എതിര്‍വഴികള്‍

നാടു നീങ്ങുന്ന ഭാഷ

ഐസക്‌ ബാഷെവിസ്‌ സിംഗര്‍ - ഹാരോള്‍ഡ്‌ ഫ്‌ളെന്‍ഡര്‍

വിവര്‍ത്തനം: കെ.വി മണികണ്ഠന്‍

 


മൌലികത വാക്കുകളും വാചകങ്ങളുമല്ല ജീവിതത്തിന്റെ ആകെത്തുകയാണ്‌. കുട്ടിക്കാലത്ത്‌ എന്നെ നുയനെന്നു വിളിച്ചു, മുതിര്‍ന്നപ്പോള്‍ എഴുത്തുകാരനെന്നും
- ഐസക്‌ ബാഷെവിസ്‌ സിംഗര്‍.

 

 

 

രണ്ടാം ലോകയുദ്ധാനന്തരം മരണം ഉറപ്പായ യിദ്ദിഷ്‌ ഭാഷയില്‍ ആഖ്യാനം നിര്‍വഹിച്ചുകൊണ്ട്‌ ഇരുപതാം നൂറ്റാണ്ടിന്റെ വിളക്കുമരങ്ങളില്‍ ഒന്നായി മാറിയ എഴുത്തുകാരനാണ്‌ ഐസക്‌ ബാഷെവിസ്‌ സിംഗര്‍. ആധുനികതയുടെ ആശയലോകത്തെ നിരാകരിച്ചുകൊണ്ട്‌ ദൈവത്തിലും ദേശത്തിലും സ്വന്തം സ്വത്വത്തിലും വിശ്വാസം നഷ്ടപ്പെട്ട തലമുറകളുടെ സംഘര്‍ഷങ്ങളെ എഴുതി. ജീവിതം ദൈവം എഴുതുന്ന നോവലാണെന്ന പ്രസ്താവത്തില്‍ ലോകത്തിലേക്ക്‌ വ്യാപിച്ച സിംഗറുടെ കഥനകലയുടെ ആത്മീയസൗരഭ്യമുണ്ട്‌. 1904 ജൂലായ്‌ 24ന്‌ പോളണ്ടില്‍ ജനിച്ച്‌ അമേരിക്കയില്‍ കുടിയേറിയ അദ്ദേഹം കുടിയേറ്റക്കാര്‍ക്കായുള്ള Jewish Daily Forwardല്‍ പത്രപ്രവര്‍ത്തകനായി. കഥാകൃത്ത്‌, നോവലിസ്റ്റ്‌ എന്നീ നിലകളില്‍ ലോകശ്രദ്ധ നേടുകയും 1978ല്‍ നോബല്‍ സമ്മാനത്തിന്‌ അര്‍ഹനാവുകയും ചെയ്‌തു. 1991ല്‍ അന്തരിച്ചു.

? ഒരു ജൂത എഴുത്തുകാരനെയും എഴുത്തുകാരനായ ജൂതനെയും താങ്കള്‍ എങ്ങനെ നിര്‍വചിക്കുന്നു?

= എന്നെ സംബന്ധിച്ചിടത്തോളം ഇവിടെ യിദ്ദിഷ്‌, ഹിബ്രു, ഇംഗ്ലിഷ്‌, സ്പാനിഷ്‌ എഴുത്തുകാരേ ഉള്ളൂ. ഈ ജൂത എഴുത്തുകാരന്‍, കത്തോലിക്കാ എഴുത്തുകാരന്‍ എന്നിങ്ങനെയുള്ള സങ്കല്‍പം തന്നെ എന്റെ നോട്ടത്തില്‍ കൃത്രിമത്വം നിറഞ്ഞ ഒന്നാണ്‌. പക്ഷെ താങ്കള്‍ ജൂത എഴുത്തുകാരന്‍ എന്ന ഒരു വര്‍ഗം ഉണ്ടെന്ന് സമ്മതിപ്പിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ഞാസ്ന്‍ പറയാം ആ ജൂത എഴുത്തുകരന്‍ അടിമുടി ജൂത സംസ്കാരത്തില്‍ മുങ്ങിക്കുളിച്ചവനായിരിക്കണം. വ്യക്തമാക്കാം, അയാള്‍ ഹിബ്രു, യിദ്ദിഷ്‌, ടാല്‍മഡ്‌, ഹാസ്സിഡിക്‌ സാഹിത്യം, കബ്ബാല.... അങ്ങനെയങ്ങനെ എല്ലാത്തിലും വിവരമുള്ളവനാകണം. കൂടാതെ, അയാള്‍ ജൂത സംസ്കാരത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും എഴുതുന്നവനായിരിക്കണം. എങ്കില്‍ നമുക്കയാളെ ജൂത എഴുത്തുകാരന്‍ എന്ന് വിശേഷിപ്പിക്കാം. എന്നാല്‍ എഴുത്തുകാരനായ ജൂതന്‍ ഇംഗ്ലീഷിലാണ്‌ എഴുതുന്നതെങ്കില്‍ അയാള്‍ ഇംഗ്ലിഷ്‌ എഴുത്തുകാരനാണ്‌. സ്പാനിഷിലാണെങ്കില്‍ സ്പാനിഷ്‌ എഴുത്തുകാരന്‍. ഫ്രഞ്ചിലാണെങ്കില്‍ അങ്ങനെ....

? എനിക്കു തോന്നുന്നു പിതാവിനെ അങ്ങ്‌ ജൂത സാഹിത്യകാരന്‍ എന്ന് വിശേഷിപ്പിക്കുമെന്ന്. അദ്ദേഹം മതപരമായ വഴിത്താരയില്‍ എത്തുന്ന ആളായതുകൊണ്ട്‌.

= ശരിയാണ്‌, എന്റെ അച്ഛന്‍ ഒരു യഥാര്‍ത്ഥ ജൂത എഴുത്തുകാരനായിരുന്നു. അദ്ദേഹം ജൂതമതത്തെപ്പറ്റി മാത്രമേ എഴുതിയിട്ടുള്ളൂ.

? ഒരു എഴുത്തുകാരന്‍ ആവുക എന്ന താങ്കളുടെ തീരുമാനത്തില്‍ അച്ഛന്റെ സ്വാധീനമുണ്ടായിരുന്നോ?

= ഉവ്വ്‌, പക്ഷെ ഒരിക്കലും ഒരു മതേതര കാഴ്ചപ്പാടില്‍ എഴുതാന്‍ അദ്ദേഹം പ്രോല്‍സാഹിപ്പിച്ചിരുന്നില്ല.അച്ഛന്‍ എപ്പോഴും സാഹിത്യത്തെപ്പറ്റിയാണ്‌ സംസാരിക്കുക. മതപരമായ എഴുത്താണെങ്കിലും അവര്‍ക്കുമുണ്ടയിരുന്നു വിമര്‍ശനം. നല്ല എഴുത്ത്‌ ചീത്ത എഴുത്ത്‌ തുടങ്ങിയ കാര്യങ്ങള്‍. ജീവിതത്തില്‍ എപ്പോഴും ഈ കാര്യങ്ങള്‍ കേട്ടുകൊണ്ടാണ്‌ ഞാന്‍ വളര്‍ന്നത്‌.ആ നിലക്ക്‌ എഴുത്ത്‌ എന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ഒന്നാണെന്ന് പറയാം.

? ഒരു വിധം എല്ലാ എഴുത്തുകാര്‍ക്കും എഴുതിത്തുടങ്ങുമ്പോള്‍ ഒരു മാതൃകാ എഴുത്തുകാരന്‍ ഉണ്ടായിരിക്കും. താങ്കള്‍ക്ക്‌ അങ്ങനെ ആരെങ്കിലും...

= തീര്‍ച്ചയായും. എന്റെ ജേഷ്‌ഠന്‍. ഐ.ജെ.സിംഗര്‍, 'The Brothers Ashkenazi' ന്റെ കര്‍ത്താവ്‌. ആദ്യവര്‍ഷങ്ങളില്‍ എന്റെ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിനു മുമ്പ്‌ അദ്ദേഹം എനിക്ക്‌ എഴുത്തിനെപ്പറ്റിയുള്ള ഒരു പിടി നിയമങ്ങള്‍ ഉപദേശിച്ചു. ഇന്നും ഞാന്‍ വിലമതിക്കുന്ന ഉപദേശങ്ങള്‍. ഒരിക്കലും തെറ്റിക്കരുതാത്ത നിയമങ്ങള്‍ ഒന്നുമല്ല അതെങ്കിലും അവ ഓര്‍ക്കുവാന്‍ ഇപ്പോഴും രസമാണ്‌. ഒരു കാര്യമിതായിരുന്നു, യാഥാര്‍ത്ഥ്യങ്ങള്‍ ഒരിക്കലും പഴഞ്ചനാവില്ല. നേരെമറിച്ച്‌ വ്യാഖ്യാനങ്ങള്‍ എല്ലായ്പോഴും പഴഞ്ചനായിപ്പോകും. ഒരു എഴുത്തുകാരന്‍ കൂടുതല്‍ വിശദീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ കൂടുതല്‍ മനനം ചെയ്യാന്‍ മുതിരുമ്പോള്‍ അയാള്‍ അപ്പോള്‍ തന്നെ പഴഞ്ചനായിപ്പോകുന്നു.ഹോമര്‍ തന്റെ നായകന്മാരുടെ പ്രവൃത്തികള്‍ അന്നത്തെ ഗ്രീക്ക്‌ തത്വചിന്ത അടിസ്ഥാനമാക്കി, അല്ലെങ്കില്‍ അന്നത്തെ സൈക്കോളജി അടിസ്ഥാനമാക്കിയിരുന്നെങ്കില്‍ - അന്ന് അങ്ങിനെയൊന്ന് നിലവിലുണ്ടായിരുന്നില്ല- ഒരാള്‍ക്കും പിന്നീട്‌ ഹോമറെ വായിക്കാന്‍ കഴിയുമായിരുന്നില്ല.ഹോമര്‍ നമുക്ക്‌ തന്നത്‌ അന്നത്തെ ചിത്രങ്ങളും യാഥാര്‍ത്ഥ്യങ്ങളുമാണ്‌. അതുകൊണ്ടു തന്നെ ഇലിയഡും ഓഡിസ്സിയുമൊക്കെ ഇന്നും പുത്തനായി നില്‍ക്കുന്നു. എല്ലാ എഴുത്തുകാരെ സംബന്ധിച്ചും ഇതു സത്യമാണെന്ന് ഞാന്‍ കരുതുന്നു. മനശാസ്ത്രപരമായ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട്‌ ഒരു കഥാപാത്രത്തിന്റെ ചെയ്തികളെ ഒരു എഴുത്തുകാരന്‍ വിലയിരുത്താന്‍ മുതിരുമ്പോള്‍ തന്നെ അയാള്‍ക്ക്‌ ആ കൃതി നഷ്ടപ്പെടുന്നു. അവരെ അനുകരിക്കുന്നത്‌ നല്ലതിനാണെന്ന് എനിക്കു തോന്നുന്നില്ല.

? ഒരിക്കല്‍ താങ്കള്‍ എന്നോട്‌ പറഞ്ഞിട്ടുണ്ട്‌ അദ്യത്തെ ഫിക്ഷന്‍ വായിച്ചത്‌ ഷെര്‍ലക്‌ ഹോംസ്‌ അണെന്ന്.

= അത്‌ പത്തോ പതിനൊന്നോ വയസ്സുള്ളപ്പോഴാണ്‌. എന്നെ സംബന്ധിച്ചിടത്തോളം അത്‌ മഹത്തായ അല്‍ഭുതകരമായ ഒന്നായിരുന്നു. ഇന്നു വരെ ഒരു രണ്ടാം വായനക്ക്‌ ധൈര്യമുണ്ടായിട്ടില്ല. കാരണം അത്‌ എന്നെ അല്‍പമെങ്കിലും നിരാശപ്പെടുത്തിയാലോ എന്ന പേടി.

? ഷെര്‍ലക്‌ ഹോംസിന്റെ കര്‍ത്താവ്‌ കോനല്‍ ഡോയല്‍ ഏതെങ്കിലും വിധത്തില്‍ താങ്കളെ സ്വാധീനിച്ചിട്ടുണ്ടോ?

= അങ്ങനെയൊന്നുമില്ല. പക്ഷെ ഒന്നു പറയാതെ വയ്യ. കുട്ടിക്കാലം മുതലേ കഥയില്‍ അകാംക്ഷ ഇഷ്ടപ്പെട്ടിരുന്ന ഒരാളായിരുന്നു ഞാന്‍. കഥക്ക്‌ ഒരു തുടക്കവും ഒടുക്കവും ഉണ്ടായേ മതിയാവൂ. ഞാന്‍ ഇപ്പോഴും ഈ നിയമം പിന്തുടരുന്നു. വായന ആരംഭിക്കുമ്പോള്‍ തന്നെ അതിന്റെ അവസാനം ഇന്നവണ്ണം ആയിരിക്കും എന്ന് വായനക്കാരന്‌ മനസ്സിലാവുമെങ്കില്‍... എനിക്കെന്തോ അതിനോട്‌ യോജിക്കാനാവുന്നില്ല. എനിക്ക്‌ തോന്നുന്നത്‌ ഇക്കാലത്ത്‌ കഥപറച്ചില്‍ ഏകദേശം വിസ്‌മൃതകല (forgotten art) ആണെന്നാണ്‌.
 


? ജേഷ്‌ഠനെക്കൂടാതെ മറ്റേതെങ്കിലും എഴുത്തുകാര്‍ താങ്കളെ സ്വാധീനിച്ചിട്ടുണ്ടോ?

= ഏതാണ്ടെല്ലാ എഴുത്തുകാരുടെയും സ്വാധീനമുണ്ടെന്ന് എനിക്ക്‌ പറയേണ്ടി വരും. ഒരു പുസ്തകം വായിക്കുമ്പോള്‍ അതില്‍ നല്ലതെന്തെങ്കിലും കാണുമ്പോള്‍ എനിക്കതില്‍ താല്‍പര്യം ഉണ്ടാവുകയും ചിന്തകള്‍ അതിനെ ചുറ്റിപ്പറ്റിയാവുകയും ചെയ്യുന്നു. അവിടെ അതെന്നെ സ്വാധീനിച്ചെന്ന് വരുന്നു. ചെറുപ്പത്തില്‍ Knut Humson നെ എനിക്കിഷ്ടമായിരുന്നു.അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ഞാന്‍ പലയാവര്‍ത്തി വായിച്ചിട്ടുണ്ട്‌. ടോള്‍സ്റ്റോയ്‌, ദസ്തയോവ്‌സ്‌കി, ഗോഗോല്‍ തുടങ്ങിയവരേയും വായിക്കാറുണ്ട്‌. ഒന്നുരണ്ടുവര്‍ഷം മുമ്പ്ഗോഗോലിന്റെ കഥകളെക്കുരിച്ച്‌ എനിക്കൊരു റിവ്യൂ എഴുതേണ്ടി വന്നു. ആ കഥകള്‍ വീണ്ടും വായിച്ചപ്പോള്‍ ഞെട്ടിപ്പോയി. ഞാന്‍ എന്നോടു തന്നെ പറഞ്ഞു: ആര്‍ ആരില്‍ നിന്ന് മോഷ്ടിച്ചു? യഥാര്‍ത്ഥത്തില്‍ ഞാന്‍ അദ്ദേഹത്തില്‍ നിന്ന് ഒന്നും കവര്‍ന്നില്ല. പക്ഷെ എന്റെ പല കഥകളും ആ കഥകള്‍ നല്‍കുന്ന അതേ വികാരം പ്രസരിപ്പിക്കുന്നു.

? താങ്കളാല്‍ സ്വാധീനിക്കപ്പെട്ട ഏതെങ്കിലും എഴുത്തുകാരെ താങ്കളറിയുമോ?

= ഞാന്‍ അങ്ങിനെ ആരെയെങ്കിലും സ്വാധീനിച്ചിട്ടുള്ളതായി എനിക്ക്‌ തോന്നുന്നില്ല. ഒരു പക്ഷെ ഏതെങ്കിലും എഴുത്തുകാര്‍ അവരെ ഞാന്‍ സ്വധീനിച്ചിട്ടുണ്ടെന്ന് സ്വയം വിശ്വസിക്കുന്നുണ്ടായിരിക്കും. ഒന്നാമതായി ഈ സ്വാധീനം എന്നൊക്കെ പറയുന്നതിന്‌ അങ്ങനെ പ്രത്യേകിച്ച്‌ ഒരു പ്രാധാന്യവുമില്ല. ഒരു യഥാര്‍ത്ഥ എഴുത്തുകാരന്‍ ലക്ഷക്കണക്കിന്‌ പുസ്തകങ്ങള്‍ വായിച്ചാലും അയാള്‍ അയാളായി തന്നെ നിലനില്‍ക്കും. അങ്ങനെ അല്ലാത്ത പക്ഷം അയാള്‍ വെറുമൊരു അനുകര്‍ത്താവ്‌ ആയിരിക്കും. വെറും ഒരു പുസ്തകമേ വായിച്ചിട്ടുള്ളൂവെങ്കിലും അയാള്‍ അനുകരിച്ച്‌ എഴുതും, കാരണം അനുകരിക്കല്‍ അയാളുടെ സ്വഭാവത്തില്‍ ഉള്ളതായിരിക്കും.

? ഐസക്‌, താങ്കള്‍ എഴുതുന്നത്‌ യിദ്ദിഷ്‌ ഭാഷയിലാണ്‌. ഇന്ന് വളരെ കുറച്ചുപേര്‍ മാത്രം വായിക്കുന്ന ഒരു ഭാഷയില്‍. അതേ സമയം 58 വ്യത്യസ്ത ഭാഷകളില്‍ താങ്കളുടെ കൃതികള്‍ വിവര്‍ത്തനം ചെയപ്പെട്ടിട്ടുണ്ട്‌. അപ്പോള്‍ താങ്കളുടെ വായനക്കാരില്‍ മഹാഭൂരിപക്ഷത്തിനും വിവര്‍ത്തനങ്ങള്‍ കൊണ്ട്‌ തൃപ്തിപ്പെടേണ്ടി വരുന്നു. ഒരു ചെറിയ ശതമാനം മാത്രമേ യിദ്ദിഷിലുള്ള യഥാര്‍ത്ഥ കൃതി വായിക്കുന്നുള്ളൂ. ഇതില്‍ താങ്കള്‍ക്ക്‌ ഉല്‍കണ്‌ഠയില്ലേ? തര്‍ജ്ജിമയില്‍ വളരെയധികം നഷ്ടം വരുന്നതായി തോന്നുന്നില്ലേ?



= വാസ്‌തവം പറഞ്ഞാല്‍ എനിക്ക്‌ യിദ്ദിഷില്‍ ആഗ്രഹിക്കുന്നത്ര വായനക്കാര്‍ ഇല്ല. അതിലെനിക്ക്‌ വിഷമമുണ്ട്‌. ഒരു ഭാഷ ഉയരത്തില്‍ പോകേണ്ട സ്‌ഥാനത്ത്‌ താഴേക്ക്‌ പതിക്കുന്നത്‌ ഒരിക്കലും നല്ലതിനല്ല. യിദ്ദിഷ്‌ വളരുന്നതും പുഷ്‌പിക്കുന്നതും എനിക്ക്‌ ഇഷ്‌ടമുള്ള കാര്യമാണ്‌. പിന്നെ വിവര്‍ത്തനത്തെ സംബന്ധിച്ചാണെങ്കില്‍, താങ്കള്‍ക്കറിയാം വിവര്‍ത്തനത്തില്‍ എഴുത്തുകാരന്‌ നഷ്‌ടം സംഭവിക്കുന്നു, കൂടുതലും കവികള്‍ക്കും ഹാസ്യസാഹിത്യകാരന്മാര്‍ക്കുമാണ്‌. ഒരു ജനതയുടെ ജീവിതവുമായി ഗാഢബന്ധമുള്ള രചനകളില്‍ ഏര്‍പ്പെടുന്നവര്‍ക്കും അങ്ങനെ തന്നെ. എന്റെ കാര്യത്തിലാണെങ്കില്‍, ഞാനും ഒരു നഷ്‌ടക്കച്ചവടക്കാരനാണെന്നു കരുതുന്നു. പക്ഷെ ഇപ്പോള്‍ ഞാന്‍ വിവര്‍ത്തനത്തില്‍ സജീവമായി ഇടപെടുകയും വലിയ നഷ്‌ടം വരാതിരിക്കാന്‍ പ്രത്യേകശ്രദ്ധ ചെലുത്തുകയും ചെയ്യുന്നു. ചില ഭാഷാശൈലികള്‍ക്ക്‌ മറ്റൊരു ഭാഷയില്‍ ശരിയായ പ്രയോഗം കണ്ടെത്താന്‍ ചിലപ്പോഴൊക്കെ വലിയ ബുദ്ധിമുട്ടാണ്‌. അതേസമയം നമ്മളൊക്കെ സാഹിത്യം മനസ്സിലാക്കിയത്‌ പ്രധാനമായും വിവര്‍ത്തനങ്ങളിലൂടെയാണല്ലോ? ഭൂരിപക്ഷം ജനങ്ങളും ബൈബിള്‍ പഠിച്ചത്‌ തര്‍ജ്ജിമകളില്‍ നിന്നാണ്‌. അതേപോലെ ഹോമറും മറ്റു ക്ലാസിക്കുകളും. അതുകൊണ്ടുതന്നെ എന്തൊക്കെ പോരായ്‌മകളുണ്ടെങ്കിലും വിവര്‍ത്തനം ഒരു എഴുത്തുകാരനെ കൊല്ലുന്നില്ല. എഴുത്തുകാരന്‍ യഥാര്‍ത്ഥത്തില്‍ മികച്ചവനാണെങ്കില്‍ വിവര്‍ത്തനത്തില്‍ക്കൂടിപോലും അയാള്‍ പ്രസിദ്ധനാവും. എന്റെ കാര്യത്തില്‍ എനിക്കിതനുഭവമുണ്ട്‌. ഈ വിവര്‍ത്തനങ്ങള്‍ എന്നെ മറ്റൊരു വിധത്തിലും സഹായിച്ചിട്ടുണ്ട്‌. വിവര്‍ത്തനങ്ങളുടെ എഡിറ്റിങ്ങ്‌ വേളയില്‍ എന്റെ കൃതിയില്‍ക്കൂടി എനിക്ക്‌ വീണ്ടും വീണ്ടും സഞ്ചരിക്കേണ്ടതായുണ്ട്‌. അത്‌ എന്റെ എഴുത്തിന്റെ കുറവുകള്‍ കണ്ടുപിടിക്കാന്‍ ഒട്ടൊന്നുമല്ല സഹായിക്കുന്നത്‌. അതുകൊണ്ട്‌ തര്‍ജ്ജിമകള്‍ എന്നെ ആ വിധത്തില്‍ കുഴികളില്‍ വീഴാതെ നോക്കാന്‍ സഹായിക്കുന്നു.

തുടരും...

comments