കഥ

ദൈവത്തിന്റെ
വരവ്

രാജേഷ്‌ ആര്‍. വര്‍മ്മ
 

 


ഉച്ചമയക്കമായിരുന്നു സമയം. ജോലിയുടെ ചില്ലുജനലുകളുള്ള മുറിയിലെ വായു ചുട്ടുപഴുത്തു കിടന്നിരുന്നു. അവന്റെ ചുറ്റും മങ്ങിയ അക്ഷരങ്ങളുള്ള തടിച്ച പുസ്തകങ്ങള്‍ കുമിഞ്ഞു കിടന്നു. പകുതിയൊഴിഞ്ഞ ഒരു കുപ്പി അലമാരയിലിരിപ്പുണ്ട്‌. അത്‌ അകത്തു ചെന്നാല്‍ വളരെ നന്നായിരിക്കും. പക്ഷേ, തണുത്ത വെള്ളം വേണം. പിന്നെ സുരക്ഷിതമായ ഒരിടവും.

അടുക്കളയില്‍ തറയില്‍ തോര്‍ത്തുവിരിച്ചു കിടന്നിരുന്ന വേലക്കാരി ഫ്രിജ്ജിന്റെ കതകടയുന്ന ശബ്ദം കേട്ടു കണ്ണു തുറന്നു തലപൊക്കി നോക്കി: "എന്താ കുഞ്ഞേ?"

"ഒന്നുമില്ല." ജോജി ഐസ്‌ വെള്ളമൊഴിച്ചു നിറച്ച കുപ്പി മറച്ചു പിടിച്ചു.

അവര്‍ വീണ്ടും കിടന്നു.

ജോജി കതകു മെല്ലെത്തുറന്നു മുറ്റത്തിറങ്ങി.

റബര്‍ മരങ്ങളുടെ തണല്‍ പതിവിലും ഇരുണ്ടതും തണുത്തതുമായിരുന്നു.

ജോജി വല്യപ്പച്ചന്റെ മുറിയിലേക്കു നടന്നു.

പഴുത്ത ഉച്ചവെയിലിനു താഴെ റബ്ബര്‍ത്തോട്ടം ഇരുണ്ടുകിടന്നിരുന്ന, ചായ്പു മുറിയിലാകെ യൂക്കാലിത്തെയിലം തങ്ങിക്കിടന്നിരുന്ന ഒരുച്ചനേരത്താണ്‌ ദൈവം വല്യപ്പച്ചനെ സന്ദര്‍ശിച്ചത്‌.

തടിക്കതകുകള്‍ ചെറിയ ഞരക്കത്തോടെ പതുക്കെത്തുറന്നു. ഒരല്‍പം കാറ്റു കയറിവന്നു. വല്യപ്പച്ചന്‍ കണ്ണുതുറന്നു.

രാവും പകലും ജനല്‍ തുറന്നുകിടക്കും. ജനലിലൂടെ പകല്‍ സമയത്തു കടന്നുവരുന്ന മരങ്ങളുടെയും ചെടികളുടെയും മനുഷ്യരുടെയും ദൃശ്യങ്ങളെല്ലാം പച്ചയും നീലയും നിറമുള്ള നിഴലുകള്‍ മാത്രമാണ്‌. വല്യപ്പച്ചനു കാഴ്ച തീരെക്കുറവാണ്‌. പിന്നെ രാത്രിയില്‍ ഇരുട്ടിന്റെ വകഭേദങ്ങള്‍ മാത്രം - തവിട്ടുനിറമുള്ള ഇരുട്ട്‌, ഇരുണ്ട പച്ചനിറത്തിലുള്ള ഇരുട്ട്‌, കരിനീലിച്ച ഇരുട്ട്‌, ഇങ്ങനെയൊക്കെ.) വല്യപ്പച്ചന്റെ ദൃശ്യപരിധിയില്‍ കതുകുതുറന്ന് അകത്തു കടന്നത്‌ ഒരു ഇളം നീല നിഴലാണ്‌. കയ്യില്‍ എന്തോ ഉണ്ടെന്നു തോന്നി. കതകടഞ്ഞു.

"ആരാടാ അത്‌?"
വല്യപ്പച്ചന്റെ ശബ്ദം അധികം ഉയരാറില്ല.

"ഞാനാണു വല്യപ്പച്ചോ..ദൈവം." അവസാനത്തെ വാക്ക്‌ അല്‍പം പുഞ്ചിരിയോടെയാണെന്നു തോന്നി പുറത്തുവന്നത്‌. പിന്നെ തന്നോടുതന്നെ എന്തോ പിറുപിറുക്കുന്നതു കേട്ടു.

"ദൈ...വമോ?"

വല്യപ്പച്ചന്റെ ചുണ്ടുകള്‍ ഒരു പുഞ്ചിരികൊണ്ടു നനഞ്ഞു.

"പിന്നെന്തോ പറ്റി, ഇന്നിങ്ങോട്ടോക്കെ?"

ആ സ്വരത്തില്‍ വാത്സല്യമുണ്ടായിരുന്നു.
 


വല്യപ്പച്ചന്റെ കണ്ണുകള്‍ ചത്തതുപോലെ തുറന്നുകിടന്നു. ദൈവം കട്ടിലിനടുത്തുള്ള സ്റ്റൂള്‍ നിരക്കിനീക്കിയിട്ടിരുന്നു.

നിമിഷങ്ങള്‍ ഉച്ചച്ചൂടില്‍ വീണുകരിഞ്ഞു. രണ്ടുപേരും ഒന്നും മിണ്ടിയില്ല.

വല്യപ്പച്ചന്‍ വെറുതെ കണ്ണടച്ചു.

കുപ്പി തുറക്കുന്നതുപോലൊരു ശബ്ദം കേട്ടു.

"എന്തോന്നാ അത്‌?"

കണ്ണുതുറക്കാനാലോചിച്ചെങ്കിലും അവ അടഞ്ഞുതന്നെ കിടന്നു.

"ഒന്നുമില്ല."

ഉച്ചച്ചൂടും റബര്‍ത്തോട്ടത്തിന്റെ തണുപ്പും ഇടകലര്‍ന്ന മുറിയില്‍ മദ്യത്തിന്റെ  മണം പരന്നു.

പെട്ടെന്നു കണ്ണുതുറക്കണമെന്നു വല്യപ്പച്ചനു തോന്നി.

"കള്ളു കുടിക്കുന്നോ?" അറച്ചറച്ച്‌ വല്യപ്പച്ചന്‍ ചോദിച്ചു.

"ഉം." വായിലൊഴിച്ച ദ്രാവകം ഇറക്കുന്നതിനിടയില്‍ മറുപടി വന്നു.

വല്യപ്പച്ചന്‍ കണ്ണടച്ചു തന്നെ കിടന്നു.

 ഗന്ധം രൂക്ഷമായി. ഇപ്പോള്‍ തന്റെ ചുറ്റും തങ്ങിനില്‍ക്കുന്ന ഉച്ചമയക്കത്തിന്റെ നിറങ്ങളില്‍ നീലനിറത്തിനു കട്ടികൂടിയിട്ടുണ്ടാവുമെന്നു ചിന്തിച്ചുകൊണ്ട്‌ വല്യപ്പച്ചന്‍ കിടന്നു.

(പുറത്ത്‌ ചുട്ടുപഴുത്ത വന്ധ്യമായ വെയിലിനു താഴെ റബ്ബര്‍ത്തോട്ടം. ഇരുണ്ട കറുത്ത നിഴല്‍. കരിയിലകള്‍. കുന്നിന്‍ചെരിവിനെ മൂടിക്കിടക്കുന്ന തണല്‍. തോട്ടത്തിനു നടുവില്‍ വക്കുകളിടിഞ്ഞ വെട്ടുകല്ലിന്റെ കിണര്‍.)

"ദൈവമെന്നാ ഒന്നും പറയാത്തത്‌?" വല്യപ്പന്‍ കണ്ണുതുറന്നു.

"ഉം?" സ്റ്റൂളിലിരുന്ന നിഴല്‍ തലയുയര്‍ത്തി. പാതിയൊഴിഞ്ഞ കുപ്പി തറയില്‍ വെച്ച ശബ്ദം കേട്ടു. "ഭൂമിയിലെപ്പോലൊന്നുമല്ല, സ്വര്‍ഗ്ഗത്തിലെല്ലാര്‍ക്കും പരമസുഖമാ."

"ഇപ്പഴും?"

"ഇപ്പഴും...പിന്നൊരു കൊറവേയൊള്ളൂ." കുപ്പി തറയില്‍നിന്നുയര്‍ത്തുന്ന ശബ്ദം കേട്ടു. തവിട്ടുനിറമുള്ള സുതാര്യമായ ഒരു നിഴല്‍ ഒന്നുരണ്ടു നിമിഷം വല്യപ്പച്ചന്റെ കണ്ണുകള്‍ക്കു മുമ്പില്‍ വന്നു നിന്നു. പിന്നെ മടങ്ങിപ്പോയി "ഇവനവിടില്ല."

ദൈവം ശബ്ദമുണ്ടാക്കിക്കൊണ്ട്‌ കുറച്ചുകൂടി കുടിച്ചു. വീണ്ടും കുപ്പി നിലത്തുവെച്ചു.

"ഭൂമിയിലിപ്പം പാപികളു വളരെക്കൂടുതലാ...അല്ലിയോ?"

"നേരാ." ദൈവം തലകുലുക്കി. "കൂടിക്കൊണ്ടേയിരിക്കുകാ."

വല്യപ്പച്ചന്‍ കുറെനേരം കഴിഞ്ഞ്‌ ഒരു നെടുവീര്‍പ്പിട്ടു. പിന്നെ പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു: "എന്റെ ദിവസമെന്നാ?"

"അതൊന്നും പറഞ്ഞുകൂടല്ലോ തോമാച്ചാ." ദൈവത്തിന്റെ സ്വരം പെട്ടെന്നുമാറി, "ഒട്ടും പേടിക്കണ്ടാ. ഇനീം ധാരാളം നാളൊണ്ട്‌."

"ഇനീം ധാരാളമൊണ്ടല്ലേ?" വല്യപ്പച്ചന്‍ ഒരു ദീര്‍ഘശ്വാസത്തോടെ അല്‍പനേരം മൌനമായിരുന്നു, "അടുത്ത യുദ്ധം വരെ?"

ദൈവം ഒന്നും മിണ്ടിയില്ല.

"അടുത്ത യുദ്ധത്തിന്‌ ഇതു മുഴുവന്‍ കത്തിച്ചു കളയുമെന്നാണല്ലോ എല്ലാരും പറയുന്നത്‌. ഈ കുന്നും മലേം മുഴുവനുരുകി, തീയൊലിച്ചു വരുമ്പം കരിഞ്ഞു ചാവുന്ന വരെ ഞാന്‍ കെടക്കുമോ കര്‍ത്താവേ?"

വികാരവിക്ഷുബ്ധമൊന്നുമായിരുന്നില്ല വല്യപ്പച്ചന്റെ മുഖം. മരം കൊണ്ടുണ്ടാക്കിയതു പോലെ നിര്‍വ്വികാരമായിരുന്ന മുഖത്ത്‌ ചുണ്ടുകള്‍ മാത്രമാണ്‌ ചലിച്ചത്‌.

"ങ്‌ഹും." ദൈവം പുച്ഛരസത്തിലൊന്നു ചിരിച്ചു. കുറച്ചുനേരം നിശ്ശബ്ദനായിരുന്നിട്ടു പറഞ്ഞു: "നമ്മളെങ്കിലും വിശ്വസിക്കരുതു തോമാ ഇതൊന്നും. കള്ളമാ എല്ലാം. ഏക്കറു കണക്കിനു കത്തിച്ചുകളയാനൊക്കുന്ന ബോംബും ബോബിടാനൊള്ള വിമാനോമൊക്കെ മനുഷ്യന്‍ കണ്ടുപിടിച്ചെന്നു പറഞ്ഞാല്‍ കൊറഞ്ഞപക്ഷം ഞാനെങ്കിലും വിശ്വസിക്കുന്നില്ല.

"ആദ്യമൊക്കെ ചന്ദ്രനീപ്പോയെന്നാ പറഞ്ഞിരുന്നെ. ഇപ്പഴിപ്പപ്പറയുന്നതു കേട്ടിട്ടൊണ്ടോ? ചൊവ്വായിലോ ബുധനിലോ ഒക്കെ ചെന്നെറങ്ങീന്നാ. ചിരി വരുന്നില്ലേ കേട്ടിട്ട്‌?

"അവരു വിമാനം കണ്ടുപിടിച്ചിട്ടൊണ്ട്‌, തോക്കും. നമ്മള്‌ കണ്ടിട്ടുമൊണ്ട്‌. അതുകൊണ്ട്‌ റോക്കറ്റും ബോംബും അന്തര്‍വാഹിനീം ഒക്കെ കണ്ടുപിടിച്ചെന്നു പറഞ്ഞാ നമ്മളുവ്‌ വിശ്വസിച്ചോളുമെന്നാ വിചാരം."

ദൈവം ശബ്ദം താഴ്ത്തി. മദ്യത്തിന്റെ ഗന്ധമുള്ള മുഖം വല്യപ്പച്ചനോടടുപ്പിച്ച്‌ പിറുപിറുത്തു: "മനുഷ്യനെക്കൊല്ലാന്‍ ബോംബുപോയിട്ട്‌, തോക്കുതന്നെ അധികമാണെന്നു തോമാച്ചനറിഞ്ഞൂടേ?"
 


വല്യപ്പച്ചന്‍ കണ്ണടച്ചു. ഇളം നീലയും പച്ചയും നിറമുള്ള നിഴലുകള്‍ മങ്ങി. മദ്യത്തിന്റെയും യൂക്കാലിത്തെയിലത്തിന്റെയും ഗന്ധങ്ങള്‍ക്കു കനം കുറഞ്ഞു. ഓര്‍മ്മകളില്‍ മരണത്തിന്റെ ചുവന്ന നിറവും വെടിമരുന്നിന്റെ മണവും. പിന്നെ ആ നിറങ്ങളിരുണ്ടു. കാറ്റിലാടുന്ന ഇലച്ചാര്‍ത്തുകളുടെ ശബ്ദം വല്യപ്പച്ചനുചുറ്റും നിറഞ്ഞു.

വല്യപ്പച്ചന്‍ കണ്ണുതുറന്നപ്പോള്‍ ദൈവം കുപ്പി തലകീഴായി ഉയര്‍ത്തിപ്പിടിച്ച്‌ അവസാനത്തെത്തുള്ളിയും ഊറ്റിയെടുക്കുകയായിരുന്നു.

കുപ്പി വല്യപ്പന്റെ കട്ടിലിനടിയിലേക്കുരുട്ടിവിട്ടിട്ട്‌ ദൈവം എഴുനേറ്റുപോയി ജന്നലരികില്‍ ചെന്നു നിന്നു.

(പുറത്ത്‌ കരിയിലകള്‍ മൂടിയ ഇരുണ്ട റബ്ബര്‍ത്തോട്ടം. വക്കുകളിടിഞ്ഞ കിണര്‍. നോക്കെത്തുന്ന ദൂരത്തോളം ഉയര്‍ന്നുപോവുന്ന കുന്നുകളില്‍ റബ്ബര്‍മരങ്ങള്‍ മാത്രം.)

എന്തെങ്കിലും ചോദിക്കണമെന്നു തോന്നി, വല്യപ്പച്ചന്‌. വരണ്ട ചുണ്ടുകള്‍ വീണ്ടും ചലിച്ചു: "ശിക്ഷിക്കരുതോ?"

"ശിക്ഷ!" ദൈവത്തിന്റെ പതിഞ്ഞ ശബ്ദം കേട്ടു. "വിശ്വാസമില്ലെങ്കില്‍ പാപവുമില്ല, ശിക്ഷയുമില്ല, ദൈ...ഈ ഞാന്‍ പോലുമില്ല."

ദൈവം പെട്ടെന്നു തിരിഞ്ഞുനിന്നു.

"തമ്മില്‍ത്തമ്മില്‍ കള്ളം മാത്രം പറഞ്ഞ്‌, കള്ളത്തിന്റെ ബാബേല്‍ ഗോപുരം പണിഞ്ഞു പൊക്കുന്ന മനുഷ്യനോട്‌ എനിക്കേതായാലും ഒരു കാര്യം ചെയ്യാം - ഞാന്‍ തന്നെ എഴുതിവെച്ചിരിക്കുന്ന സമയത്ത്‌, ഒരുത്തനുമറിയാതെ, അവനൊക്കെ തീര്‍ക്കാതെ വെച്ചിരിക്കുന്ന പണികള്‍ടെ നടുവീന്ന് എനിക്കോരോരുത്തനേം കൊല്ലാം. എല്ലാത്തീന്നും ഊരിയെടുത്ത്‌ വലിച്ചെഴച്ചു കൊണ്ടുപോകാം."

വല്യപ്പച്ചനു വിഷാദം തോന്നി. ദൈവമായിരിക്കുന്നതിന്റെ പ്രശ്നങ്ങളെക്കുറിച്ച്‌ ആലോചിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് എല്ലാത്തിനും സമാധാനം കിട്ടിയതുപോലെ തോന്നി:

"സകലതും നിന്റെ തന്നെ വിധിയല്ലയോ? എല്ലാം നിന്റെ ഇച്ഛയ്ക്കൊത്തല്ലയോ നടക്കുന്നത്‌?"

ദൈവത്തിനു വല്ലാതെ ചിരിവന്നെന്നു തോന്നി. പൊട്ടിപ്പോയ ചിരിയടഞ്ഞ്‌ പെട്ടെന്ന് ദുഃഖം കലര്‍ന്ന ഗൌരവമായി മാറി:

"സകലതും എന്റെ ഇച്ഛ തന്നെ. ഞാന്‍ വിധിച്ചതു തന്നെ നടക്കുന്നു. എന്റെ വിധി നേരത്തെ തന്നെ മനുഷ്യനെ അറിയിച്ചു കഴിഞ്ഞാല്‍ അതു തന്നെ നടപ്പാകുമെന്നെനിക്കു ധൈര്യമില്ലാത്തതു കൊണ്ട്‌ അതു രഹസ്യമാക്കിയും വെച്ചിരിക്കുന്നു."

ദൈവത്തിന്റെ ശബ്ദം വല്ലാതെ താണു: "ഭയമുണ്ടാകുമ്പോള്‍, ആശയുണ്ടാകുമ്പോള്‍, ദുര്‍ബലനാകുമ്പോള്‍ മാത്രം പ്രാര്‍ത്ഥിക്കാന്‍ ഒരു ദൈവം."

ദൈവം തേങ്ങുന്നതുപോലെ തോന്നി.

വല്യപ്പച്ചന്‍ കണ്ണടച്ചു കിടന്നു. വല്ലാത്ത വിഷാദം തോന്നി; സഹതാപവും. ഇത്ര തീക്ഷ്ണമായി കയറിയിറങ്ങുന്ന വികാരങ്ങളെ വല്യപ്പച്ചനറിയുന്നതു വളരെക്കാലം കൂടിയാണ്‌. ഇത്തരം ദിവസങ്ങളും ഇടയ്ക്കുണ്ടാവുന്നു എന്നോ മറ്റോ ചിന്തിച്ച്‌, സഹതപിക്കുന്നതില്‍ സ്വയം സംതൃപ്തനായി വല്യപ്പച്ചന്‍ അനങ്ങാതെ കിടന്നു. രൂക്ഷമായുയര്‍ന്നിരുന്ന വികാരം പതുക്കെപ്പതുക്കെ താഴാന്‍ തുടങ്ങിയപ്പോള്‍ താന്‍ ഉറങ്ങാന്‍ തുടങ്ങുകയാണെന്നു വല്യപ്പച്ചനറിഞ്ഞു. യൂക്കാലിത്തെയിലത്തിന്റെ കടും നീലനിറമുള്ള ഇരുട്ട്‌ ഇറങ്ങിവന്നു പൊതിയുമ്പോള്‍ അവസാനമായി വാതില്‍ ഞരങ്ങുന്ന ശബ്ദം മാത്രം കേട്ടുവെന്നു തോന്നി.

സന്ധ്യ വന്നിരുന്നു. ഇരുണ്ട ആകാശത്തിനു താഴെ കറുത്തിരുണ്ട ഒരു ലോകമായി റബ്ബര്‍ത്തോട്ടം ഘനീഭവിച്ചു കിടന്നു. വല്യപ്പച്ചന്‍ ശൂന്യമായ കണ്ണുകള്‍ തുറന്ന്, ദൈവത്തെക്കുറിച്ചോര്‍ത്ത്‌ ഉണര്‍ന്നു കിടക്കുകയായിരുന്നു. കരുണപോലെ വ്യാപിച്ചുനില്‍ക്കുന്ന യൂക്കാലിത്തെയിലത്തിന്റെ ഗന്ധം.


രാജേഷ്‌ ആര്‍. വര്‍മ്മയുടെ ബ്ലോഗ്‌ http:\\nellikka.blogspot.com

 

comments