തരവാദിത്വം. ഞാന്‍ കരുതുന്നത്‌ നമ്മളൊക്കെ ചെറിയ വ്യതിയാനങ്ങള്‍ മാത്രമേ വരുത്തുന്നുള്ളൂവെന്നാണ്‌.പക്ഷെ ഭാഷയെ മാറ്റാന്‍ കഴിയില്ല. ജോയ്‌സ്‌ അതിനു ശ്രമിച്ചു. പക്ഷെ പരാജിതനായി. കുറേ സുന്ദരവരികള്‍ എഴുതിയെങ്കിലും.

ഡാനിയല്‍: താങ്കള്‍ കരുതുന്നത്‌ കവിതകളെല്ലാം പുനര്‍നിര്‍മ്മിക്കപ്പെടുന്ന സങ്കീര്‍ണ്ണപാളികളാണേന്നാണോ?

ബോര്‍ഹെസ്‌: അതെ, സുന്ദരമായിരിക്കുന്നു ആ പ്രയോഗം.

ഡാനിയല്‍: താങ്കള്‍ക്ക്‌ ചില മാര്‍ഗ്ഗരേഖകള്‍ തരാമോ? പ്രാദേശികവര്‍ണ്ണങ്ങളുടെ പ്രസക്തി?

ബോര്‍ഹെസ്‌: സ്വച്ഛതയോടെ ചെയ്യാമെങ്കില്‍ പ്രാദേശിക വര്‍ണ്ണങ്ങള്‍ നല്ലതു തന്നെ. പക്ഷെ അനാവശ്യമായി അവയില്‍ ഊന്നിയാല്‍ കൃത്രിമമാകും. ബ്യൂണസ്‌ അയേഴ്സിലെ പല നാടന്‍ പ്രയോഗങ്ങളും എഴുത്തുകാര്‍ അമിത പ്രയോഗങ്ങളിലൂടെ വികൃതമാക്കി.

സാത്ര്

ഡാനിയല്‍: വടക്കെ അമേരിക്കക്കാര്‍ ഇത്തരം നാടന്‍ പ്രയോഗങ്ങള്‍ നടത്തുന്നുണ്ടോ? പുറത്ത്‌ നിന്നും നോക്കുമ്പോള്‍ എന്തു തോന്നുന്നു?

ബോര്‍ഹെസ്‌: ഉണ്ട്‌. മാര്‍ക്‌ ട്വയിന്‍ ധാരാളം ഉപയോഗിച്ചിരുന്നു. റിങ്‌ ലാണ്ടര്‍ചെയ്തിട്ടുണ്ട്‌. പക്ഷെ ഇതൊക്കെ തികച്ചും അമേരിക്കന്‍ എന്നു പറയാന്‍ കഴിയില്ല.

ഡാനിയല്‍: അവര്‍ നഗരവല്‍കൃതരാണ്‌.

ബോര്‍ഹെസ്‌: അതെ, ഞാന്‍ ബ്രത്‌ഹാര്‍തിനെ വായിച്ചിട്ടുണ്ട്‌. ഫോക്‌നര്‍ മഹാനായ എഴുത്തുകാരനാണ്‌. ഹെമിങ്ങ്‌വേയെ എനിക്കിഷ്ടമല്ല.

ഡനിയല്‍: ഫോക്നറുടെ 'വൈല്‍ഡ്‌ പാംസ്‌' താങ്കള്‍ പരിഭാഷപ്പെടുത്തിയല്ലോ?

ബോര്‍ഹെസ്‌: ഉവ്വ്‌, പക്ഷെ അത്‌ എനിക്കത്ര പ്രിയപ്പെട്ട രചനയല്ല. 'ലൈറ്റ്‌ ഇന്‍ ആഗസ്റ്റ്‌' വളരെ നല്ല കൃതിയാണ്‌. അദ്ദേഹം നിരാകരിച്ച 'സാങ്ങ്‌ച്വറി' വളരെ ഹൃദയസ്പര്‍ശിയാണ്‌. അതാണ്‌ ഞാന്‍ ആദ്യം വായിച്ച ഫോക്നര്‍ കൃതി. പിന്നീടാണ്‌ മറ്റുള്ളവ വായിച്ചത്‌.

ഡാനിയല്‍: ഫോക്‌നറെ പരിഭാഷപ്പെടുത്തിയപ്പോള്‍ പ്രാദേശിക വര്‍ണ്ണങ്ങളെ അങ്ങനെ തന്നെയാണോ ഉപയോഗിച്ചത്‌? അതോ പ്രാദേശിക സ്പാനിഷിലേക്ക്‌ മാറ്റിയോ?

ബോര്‍ഹെസ്‌: ഇല്ല, ഞാന്‍ നാടന്‍ പ്രയോഗങ്ങളെ നേരിട്ട്‌ തന്നെയാണ്‌ പരിഭാഷപ്പെടുത്തിയത്‌. അല്ലെങ്കില്‍ വായനക്കാരന്‌ മറ്റു വര്‍ണ്ണങ്ങളാകും കിട്ടുക. ഞാന്‍ മല്ല യുദ്ധം ചിത്രീകരിക്കുമ്പോള്‍ പ്രാകൃതരായ യോദ്ധാക്കളെയും അവരുടെ നീതിയെയുമാണ്‌ ചിത്രീകരിക്കുന്നത്‌. അവര്‍ ശത്രുവിനെ ബഹുമാനിച്ചിരുന്നു. ശത്രുവിന്‌ കഠാര തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിരുന്നു. ആധുനിക യുദ്ധമുറകളില്‍ നമുക്ക്‌ ഇത്‌ കാണാനാകില്ല. ഒളിഞ്ഞ്‌ നിന്ന് വെടിവെക്കുകയോ വെടിക്കോപ്പ്‌ ഉപയോഗിക്കുകയോ ചെയ്യുന്നു. പ്രാകൃതയുദ്ധത്തില്‍ കാര്യങ്ങള്‍ അവധാനതയോടും സുന്ദരമായുമാണ്‌ ചെയ്തിരുന്നത്‌.

ഡാനിയല്‍: കഠാര- യുദ്ധം വളരെ സൗഹൃദമായിരുന്നു?

ബോര്‍ഹെസ്‌: അതെ, ഒരു കവിതയില്‍ ഞനത്‌ വിവരിച്ചിട്ടുണ്ട്‌. കഴുത്തറുക്കപ്പെട്ട ഒരാളുടെ കഴുത്തിലേക്ക്‌ കഠാര സുഹൃത്തിനെപ്പോലെ ആഴ്‌ന്നിറങ്ങിയെന്ന്.

ഡാനിയല്‍: പുതിയ എഴുത്തുകാര്‍ പഴയ രീതിയെയും എഴുത്തുകാരെയും അനുകരിക്കണമെന്നാണോ?

ബോര്‍ഹെസ്‌: ഇത്‌ സത്യസന്ധതയുടെ പ്രശ്നമാണ്‌. നിങ്ങള്‍ക്ക്‌ പുതിയ രീതി ഒരു സുപ്രഭാതത്തില്‍ തുടങ്ങാന്‍ കഴിയില്ല. ഉദാഹരണത്തിന്‌ വൃത്തരഹിത കവിത നിങ്ങള്‍ക്ക്‌ പെട്ടെന്ന് തുടങ്ങാന്‍ കഴിയില്ല, ആദ്യം നിങ്ങള്‍ മുക്തകങ്ങളോ ഖണ്ഡകാവ്യങ്ങളോ പരീക്ഷിക്കുക. പിന്നീട്‌ നവീനരീതിയാകാം.

ഡാനിയല്‍: എപ്പോഴാണ്‌ ഈ ഒരു വിച്ഛേദം സാദ്ധ്യമാകുക? താങ്കളുടെ തന്നെ അനുഭവത്തിന്റെ വെളിച്ചത്തില്‍?

ബോര്‍ഹെസ്‌: കഴിയില്ല, കാരണം ഞാന്‍ ആദ്യമേ വൃത്തരഹിതകവിതകളാണ്‌ എഴുതിയത്‌. എനിക്കറിയില്ലായിരുന്നു ഇതെങ്ങനെ കൈകാര്യം ചെയ്യാമെന്ന്. പിന്നീട്‌ ഞാന്‍ തിരിച്ചറിഞ്ഞത്‌ വൃത്തരഹിതകവിതകളും നിരന്തരം പരിഷ്കരിക്കപ്പെടുന്ന ഒരു മാതൃകയിലാകണമെന്ന്. ഗദ്യം, കവിതക്കു ശേഷം വരുന്നതാണ്‌. ഗദ്യം വിഷമം പിടിച്ചതാണ്‌. എനിക്കതറിയില്ല. ഞാന്‍ ഉള്‍പ്രേരണ കൊണ്ടാണ്‌ എഴുതുന്നത്‌. ഞാന്‍ ബോധപൂര്‍വ്വം എഴുതാറില്ല.

ഡാനിയല്‍: താങ്കള്‍ പറയുന്നത്‌ പരമ്പരാഗതരീതിയിലാണ്‌ എഴുത്തുകാര്‍ തുടങ്ങേണ്ടത്‌ എന്നാണ്‌. ഇത്‌ ശ്രോതാവിനെയോ അനുവാചകനെയോ കണ്ടുകൊണ്ടാണോ?

ബോര്‍ഹെസ്‌: ഒരിക്കലുമല്ല. ഞാന്‍ ശ്രോതാക്കളെക്കുറിച്ച്‌ ആലോചിക്കാറില്ല. ഞാന്‍ ആദ്യപുസ്തകം അച്ചടിച്ചപ്പോള്‍ മുന്നൂറ്‌ കോപ്പിയോളം സുഹൃത്തുക്കള്‍ക്ക്‌ നല്‍കി. അക്കാലത്തൊന്നും ഒരാള്‍ പ്രശസ്തനാണോ അല്ലയോ എന്ന് ആരും നോക്കാറില്ല. ക്വന്‍സിയുടെ ആത്മകഥ വായിച്ചപ്പോള്‍ അദ്ദേഹത്തിന്‌ ജീവിതവും സാഹിത്യവും ഒന്നായിരുന്നുവെന്ന് എനിക്ക്‌ തോന്നി. മില്‍ട്ടനും കൊളിറിഡ്‌ജും അങ്ങനെതന്നെയായിരുന്നു.

ഡാനിയല്‍: താങ്കളുടെ 'ബോര്‍ഹെസും ഞാനും', 'ദിവാന്വര്‍' എന്നിവയില്‍ ദ്വന്ദ്വാത്മകതയെക്കുറിച്ച്‌ പറഞ്ഞിട്ടുണ്ട്‌. ബോര്‍ഹെസ്‌ എന്ന എഴുത്തുകാരനെ ബോര്‍ഹെസ്‌ എന്ന സാധാരണക്കാരന്‍ എങ്ങനെ കാണുന്നു?

ബോര്‍ഹെസ്‌: ഞാന്‍ ബോര്‍ഹെസ്‌ എന്ന എഴുത്തുകാരനെ ഇഷ്ടപ്പെടുന്നില്ല. കാഫ്കയും ചെസ്റ്റര്‍ട്ടണുമാണ്‌ എന്റെ പ്രിയപ്പെട്ട എഴുത്തുകാര്‍.

ഡാനിയല്‍: അപ്പോള്‍, ബോര്‍ഹെസ്‌ എന്ന വായനക്കാരനാണോ താങ്കളുടെ പുസ്തകങ്ങള്‍ അര്‍ജന്റീന ദേശീയ ലൈബ്രറിയില്‍ വേണ്ടെന്നു വെച്ചത്‌?

ബോര്‍ഹെസ്‌: തീര്‍ച്ചയായും അതെ.

ഡാനിയല്‍: സാര്‍ത്രിന്റെ ഒരു പ്രസ്താവം 'മനുഷ്യന്‍ മനുഷ്യന്റെ വിധി കര്‍ത്താവാണ്‌' എന്നതിനെക്കുറിച്ച്‌?

ബോര്‍ഹെസ്‌: മനുഷ്യന്‍ അവന്റെ തന്നെ വിധി കര്‍ത്താവാണോ? എനിക്കറിയില്ല.

ഡാനിയല്‍: അവന്‍ അവനെക്കുറിച്ച്‌ ആശയരൂപീകരണം നടത്തുന്നു. പ്രപഞ്ചനിയമങ്ങളെക്കുറിച്ച്‌ സിദ്ധാന്തിക്കുന്നു. എന്നിട്ട്‌ അവനെത്തന്നെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു. താങ്കള്‍ യോജിക്കുന്നുണ്ടോ?

ബോര്‍ഹെസ്‌: എഴുത്തുകാരേയും കവികളേയും കുറിച്ച്‌ അത്‌ സത്യമാണ്‌. വിശ്വാസങ്ങള്‍ക്കും ഇത്‌ ബാധകമാണ്‌. പിന്നെ അലന്‍പോയുടെ ത്രിത്വസങ്കല്‍പം അച്ഛന്‍, മകന്‍, വിശുദ്ധാത്മാവ്‌, ഇവ ചേരുന്ന ഒറ്റ അസ്തിത്വം. പക്ഷെ ഇതാരെങ്കിലും വിശ്വസിക്കുമോ? ഏതായാലും ഞാനില്ല.

ഡാനിയല്‍: മിത്തുകള്‍ വിശ്വസിക്കപ്പെട്ടില്ലെങ്കില്‍ ഫലപ്രദമാകുമോ?

ബോര്‍ഹെസ്‌: ഇല്ല, പൂച്ചയുടെ മുഖമുള്ള ഒരു കാളയെ എനിക്ക്‌ സങ്കല്‍പിക്കാന്‍ കഴിയില്ല. പക്ഷെ പ്രാചീന ഗ്രീസിലെ സെന്റോര്‍, മിനറ്റോര്‍, പോലെയുള്ളവയെ എനിക്ക്‌ അംഗീകരിക്കാനാവും. കാരണം, അവ സുന്ദരങ്ങളാണ്‌. അവ ഒരു പാരമ്പര്യത്തിന്റെ സൃഷ്ടികളാണ്‌. ഡാന്റെ ഒരിക്കലും ഒരു സ്മാരകം കാണാതെയാണ്‌ മിനറ്റോര്‍ സൃഷ്ടിച്ചത്‌. അതുകൊണ്ട്‌ അവ വിരൂപമായി. പിന്നെ, മിത്തുകളില്‍ നമുക്ക്‌ ഒരിക്കലും അംഗീകരിക്കാനാകാത്തത്‌ 'ദേശീയത' എന്ന മിത്തിനെയണ്‌. ഞാന്‍ എന്തുകൊണ്ടാണ്‌ ഒരു അര്‍ജന്റീനക്കാരന്‍ ആയത്‌, എന്തുകൊണ്ട്‌ ചിലിയനോ ഉറുഗ്വേക്കാരനോ ആയില്ല. എനിക്കറിയില്ല. ഈ മിത്തുകള്‍ നമ്മില്‍ വിദ്വേഷവും യുദ്ധവും ശത്രുതയും വളര്‍ത്തുന്നു. സര്‍ക്കാരുകളും രാഷ്ട്രങ്ങളും മരിച്ച്‌ നാം വിശ്വമാനവികനാകുന്ന ഒരു കാലം വരുമെന്ന് പ്രത്യാശിക്കാം.
 

comments