കവിത

എന്‍.ജി.ഉണ്ണിക്കൃഷ്‌ണന്‍

ആസന്ന സിവില്‍മരണചിന്തകള്‍
 

 

 



നിലകൊള്ളുമീ വെള്ളച്ചുമര്‌
താങ്കളനങ്ങാതിരിക്കുകില്‍
സുഖശീതളം ചുറ്റിത്തിരിയും
കാറ്റുപങ്ക
മരുവുമിക്കിളിയിട്ടു മൃദുലം
മൂടുതാങ്ങി
കറങ്ങിപ്പകുതി തിരിഞ്ഞു
ചുറുചുറുക്കോടെ കൈയെറിഞ്ഞു
വിശാലകോണില്‍ താങ്കള്‍
മുഖമുയര്‍ത്തുന്നേരം
കവിളുകളിളം പച്ച,
സ്വര്‍ണ്ണവട്ടക്കണ്ണട,
നല്ലരസം പുതുക്കുപ്പായത്തിന്‍
ചെറുനാരങ്ങ മഞ്ഞ,
ചതുരക്കളങ്ങളും.

പുതുവര്‍ഷപ്പിറവിയില്‍
കാറുവാങ്ങിയ നാളില്‍
ഭാര്യതന്‍ ഗര്‍ഭാശയം
നീക്കം ചെയ്തപ്പോഴും
താങ്കള്‍ തന്‍
നീലരക്തത്തില്‍ നിന്നെന്നിലേക്കോ
മറിച്ചോ
പാര്‍ന്നൊഴുകയില്ലൊരുനാളും
ഇളം ചൂടും, സ്നേഹവും
എങ്കിലും കുലുക്കീലയോ നമ്മള്‍ കൈകള്‍,
കുഴപറിയും വരെ
അകാമിനിയും.
 


പുതിയ കുപ്പായമൊന്നു
വാങ്ങിയതല്ലയോ
മറ്റുള്ളവരെങ്കിലുമോര്‍ക്കട്ടെ
നമുക്കുതമ്മിലെന്തോ ഉണ്ടെന്ന്.
ആരും അറിയേണ്ടതില്ല തക്കം പാര്‍ത്ത്‌
താങ്കളെന്നെ വെയ്ക്കുന്നതും
ഞാന്‍ താങ്കളെ വെയ്ക്കുന്നതും
കോശങ്ങളോരോന്നിലും
നമുക്കതിസൂക്ഷ്‌മം പ്രശാന്തം
പെറ്റുപെരുകും
തലയാളരുടെ അവകാശമായ
പുഴുനുരയ്ക്കും
മരണവും.

ആ ചന്ദ്രതാരം നിലനില്‍ക്കുമേ
നാം ചിരിച്ചിരിക്കും ചിത്രം
സുസ്‌മേരവദനവുമായ്‌
കാന്തിപൂരം ചിന്നി
പ്രിയങ്കരം വെള്ളച്ചുമര്‌.
അനങ്ങരുത്‌.


 

comments