തീര്‍ച്ചയായും ഒരിക്കല്‍ ലോട്ടറി അടിക്കുമെന്നും അതോടെ
ജീവിതദുരിതങ്ങള്‍ മുഴുവന്‍ മാറിക്കിട്ടുമെന്നും ആത്മാര്‍ത്ഥമായി
വിശ്വസിക്കുന്നവരുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്ന ഒരിടമാണ് കേരളം.
ദൈവത്തിലെന്നപോലെ ഭാഗ്യക്കുറികളിലുള്ള പൊതുസമൂഹത്തിന്റെ വിശ്വാസം കേരളീയരെ
ബാധിച്ച നൈരാശ്യങ്ങളുടെ ആഴങ്ങളിലേക്കുള്ള ചൂണ്ടുപലകയാണ്. പ്രതീക്ഷകള്‍
കെടുമ്പോഴും പ്രത്യാശകളുടെ വഴികള്‍ അടയുമ്പോഴും അല്‍ഭുതങ്ങള്‍
സംഭവിച്ചേക്കാം എന്ന് ജീവിതത്തെ വിശ്വസിപ്പിക്കാന്‍ നാം
ശ്രമിച്ചുകൊണ്ടിരിക്കുന്നു.
സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, ഇതെല്ലാം ലോകത്തെ ഉണര്‍ത്തിയ
ഇടതുപക്ഷമുന്നേറ്റങ്ങളുടെ അടിസ്ഥാന വാക്യങ്ങളായിരുന്നു. എന്നാല്‍ ഒറ്റദിവസം
കൊണ്ട് ലക്ഷാധിപതികളും കോടിപതികളുമാകാനുള്ള മോഹം ജ്വരം പോലെ പടരുന്നത്
വലതുപക്ഷമൂല്യങ്ങളുടെ വ്യാപനത്തിന്റെ സൂചകമാണ്. അദ്ധ്വാനിക്കുന്ന
ജനവിഭാഗങ്ങള്‍ക്ക് ചൂഷണത്തില്‍ നിന്ന് മോചനവും അദ്ധ്വാനത്തിന് അര്‍ഹമായ
വേതനവും നല്ല ജീവിതസാഹചര്യങ്ങളും അധികാരത്തില്‍ നിയന്ത്രണവും
ഉണ്ടാവേണ്ടതിനെക്കുറിച്ച് മാര്‍ക്സിസം സംസാരിക്കുമ്പോള്‍ - ലോട്ടറി
അദ്ധ്വാനത്തെ തന്നെ റദ്ദ് ചെയ്യുന്നു.പ്രയത്നത്തിന് പങ്കില്ലാത്ത ധനം
വെച്ചു നീട്ടുകയും അത് മോഹിക്കാന്‍ പഠിപ്പിക്കുകയും ജനത്തെ അതിന്റെ
വിശ്വാസികളാക്കുകയും ചെയ്യുന്നു. അദ്ധ്വാനം അപ്രധാനമാകുന്നതോടെ അതിനെ
പ്രതിനിധാനം ചെയ്യുന്ന വര്‍ഗ്ഗവും അതിന്റെ രാഷ്ട്രീയവും ഇല്ലാതാവുന്ന
ഒരാശയതലം സംജാതമാകുന്നു.മാര്‍ക്സിയന്‍ നോട്ടത്തില്‍ ഭാഗ്യക്കുറി ഏറ്റവും
നിര്‍ഭാഗ്യകരമായ ഒന്നാണ്.
പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളില്‍ കൊളോണിയലിസം അതിന്റെ വ്യാപനത്തിനു
വേണ്ട മൂലധനസമാഹരണത്തിനായി പ്രയോഗിച്ച ഉപായങ്ങളില്‍ ഒന്നാണ് സ്റ്റേറ്റ്
ലോട്ടറി. രണ്ടാം ലോകയുദ്ധാനന്തരം സൈന്യത്തിനുവേണ്ട പണം കണ്ടെത്താന്‍,
ചിലപ്പോള്‍ സര്‍വകലാശാലകള്‍ക്കു വേണ്ടിയും അമേരിക്ക പ്രത്യേക ലോട്ടറികള്‍
നടത്തിയിട്ടുണ്ട്. ലോകത്ത് പലരാജ്യങ്ങളും സമാനമായ
സംരംഭങ്ങളിലേര്‍പ്പെട്ടു. എന്നാല്‍ ചൂതാട്ടം ഭരണകൂടം ഏറ്റെടുക്കുമ്പോള്‍
അതിന്റെ അധാര്‍മ്മികത ഇല്ലാതാവുന്നില്ല. ഉത്തരാധുനിക മുതലാളിത്തമാണ്
അധാര്‍മ്മികമായി ഒന്നുമില്ലെന്ന്, ധാര്‍മ്മികതയെ കുറിച്ചുള്ള ആകുലതകള്‍
വേണ്ടെന്ന് ലോകത്തോടു പറഞ്ഞത്. അതിന്റെ പുതിയ അങ്ങാടികള്‍ സകലരേയും
നറുക്കെടുപ്പുകളില്‍ ചേര്‍ത്തു. അവകാശവും ആത്മബോധവും മാഞ്ഞ്
ഇച്ഛാശക്തിക്കു പകരം ഭാഗ്യം എന്ന വാക്ക് ഉച്ചരിക്കപ്പെട്ടു.
കേരളത്തില്‍ സര്‍ക്കാര്‍ ലോട്ടറി എന്നാല്‍ ദരിദ്രരുടെ മേല്‍ ചുമത്തുന്ന
അധിക നികുതിയാണ്. കഞ്ഞിക്കു വകയില്ലാത്തവരില്‍ നിന്ന് പിരിക്കുന്ന കപ്പം.
മറുനാടന്‍ 'കുയിലും','സിംഗവും',കാണ്ടാമൃഗവുമൊക്കെ ചേര്‍ന്ന് പകല്‍ക്കൊള്ള
നടത്തുമ്പോള്‍ മാധ്യമങ്ങള്‍ പരസ്യപ്പങ്ക് വാങ്ങി വാ പൊത്തുകയും
ടെലിചൂതാട്ടങ്ങളുടെ പുതിയ കെണി ഒരുക്കുകയും ചെയ്യുന്നു. 'ലിസ്'
നോട്ടിരട്ടിപ്പില്‍ കേരളത്തിലെ മുഴുവന്‍ മാധ്യമങ്ങളും പ്രതിസ്ഥാനത്താണ്.
എന്നാല്‍ 'ലിസി'നെ പരസ്യപ്പെടുത്തിയവരെ വിചാരണ ചെയ്യാനുള്ള നിയമം ഇനിയും
നിര്‍മ്മിക്കപ്പെട്ടിട്ടില്ല. ചീട്ടു കളിച്ചവര്‍ക്കു പിന്നാലെ പൊലീസോടുന്ന,
ഓടിയവര്‍ പൊട്ടക്കിണറ്റിലും പുഴയിലും വീണു മരിക്കുന്ന ദേശത്താണ് ഇതെന്ന്
ഓര്‍ക്കേണ്ടതുണ്ട്.
ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്‍ കേരളത്തില്‍ ധനകാര്യമന്ത്രിയാവുന്നത്
അഭിമാനിക്കാവുന്ന ഒന്നാണ്. എന്നാല്‍ 2001ല്‍ എ.കെ.ആന്റണി ചെയ്ത പോലെ
ചുമതലയേറ്റ നാളുകളില്‍ ഡോ.തോമസ് ഐസക് കാലിയായ ഖജനാവിനെക്കുറിച്ചുമാത്രമേ
സംസാരിച്ചുള്ളൂ. ജനം പുതിയൊരു സര്‍ക്കാരിനെ തിരഞ്ഞെടുക്കുമ്പോള്‍, ഏതു
പ്രതികൂലസാഹചര്യത്തിലും അവര്‍ക്ക് പ്രത്യാശ നല്‍കാനുള്ള രാഷ്ട്രീയ
ഉത്തരവാദിത്വം ഉണ്ടെന്നത് അദ്ദേഹം വിസ്മരിച്ചു. വരവും ചെലവും സമമായ
ബജറ്റ് അവതരിപ്പിക്കാനും അതനുസരിച്ച് കാര്യങ്ങള്‍ നടത്താനും പെരുന്നയിലെ
നാരായണപ്പണിക്കര്‍ മതി. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി
സങ്കീര്‍ണ്ണമായതുകൊണ്ടാണ് തോമസ് ഐസക്കിനെപ്പോലുള്ളവരില്‍ കാലം ആ ദൗത്യം
ഏല്‍പിക്കുന്നത്.
എന്നാല്‍ ധനകാര്യമന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം
പൂരപ്പറമ്പിലെ അമ്മാള് കളിയെ ഓര്‍മ്മിപ്പിക്കുന്നതാണ്. 'ചുരണ്ടി'
സമ്പന്നരാകാന്‍ ശ്രമിക്കുന്ന മലയാളിക്ക് അവരുടെ ചിരപുരാതന 'ആനമയിലൊട്ടകം'
മനസ്സിന് പറ്റിയ ഒരു മന്ത്രി! നികുതിവരുമാനം കൂട്ടാന്‍ അദ്ദേഹം
ലക്കിവാറ്റ് കൊണ്ടുവന്നു. ഇപ്പോള്‍ സ്‌പോര്‍ട്‌സിന്റെ വികസനത്തിന്
സ്‌പോര്‍ട്‌സ് ലോട്ടറിയും. വിഭാവന ചെയ്യുന്ന പുതിയ കായികസംസ്കാരം
മേലനങ്ങാത്ത ലോട്ടറി സംസ്കാരത്തില്‍ നിന്ന് വേറിട്ടതാകുമെന്ന്
പ്രത്യാശിക്കാം. വിശേഷിച്ചും വാതുവെപ്പിന്റെ കളികളുടെ കാലത്ത്.
കേരളത്തില്‍ വികസനത്തിന് വിഭവസമാഹരണം നടത്തേണ്ട വഴി തീര്‍ച്ചയായും ഇതല്ല.
ഇത് ആന്റിമാര്‍ക്സിസ്റ്റുകളുടെ പാതയാണ്. മുതലാളിത്തത്തിന്റെയും.
സമൂഹത്തില്‍ സമത്വം കൊണ്ടു വരാന്‍ ഏറെ ക്ലേശിക്കണം. എന്നാല്‍
കൂട്ടത്തിലൊരാളെ കോടീശ്വരനാക്കാന്‍ എളുപ്പമാണ്.ഭരണകൂടവും അതിന്റെ
ചുമതലക്കാരും ഈ എളുപ്പവഴി തേടുന്നത് കേരളീയസമൂഹത്തിനും
പുരോഗമനപ്രസ്ഥാനങ്ങള്‍ക്കും നല്ലതല്ല. പ്ലാനിംഗ് ബോര്‍ഡ് മെമ്പറായിരുന്ന
തോമസ് ഐസകിനോളം ധനകാര്യമന്ത്രി തോമസ് ഐസകിന് കാര്യപ്രാപ്തി ഇല്ലാതെ
വരുന്നതില്‍ ഒരു പന്തികേടുണ്ട്.
comments