ഈ തലമുറയുടെ സാഹിത്യാസ്വാദനത്തെ എം.പി. ശങ്കുണ്ണിനായരല്ല
രൂപപ്പെടുത്തിയത്. പകരം, പാശ്ചാത്യ മാതൃകകള്‍ നിരൂപണദ്രവ്യങ്ങളാക്കിയ
ഇതിനുതൊട്ടു മുമ്പത്തെ തലമുറയായിരുന്നു. 'പരിഷ്‌കൃതമായ ആശയങ്ങ'ളുടെ
ഉപചരണങ്ങളാല്‍ കലയും സാഹിത്യവും അങ്ങനെ വേറൊരു മട്ടിലും വിതാനത്തിലും
അറിയുകയായിരുന്നു. അതിനാല്‍ ശങ്കുണ്ണി നായരുടെ 'ഛത്രവും ചാമരവും'
വയിക്കുമ്പോഴൊക്കെയും തപ്പിത്തടഞ്ഞു നിന്നു. കാളിദാസകൃതിയിലേക്കുള്ള ഒരു
യാത്ര ചിട്ടപ്പെടുത്തി തന്നത് ആ കൃതിയായിരുന്നു. കലയുടെ മര്‍മ്മം 'രസം'
തന്നെ എന്നുറപ്പിക്കാന്‍ നിര്‍ബന്ധിച്ച ഒരു വിമര്‍ശപുസ്തകം.
പശ്ചാത്യ വിമര്‍ശ മാതൃകകളില്‍ അവിടത്തെ സാഹിത്യത്തിന്റെ
സാമൂഹ്യശാസ്ത്രത്തിന് എത്രമാത്രം പ്രാധാന്യമുണ്ടായിരുന്നുവോ അത്രയും
പ്രാധാന്യം ഈ വിമര്‍ശനരീതികള്‍ സ്വീകരിച്ച നിരൂപകര്‍ക്ക് നമ്മുടെ
സാഹിത്യത്തിന്റെ സാമൂഹ്യശാസ്ത്രത്തിന് നല്‍കാനായില്ല. അത്തരം
അന്വേഷണങ്ങള്‍ സ്വാഭാവികമായും ചെന്നെത്തുന്ന 'ഭാഷാസാഹിത്യ' ജീവിതത്തെ
കുറിച്ചുള്ള നമ്മുടെ പൊതുവിജ്ഞാനം തന്നെ ദുര്‍ബ്ബലമായിരുന്നു. കൊളോണിയല്‍
ബോധക്ഷയത്തിന്റെ സമയപരിധിക്കുള്ളില്‍ ഇന്നിതിനെ നമ്മള്‍ കൃത്യമായി
മനസ്സിലാക്കിയിട്ടുണ്ട്. ഒപ്പം, സംസ്‌കൃത പാരമ്പര്യത്തിലുള്ള
സാഹിത്യവിമര്‍ശം സമ്മാനിച്ച വിമര്‍ശന പിന്തുടര്‍ച്ചകളിലും ഇങ്ങനെയൊരു
ഇല്ലായ്‌മ നാം കണ്ടെത്തുന്നു. ഇന്ത്യയിലെ വിവിധ ഭാഷാസാഹിത്യത്തിന്റെ
വൈവിധ്യത്തെയും ആ വൈവിധ്യങ്ങളില്‍ ഉള്ളടക്കമാവേണ്ടുന്ന ഓരോ
ദേശസ്വത്വത്തിന്റെയും പാരമ്പര്യവും ചരിത്രവും അങ്ങനെ സംസ്‌കൃത വിമര്‍ശന
മാതൃകകളിലും അപൂര്‍വമായി കടന്നുവന്നു.ആ അര്‍ത്ഥത്തില്‍ അത് കലയേയും
ജീവിതത്തേയും സംബന്ധിച്ച സമര്‍പ്പിത വിശ്വാസങ്ങള്‍ കൊണ്ട് ദൃഢവും
പ്രത്യക്ഷവുമായൂരു രസസങ്കല്‍പത്തെ പ്രകടിപ്പിച്ചുപോന്നു.
ഭാഷാസാഹിത്യത്തിന്റെ ഊര്‍ജ്ജപ്രസരണം ഉള്‍ക്കൊള്ളുന്ന ഒരു വിമര്‍ശനരീതി
അങ്ങനെ രണ്ടു സന്ദര്‍ഭങ്ങളിലും, പാശ്‌ചാത്യമാതൃകയിലും സംസ്‌കൃത
പാരമ്പര്യത്തിലും നഷ്ടപ്പെട്ടു, നമ്മുടെയും കലാവിമര്‍ശത്തിന്റെ
മാന്ദ്യത്തിന്റെ ഒരു കാരണം ഭാഷാസാഹിത്യത്തിന്റെ സമൂഹ്യസ്വഭാവം നമുക്കു
ശരിക്കും പിടികിട്ടാതെ പോയതുതന്നെയാണ്.
ഭാരതീയ സാഹിത്യവിമര്‍ശചരിത്രത്തെക്കുറിച്ചുള്ള പ്രമുഖങ്ങളായ
അന്വേഷണങ്ങള്‍ക്കൊപ്പം (ജി.എന്‍.ഡേവി, കെ.സച്ചിദാനന്ദന്‍ തുടങ്ങിയവരുടെ
ഇംഗ്ലീഷിലെ പഠനഗ്രന്ഥങ്ങള്‍, എ.കെ രാമാനുജന്റെ പ്രബന്ധങ്ങള്‍)
സഞ്ചരിക്കാറുള്ളപ്പോള്‍ ഒക്കെയും ഇങ്ങനെ ഒരാളെ ഞാന്‍ ഓര്‍ത്തു.
ശങ്കുണ്ണിനായരെ 'ക്ലാസിസിസ്റ്റ്' എന്നാണ് സവിശേഷമായ ആ
വിമര്‍ശനരീതിയെക്കുറിച്ചു പറയുമ്പോള്‍ വിലയിരുത്തിയിട്ടുള്ളത്. രുചിയിലും
വിചാരത്തിലും ക്ലാസിസിസ്റ്റുകളാവുക എന്നാല്‍ തന്റെതന്നെ ഉറവിടങ്ങളില്‍
നിന്നുള്ള യാത്രകളുടെ തന്നെ ഓര്‍മ്മയായി 'വര്‍ത്തമാന'ത്തെ പരിചയപ്പെടുക
എന്നാണ്. വര്‍ത്തമാനം എന്നാല്‍ ഭാവിയിലേക്കുള്ള ഏതൊരു നീക്കിയിരിപ്പിനേയും
കര്‍ക്കശമായ ആലോചനകളില്‍ തടഞ്ഞുവെക്കുന്ന ഒരു സ്ഥലം കൂടിയത്രേ
വിചാരങ്ങളുടെയും പുനര്‍വിചാരങ്ങളുടെയും സ്ഥലം. വര്‍ത്തമാനത്തെ തഴുകുന്ന
അസംഖ്യം വിചാരരൂപങ്ങള്‍ ഒരു ക്ലാസിസ്റ്റിനെ ആകര്‍ഷിക്കുന്നത് തന്റെ തന്നെ
മൗലിക നിലപാടുകളില്‍ അവ കണ്ടെത്തുന്ന സന്ദര്‍ഭങ്ങളെ ആശ്രയിച്ചാണ്. താരതമ്യ
വിചാരത്തെക്കാള്‍ വിഭിന്ന സ്വത്വങ്ങളുടെ ആദരവിലേക്ക് അത് അയാളെ
നയിക്കുന്നു. ആ അര്‍ത്ഥത്തില്‍ എം.പി.ശങ്കുണ്ണി നായര്‍ മലയാളിയുടെ
വിമര്‍ശബോധ്യത്തിന് നഷ്‌ടപ്പെട്ടുപോയ എഴുത്തുകാരനാണ്. അതിനാല്‍
അദ്ദേഹത്തിന്റെ പാരമ്പര്യം തുടര്‍ച്ചയായല്ല, കണ്ടെത്തേണ്ടുന്ന സ്ഥലമായാണ്
അദ്ദേഹം ജീവിച്ചിരുന്ന കാലത്തും നമ്മള്‍ ഒഴിച്ചിട്ടത്. നമ്മുടെ
ജീവിതത്തിന്റെയും കാലത്തിന്റെയും ദു:ഖകരമായ വിധിയായിരുന്നു ഇത്.
comments