കവിത

വിഷ്ണു പ്രസാദ്

ആള്‍മാറാട്ടം
 

 


എന്നും പച്ച നിറത്തില്‍,
നീളത്തില്‍
ജനിച്ചു മടുത്തിട്ട് ഒരു
വെണ്ടക്ക
ചുവന്ന നിറത്തില്‍
ഉരുണ്ടിട്ട് ജനിച്ചു.
വെണ്ടക്കയെ നോക്കി ആളുകള്‍
വിളിച്ചു:'തക്കാളീ'
എന്നും ചുവന്ന നിറത്തില്‍
ഉരുണ്ട്
ജനിച്ചുമടുത്തിട്ട് ഒരു
തക്കാളി
നീളത്തില്‍
പച്ചനിറത്തില്‍ ജനിച്ചു.
തക്കാളിയെ നോക്കി ആളുകള്‍
വിളിച്ചു:'വെണ്ടക്കേ...'
എന്നാല്‍ ഒരു വെണ്ടക്ക
ഒരിക്കലും 'തക്കാളീ'എന്നും
തക്കാളി 'വെണ്ടക്കേ' എന്നും
വിളിക്കപ്പെടാന്‍
ഇഷ്ടപ്പെടാഞ്ഞതുകൊണ്ട്
ആള്‍മാറാട്ടം മതിയാക്കി
പതിവു രൂപത്തില്‍
പതിവു നിറത്തില്‍
അവതരിച്ചു തുടങ്ങി.

ഗ്രാമത്തില്‍ നിന്ന് വന്ന
കവിത
 
ഗ്രാമത്തില്‍ നിന്ന് വന്ന
കവിത
നാണിച്ച് നാണിച്ച്
പത്രാധിപരുടെ
മുന്നിലെത്തി
അതിന്
കോസ്മെറ്റിക്കുകളുടെ
റെക്കമെന്‍ഡേഷന്‍
ഉണ്ടായിരുന്നില്ല.
തിരുമ്മാനോ വീശാനോ
അതിന് വശമില്ല.
അത് കയര്‍ക്കുകയോ
കോര്‍ക്കുകയോ ചെയ്തില്ല.
എന്തിന്,
താനിവിടെയുണ്ടെന്ന്
അറിയിക്കാന്‍,
ഒന്നു ചുമയ്ക്കാനോ
മുരടനക്കാനോ
അതിനായില്ല.
പത്രാധിപര്‍ അതിനൊരു പുതിയ
ഉടുപ്പ്
തുന്നിയിട്ട്
തിരിച്ചയച്ചു.
ഗ്രാമത്തില്‍
തിരിച്ചെത്തിയ കവിത
സ്കൂള്‍ വിട്ട ഒരു
കുസൃതിക്കുട്ടിയെപ്പോലെ
കൂക്കി വിളിച്ചുകൊണ്ട്
ഓടിച്ചെന്ന് അതിന്റെ കവിയെ
വട്ടം പിടിച്ചു.
അവഗണനയുടെ ഉടുപ്പ്
അത് ഊരിക്കളഞ്ഞിരുന്നു.
 

comments