വീക്ഷണം

ഉത്സവങ്ങളുടെ രാഷ്ട്രീയം

കെ ഇ എന്‍

 


ചര്‍ച്ച ചെയ്യപ്പെടേണ്ട, അന്വേഷിക്കേണ്ട അപഗ്രഥിക്കപ്പെടേണ്ട ഒട്ടേറെ പ്രശ്നങ്ങള്‍ തികച്ചും സ്വാഭാവികമെന്ന അര്‍ത്ഥത്തില്‍ എന്താണ് ഇതിലൊക്കെ ഇത്ര അന്വേഷിക്കാന്‍, ഇതൊക്കെ എന്തിന് അപഗ്രഥിക്കണം ഇതൊക്കെ എത്രയോ കാലങ്ങളായി പരമ്പരയായി ചെയ്തു പോരുന്നതു പോലെ ചെയ്താല്‍ പോരേ, അല്ലെങ്കില്‍ കാലാനുയോജ്യമായ മാറ്റങ്ങളോടെ ഇതൊക്കെ ആഘോഷിച്ചാല്‍ പോരേ, എന്ന ചോദ്യം അന്തരീക്ഷത്തില്‍ കനത്തു നില്‍ക്കേ കാര്യങ്ങള്‍ അങ്ങനെയൊന്നുമല്ല, എന്നു പറയാന്‍ ജനാധിപത്യ കാഴ്ചപ്പാടു പുലര്‍ത്തുന്ന മനുഷ്യര്‍ സന്നദ്ധരായിക്കഴിഞ്ഞു എന്നതിന്റെ ചരിത്രപരമായ ഒരു പ്രഖ്യാപനമായി ഈ അന്വേഷണത്തെ ഞാന്‍ സ്വയം തിരിച്ചറിയുകയാണ്. അങ്ങനെ സ്വാഭാവികമായി ഒന്നിനും നിലനില്‍ക്കാനാവില്ല എന്നും സ്വാഭാവികമെന്ന ധാരണയില്‍ ദൃഢപ്പെട്ടുപോയ പലതും നിര്‍മ്മിക്കപ്പെട്ടതായിരുന്നു എന്നും എന്നാല്‍ അതൊരു നിര്‍മ്മിത വസ്തുവാണെന്ന കാര്യം അതു തന്നെ മറന്നു പോയിരിക്കുന്നു എന്നും ഇത്തരം കാര്യങ്ങള്‍ അതുകൊണ്ട് ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കേണ്ടത് ജനാധിപത്യവാദികളുടെ ഉത്തരവാദിത്വമാണെന്നുമുള്ള തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ ജീവിതവുമായി, ചരിത്രവുമായി ബന്ധപ്പെട്ട ചില വസ്തുതകള്‍ ചര്‍ച്ചയുടെ ആമുഖമെന്ന അര്‍ത്ഥത്തില്‍ അവതരിപ്പിക്കുക മാത്രമാണു ഞാന്‍ ചെയ്യുന്നത്. മറ്റൊരു സന്ദര്‍ഭത്തിലാണെങ്കിലും ഫിഡല്‍ കാസ്ട്രോ നടത്തിയ ഒരു പ്രസംഗം ഇത്തരമൊരു ആമുഖത്തിനു സഹായകരമായിരിക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു.

ആ പ്രസംഗത്തിന്റെ തലക്കെട്ട് ‘ ചരിത്രം എന്നെ കുറ്റക്കാരനല്ലെന്നു വിധിക്കും’ എന്നാണ്. അദ്ദേഹം പറയുന്നത് “എല്ലാത്തിലും ശരിയായിരിക്കുകയും എല്ലാറ്റിനെയും സന്തോഷിപ്പിക്കുകയും ചെയ്യുക എന്ന ഇന്ദ്രജാലം കാ‍ട്ടിപ്പോരുന്ന വാചകമടിക്കാര്‍ക്കും ഉപജീവന രാഷ്ട്രീയക്കാര്‍ക്കും എല്ലായ്പ്പോഴും എല്ലാവരെയും വഞ്ചിക്കുക ആവശ്യമാണ്. സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍, ഒരു പക്ഷേ രാഷ്ട്രീയത്തിന്റെ യുദ്ധഭൂമിയില്‍ സ്വന്തം ജീവന്‍ പകുത്തു കൊടുക്കാന്‍ ധീരതകാണിച്ച പ്രക്ഷോഭകാരിയാണ് ഫിഡല്‍ കാസ്ടോ. അതുകൊണ്ട് നമ്മുടെ കാലത്തെ മുഖ്യധാരാ മാധ്യമങ്ങളുടെ മാഞ്ഞാലപ്രയോഗത്തിന്റെ അര്‍ത്ഥത്തിലല്ല ‘ഉപജീവന രാഷ്ട്രീയക്കാര്‍’ എന്ന പദം ഫിഡല്‍ പ്രയോഗിച്ചത്. തീര്‍ത്തും ഉത്തരവാദിത്വത്തോടുകൂടിയാണ്. സംവാദത്തില്‍ എല്ലാവരെയും സന്തോഷിപ്പിക്കുക എന്ന ഇന്ദ്രജാലം കാട്ടിക്കൂട്ടേണ്ട ആവശ്യം തീര്‍ച്ചയായും സാംസ്കാരിക പ്രവര്‍ത്തകര്‍ക്കില്ല. അതുകൊണ്ട് ഈ സംവാദം ചിലര്‍ക്ക് അസുഖകരമായ അവസ്ഥയുണ്ടാക്കും എന്ന കാര്യം ഉറപ്പാണ്. പാരമ്പര്യമായി ഉറച്ചുപോയ അഭിപ്രായങ്ങള്‍ ഒന്നിളക്കി നോക്കുമ്പോഴേയ്ക്കും ആളുകള്‍ പ്രകോപിതരാകും. ഒരര്‍ത്ഥത്തില്‍ പ്രകോപനം സംവാദത്തിന്റെ ഫലപ്രാപ്തിയുടെ സൂചകം കൂടിയാണ്. വളരെ വൈകിയാണെങ്കിലും പരമ്പരാഗത ധാരണകള്‍ ഇളകിതെറിച്ചുപോകും എന്നതിന്റെ സൂചനയായാണ് ഞാന്‍ പ്രകോപനങ്ങളെ തിരിച്ചറിയുന്നത്. വിപ്ലവകാരികളെക്കുറിച്ച് കാസ്ട്രോ പറയുന്നത് “വിപ്ലവകാരികള്‍ അവരുടെ ആശയങ്ങള്‍ ധീരമായി പ്രഖ്യാപിക്കണം. മിത്രമോ ശത്രുവോ വഞ്ചിക്കപ്പെടാതിരിക്കത്തക്കവണ്ണം അവര്‍ തങ്ങളുടെ തത്ത്വങ്ങള്‍ നിര്‍വചിക്കുകയും ഉദ്ദേശ്യങ്ങള്‍ പ്രകടമാക്കുകയും വേണം.” അതു നൂറു ശതമാനവും ജനങ്ങള്‍ സ്വീകരിക്കണം എന്ന കല്പനയോടെയല്ല. മറിച്ച് അതു വിശകലം ചെയ്യാനുള്ള വിനയവും വിവേകവും നിങ്ങള്‍ പ്രകടിപ്പിക്കണം എന്നാണ്. അതു പ്രസക്തമല്ലെങ്കില്‍ തീര്‍ച്ചയായിട്ടും അതിനു ചരിത്രത്തില്‍ നിലനില്‍ക്കാന്‍ സാദ്ധ്യമല്ല. നമ്മുടെ ചരിത്ര സന്ദര്‍ഭങ്ങളുമായി, വസ്തുനിഷ്ഠയാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാത്ത ഒരു ആശയം എത്ര പ്രഗത്ഭമായി, സംഘടിതമായി അടിച്ചേല്‍പ്പിച്ചാലും നിലനില്‍ക്കില്ല. മുകളില്‍ നിന്നുള്ള ഉത്തരവുകള്‍ കെട്ടിയേല്‍പ്പിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത് എന്നാല്‍ തന്നെയും ഒരു ആശയത്തിന് സമൂഹത്തില്‍ വേരുപടരുകയും ചില്ലകള്‍ വിടര്‍ത്തുകയും പൂക്കള്‍ വിരിയുകയും ചെയ്യണമെങ്കില്‍ ചരിത്രസന്ദര്‍ഭങ്ങളുമായി അതു ഏതെങ്കിലും തരത്തില്‍ സംവദിക്കണം. ഒരു അന്ധവിശ്വാസത്തിനു പോലും നമ്മുടെ ചരിത്ര സംഭവത്തിന്റെ ഭാഗമായി നില്‍ക്കണമെങ്കില്‍ ശരിയോ തെറ്റോ വികസിതമോ അവികസിതമോ ആയ തരത്തില്‍ വസ്തുനിഷ്ഠസാഹചര്യത്തില്‍ സ്പര്‍ശിക്കണം. അല്ലെങ്കില്‍ അതു നശിക്കും. അതുകൊണ്ട് നമ്മുടെ കാലത്ത് സ്വാഭാവികമെന്നു സ്ഥാപിക്കപ്പെട്ട ആശയങ്ങളെ അപഗ്രഥിക്കാനുള്ള ശ്രമം നടത്തുക തന്നെ വേണം എന്നാണ് ഞാന്‍ സൂചിപ്പിക്കുന്നത്.

ഉത്സവങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോല്‍ തന്നെ നമുക്ക് ഉന്മേഷമാണുണ്ടാവുക. ഉത്സവമെന്നാല്‍ ഉള്ളുതുറയാണ്. അതിന് അതിന്റേതായ ചൈതന്യം ഉത്പാദിപ്പിക്കാന്‍ പറ്റും. കുട്ടികളാണ് ഉത്സവങ്ങളില്‍ പൂര്‍ണ്ണമായും ഉണരുന്നത്. അതുകൊണ്ട് ഉത്സവങ്ങളുടെ രാഷ്ട്രീയ ദൌത്യം കുട്ടികളായിരിക്കുമ്പോള്‍ പിടികൂടുക എന്നതാണ്. ഒരു തലമുറയുടെ സ്വഭാവം രൂപീകരിക്കാന്‍ ഏറ്റവും പറ്റിയകാലം കുട്ടിക്കാലമാണ് അതുകൊണ്ട് ഏതു പ്രത്യയശാസ്ത്രത്തിനും തത്വചിന്തയ്ക്കും അതിന്റെ പ്രചാരകരും കാഴ്ചപ്പാടുകള്‍ സ്വീകരിക്കുന്നവരുമായി ഒരു ജനസമൂഹത്തെ മാറ്റണമെങ്കില്‍ കുട്ടികളായിരിക്കുമ്പോള്‍ തന്നെ അവരെ പിടികൂടണം. ഉത്സവങ്ങള്‍ പരമ്പരാഗതമായ കാഴ്ചപ്പാടുകളുടെ പാഠശാലകളാണ്. അവിടെ അദ്ധ്യാപകരും പാഠപുസ്തകങ്ങളും സിലബസ്സും അതിന്റെ അടിസ്ഥാനങ്ങളുമുണ്ട്. ആചാരങ്ങളും അതിന്റേതായ പ്രപഞ്ച വീക്ഷണവുമുണ്ട്. നമ്മുടെ നാട്ടിലെ ചിലര്‍ വിചാരിക്കുന്നതുപോലെ വെറുതെ മനുഷ്യര്‍ തുള്ളിക്കളിക്കുന്നതല്ല, പുതിയ വസ്ത്രം ധരിക്കുന്നതല്ല, ഭക്ഷണം വാരിവിഴുങ്ങുന്നതുമല്ല. മറിച്ച് തുള്ളിക്കളിക്കുന്നതും പുതിയ വസ്ത്രം ധരിക്കുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാംവളരെ കൃത്യമായൊരു പ്രത്യയശാസ്ത്രത്തിന്റെ ചട്ടക്കൂട്ടില്‍ ആവിഷ്കരിക്കപ്പെടുമ്പോഴാണ് അതിനെ ഉത്സവമെന്നു വിളിക്കുന്നത്. ഏതെങ്കിലുമൊരു ദിവസം നമ്മള്‍ അധികഭക്ഷണം കഴിച്ച്, വസ്ത്രം ധരിച്ച് തുള്ളിച്ചാടിയാല്‍ അത് ഉത്സവമാകില്ല. ഉത്സവം ഉത്പാദിപ്പിക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രമൂല്യമുണ്ട്. ആ മൂല്യമെന്നത്, വ്യവസ്ഥാപിതമായ ലോകത്തുജീവിക്കുന്ന നല്ലമനുഷ്യരായി കുട്ടികളെ രൂപപ്പെടുത്തിയെടുക്കാനുള്ള ഒരു പ്രവര്‍ത്തനം ഉത്സവങ്ങളുടെ പിറകിലുണ്ട്. ഉത്സവം ഏതെങ്കിലുമൊരു തലത്തിലേയ്ക്കു വെട്ടിച്ചുരുക്കാന്‍ കഴിയുന്ന ഒന്നാണ് എന്നല്ല ഞാന്‍ പറയുന്നത്. അതിനു പല അടരുകളുണ്ട്. അതിലൊരു അടര് വ്യവസ്ഥയും അധികാരവുമായി ബന്ധപ്പെട്ടുകൊണ്ടാണ് അതു നില്‍ക്കുന്നത് എന്നുള്ളതാണ്. അങ്ങനെ വ്യവസ്ഥയുമായുംഅധികാരവുമായും ബന്ധപ്പെട്ടു നില്‍ക്കുന്ന സാമ്പ്രദായികമായ ഉത്സവങ്ങളെ ഞാന്‍ സൌകര്യത്തിന് മതപരമായ ഉത്സവങ്ങള്‍ എന്നു വിളിക്കുന്നു. എന്നാല്‍ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന ആധിപത്യത്തെ ചോദ്യം ചെയ്യുന്ന ജന വിമോചനത്തെ ഉറപ്പുവരുത്തുന്ന സ്വാതന്ത്ര്യത്തിന്റെ ലോകത്തിലേയ്ക്ക് അവരെ നയിക്കുന്ന ഉത്സവങ്ങളുണ്ട്. അവയെ മതേതരമായ ഉത്സവങ്ങള്‍ എന്നു വിളിക്കാം. മലയാളികളും ഈ രണ്ടു തരത്തിലുള്ള ഉത്സവങ്ങളിലൂടെതന്നെയാണ് കഴിഞ്ഞു പോകുന്നത്.



ആദ്യത്തെ ഉത്സവങ്ങള്‍ ഇതിഹാസ പുരാണങ്ങളും മതഗ്രന്ഥങ്ങളുമായി ബന്ധപ്പെട്ടാണ് നില്‍ക്കുന്നത്. അതിനു ന്യൂക്ലിയസ്സുണ്ട്. നമുക്കറിയാം നമ്മുടെ കാലത്തെ വിശ്വാസങ്ങളില്‍ പോലും മാറ്റം വന്നിട്ടുണ്ട്. ജീവിക്കുന്ന മനുഷ്യരുടെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലുമൊക്കെ വലിയ മാറ്റം വന്നിട്ടുണ്ട്. അവ എത്രമാറിയാലും അതിന്റെ വ്യാകരണം എന്ന അര്‍ത്ഥത്തില്‍ പാഠപുസ്തകത്തിലെ നിര്‍ദ്ദേശങ്ങള്‍ അതുപോലെ തന്നെ നിലനില്‍ക്കുന്നുണ്ടാവും. മതപരമായ ഉത്സവങ്ങള്‍ നോക്കിയാല്‍ ഒരുകാര്യം മനസ്സിലാവും. അവയ്ക്കു വലിയ പരസ്യവും പ്രചാരമൊന്നും ആവശ്യമില്ല. ഇവയൊന്നുമില്ലാതെ തന്നെ മതപരമായ ഉത്സവം ജനസമൂഹത്തെ ഇളക്കിമറിക്കുന്നുണ്ട്. ഓണത്തിന്, വിഷുവിന്, തിരുവാതിരയ്ക്ക്, ബക്രീദിന്, ക്രിസ്തുമസ്സിന് പ്രത്യേക പ്രചാരണത്തിലൂടെ ജനതയെ ഉണര്‍ത്തേണ്ട കാര്യമില്ല. ജനം സ്വാഭാവികമായി ഉണരും. എങ്ങനെയാണ് ഈ പരമ്പരാഗതമായ ഉത്സവങ്ങള്‍ പ്രവര്‍ത്തിക്കുന്നത്? അതിന്റെ പരമ്പരാഗതമായ പ്രത്യയശാസ്ത്രം പഠിച്ചുകൊണ്ടല്ല, മറിച്ച് അന്നേദിവസം കിട്ടുന്ന സ്വാതന്ത്ര്യം, സൌകര്യം, ആഹ്ലാദം, ആനന്ദം, അധികഭക്ഷണം, പുതിയ വസ്ത്രം ഇതൊക്കെ ഉള്‍ക്കൊണ്ടുകൊണ്ടാണ് വ്യവസ്ഥയുടെ ലോകത്തിലേയ്ക്ക് കുട്ടികളും പതുക്കെ വരുന്നത്. എന്നാല്‍ മതേതരമായി നമുക്ക് റിപ്പബ്ലിക് ദിനമുണ്ട്. ലോകത്തിലെങ്ങുമുള്ള തൊഴിലെടുക്കുന്ന മനുഷ്യനെ സംബന്ധിച്ചിടത്തോളം മെയ് ദിനമുണ്ട്. സ്വാതന്ത്ര്യദിനവും ഉത്സവമാണ്. ഇവ രണ്ടും താരതമ്യം ചെയ്തു നോക്കിയാല്‍ മെയ് ദിന, സ്വാതന്ത്ര്യ ദിന റിപ്പബ്ലിക് ദിന ഉത്സവങ്ങളില്‍ ആളുകളുടെ പങ്കാളിത്തം ഔപചാരികമാണ്. മതപര ഉത്സവങ്ങളില്‍ ജനപങ്കാളിത്തം അനൌപചാരികമാണ്. ഔപചാരികമായ കാര്യങ്ങളെ പോലും അനൌപചാരികമാക്കിത്തീര്‍ക്കാന്‍ കഴിമ്പോഴാണ് ഒരു വ്യവസ്ഥ വിജയിക്കുന്നത്. അതിന്റെ തത്ത്വവും കാഴ്ചപ്പാടുകളും ജനജീവിതത്തില്‍ അലിഞ്ഞുച്ചേരണം. അപ്പോഴത് അനൌപചാരികമാവും. പരമ്പരാഗത ഉത്സവങ്ങള്‍ ഇങ്ങനെ രൂപം മാറിയവയാണ്. എന്നാല്‍ റിപ്പബ്ലിക് ദിനത്തിന് സര്‍ക്കാര്‍ വക ഉത്തരവുകള്‍, നിര്‍ദ്ദേശങ്ങള്‍, പരസ്യങ്ങള്‍, പ്രചാരങ്ങള്‍ എന്നിവയൊക്കെ ഉണ്ടായിട്ടും അതിന് ഇളകിമറിയാന്‍ പറ്റുന്നില്ല. പരമ്പരാഗത ഉത്സവങ്ങളുടെ ലോകത്തില്‍ ഉണ്ടാകുന്ന ഇളകിമറിച്ചില്‍ മതേതര ഉത്സവങ്ങളുടെ ലോകത്തില്‍ ഉണ്ടാവുന്നില്ല.

2006-ല്‍ കെ ഇ എന്നും ബാലചന്ദ്രന്‍ ചുള്ളിക്കാടും ചേര്‍ന്നു ഉണ്ടാക്കിയിട്ടുള്ള എന്തോഒരു പ്രശ്നമാണിത് എന്നു വിചാരിക്കുന്ന മനുഷ്യരുണ്ട്. അവരെക്കുറിച്ച് എനിക്കു സത്യത്തില്‍ സഹതാപമാണുള്ളത്. 25 കൊല്ലം മുന്‍പ് ഇക്കാര്യത്തെക്കുറിച്ച് ഞാന്‍ തന്നെ എഴുതിയിട്ടുണ്ട്. അന്ന് കേരളം സ്വസ്ഥമായാണ് അതിനെ സ്വീകരിച്ചത്. കുറച്ചുകൂടി വിപുലമാക്കി അതേ ആശയത്തെ ഞാന്‍ 2006-ല്‍ എഴുതുമ്പോള്‍ എനിക്കു നേരെ കല്ലുകള്‍ കുതിച്ചു വരികയാണ്. 25 കൊല്ലം മുന്‍പ് കേരളത്തില്‍ സംഭവിക്കാത്തത് ഇപ്പോള്‍ സംഭവിക്കാന്‍ കാരണം മതേതരമൂല്യങ്ങളുടെ വേലിയിറക്കക്കാലത്താണ് നാം ജീവിക്കുന്നത് എന്നതു കൊണ്ടാണ്. ജനങ്ങള്‍ പെട്ടെന്ന് അസഹിഷ്ണുക്കളായി മാറുന്നു. 25 കൊല്ലം മുന്‍പ് എഴുതിയതും പത്തുപതിനേഴു വര്‍ഷം മുന്‍പ് പ്രസിദ്ധീകരിച്ചതുമായ “മതേതരത്വവും ജനാധിപത്യവും” എന്ന പുസ്തകത്തില്‍ - കൂട്ടത്തില്‍ കൌതുകകരമായ കാര്യം കൂടി പറയട്ടെ, ശാസ്ത്രസാഹിത്യ പരിഷത്താണ് പുസ്തകം പ്രസിദ്ധീകരിച്ചത്- 1991-ലാണ് അതിനെ ഒന്നാം പതിപ്പു പുസ്തകരൂപത്തില്‍ വരുന്നത്, പരിഷത്തു തന്നെയാണ് അതിന്റെ രണ്ടാം പതിപ്പും പ്രസിദ്ധീകരിച്ചത്, അതിപ്പോള്‍ മാര്‍ക്കറ്റില്‍ ഇല്ല - ഞാന്‍ ഇക്കാര്യം എഴുതിയിട്ടുണ്ടായിരുന്നു. അതില്‍ ഞാന്‍ ‘തായാട്ടു ശങ്കരന്റെ മതേതര സങ്കല്പം’ എന്ന പേരില്‍ ഒരു പ്രബന്ധമെഴുതിയിട്ടുണ്ട്. അതെഴുതാനുള്ള കാരണം ജനാധിപത്യമതേതര കാഴ്ചപ്പാടിനോട് തീവ്രമായ ആഭിമുഖ്യം പുലര്‍ത്തുമ്പോഴും നമ്മുടെ പാരമ്പര്യമൂല്യങ്ങളോട് സര്‍ഗാത്മകമായ അടുപ്പം അതിനേക്കാള്‍ തീവ്രമായി പ്രകടിപ്പിച്ച മലയാളത്തിന്റെ സംസ്കാരിക സാന്നിദ്ധ്യമായിരുന്നു ചിന്തകന്‍ എന്ന അര്‍ത്ഥത്തില്‍ തായാട്ടു മാഷ്. ഇന്നുമാണ്. അദ്ദേഹത്തിന്റെ മതേതര സങ്കല്‍പ്പങ്ങളെ പരിചയപ്പെടുത്തുമ്പോള്‍ ദേശീയോദ്ഗ്രഥനത്തെക്കുറിച്ചു മാഷു പറയുന്ന വരിതന്നെ ഞാന്‍ എടുത്തെഴുതിയിരുന്നു. മാഷ് പറയുന്നുണ്ട്, “ദേശീയോദ്ഗ്രഥനം എന്നു പറയുന്നത് ഏതെങ്കിലും മതത്തിന്റെ ചടങ്ങുകള്‍ക്ക് മറ്റു മതസ്ഥരെ വിധേരാക്കലല്ല.“ വളരെ ലളിതമാണ്. പക്ഷേ ലളിതമായ കാര്യങ്ങള്‍ പോലും ഇപ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ പറ്റാതെ പോകുന്നുണ്ട്. അതൊരു സാംസ്കാരിക രോഗമാണ്. തായാട്ടു പറയുന്നു “ എല്ലാ ജനങ്ങളെയും കൊണ്ടു ഭസ്മം തൊടുവിക്കുകയും തുളസിത്തറ വലം വയ്പ്പിക്കുകയും രാമനാമം ജപിപ്പിക്കുകയുമല്ല, ദേശീയോദ്ഗ്രഥനം.“ നമുക്കു വേണമെങ്കില്‍ ഒരു പ്രബന്ധമെഴുതി തുളസിയുടെ പരിസര ചങ്ങാത്തത്തെപ്പറ്റിയും അതിന്റെ ഔഷധവീര്യത്തെ പറ്റിയും തായാട്ടിനു വല്ല വിവരവുമുണ്ടോ എന്നൊക്കെ ചോദിച്ച് നമ്മുടെ സവര്‍ണ്ണമായ ഒരു മതേതരബോധത്തെ മുന്നോട്ടു വയ്ക്കാന്‍ പറ്റും. പക്ഷേ തായാട്ടിന് അന്നേ സം‍ശയമുണ്ടായിരുന്നില്ല, ഇത് ഉദ്ധരിച്ചുകൊണ്ട് ഞാന്‍ അന്ന്‌ എഴുതിയതാണ് “ സമുദായം പുലര്‍ത്തുന്ന ആചാരങ്ങളും ആഘോഷിക്കുന്ന ഉത്സവങ്ങളും പരമ്പരാഗതബോധത്തെ പുനരുത്പാദിപ്പിക്കുന്ന പാഠശാലകള്‍ ആണ്.“ ഉത്സവങ്ങളെപ്പറ്റി തായാട്ടുമാഷിന്റെ ഒരു ഉദ്ധരണി ആവര്‍ത്തിച്ചുകൊണ്ടാണ് ആ ലേഖനം അവസാനിക്കുന്നത്. ‘നമ്മുടെ സാംസ്കാരിക മണ്ഡലം’ എന്ന തായാട്ടിന്റെ പ്രസിദ്ധമായ ലേഖനത്തിലാണ് ഇതുള്ളത്. അതിലിങ്ങനെയാണ് തായാട്ട് പറയുന്നത് “നമുക്ക് മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലല്ലാതെ ഒരൊറ്റ സാമൂഹികാഘോഷവുമില്ല. കുട്ടികള്‍ക്ക് പേരിടുന്നത് തൊട്ട്, വീടുകള്‍ക്ക് പേരിടുന്നതു തൊട്ട് സകലമാന കാര്യങ്ങളിലും മത-ജാതി കാഴ്ചപ്പാടില്‍ നിന്ന് നമുക്ക് ബോധപൂര്‍വം വിട ചോദിക്കാന്‍ പറ്റിയിട്ടില്ല. ഇങ്ങനെ പറയുമ്പോള്‍ ആളുകള്‍ തെറ്റിദ്ധരിക്കും ഏതെങ്കിലും ആളിന്റെ പേര് ഇതിഹാസമോ പുരാണമോ മതഗ്രന്ഥമോ ആയ എന്തിലെങ്കിലും നിന്നായാല്‍ അപകടമാണെന്ന്. അല്ല. മറിച്ച് എല്ലാക്കാലത്തും പേരുകള്‍, എല്ലാ കാലത്തും അഭിപ്രായങ്ങള്‍, കാഴ്ചപ്പാടുകള്‍ ഇതിന്റെ തന്നെ ആവര്‍ത്തനമായിരിക്കുന്നത് അത്രതന്നെ ഗംഭീരമല്ല. എന്നുപറഞ്ഞാല്‍ കഴിഞ്ഞ തലമുറയിലെ എല്ലാ ആള്‍ക്കാരും അവരുടെ പേരുകള്‍ മാറ്റി വച്ച് പുതിയ പേരുകള്‍ സ്വീകരിക്കണമെന്നല്ല. പുതിയ തലമുറ പുതിയ പേരിനെക്കുറിച്ച് എന്തുകൊണ്ട് ആലോചിച്ചില്ല എന്നാണ്. സാംസ്കാരിക വിമര്‍ശനത്തിന്റെ അനിവാര്യത അവിടെയാണ്. ഇത് 1941-ല്‍ ബഷീര്‍ ഉയര്‍ത്തിയ ഒരു ചോദ്യമാണ് ‘പ്രേമലേഖനത്തില്‍.‘ മിശ്രവിവാഹിതരായ സാറാമ്മയുടെയും കേശവന്‍ നായരുടെയും കുട്ടിയ്ക്കെന്തു പേരിടും. പലപേരുകള്‍ വിളിച്ചുനോക്കി. എല്ലാ പേരുകളും എളുപ്പം ചെല്ലുന്നത് ഏതെങ്കിലും ഒരു മതത്തിന്റെ അടുത്തേയ്ക്കായിരിക്കും. അപ്പോള്‍ അവര്‍ ചെറുകഥ എന്നു പേരിട്ടു നോക്കി, നോവല്‍ എന്നു പേരിട്ടു നോക്കി. അതിനൊന്നും ഭംഗി പോര. അവസാനം അവര്‍ ‘ആകാശമുട്ടായി’ എന്നു പേരിട്ടു. അതൊരു പേരല്ല, കാഴ്ചപ്പാടാണ്. അത്രമേല്‍ ഔദ്ധത്യവും മധുരവുമുള്ള പേരുകള്‍ പുതിയ തലമുറ കണ്ടെത്തേണ്ടതുണ്ട്. അതിനു 1001 ഹിന്ദുപേരും 1001 അറബി പേരും തടസ്സമാവരുത്. നിങ്ങള്‍ മിഴികള്‍ തുറക്കണമെന്ന് ബഷീറിനു പറയാന്‍ പറ്റി. പക്ഷേ ഇന്നും നാം കുട്ടികള്‍ക്കും വീടിനും പേരിടുമ്പോള്‍ നമ്മുടെ ആചാരങ്ങളില്‍ നിന്ന് അണുകിട മാറുന്നില്ല.
 


കേരളം ഇത്രയേറെ വളര്‍ന്നിട്ടും കെട്ടിടങ്ങളുണ്ടാക്കുമ്പോള്‍ പൊട്ടിക്കണ്ണനെ കെട്ടിത്തൂക്കുന്നത് നമ്മള്‍ അവസാനിച്ചിപ്പിച്ചിട്ടില്ല. വല്ലാത്ത ഒരു നിസ്സഹായാവസ്ഥയാണ് മലയാളികളുടേത്. പൊട്ടിക്കണ്ണന് ടൈയുണ്ട്. ആകപ്പാടെയൊരു പോസ്റ്റ് മോഡേണ്‍ ആയി അതു മാത്രമാണ് വ്യത്യാസം. കാഴ്ചപ്പാട് മാറിയിട്ടില്ല. ഇതുപോലെ നമ്മളും രൂപത്തില്‍ മാത്രം മാറിയാല്‍ മതിയോ എന്ന ചോദ്യമാണ് ചോദിക്കുന്ന എനിക്കും കേള്‍ക്കുന്ന നിങ്ങള്‍ക്കും അസുഖമുണ്ടാക്കുന്നത്. തായാട്ട് തുടര്‍ന്നു പറയുന്നു. “റിപ്പബ്ലിക് ദിനമാത്രം മതത്തിന്റെ അടിസ്ഥാനത്തില്‍ പങ്കുവയ്ക്കപ്പെട്ടിട്ടില്ല. ഓണത്തിന്റെ മതപരമായ ചടങ്ങുകള്‍ കുടഞ്ഞു കളഞ്ഞ് കേരളത്തിന്റെ കാര്‍ഷിക മഹോത്സവമാക്കി പുനഃസംഘടിപ്പിക്കാമായിരുന്നു.“ തായാട്ട് നമ്മുടെ പരമ്പരാഗതമായ ജീവിത വീക്ഷണവുമായി ജ്ഞാനശാസ്ത്രപരമായി വിട ചോദിച്ചിരുന്നില്ല. അതുകൊണ്ട് തായാട്ടുമായി ഇടതുപക്ഷ ചിന്തകള്‍ കാഴ്ചവയ്ക്കുന്ന സംസ്കാരിക പ്രവര്‍ത്തകര്‍ക്ക് ഒട്ടേറെ കാര്യങ്ങളില്‍ വിയോജിക്കേണ്ടി വരും. എന്നിട്ടും അദ്ദേഹം ഇതു പറഞ്ഞു. “ഓണത്തെ ദേശീയ ഉത്സവമായി വളര്‍ത്തിക്കൊണ്ടു വരാമായിരുന്നു.“ എന്നാണ് തായാട്ടു പറയുന്നത്. അദ്ദേഹം 1961-നു മുന്‍പല്ല ഈ പ്രബന്ധം എഴുതിയത്. 1961-ന്റെ പ്രത്യേകത അന്നാണ് പട്ടം താണുപിള്ള ഓണത്തെ ഒരു ദേശീയോത്സവമായി പ്രഖ്യാപിച്ചത്. നമ്മുടെ നാട്ടിലെ ആളുകള്‍ക്ക് ചരിത്രബോധം കുറവായതുകൊണ്ട് വിചാരിക്കുന്നത് ഇതൊക്കെ എന്നോ ദേശീയോത്സവങ്ങളാണെന്ന്. എന്നോ ദേശീയത തന്നെയില്ലല്ലോ..ദേശീയത ഒരു ചരിത്രനിര്‍മ്മിതിയാണ്. അത് അങ്ങനെ അനാദിയായ സംഗതിയൊന്നുമല്ല. ഇന്ത്യന്‍ ദേശീയതയെപ്പറ്റി പറയുമ്പോള്‍ അതിന്റെ വളര്‍ത്തല്‍ പശ്ചാത്തലവും ജനങ്ങള്‍ വളര്‍ന്നു വന്ന പശ്ചാത്തലവും കാര്‍ഷികരംഗത്തൊക്കെ ഉണ്ടായ ഉത്പാദനപരമായ പശ്ചാത്തലവും മാറ്റിവച്ചാല്‍ അതൊരു സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ നിര്‍മ്മിതിയാണ്. ഇന്ത്യന്‍ ദേശീയതയെ ജ്വലിപ്പിച്ച ഏറ്റവും പ്രബലമായ ഘടകം സാമ്രാജ്യത്വ വിരുദ്ധതയാണ്. അതുകൊണ്ട് ദേശീയോത്സവം എന്നു പറയുമ്പോള്‍ അനാദികാലം മുതല്‍ നിലനില്‍ക്കുന്നത് എന്നു വിചാരിക്കുന്നത് അസംബന്ധമാണ്. 1961-ലാണ് പട്ടം താണുപിള്ള ഓണത്തെ ദേശീയോത്സവമായി പ്രഖ്യാപിച്ചത്.

‘പി കുഞ്ഞിരാമന്‍ നായരും സവര്‍ണ്ണഹിന്ദുത്വവും’ എന്ന ഒരു പുസ്തകം ഇപ്പോള്‍ ചിന്ത പ്രസിദ്ധീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ചുള്ളിക്കാട് എഴുതിയ പുസ്തകത്തിന്റെ ആമുഖമെഴുതിയിരിക്കുന്നത് ഞാനാണ്. പുസ്തകം വിവാദത്തിലായതു കൊണ്ട് ഇതുമായി ബന്ധപ്പെട്ട് ഞാന്‍ ചൂണ്ടിക്കാണിക്കാനാഗ്രഹിക്കുന്ന കാര്യം ഈ പുസ്തകത്തിലൊരിടത്തും ഈ ഉത്സവം ആഘോഷിക്കാന്‍ പാടില്ല എന്നോ അതിനു ലഭിച്ച ദേശീയോത്സവ പദവി റദ്ദാക്കണമെന്നോ പറഞ്ഞിട്ടില്ല എന്നു മാത്രമല്ല, ഇത് ആഘോഷിക്കപ്പെടുന്നുണ്ട് എന്നും ആഘോഷിക്കപ്പെടേണ്ടതാണ് എന്നുമാണ് പറഞ്ഞിരിക്കുന്നത്. പക്ഷേ ഒരു ചോദ്യമുന്നയിച്ചിട്ടുണ്ട്. ‘ഒരു ദേശത്തിലെ മുഴുവന്‍ ജനതയും ദേശീയ ജനതയാണെങ്കില്‍ ആ ദേശത്തിലെ ജനങ്ങളുടെ എല്ലാ ഉത്സവങ്ങളും ദേശീയ ഉത്സവങ്ങള്‍ തന്നെയാണ്. അത് ജനാധിപത്യത്തിന്റെ പിന്മടക്കമില്ലാത്ത പ്രഖ്യാപനമാണ്. ഇടതുപക്ഷരാഷ്ട്രീയപാര്‍ട്ടികള്‍ അസന്ദിഗ്ദ്ധമായി മുന്നോട്ടു വച്ച ഒരു കാഴ്ചപ്പാടുണ്ട്. ഇന്ത്യ ഒരു ബഹുദേശീയ രാഷ്ട്രമാണ്. ഇന്ത്യയിലെ സംഘപരിവാര്‍ ഉള്‍പ്പടെയുള്ള ഫാസിസ്റ്റു പ്രസ്ഥാനങ്ങളോട് നമ്മള്‍ പറഞ്ഞ കാര്യം ‘ഇന്ത്യ അനാദിയായ ഒരു രാജ്യമാണെന്നും ഇവിടത്തെ സംസ്കാരത്തിന്റെ ശത്രുക്കള്‍ എന്ന അര്‍ത്ഥത്തില്‍ മുസ്ലിങ്ങള്‍, ക്രിസ്ത്യാനികള്‍, കമ്മ്യൂണിസ്റ്റുകള്‍, നെഹ്രൂയിസ്റ്റുകള്‍ എല്ലാം ആഭ്യന്തര ശത്രുക്കളാണെന്നും വാദിക്കുന്ന സംഘപരിവാര്‍ ദേശീയതയ്ക്ക് -അഖണ്ഡദേശീയത- എതിരായി ഇന്ത്യ ബഹുദേശീയമാണെന്നും അത് ഒരൊറ്റക്കല്ലില്‍ കൊത്തിയ ഒരു രാഷ്ട്രമല്ല‘ എന്നുമാണ്. അങ്ങനെയാണ് ‘കേരളം- മലയാളികളുടെ മാതൃഭൂമി‘ എന്ന പുസ്തകം വരുന്നത്. അങ്ങനെയാണ് ‘നൂതന്‍ ബംഗ്ലാ’ എന്ന പുസ്തകം ബംഗാളില്‍ വരുന്നത്. ‘വിശാല ആന്ധ്ര’ എന്ന സുന്ദരയ്യായുടെ പുസ്തകം വരുന്നത്. ഇതെല്ലാം ഇന്ത്യന്‍ ദേശീയതയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഈ പുസ്തകങ്ങളെല്ലാം വരുന്നത്. ഇന്ത്യയിലെ വ്യത്യസ്തജനവിഭാഗങ്ങളുടെ ഉത്സവങ്ങളെല്ലാം നമ്മുടെ ദേശീയോത്സവങ്ങളാവേണ്ടതല്ലേ? അവയില്‍ ഒരു ഉത്സവം മാത്രം ദേശീയമാവുകയും മറ്റുത്സവങ്ങളൊന്നും ദേശീയമാവാതിരിക്കുകയും ചെയ്യുന്നതിന്റെ യുക്തിയെന്താണ്?ഇങ്ങനെ ഒരു ചോദ്യം ഒരാളൊ ഒരു ജനതയോ ചോദിച്ചാല്‍ അപകടമാണത് എന്നും മതേതരസങ്കല്‍പ്പമാകെ പുന്നക്കായ പൊട്ടിച്ചിതറുന്നതു പോലെ ചിതറിപ്പോകുന്നു എന്നും പറയുന്നുണ്ടെങ്കില്‍ അബോധത്തില്‍ പൂഴ്ത്തിവച്ചിരിക്കുന്ന ജനാധിപത്യവിരുദ്ധ സംസ്കാരത്തിന്റെ ഭാരമാണത് എന്നു തിരിച്ചറിയണം. അതുകൊണ്ട് നമ്മുടെ എല്ലാ ഉത്സവങ്ങളെയും ആദിവാസി ഉത്സവങ്ങളെയും ദേശീയ ഉത്സവത്തിലേയ്ക്ക് വികസിപ്പിക്കേണ്ടതായിട്ടുണ്ട്. അതൊരു ജനാധിപത്യ നിലപാടാണ്.

comments