ദേശവും ജീവിതവും

പ്രേം രാജന്‍

കൊല്‍ക്കത്ത: ഓടയില്‍ നിന്ന്

 




 

 

 

 

 




 

 

 

 

 




























 



പല്ലക്ക്‌ ചുമന്നവരില്‍ നിന്ന് റിക്ഷാവലിക്കുന്നവരിലേക്ക്‌ കാലവും വ്യവസ്ഥയും സഞ്ചരിച്ച ഒരു ദൂരമുണ്ട്‌. മനുഷ്യരെ കയറ്റിയ റിക്ഷകള്‍ മാട്‌ വലിക്കുന്നതുപോലെ മനുഷ്യര്‍ വലിച്ചുകൊണ്ടോടിയ കാലത്തില്‍ നിന്ന് അരനൂറ്റാണ്ടിലേറെ ലോകം മാറി. കരയിലും ജലത്തിലും ആകാശത്തിലും വാഹനങ്ങള്‍ പെരുകി. എന്നാലിന്നും ഇന്ത്യയില്‍ കൊല്‍ക്കത്തയില്‍ ഈ അപരിഷ്‌കൃതമായ സഞ്ചാരസമ്പ്രദായം നിലനില്‍ക്കുന്നു. ഇന്ത്യയില്‍ പുരോഗമന പ്രസ്ഥാനങ്ങളുടെ ശക്തികേന്ദ്രമായ ബംഗാളില്‍ കമ്യൂണിസ്റ്റ്‌ സര്‍ക്കാരുകള്‍ തുടര്‍ച്ചയായി കാല്‍നൂറ്റാണ്ടിലേറെ ഭരിച്ചിട്ടും ഈ രീതി തുടര്‍ന്നു എന്നത്‌ ആരെയും അല്‍ഭുതപ്പെടുത്തും.

ആളുകള്‍ വലിക്കുന്ന റിക്ഷകളുടെ എണ്ണം കല്‍ക്കത്തയില്‍ അഞ്ഞൂറ്‌ കവിയില്ലെന്നാണ്‌ ഇതുവരെ ഉണ്ടായിരുന്ന സര്‍ക്കാര്‍ കണക്ക്‌. ഇത്തരം റിക്ഷകള്‍ നിരോധിക്കാന്‍ ബുദ്ധദേവ്ഭട്ടാചാര്യയുടെ ഗവണ്‍മന്റ്‌ തീരുമാനിച്ചതോടെയാണ്‌ യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവന്നത്‌. ആളുകള്‍ വലിക്കുന്ന ലൈസന്‍സുള്ള അയ്യായിരത്തോളം റിക്ഷകള്‍ കൊല്‍ക്കത്തയില്‍ ഉണ്ടെന്നും ആളുകള്‍ മാറിമാറി റിക്ഷകള്‍ വലിക്കുന്നതുകൊണ്ട്‌ ഒരു റിക്ഷക്ക്‌ മൂന്നും നാലും തൊഴിലാളികള്‍ ഉണ്ടാകുമെന്നതുകൊണ്ട്‌ ഇരുപത്തയ്യായിരത്തോളം റിക്ഷാത്തൊഴിലാളികള്‍ കൊല്‍ക്കത്തയിലുണ്ടെന്നാണ്‌ പുതിയ വിവരം. എന്നാല്‍ ട്രേഡ്‌ യൂണിയനുകള്‍ തൊഴിലാളികളുടെ എണ്ണം അമ്പതിനായിരത്തോളം വരുമെന്ന് വാദിക്കുന്നു. അതുകൊണ്ട്‌ തന്നെ സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന പുനരധിവാസ പരിപാടികള്‍ അപ്ര്യാപ്തമാണെന്നും. ആളുവലിക്കുന്നവയില്‍ നിന്ന് സൈക്കിള്‍ റിക്ഷകളിലേക്കുള്ള വിപ്ലവമാറ്റമാണ്‌ ഉണ്ടാവാന്‍ പോകുന്നത്‌!

ജ്യോതിബസുവിന്റെയും ബുദ്ധദേവിന്റെയും മൂക്കിനുകീഴില്‍ ഇക്കാലമത്രയും ഇത്രയേറെ മനുഷ്യര്‍ക്ക്‌ ഈ രീതിയില്‍ ജീവിക്കേണ്ടി വന്നത്‌ കീഴാള ജനതയില്‍ നിന്ന് ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ അകന്ന ദൂരത്തിന്റെ സൂചകമാണ്‌.ദരിദ്രരും അഭയാര്‍ത്ഥികളുമായ മനുഷ്യര്‍ വലിക്കുന്ന റിക്ഷയില്‍ ഞെളിഞ്ഞിരിക്കാന്‍ ബംഗാളികള്‍ക്ക്‌ ഒരു ചളിപ്പുമില്ല. അവര്‍ എത്ര പഴകിയ ജനത എന്ന് ഇത്‌ വെളിവാക്കുന്നു. സംഗീതം, സാഹിത്യം, സിനിമ, ഇടതുരാഷ്ട്രീയം ഇതിലൊക്കെ ബംഗാളികള്‍ ഇന്ത്യയിലെ മറ്റു ഭാഷാ സമൂഹങ്ങളേക്കാള്‍ മുന്‍പന്തിയിലാണെന്നാണ്‌ വെപ്പ്‌.
 



എന്നാല്‍ ഈ പ്രശ്നം ബംഗാളി ബാബുമാരുടെ മേനി നടിക്കലിന്റെ കഥ പറയുന്നു. കേശവദേവ്‌ തന്റെ ആദ്യനോവലായ ഓടയില്‍ നിന്ന് എഴുതുന്നത്‌ 1941ലാണ്‌. ആലപ്പുഴയിലെയും മട്ടാഞ്ചേരിയിലെയും തൊഴിലാളി പ്രവര്‍ത്തനങ്ങളുടെ അനുഭവ പരിസരങ്ങളില്‍ നിന്നാണ്‌ കേശവദേവിന്റെ എഴുത്തിന്റെ ആരംഭം, ഇന്ന് കേരളത്തില്‍പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക്‌ സംഭവിക്കുന്ന എല്ലാ വലതുപക്ഷ വ്യതിയാനങ്ങളെയും പരിഗണിച്ചു കൊണ്ടു തന്നെ കേരള രാഷ്ട്രീയത്തിന്‌ ശക്തമായൊരു സാംസ്കാരിക അടിത്തറ ഉണ്ടെന്ന് പറയാന്‍ കഴിയും.എന്നല്‍ കൊട്ടിഘോഷിക്കപ്പെടുന്ന സാംസ്കാരിക പശ്ചാത്തലം ബംഗാളിലെ രാഷ്ട്രീയത്തിനുണ്ടോ എന്ന്‌ സംശയമാണ്‌.

ഇന്ന് കൊല്‍ക്കത്തയിലെ മേയറും കമ്യൂണിസ്റ്റ്‌ ഭരണകൂടവും ഒരു ധാര്‍മ്മിക പ്രശ്നം എന്ന നിലയിലല്ല ഇത്‌ ഉന്നയിക്കുന്നത്‌. കൊല്‍ക്കത്തയുടെ വികസനം ഖ്യാതി ഭാവി ഇവയെ മുന്‍നിര്‍ത്തിയാണ്‌ റിക്ഷാക്കാരുടെ പ്രശ്നം ഉയര്‍ന്നുവന്നിട്ടുള്ളത്‌. കൃഷിഭൂമി പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കായി ഒരു വശത്ത്‌ അടിയറ വെക്കുമ്പോള്‍, അപമാനവീകരിക്കപ്പെടുന്ന അധ:സ്ഥിത തൊഴിലാളി സമൂഹം മധ്യവര്‍ഗത്തിന്റെ ഭാരവണ്ടികള്‍ വലിച്ച്‌ തളരുന്നു.

 

comments