ഒരുമയില്ലാത്ത വിചിത്രര്‍ മൂന്നുപേര്‍
പലതരത്തിലും വിഭിന്നര്‍ ഉത്സവ-
പ്പറമ്പിലെ ചിത്രക്കളിച്ചതുരത്തില്‍
മടുത്തപ്പോള്‍ പുറത്തിറങ്ങി നില്‍പായി.

പഴങ്കാല സ്‌മൃതി കരിമ്പിന്‍ തണ്ടാടു-
മദൃശ്യമാം മലഞ്ചെരുവില്‍ തുമ്പിക്കൈ
തടഞ്ഞ്,നന്മണം തിരഞ്ഞ് കൊമ്പന്റെ
മുഴക്കമിങ്ങനെ: അറിയുമോയെന്നെ?
കൊടുങ്കാറ്റിന്‍ പുത്രന്‍,മരങ്ങളേക്കാളും
മുതിര്‍ച്ചയുള്ളവന്‍, ഇറങ്ങുമ്പോള്‍ പുഴ
കലങ്ങുമാറുള്ളോന്‍.
ചിരമാം ശൈശവമെനിക്കു ലക്ഷണം
മനസ്സൊരുന്മാദ നടന മണ്ഡപം.
നിലാവില്‍ തെങ്ങോല കണക്ക് ചാഞ്ഞപ്പോള്‍
മയില്‍ മണിച്ചതിന്‍ ചുരുക്കമിങ്ങനെ:
കിനാവ് തന്നെ ഞാന്‍, പകലിലും മായാ-
നിറങ്ങളാല്‍ രവിന്‍ രഹസ്യമാര്‍ന്നവള്‍.
ഇണക്കമാര്‍ന്നൊരു നിറന്ന പെണ്മ ഞാന്‍
നിതാന്ത യൗവനമെനിക്കു ലക്ഷണം.
കളങ്ങളില്‍ ഭാഗ്യം വിതറും ചിഹ്നമാ-
ണഹംകൃതിയെന്നാമസൂയ പേശുന്നു?
പതുക്കനെ കഴുത്തുയര്‍ത്തിയൊട്ടകം
മൊഴിഞ്ഞു, കൂട്ടരേ വെറും ചിഹ്നങ്ങള്‍ നാം.
അറിയുകെന്നെയുമെഴുന്നു നില്‍പിന്റെ
വിരൂപഗോപുരം, തളഞ്ഞ വാര്‍ധകം.
മരുക്കടലോളം പഴക്കമുള്ളൊരു
തനിച്ചിരിപ്പിന്റെ മടുപ്പു ഞാന്‍, നിത്യ-
വിരഹത്തീകത്തും നരകത്തില്‍ പച്ച-
ത്തലപ്പിനായ് ശിരസ്സുയര്‍ത്ത വ്യാമോഹം.
അകങ്ങളൊട്ടേറെ, അതിനാലൊട്ടകം.
നടപ്പുകാലത്തിന്നടയാളങ്ങളീ
നരര്‍ക്ക് നാ, മതില്‍ക്കവിഞ്ഞൊരര്‍ത്ഥമോ!
comments