
കോര്‍ണര്‍ മീറ്റിംഗുകളില്‍പ്പോലും കമ്യൂണിസ്റ്റ് നേതാക്കള്‍
ആഗോളരാഷ്ട്രീയം വിശദീകരിച്ചിരുന്നതുകൊണ്ടുകൂടിയാകണം ഡാനിയല്‍ ഒര്‍ട്ടേഗ
എന്ന പേര് കേരളീയര്‍ക്ക് പരിചിതമാണ്. ക്യൂബയ്ക്കൊപ്പം അമേരിക്കയുടെ
മൂക്കിന് താഴെ നില ഉറപ്പിച്ച കമ്യൂണിസ്റ്റ് സാഹോദര്യത്തിലെ ഒരു കണ്ണി.
1985ല്‍ നിക്കരാഗ്വന്‍ പ്രസിഡന്റായ ഒര്‍ട്ടേഗയോട് അമേരിക്കന്‍ ഭരണകൂടവും
ഇതു തന്നെ ഉറപ്പിച്ചു പറഞ്ഞു, സോവിയറ്റ് ക്യൂബന്‍ അച്ചുതണ്ടിനെ തങ്ങളുടെ
ഉപഭൂഖണ്ഡത്തില്‍ വെച്ചുപൊറുപ്പിക്കില്ലെന്ന്. അമേരിക്ക പിന്തുണച്ച
കോണ്‍ട്രകളുടെ ആഭ്യന്തര കലാപം സാന്റിനിസ്റ്റാ ഭരണകൂടത്തെ
അട്ടിമറിക്കുന്നതില്‍ വിജയിച്ചു. 1990ല്‍ ഒര്‍ട്ടേഗ തിരഞ്ഞെടുപ്പില്‍
പരാജയപ്പെട്ടു. പിന്നെ ആ പരാജയം ആവര്‍ത്തിക്കപ്പെട്ടു.
ഇപ്പോള്‍ നിക്കരാഗ്വന്‍ പ്രസിഡന്റായി ഒര്‍ട്ടേഗ മടങ്ങിവരുന്നു. പഴയ
സാഹോദര്യത്തിന് ഇടമില്ലാത്തവിധം സോവിയറ്റ് യൂണിയന്‍ ഇല്ലാതായി. ഫിഡല്‍
കാസ്ട്രോ രോഗബാധിതനും. ഒര്‍ട്ടേഗ ഇന്ന് മറ്റൊരാളാണത്രേ! കമ്യൂണിസ്റ്റോ
സുവിശേഷക്കാരനോ എന്ന് തിരിച്ചറിയാനാവാത്ത വിധം വ്യക്തിത്വത്തിലും
നിലപാടുകളിലും മയപ്പെട്ട ഒരാള്‍. വെനിസ്വേല, ക്യൂബ, ബൊളീവിയ, നിക്കരാഗ്വ,
പുതിയ സാഹോദര്യത്തിലേക്ക് കേരളം ഉറ്റുനോക്കുന്നുണ്ട്. നമ്മെ കാണാനാവാത്ത
വിധം നാം ലോകത്തിലേക്ക് നോക്കിയിരിക്കുന്നു. സദ്ദാം ഹുസൈന്റെ വധശിക്ഷ
കേരളത്തിലെപ്പോലെ മറ്റെവിടെയാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്? അതിയാനും ഒരു
ഇടതുപക്ഷം തന്നെ. അറേബ്യയിലെ ജോസഫ് സ്റ്റാലിന്‍.
യാങ്കികള്‍ മനുഷ്യസമൂഹത്തിന്റെ ശത്രുക്കളാണെന്ന നിക്കരാഗ്വന്‍
ദേശീയഗനത്തിലെവാക്യം ഓര്‍മ്മിച്ച് സഖാവ് ഡാനിയേല്‍ ഒര്‍ട്ടേഗയെ അഭിവാദ്യം
ചെയ്യാം. കേരളത്തില്‍ അഞ്ചാം കൊല്ലം ഇടതുഭരണം പൊലിയുന്ന പോലെ ലത്തീന്‍
അമേരിക്കയുടെ പുതിയ സാഹോദര്യങ്ങള്‍ പൊലിയില്ലെന്ന് പ്രത്യാശിക്കാം.
comments