വിദേശരേഖകള്‍


നിര്‍മ്മല

സെപ്റ്റംബര്‍ 11 മുതല്‍
നവംബര്‍ 11 വരെ
 

 


ദേ നോക്ക്‌, അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ അമേരിക്കയെന്നറിയപ്പെടുന്ന കൊലകൊമ്പന്‍ രാജ്യത്തിനടുത്ത്‌ കാനഡ എനൊരു രാജ്യമുണ്ട്‌. അറ്റ്‌ലാന്റിക്‌ മുതല്‍ പസഫിക്‌ വരെ വിസ്തരിച്ചിരിക്കുന്ന കാനഡ കുടിയേറ്റക്കാരുടെ രാജ്യം എന്നാണറിയപ്പെടുന്നത്‌. പിന്നെ ഇവിടെ പണ്ടേയുണ്ടായിരുന്ന ആ പഴഞ്ചന്‍ ആളുകളെ ഇന്ത്യാക്കാരെന്ന് തെറ്റി വിളിച്ച്‌ കാട്ടിലും മഞ്ഞിലുമൊക്കെയായി മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്‌. കുടിയും വലിയും ചൂതാട്ടവുമായി നശിച്ചു പൊയ്ക്കോളും എന്നാശ്വസിച്ച്‌ കുറച്ച്‌ ചില്ലറയൊക്കെ സംവരണമായി കൊടുക്കുന്നുമുണ്ട്‌.

കാനഡക്കാര്‍ ഇപ്പോഴും ഇംഗ്ലണ്ടിന്റെ രാജ്ഞിയെ വണങ്ങുകയും രാജകുമാരന്മാരുടെ കേളികള്‍ വിസ്തരിച്ചെഴുതി പത്രങ്ങള്‍ നിറയ്ക്കുകയും ചെയ്യുന്നു. ഊഴം എത്തിച്ചാല്‍ സൗജന്യ ചികില്‍സയും പകരം എടുത്താല്‍ പൊങ്ങാത്ത നികുതിയുമുള്ള ഈ രാജ്യം ലോകത്തില്‍ വച്ച്‌ ജീവിക്കാന്‍ നല്ല രാജ്യങ്ങളിലൊന്നായി പലതവണ പുകഴ്‌ത്തപ്പെട്ടിട്ടുള്ളതാണ്‌. എന്നാലും അമേരിക്കയെന്ന മുതലച്ചേട്ടന്റെ തണലില്‍ നില്‍ക്കാനാണ്‌ കാനഡക്കിഷ്ടം,.

പക്ഷെ കാണാനത്ര സുന്ദരനല്ലെങ്കിലും ഉറച്ച നട്ടെല്ലുള്ള ഒരു പ്രധാനമന്ത്രിയുണ്ടയിരുന്നു കാനഡക്ക്‌- ഷോണ്‍ ഗ്രച്ചിയാന്‍ (ഴാന്‍ അല്ല തീര്‍ച്ചയായിട്ടും). ഏതെങ്കിലും ഒരു രാജ്യത്തില്‍ കയറിച്ചെന്ന്(അവിടുത്തെ എണ്ണ നിക്ഷേപം എത്രയധികമാണെങ്കിലും) കൊലയും അക്രമവുമായി അവിടുത്തെ ഭരണാധികാരിയെ നീക്കം ചെയ്യുന്നതിനോട്‌ യോജിക്കില്ലെന്ന് അന്താരാഷ്ട്ര ദാദയോട്‌ പറയാന്‍ ധൈര്യം കാണിച്ച ഭരണാധികാരി. അതിനുപകരമായി ബുഷ്‌ 'ഞങ്ങളുടെ അടുത്ത സുഹൃത്‌ രാജ്യമായ മെക്സിക്കോ ' എന്നൊക്കെ പരസ്യപ്രസ്താവന നടത്തി. കൂട്ടുവെട്ടി എന്ന് സ്കൂള്‍ കുട്ടിയെപ്പോലെ ചിണുങ്ങുകയും ചെയ്തു.

അതൊക്കെ പഴങ്കഥ. അദ്ദേഹത്തിന്റെ കാലം കഴിഞ്ഞതോടെ ബോഡിബാഗുകള്‍ കാനഡയിലേക്കും വരാന്‍ തുടങ്ങി. ഏതോ ബോര്‍ഡിംഗ്‌ സ്കൂളില്‍ നിന്നു വന്ന കുട്ടിയെപ്പോളെ വടിവൊത്ത സൂട്ടില്‍ സുന്ദരനായ സ്റ്റീഫന്‍ ഹാര്‍പ്പര്‍ എന്ന പ്രധാനമന്ത്രി അന്തരീക്ഷത്തിലേക്ക്‌ നോക്കിയിരുന്നു. അതു മലിനപ്പെടാതെ കാക്കാന്‍. കാനഡയില്‍ വധശിക്ഷയില്ല. പിന്നെ ഇറാഖിലെ ഒരു 'പഴയ' ഭരണാധികാരിയെ തൂക്കാന്‍ വിധിച്ചാല്‍ (വിധിച്ചതാരായാലെന്ത്‌) അത്‌ നമ്മുടെ പ്രശ്നമല്ല. നോക്കൂ... അന്തരീക്ഷത്തിലേക്ക്‌ നോക്കൂ....

ഒസാമയെ പിടിച്ചേ അടങ്ങൂ എന്ന് ആണയിട്ട ബുഷ്‌ സദ്ദാമിന്റെ തലയില്‍ പേന്‍ തിരയുന്ന പട്ടാളക്കാരനെ ടി.വി.യില്‍ കാണിച്ചു തന്ന് ലോകത്തെ ആശ്വസിപ്പിക്കുന്നു.

'ദേ നോക്ക്യേ, ഇതാരാണെന്ന്!'

കൊറിയ ഒരേമ്പക്കം വിട്ടതൊഴിച്ചാല്‍ തകര്‍പ്പന്‍ ശകാരവും കീഴ്‌പ്പെടുത്താനാവാത്ത കൈക്കരുത്തുമായി ഒരു മമ്മൂട്ടിയോ മോഹന്‍ലാലോ സുരേഷ്‌ ഗോപിയോ കളത്തിലേക്കിറങ്ങുന്നുമില്ല.
 


ഒന്നാം ലോകയുദ്ധവിരാമം 1918ലെ പതിനൊന്നാം മാസം പതിനൊന്നാം ദിവസം പതിനൊന്ന് മണിക്കായിരുന്നു. യുദ്ധങ്ങളില്‍ മരിച്ചവരുടെ ഓര്‍മ്മക്കായി നവംബര്‍ പതിനൊന്നാം തീയതി പതിനൊന്‍ മണിക്ക്‌ രണ്ടു മിനിട്ട്‌ കാനഡയില്‍ നിശബ്ദത ആചരിക്കും. റിമംബറന്‍സ്‌ ഡേ എന്നറിയപ്പെടുന്ന ഈ ദിവസത്തില്‍ ലോകയുദ്ധങ്ങളില്‍ പങ്കെടുത്തവരെ സര്‍ക്കാര്‍ ആദരിക്കാറുമുണ്ട്‌. ഒന്റോറിയോയില്‍ നിന്നുമുള്ള ജോണ്‍ അലക്സാണ്ടര്‍ മക്‍ക്രേ എന്ന ഭിഷഗ്വരന്‍ സൈന്യത്തിലായിരുന്നു. യുദ്ധത്തില്‍ മരിച്ചവരുടെ നിരനിരയായുള്ള ശവകുടീരങ്ങള്‍ക്കിടയില്‍ നിന്ന ചുവന്ന പോപ്പി പൂവുകളെ കണ്ട്‌ ഹൃദയഭാരത്തോടെ അദ്ദേഹമെഴുതിയ കവിതയാണ്‌ 'ഇന്‍ ഫ്ലാന്‍ഡേഴ്‌സ്‌ ഫീല്‍ഡ്‌സ്‌'. 1915ല്‍ പ്രസിദ്ധപ്പെടുത്തിയ ഈ കവിത ഒന്നാം ലോകമഹായുദ്ധ കവിതകളില്‍ പ്രസിദ്ധമാണ്‌.

പിന്നീട്‌ ചുവന്ന പോപ്പി പുഷ്പം മരിച്ച ഭടന്മാരുടെ ഓര്‍മ്മയുടെ പ്രതീകമായി മാറി. നവംബര്‍ എത്തുന്നതോടെ കാനഡയിലെങ്ങും മൊട്ടുസൂചി ചേര്‍ത്ത കൃത്രിമ പൂവുകള്‍ ഇഷ്ടമുള്ള പണം സംഭാവനയായി കൊടുത്ത്‌ വാങ്ങാന്‍ കിട്ടും. പലരും ആദരവോടെ ഇത്‌ വസ്ത്രങ്ങളില്‍ കുത്തിയിരിക്കും.

ഇതിനോടൊപ്പം തന്നെ അത്രയും പ്രശസ്തമല്ലാത്ത വെളുത്ത പോപ്പികളും ഇറങ്ങിയിട്ടുണ്ട്‌. യുദ്ധം വിധവകളാക്കിയവര്‍ ചേര്‍ന്നു രൂപം കൊടുത്ത ഈ പൂവിന്റെ നടുക്ക്‌ peace എന്നെഴുതിയിട്ടുണ്ട്‌. യുദ്ധത്തിനുപകരം സമാധാനപരമായ മറ്റൊരു മാര്‍ഗം കണ്ടെത്താനാണ്‌ വെളുത്ത പൂവുകള്‍ ആഹ്വാനം ചെയ്യുന്നത്‌. സാധരണ വര്‍ഷങ്ങളില്‍ അധികമാരും ശ്രദ്ധിക്കാതെ പോകുന്ന ഈ സമാധാനത്തിന്റെ പൂവുകള്‍ ഈ വര്‍ഷം കാനഡയിലെ ആല്‍ബര്‍ട്ടയില്‍ വിറ്റു തീര്‍ന്നു പോയിരിക്കുന്നു. ഈ രാജ്യത്തെ ജനങ്ങള്‍ക്ക്‌ സമാധാനത്തില്‍ വിശ്വാസമുള്ളത്‌ ആഹ്ലാദവും ആശ്വാസവും നല്‍കുന്നു. പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പര്‍ 'ഇന്‍ ഫ്ലാന്‍ഡേഴ്‌സ്‌ ഫീല്‍ഡ്‌' എന്ന കവിത ഓര്‍മ്മിപ്പിച്ചുകൊണ്ടു തന്നെയാണ്‌ അഫ്ഗാനിസ്ഥാനിലേക്ക്‌ പറഞ്ഞയച്ചിരിക്കുന്ന ഭടന്മാരെ ഊറ്റംകൊള്ളിക്കാന്‍ അവസാനമായി ശ്രമിച്ചത്‌.
 


സമാപ്തി: കഴിഞ്ഞയാഴ്ചയും ബുഷിനെ കുറേ ചീത്ത(യോജിച്ച?) വാക്കുകള്‍ കൊണ്ട്‌ വിശേഷിപ്പിച്ച നാന്‍സി പെലോസി സ്പീക്കറാകാന്‍ പോവുന്നു. അമേരിക്കയുടെ ആദ്യത്തെ വനിത സ്പീക്കര്‍. സാവധാനത്തിലാണെങ്കിലും അമേരിക്ക മറ്റു രാജ്യങ്ങള്‍ക്കൊപ്പം പുരോഗമിക്കുന്നത്‌ സ്വാഗതാര്‍ഹം തന്നെ. എന്നാലും പതിവുപോലെ നാന്‍സിയുടെ പൂര്‍വകാലവും കുടുംബചരിത്രവും മുഴുവന്‍ തിരഞ്ഞ്‌ എതെങ്കിലുമൊക്കെ ചാണകപ്പുഴുക്കളെ തോണ്ടിയെടുത്ത്‌ ചെളിയും നാറ്റവും തെറിപ്പിച്ച്‌ അപവാദങ്ങള്‍ ഉടനെ പരക്കപ്പെടാം . ഈ ചീനിമുളകിനെ ഉടച്ചുചമ്മന്തിയാക്കി തൊട്ടു കൂട്ടിയാലല്ലേ പലര്‍ക്കും സമാധാനം കിട്ടൂ.
 

comments