അധിനിവേശവും ജനാധിപത്യവും
മഹ്‌റൂഫ്‌ .കെ

സ്വന്തം ജനതയാല്‍
ബുഷ്‌ വിധിക്കപ്പെടുമ്പോള്‍
 

 


"I honestly believe this nation in its vote has said: 'What are we doing in Iraq? We can't stay there.' I think they are rightfully leading the leaders to say, 'Set a date; move toward it.' "  -Joe Sestak (Newly elected to the US house of Rep.)

"The rural economy has been left out. A lot of my district feels a great deal of insecurity about their jobs, their health care, their business, their family farm. They feel like they're just kind of hanging out there."  -Ms. Boyda of Kansas.(Newly elected to the US house of Rep.)


 

അമേരിക്കന്‍ ജനതയുടെ ജനാധിപത്യമനസ്‌ പ്രവര്‍ത്തിക്കുന്നത്‌ രാജ്യാതിര്‍ത്തിക്കുള്ളില്‍ മാത്രമാണ്‌. ദേശത്തിനു പുറത്ത്‌ അതിന്‌ ചരിത്രപരമായിത്തന്നെ അധിനിവേശത്തിന്റെ
അധാര്‍മികമുഖമാണുള്ളത്‌.അപാരമായ അഹന്തയും ആധിപത്യ മോഹങ്ങളും രാജ്യാന്തരതലത്തിലെ ഏത്‌ ജനാധിപത്യനീക്കവും വീറ്റോ ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുന്നു, തങ്ങളുടെ ജനാധിപത്യത്തെ ലോകത്തിനു മാതൃകയായി ഉയര്‍ത്തിക്കാട്ടുമ്പോള്‍ത്തന്നെ ലോകം മുഴുവന്‍ തങ്ങളുടെ വിശ്വസ്ഥ വിധേയന്മാരും പാവകളും പിണിയാളുകളുമായിരിക്കണമെന്ന് ശഠിക്കുന്നതിലെ വൈരുദ്ധ്യം വളരെ വലുതാണ്‌. ഈ വൈരുദ്ധ്യത്തെ ദേശത്തിന്റെയും ജനതയുടെയും ഉത്തമതാല്‍പര്യമായി വ്യാഖ്യാനിക്കുകയാണ്‌ പതിവ്‌.

അമേരിക്കക്കാരുടെ താല്‍പര്യം സംരക്ഷിക്കാനാണ്‌ ഇറാഖിലേക്ക്‌ ബുഷ്‌ സേനയെ അയച്ചത്‌. ആദ്യമത്‌ ഇറാഖി രാഷ്ട്രത്തലവന്‍ കുന്നുകൂട്ടിയ ആയുധങ്ങള്‍ കണ്ടെടുക്കാനായിരുന്നു. പിന്നീട്‌ ഭീകരവാദത്തെ നേരിടലായി. ഉദാരവല്‍ക്കരണത്തിന്റെ അങ്ങാടികളില്‍ സാമ്പത്തിക കോയ്‌മ വെല്ലുവിളിക്കപ്പെട്ടതോടെ, ചൈനയെപ്പോലുള്ള രാജ്യങ്ങള്‍ വാണിഭസ്ഥലം കൈയ്യേറിയതോടെ യൂറോയ്ക്ക്‌ മുന്നില്‍ ഡോളര്‍ പരുങ്ങലിലായതോടെ അഗോളവല്‍കരണത്തിന്‌ ഒരു സൈനിക മുഖം നല്‍കുകയയിരുന്നു. പ്രകൃതിവിഭവങ്ങള്‍ക്കൊപ്പം മനുഷ്യവിഭവശേഷിയുടെ സമൃദ്ധിയുള്ള രാജ്യങ്ങള്‍ ഉന്നംവെക്കപ്പെട്ടത്‌ അങ്ങനെയാണ്‌.

ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള രാജ്യാന്തര വേദികളേയും അന്താരാഷ്ട്ര മര്യാദകളെയും കാറ്റില്‍ പറത്തിയാണ്‌ അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്തസേന ഇറാഖില്‍ പ്രവേശിച്ചത്‌. ലോകമെമ്പാടും ഉയര്‍ന്ന പ്രതിഷേധത്തെയും ഇറാഖി പ്രതിരോധത്തെയും പരിഗണിക്കാതെ അമേരിക്കന്‍ ജനത 2004ല്‍ ബുഷിന്‌ വൈറ്റ്‌ഹൗസില്‍ രണ്ടാമൂഴം നല്‍കി. കടന്നുകയറ്റത്തിന്റെ രാഷ്ട്രീയത്തിനും യുദ്ധഭീകരതക്കും വിയറ്റ്‌നാം ചരിത്രം വിസ്മരിച്ചു കൊണ്ട്‌ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കിയ പിന്തുണ ജനാധിപത്യത്തെക്കാള്‍ അവരുടെ കൊളോണിയല്‍ മനസിന്റേതായിരുന്നു.


ജോര്‍ജ്ജ്‌ ബുഷിന്റെ രണ്ടാമൂഴം പകുതിവഴിയില്‍ നില്‍ക്കെ അദ്ദേഹത്തിന്റെ പ്രസ്‌ഥാനമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക്‌ ജനപ്രതിനിധിസഭയിലും സെനറ്റിലും ഭൂരിപക്ഷം നഷ്ടപ്പെട്ടിരിക്കുന്നു.റൊണാള്‍ഡ്‌ റംസ്‌ഫെല്‍റ്റിനെ പുറത്താക്കിയതുകൊണ്ടോ ഡെമോക്രാറ്റുകളുമായി സമവായത്തിന്‌തയ്യാറാണെന്നതുകൊണ്ടോ ബുഷിന്‌ ഇനി അതിജീവിക്കാനാവില്ല.യുദ്ധക്കുറ്റവാളിയുടെ മുഖമുള്ള ഒരു രാഷ്ട്രത്തലവനെ ഒരു ദേശത്തിനും ജനതക്കും താങ്ങിനിര്‍ത്താനാവില്ല. മുഖം മിനുക്കാന്‍ ഡെമോക്രാറ്റുകള്‍ നിന്നുകൊടുക്കാനുമിടയില്ല. ഇറാഖില്‍ നിന്നുമുള്ള സേനാപിന്മാറ്റത്തിന്റെ തീയതി തീരുമാനിക്കുകയല്ലാതെ ഇറാഖിനെ ഇറാഖി ജനതക്ക്‌ ഏല്‍പിച്ചു കൊടുക്കുകയല്ലാതെ മറ്റ്‌ പോംവഴികള്‍ ഇല്ല.
 

ഇറാഖിലെ പാവക്കോടതി സദ്ദാമിനെ വധശിക്ഷക്കു വിധിച്ചത്‌ അമേരിക്കന്‍ ജനതയെ ആവേശം കൊള്ളിക്കുമെന്നും ആ വികാരത്തള്ളലില്‍ തന്റെ വീഴ്ചകള്‍ മറച്ച്‌ ഇടക്കാല തെരഞ്ഞെടുപ്പ്‌ ജയിച്ചുകയറാമെന്നും കണക്കുകൂട്ടിയ ബുഷിന്‌ അപ്രതീക്ഷിതമായ തിരിച്ചടിയാണുണ്ടായത്‌.ഒരു പ്രശ്നത്തെ അല്ലെങ്കില്‍ ഒരു ശത്രുവിനെ നിര്‍മ്മിച്ച്‌ അവയെ മുന്‍നിര്‍ത്തിയുള്ള വികാരങ്ങളുടെ രാഷ്ട്രീയം കളി(ഇന്ത്യയില്‍ ബി.ജെ.പി.ക്ക്‌ അയോദ്ധ്യ പോലെ ബുഷിന്‌ സദ്ദാം)എല്ലാ ദേശങ്ങളിലുമുണ്ടാകാറുണ്ട്‌.യഥാര്‍ത്ഥ പ്രശ്നങ്ങളെ മറയ്ക്കുന്ന കപടരാഷ്രീയം നേരിടുന്ന തിരിച്ചടിയാണ്‌ അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കേറ്റ പരാജയം.


ഇറാഖിലെ സൈനിക നടപടികള്‍ക്കും പുനര്‍നിര്‍മ്മാണത്തിനുമായി അമേരിക്ക ചെലവിടുന്ന ഭീമമായ ധനം മടങ്ങിവരുന്നത്‌ ബുഷ്‌ ഭരണത്തിലുള്ള ചിലരുടെബിനാമി കമ്പനികളിലേക്കാണ്‌. ഇതില്‍ നടക്കുന്ന അഴിമതിയുംകുഭകോണങ്ങളും അമേരിക്കയിലെ രാഷ്ട്രീയത്തെ വലിയൊരളവില്‍ അധാര്‍മ്മികമാക്കിയിട്ടുണ്ട്‌. തൊഴിലില്ലായ്മ കൂടുകയും ഇടത്തരക്കാരുടെ അതിജീവനം കൂടുതല്‍ പ്രതിസന്ധിയിലാവുകയും ചെയ്തിട്ടുണ്ട്‌. മറ്റൊരു പ്രശ്നം ശവപ്പെട്ടിയില്‍ മടങ്ങിവരുന്ന അമേരിക്കന്‍പട്ടാളക്കാരുടെ എണ്ണം വര്‍ദ്ധിച്ചതാണ്‌.ഇവരുടെ കുടുംബങ്ങളുടെ പ്രതിഷേധം ബുഷിനെതിരായജനവികാരത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്‌.

ഇറാഖില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ പട്ടാളകാരുടെ എണ്ണം മൂവായിരത്തോളം വരും,എന്നാലിതിന്റെ മറുപുറം ഭീകരമാണ്‌. മൂന്നുവര്‍ഷത്തെ അമേരിക്കന്‍ അധിനിവേശം കൊന്നൊടുക്കിയ ഇറാഖികളുടെ എണ്ണത്തെക്കുറിച്ച്‌ പലകണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്‌. അത്‌ ഒന്നരലക്ഷം മുതല്‍ ആറുലക്ഷം വരെ നീളുന്നു. ലോകത്തിലെ ഏതു നദിയെയും നിറം മാറ്റാന്‍ തക്ക ചോര ഇറാഖിന്റെ തെരുവുകളില്‍ വീണു കഴിഞ്ഞു. ഓരോ പട്ടാളക്കാരന്റെയും ശവസംസ്കാരം അമേരിക്കയില്‍ യുദ്ധവിരുദ്ധ വികാരത്തെ ശക്തിപ്പെടുത്തുമ്പോള്‍ കൂട്ടത്തോടെ കുഴിവെട്ടിമൂടിയ ലക്ഷക്കണക്കിന്‌ ഇറാഖികളോട്‌ പുതിയനൂറ്റാണ്ടിന്‌ എന്തു വികാരമാണുള്ളത്‌? ശ്മശാനങ്ങള്‍ക്കുമേല്‍ അമേരിക്ക നടത്തുന്ന ഇറാഖിന്റെ പുനര്‍നിര്‍മ്മാണം ഇനി അധികം നീളില്ലെന്ന് കരുതാം.

comments