
'വിയര്‍ത്ത് നില്‍ക്കുന്നവരോട് ചോദിക്കൂ
ഇടയ്ക്കു വീശിയ കാറ്റിനെക്കുറിച്ച്'
വിയര്‍പ്പ് പറ്റാത്ത മലയാളി ശരീരത്തില്‍ കേരളമിന്ന് തടഞ്ഞു നില്‍ക്കുന്നു.
അര നൂറ്റാണ്ട് നാം പഠിച്ചതും അന്വേഷിച്ചതും ശരീരം അനങ്ങാതെ ജീവിക്കാനുള്ള
വഴികളായിരുന്നു. കായികമായ അദ്ധ്വാനത്തെ അമാന്യമായി കരുതുന്ന ഒരു പൊതുസമൂഹം
കേരളത്തിലെപ്പോലെ മറ്റെവിടെയെങ്കിലും ഉണ്ടാവുമോ എന്ന് സംശയമാണ്. ഉടലില്‍
വിയര്‍പ്പ് പൊടിയുന്ന, ചേറോ കീലോ പറ്റുന്ന ചെറുതും വലുതുമായ എല്ലാ
ജോലികളും നാം ഉപേക്ഷിക്കുകയോ ഒഴിവാക്കുകയോ ചെയ്‌തിരിക്കുന്നു. മാത്രമല്ല
നിത്യ ജീവിതത്തില്‍ ഇത്തരം ചെറുജോലികള്‍ക്കായി മറ്റാളുകളെ തേടിനടക്കുകയും
ചെയ്യുന്നു.ഒരു പ്രവൃത്തിയും നേരിട്ട് ചെയ്യാത്ത 'മൂന്നാന്മാരുടെ കേരളം'
കുനിഞ്ഞുനിവരാനുള്ള വിമുഖതയില്‍ ഒരു സാമൂഹിക പ്രതിസന്ധിയായി മാറിക്കഴിഞ്ഞു.
കൊണ്ടാടപ്പെട്ട കേരളത്തിന്റെ ആരോഗ്യനിലവാരത്തെ ചോദ്യം ചെയ്തുകൊണ്ട്
രോഗാതുരതയുടെ തോത് നാള്‍ക്കുനാള്‍ പെരുകി, കേരളം ചുമരുകളില്ലാത്ത
ആതുരാലയമായി. അനങ്ങാത്ത ശരീരത്തെ ആണ്ടോടാണ്ട് ആയുര്‍വേദ വിധി പ്രകാരം
ചവിട്ടി ഉഴിഞ്ഞാല്‍ ഈ പ്രതിസന്ധിക്കുള്ള ചികില്‍സയാവില്ല.
തൊഴിലിനെ അടിസ്ഥാനമാക്കിയുള്ള നമ്മുടെ ജാതിഉപജാതി ഘടനയെ ചരിത്രത്തിലെ
പലവഴികളിലൂടെ നാം മറികടക്കാന്‍ ശ്രമിച്ചു. എന്നാല്‍ അതിനെ രാഷ്ട്രീയമായി
പരിഹരിക്കാന്‍ ആവാത്തതുകൊണ്ട് മലയാളിയുടെ ജാതിജീവിതം വലിയ
മാറ്റങ്ങളില്ലാതെ ഇന്നും തുടരുന്നു.കായികാദ്ധ്വാനം ആവശ്യമുള്ള തൊഴിലുകള്‍
ചെയ്തവര്‍ ജാതിഘടനയുടെ ഏറ്റവും അടിത്തട്ടിലായിരുന്നു. കീഴാളര്‍ക്കിടയില്‍
തന്നെ ഓരോ തൊഴിലിനും ഓരോ ഉപജാതിയുണ്ടായി. മരത്തില്‍ പണിയുന്നവര്‍
ആശാരിമാര്‍, ഇരുമ്പില്‍ പണിയുന്നവര്‍ കൊല്ലന്‍, മണ്ണു കുഴച്ചാല്‍ കൊശവന്‍,
ഉരുവങ്ങളുണ്ടാക്കുന്നവര്‍ മൂശാരി, മീന്‍ പിടിക്കാന്‍ പോയവര്‍ അരയര്‍,
നെയ്ത്തുകാര്‍ ചാലിയര്‍, അലക്കിയവര്‍ വെളുത്തേടര്‍, തെങ്ങു കയറിയാല്‍
തണ്ടാന്‍... ചെറുമര്‍, പുലയര്‍ തുടങ്ങി ംണ്ണില്‍ പണിയെടുക്കുന്ന അധസ്ഥിത
വിഭാഗങ്ങള്‍ നിരവധിയുണ്ടെങ്കിലും 'കൃഷിപ്പണിക്കാര്‍' എന്നൊരു ഉപജാതി
ഉണ്ടാവാതെ ശ്രദ്ധിച്ചത് ഈ വിഭാഗങ്ങളെ ഭൂമിയുടെ അവകാശങ്ങളില്‍ നിന്ന്
എന്നേക്കുമായി അകറ്റി നിര്‍ത്തുന്നതിന് കൂടിയാകണം. ഉന്നതജാതിയില്‍ പെട്ട
ഒരാളും മേലനങ്ങുന്ന വേല ചെയ്യാതിരിക്കുകയും കുലത്തൊഴില്‍,പാരമ്പര്യം
എന്നിങ്ങനെ ഇതൊക്കെ കീഴാളര്‍ക്ക് ചാര്‍ത്തിക്കൊടുക്കുകയും ചെയ്തു.

പ്രത്യേക തൊഴില്‍ ചെയ്യുന്നവരെ ഒരു ജാതിയായി- ഉപജാതിയായി അംഗീകരിച്ച്
ജനാധിപത്യ സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന അതി വിചിത്ര രീതി
ഇന്നും കേരളത്തില്‍ നിലനില്‍ക്കുന്നു. ഒരു വശത്ത് ജാതീയതയ്ക്ക്
എതിരായുണ്ടായ സാമൂഹികരാഷ്ട്രീയമുന്നേറ്റങ്ങളേയും നവോത്ഥാന പരിശ്രമങ്ങളേയും
കുറിച്ച് വാതോരാതെ പ്രസംഗിക്കുകയും മറുവശത്ത് അരയനായി, തണ്ടാനായി,
കൊശവനായി, സാക്ഷ്യപ്പെടുത്തുന്ന സര്‍ക്കാര്‍ രേഖ മുദ്രവെച്ച് നല്‍കുകയും
ചെയ്യുന്നു. സംവരണം ഉള്‍പ്പെടെയുള്ള പ്രത്യേക ആനുകൂല്യങ്ങള്‍
ലഭ്യമാക്കുന്നതിനുവേണ്ടി ഈ 'ജാതിസമ്പ്രദായം' തുടരുന്നു എന്നാണ് വെപ്പ്.
എന്നാല്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗം, എന്നു പറയുന്ന പോലെ തന്നെ ഇത്തരം
ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ള ജനവിഭാഗങ്ങളെ മുഴുവന്‍ പ്രത്യേക
പട്ടികയില്‍ ഉള്‍പ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചുകൊണ്ട് ഓരോ
കുടുംബത്തിനും അതിന്റെ രേഖകള്‍ കൈമാറിക്കൊണ്ട് ഇന്നത്തെ ജാതി- ഉപജാതി
ഘടനയെ ഔദ്യോഗികമായി മായ്ച്ചുകളയാവുന്നതേയുള്ളൂ.

മുത്തച്ഛന്‍ ഇരുമ്പുപണിക്കാരനായതുകൊണ്ട് ആ വംശപരമ്പരയെ മുഴുവന്‍
കൊല്ലന്മാരായി സാക്ഷ്യപ്പെടുത്തുന്ന സര്‍ക്കാര്‍സംവിധാനം
മനുസ്‌മൃതിയേക്കാള്‍ കാലഹരണപ്പെട്ടതാണ്. ഒരാള്‍ ജാതിക്കോളത്തില്‍ ജാതി
ഇല്ലെന്ന് എഴുതുംവരെ ഈ ഹീനകൃത്യം തുടരുമെന്ന് ശഠിക്കുന്നത്
പ്രതിലോമകരമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഓരോ തൊഴിലിന്റെയും മാഹാത്മ്യം
വിസ്തരിച്ച് നാം വസ്തുതകളോട് മുഖംതിരിക്കുകയാണ് പതിവ്.
മലയാളിയുടെ തൊഴില്‍ സംസ്‌കാരത്തെക്കുറിച്ച് ദീര്‍ഘകാലമായി പറഞ്ഞു
കേള്‍ക്കുന്ന ഒരു പരാതി ഇവിടെ പരിഗണിക്കേണ്ടതുണ്ട്. മലയാളികള്‍
കേരളത്തിനുള്ളില്‍ പണിയെടുക്കാതെ മടിയരും അലസരുമായി തുടരുകയും, കേരളത്തിനു
പുറത്ത് അസാധാരണമായ ചുമതലാബോധത്തോടെ എന്തു തൊഴിലും ഏറ്റെടുക്കാനുള്ള
സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്യുന്നു എന്നുള്ളതാണ്. കേരളത്തില്‍
തൊഴിലുമായി ബന്ധപ്പെട്ടുകിടക്കുന്ന ജാതിഘടന കേരളത്തിന് പുറത്ത്
എത്തുമ്പോള്‍ സ്വാഭാവികമായി തകര്‍ന്നടിയുന്നതാണ് ഇതിന്റെ കാരണം. ഗള്‍ഫില്‍
പന കയറുന്ന ഒരാള്‍ക്ക് കേരളത്തില്‍ തെങ്ങുകയറ്റക്കാര്‍ക്കുള്ള പോലെ ഒരു
ജാതിപ്പേര് വന്നുചേരുന്നില്ല. കൈരളി ലോണ്‍ട്രി നടത്തുന്നയാള്‍ക്കും കൈരളി
സലൂണ്‍ നടത്തുന്നയാള്‍ക്കും എന്തെങ്കിലും ഉപജാതിയുടെ വിലാസം ഇല്ല. ഏതു
തൊഴിലും തൊഴില്‍ മാത്രമാണ് - എന്നാല്‍ മലയാളിക്ക് കേരളത്തില്‍ കായികമായ
അദ്ധ്വാനം ആവശ്യമുള്ള തൊഴിലുകള്‍ ചെയ്യുന്നവരെ ജാതിഘടനക്ക് പുറത്ത്
പരിഗണിക്കാനാവുന്നില്ല. കേരളീയ നവോത്ഥാനം രാഷ്ട്രീയമായി പരാജയപ്പെടുന്ന ഒരു
സ്ഥലമിതാണ്.
തുടരും
comments