കവിത

ഐഷ അര്‍നൗത്‌ (സിറിയ)
 

 




1

അയാള്‍ ഉടുപ്പ്‌ ധരിച്ചു
കുടയെടുത്തു
ഒരക്ഷരം ഉരിയാടിയില്ല
ഞാനും

അയാള്‍ പൊയ്ക്കഴിഞ്ഞ ശേഷം
കണ്ണാടിക്കു മുന്നില്‍ നിന്ന്
ഏതെങ്കിലും വാക്ക്‌
കുടുങ്ങിക്കിടപ്പുണ്ടോ എന്നറിയാന്‍
ഞാന്‍ നാവ്‌ അറുത്തു നോക്കി
ഞരമ്പും പേശികളുമല്ലാതെ
ഒന്നും കണ്ടില്ല

നാവ്‌ തുന്നിച്ചേര്‍ത്ത് ‌ഞാന്‍
പൊട്ടിച്ചിരിച്ചു
-ചിരി ഒരു വാക്കല്ല-
പിന്നെ കണ്ണാടി ഉടച്ചു

അന്നു മുതല്‍
നിരര്‍ത്ഥകമായി
കണ്ണാടികള്‍ ഉടക്കുന്നു.
ഒന്നും പ്രതിഫലിപ്പിക്കാത്തതിനെ തിരഞ്ഞ്‌
എന്നെ തകര്‍ക്കുന്ന
ഒരു കണ്ണാടി തിരഞ്ഞ്‌..


2

ഇതെന്നെ കുഴയ്ക്കുന്നു
വെള്ളത്തിന്‌ നിറമില്ലാത്തത്‌
വായുവിന്‌ രുചി ഇല്ലാത്തത്‌
കന്യാചര്‍മ്മത്തില്‍
കണ്ണീരില്ലാത്തത്‌

മുള്ളുകളുടെ മൃദുലത
അവയുടെ ശാശ്വതമായ പുതുക്കല്‍
എന്നെ മുറിപ്പെടുത്തുന്നു
എന്റെ രക്തത്തില്‍
വംശനാശം വന്ന
ദുര്‍ദ്ദേവതകള്‍ ചിനക്കുന്നു
വിജനതീരങ്ങളിലെ
മരങ്ങള്‍ക്കടിയില്‍ മരിച്ച
പിശാചുക്കളുടെ നിലവിളി

കടന്നുപോകുന്ന
ഒരപരിചിതന്റെ പാദങ്ങളില്‍
ഞാനെന്റെ പരുക്കന്‍ കൈപ്പത്തി വെച്ച്‌
കാലം ഭേദിച്ച്‌
കാറ്റിനൊപ്പം വരുന്ന
എന്റെ കുട്ടികളെ
അനുഗ്രഹിക്കുന്നു.

3

ഞാന്‍ അവാച്യമായതിനെ തിരഞ്ഞു
നിന്റെ സാന്നിദ്ധ്യത്തില്‍ കണ്ടെത്തി
എന്നാലതിനൊരു വിളിപ്പേര്‌ കിട്ടിയില്ല

അവയുടെ പേരു കണ്ടെത്താനായി
നീ ഒപ്പമില്ലെന്നു ഭാവിച്ചു

കാറ്റിന്റെ പേര്‌ കാറ്റ്‌
പ്രണയത്തിന്റെ പേര്‌ പ്രണയം
എന്റെ പേര്‌ ഞാന്‍ തന്നെ
ഈ വികാരം ചപലമായിരുന്നില്ല
പക്ഷെ...
 

ഒരു രാത്രി
ഞാനവനെ മദ്യപിപ്പിച്ചു
കീശ പരതി
ഒരു തുണ്ട്‌ കടലാസു കിട്ടി
വായിക്കാനായി വിളക്ക്‌ തെളിച്ചപ്പോള്‍
അത്‌ കത്തിപ്പോയി.

comments