? വ്യക്തിജീവിതത്തില്‍ നിന്നു തുടങ്ങാം. വായനയുടെയും എഴുത്തിന്റെയും
തുടക്കം?
= ഞാന്‍, ആദില്‍ ഹൊസാം, പ്രശസ്ത അറബ് കവി അബ്ബാമെഹ്ദി അല്‍ ഹിസാമിന്റെ
മകന്‍.അദ്ദേഹം ബഹ്‌റൈനിലും സൗദിയിലുമാണ് ജീവിച്ചത്. എന്റെ മാതാവ്
യു.എ.ഇ.യില്‍ നിന്നുമാണ്. അതുകൊണ്ട് ഞാന്‍ വളര്‍ന്നതും പഠിച്ചതും
ഇവിടെത്തന്നെ.
പിതാവിന്റെ മൂന്നു കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബി.ബി.സി.റേഡിയോ അറുപതുകളില്‍ അദ്ദേഹത്തെ ജി.സി.സി. രാജ്യങ്ങളില്‍
നിന്നുമുള്ള മികച്ച കവിയായി തെരഞ്ഞെടുത്തിരുന്നു. പക്ഷെ ഉമ്മയാണെന്നെ
സ്വാധീനിച്ചത്. അവര്‍ മുപ്പതുകളില്‍ അമേരിക്കന്‍ സ്കൂളില്‍ നിന്നും
വിദ്യാഭ്യാസം നേടിയിരുന്നു. മതപരമായ കവിതകള്‍ എഴുതിയിരുന്നു. ഞാനും
ഉമ്മയോടോപ്പം ഈ കവിതകള്‍ ആലപിക്കുമായിരുന്നു. ഇതിന്റെയൊക്കെ സ്വാധീനം
എന്നില്‍ ഉണ്ടായിട്ടുണ്ടാവണം. ചെറുപ്പത്തില്‍ മറ്റു കുട്ടികളോട് ഞാന്‍
കാവ്യഭാഷയിലാണ് സംസാരിച്ചിരുന്നത്. പത്തുവയസ്സുമുതല്‍ അവരെന്നെ കവിയെന്നു
വിളിച്ചു. ഞാന്‍ അവരില്‍ നിന്നും മാറിനിന്നില്ല. അവര്‍ക്കൊപ്പം
കളിക്കുമ്പൊഴും എന്റെ ഉള്ളില്‍ കവിതയായിരുന്നു. രാത്രികളില്‍ ഞാന്‍
നിര്‍ത്താതെ എഴുതി.
1984ല്‍ യൂണിവേഴ്‌സിറ്റിയില്‍ വെച്ച് ഒരു ജി.സി.സി. കവിസമ്മേളനം
നടന്നു.ഡോ. ഇഹ്‌സാന്‍ അബ്ബാസ് പങ്കെടുത്തിരുന്നു. അദ്ദേഹം എന്റെ
കവിതയെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞു. അതിനുശേഷമാണ് കവിതകള്‍
പ്രസിദ്ധീകരിക്കാന്‍ ആരംഭിക്കുന്നത്. അവ നന്നായി സ്വീകരിക്കപ്പെട്ടു.
ബയ്‌ത്ത്, അമൂദി, തുടങ്ങിയ പരമ്പരാഗത രീതിയിലാണ് തുടക്കം.വായനയുടെ ഫലമായി
വളരെ പെട്ടെന്നുതന്നെ ആധുനികരീതിയിലേക്ക് ചുവടു മാറി. യൂറോപ്യന്‍
കവിതകളുടെ പരിഭാഷകള്‍ ധാരാളമുണ്ടായിരുന്നു. ഇംഗ്ലീഷ്, ഫ്രഞ്ച്,
ഗ്രീക്ക്, കവിതകള്‍. ആദ്യം അവയൊന്നും എനിക്കത്ര രസിച്ചില്ല. പിന്നീട്
അവയൊക്കെ ആകര്‍ഷകങ്ങളായി തോന്നി.
ബോദ്‌ലയര്‍, റഥോ, തിസേല്‍സാറ... പിന്നെ റഷ്യന്‍ കവിതകളും. ഇവരെല്ലാം
പരമ്പരാഗത രീതി വിട്ട് ചിന്തിക്കുന്നതിനു പ്രേരകമായി.
? അക്കാലത്ത് അറബ് ആധുനിക കവിതകള്‍ ?
= രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ എന്നോട് ചില ചോദ്യങ്ങള്‍
ചോദിച്ചു തുടങ്ങി അധുനികതയെക്കുറിച്ചുള്ള മൗലികവും ആഴമുള്ളതുമായ
അന്വേഷണമായിരുന്നു അത്. സ്‌കൂളില്‍ പഠിച്ചതല്ല നല്ല കവിത, അത്
ഗ്രന്ഥാലയങ്ങളിലെ പുസ്തകങ്ങളിലാണ് ഉള്ളതെന്ന് ഞാന്‍ മനസ്സിലാക്കി. മഹത്തായ
കവിതകളുടെ വായന എന്നില്‍ പുതിയ ദര്‍ശനങ്ങള്‍ രൂപപ്പെടുത്തി.
അഹമ്മദ് റഷ്‌മി, അബ്‌ദുല്‍ അസീസ്, ജാസിം, ഹമീസ് ഇവരൊക്കെയാണ് പുതിയ
തരംഗമുണ്ടാക്കിയത്. എണ്‍പതുകളിലാണ് ഇവരുടെ വരവ്. ചിലര്‍ എഴുപതുകളില്‍
തന്നെ തുടങ്ങി. കവികളില്‍ മുന്നില്‍ രണ്ടുപേര്‍ ആധുനികര്‍ ആയിരുന്നു.
സ്ത്രീകളും ഉണ്ടായി എന്നതാണ് പ്രത്യേകത. ഈ കാലയളവിലാണ് യു.എ.ഇ.യില്‍
ദിനപത്രങ്ങളും മാസികകളും ആരംഭിച്ചത്. എല്ലാ പത്രങ്ങളും സാംസ്കാരിക
സപ്ലിമെന്റുകളും ഉണ്ടായി.

നീഷെ
? പുസ്തകരൂപത്തില്‍ പ്രസാധനം ചെയ്ത ആദ്യ സമാഹാരം ഏതാണ്?
= തൊണ്ണൂറിലാണ് ആദ്യ കവിതാ സമാഹാരം 'എന്റെ നാക്കിന്റെ കീഴില്‍' (Under My
Tongue) പ്രസിദ്ധപ്പെടുത്തിയത്. പിന്നെ ഞാന്‍ 'അല്‍ വറീദ്' എന്ന ദീര്‍ഘ
കാവ്യം എഴുതി.
? എന്താണ് 'അല്‍ വറീദ്'?
= പരിഭാഷപ്പെടുത്താന്‍ വിഷമമാണ്. എങ്കിലും സര്‍വ്വതിനും നിമിത്തമാകുന്ന
ഏതോ ഒന്ന്. ഏതൊന്നിലേക്കാണോ എല്ലാം ചേരുന്നത് അതാണ് 'അല്‍ വറീദ്'.
ഇതില്‍ ഞാന്‍ വേറിട്ടൊരു ശൈലിയാണ് പരീക്ഷിച്ചത്. ശരിക്കും ആധുനികത ഒരു
തരം വാര്‍പ്പു മാതൃകയായി തുടങ്ങിയെന്ന് തോന്നിയപ്പോഴാണ് ഞാന്‍ ഈ വ്യതിയാനം
വരുത്തിയത്. ഭാഷ സൃഷ്ടിക്കുക, എങ്ങനെ എന്നെ വ്യതിരിക്തനാക്കാം
ഇവയൊക്കെയായിരുന്നു ചിന്ത. അങ്ങനെ ദൈര്‍ഘ്യം കൂടിയ കവിതകള്‍ ഉണ്ടായി.
പിന്നീട് ഞാന്‍ 'റോഡ്' (Road) എന്ന ദീര്‍ഘ കാവ്യം കൂടി എഴുതി. പുതിയ
കവിതകള്‍ ഉള്‍പ്പെടുത്തി ഒരു പുസ്തകം ഉടനെ പ്രസിദ്ധീകരിക്കും.
? എന്തുകൊണ്ടാണ് കവിതയെ മാധ്യമമായി തെരഞ്ഞെടുത്തത്?
= എനിക്ക് കഥകള്‍ എഴുതാന്‍ കഴിയില്ല. കാരണം ഞാന്‍ തീവ്രത ആഗ്രഹിക്കുന്നു.
ഞാന്‍ സാന്ദ്രമായ വരികളെ ഇഷ്ടപ്പെടുന്നു. വാചാലത തീരെ ഇഷ്ടമല്ല. മാത്രമല്ല
എനിക്ക് ശാസ്ത്രം വളരെ ഇഷ്ടമാണ് . പ്രത്യേകിച്ച് ഭൗതികവും ഗണിതവും .
അതുകൊണ്ട് കണിശമാണ് എന്റെ രീതി. തത്വചിന്തയും എനിക്ക്
പ്രിയപ്പെട്ടതാണ്. ഗുസ്താവ് ഫ്ലോബറെ ഇഷ്ടമാണ്. പിന്നെ മൈക്കേല്‍ ഫുക്കോ,
ദരീദ തുടങ്ങിയവരെയും. നീഷെയാണ് എനിക്കിഷ്ടപ്പെട്ട മറ്റൊരാള്‍.

ഫൂക്കോ
? ബെയ്‌ത്ത്, നബൂതി, തഫീല ഇവയൊക്കെ എങ്ങനെയുള്ള കാവ്യരീതികളാണ്?
= അവയെല്ലാം പ്രാദേശിക ഭാഷയുടെ വകഭേദങ്ങളാണ്. 'സ്ലാംഗ്' മാതൃകകള്‍.
വൃത്തരഹിത കവിതകള്‍ എഴുതുന്നതാണ് യഥാര്‍ത്ഥത്തില്‍ വിഷമം.
വൃത്തരഹിതമെന്നാല്‍ താളാത്മകത ഇല്ലെന്നല്ല. അവയുടെ താളം വാക്കുകളിലും
വിരാമത്തിലുമാണ്. ഒരു തരം ആന്തരികതാളം. പക്ഷെ പരമ്പരാഗതക്കാര്‍ നിങ്ങള്‍
പതിനാറു വരികളില്‍ മുറിച്ചു ചിട്ടപ്പെടുത്തിയ കവിതകളേ എഴുതാവൂ എന്ന്
പറഞ്ഞാല്‍ അംഗീകരിക്കാന്‍ ആവില്ല. കാരണം, കവിതക്ക് നിയതമായ ഒരു
വ്യവസ്ഥയില്ല.
? കവിതയിലെ ബിംബങ്ങളെക്കുറിച്ച് പറയാമോ?
= ബിംബങ്ങള്‍ ഒരു കളിയുടെ കരുക്കള്‍ പോലെയാണ്. കവിത തലങ്ങും വിലങ്ങും
സഞ്ചരിക്കാവുന്ന ഒന്നാണ്. അവയ്ക്ക് കേവലമായ അര്‍ത്ഥങ്ങളില്ല.
? യൂറോപ്യന്‍ കവിതകളുടെ സ്വാധീനം അറബിക്കവികളില്‍ എങ്ങനെയായിരുന്നു?
= പാശ്ചാത്യ കവിതകള്‍ പൗരസ്ത്യ ദേശങ്ങളില്‍ സൃഷ്ടിച്ച പരിവര്‍ത്തനങ്ങള്‍
അറബിക്കവികളെയും സ്വാധീനിച്ചിട്ടുണ്ട്. ഇറാഖിലൊക്കെ നാല്‍പതുകളില്‍ തന്നെ
ഈ വ്യതിയാനം ഉണ്ടായി. നാസിക് അല്‍ മലായിക്കയെപ്പോലുള്ളവര്‍ പുതിയ പാത
തെളിച്ചു. എഴുപതുകള്‍ക്കു ശേഷമാണ് വൃത്തരഹിതകവിതകള്‍ ഉണ്ടായത്.
പരമ്പരാഗതകവികളെ പിന്‍പുറത്തേക്ക് തള്ളിമാറ്റി ഈ നവതരംഗം ശ്രദ്ധനേടി.
ധാരാളം പ്രസാധകര്‍ ആധുനികരുടെ കവിതകള്‍ക്കുണ്ടായി.
? ആധുനികര്‍ വായിക്കപ്പെടുന്നുണ്ടോ?
= തീര്‍ച്ചയായും. ഉദാഹരണത്തിന് എന്റെ കവിതകളോട് മമതയില്ലാത്തവരുണ്ട്.
മനസ്സിലാകുന്നില്ലെന്നതാണ് അവരുടെ പരാതി. അവ ഇരുണ്ടതും സങ്കീര്‍ണ്ണവും
അര്‍ത്ഥവിരുദ്ധവുമാണത്രേ. പക്ഷെ എന്നെ വായിക്കുകയും ഇഷ്ടപ്പെടുകയും
ചെയ്യുന്ന മറുഭാഗവുമുണ്ട്.
ആധുനികമാവുമ്പോള്‍ തന്നെ ഞങ്ങളുടെ കവിത്വം ഭാഷയുടെ ആന്തരികഭംഗിയെ
കാത്തുസൂക്ഷിക്കുന്നുണ്ട്. ഒരു പക്ഷെ യൂറോപ്യന്‍ ആധുനിക- ഉത്തരാധുനിക
രചനകളില്‍ നിന്നും അതുകൊണ്ടു തന്നെ ഞങ്ങള്‍ വേറിട്ടു നില്‍ക്കുന്നു.
ഞങ്ങള്‍ ഭാഷക്കുള്ളില്‍ കവിത നിറക്കുന്നു. ഒമര്‍ ഖയാം ചെയ്തുവെച്ചത്
ചരിത്രത്തില്‍ ആവര്‍ത്തിക്കാന്‍ സാധ്യതയില്ല.
ഞാന്‍ എഴുതുന്നത് ഒരു കണ്ടെത്തലിനു വേണ്ടിയാണ്. എനിക്കെന്തോ പറയാനുണ്ട്.
എഴുത്തില്‍, പറയാനുണ്ടായിരുന്നത് എന്താണെന്ന് തിരിച്ചറിയുന്നു.
? ഉത്തരാധുനിക ദര്‍ശനങ്ങള്‍ അറബ് ലോകത്തെ എങ്ങനെയാണ്
സ്വാധീനിച്ചിട്ടുള്ളത്?
= ദരീദയും ഫൂക്കോയും ശാസ്ത്രത്തിന്റെ രീതികളെ അവലംബിച്ചാണ് അവരുടെ
ദര്‍ശനങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളത്. ഫൂക്കോ പറയുന്നു ഇന്ന് സകലരും
തസ്കരന്മാരാണെന്ന് . ഡോക്ടര്‍, അദ്ധ്യാപകന്‍, വക്കീല്‍ ഇവരെല്ലാം അദൃശ്യമായ
നവ അധികാര ബലതന്ത്രത്തിന്റെ ഇരകളും പിണിയാളുകളുമാണെന്ന്. അതുകൊണ്ട്
ആശുപത്രിയും ജയിലും സ്കൂളും ഇന്ന് ഒന്നിന്റെ വിവിധ മുഖങ്ങളാണ്.

ദെരീദ
? അപ്പോള്‍ എന്താണ് കവിതയുടേ രാഷ്ട്രീയം?
= സൗന്ദര്യമാണ് കവിതയുടെ രാഷ്ട്രീയം. കവിക്ക് രാഷ്ട്രീയ പ്രഭാഷണങ്ങള്‍
നടത്താം. അലന്‍ ഗിന്‍സ്‌ബര്‍ഗിനെപ്പോലെ തീവണ്ടിയില്‍ ശവശരീരമായിക്കിടന്ന്
അമേരിക്കന്‍ മിലിട്ടറിയെ പരിഹസിക്കാം. പക്ഷെ അലന്‍ ഗിന്‍സ്‌ബര്‍ഗ്
മഹാനായത് കവി ആയതുകൊണ്ടാണ്. അതുകൊണ്ട് കവിതയുടെ രാഷ്ട്രീയം അതിന്റെ
സൗന്ദര്യമാണ്.
? മാധ്യമരംഗത്തെപ്പറ്റി?
= ബിരുദപഠനത്തിനുശേഷം ഞാന്‍ ജോലിയില്‍ പ്രവേശിച്ചു. സാംസ്കാരികരംഗം
കൈകാര്യം ചെയ്തുകൊണ്ട് പത്രത്തിലാണ് തുടക്കം. അല്‍ ബയാനിലും അല്‍
ശര്‍ക്കത്തിലും പ്രവര്‍ത്തിച്ചു. കഴിഞ്ഞ നാലു വര്‍ഷമായി ദുബായ്
ടി.വി.യില്‍ ബിസിനസ് രംഗം കൈകാര്യം ചെയ്യുന്നു.
? യാത്രകളെക്കുറിച്ച്?
= ലണ്ടനിലും അമേരിക്കയിലും ഓരോ വര്‍ഷം ഉണ്ടായിരുന്നു. യൂറോപ്പിലെ മിക്ക
രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. അവരുടെ ചലനങ്ങളില്‍ തന്നെ നമുക്ക്
സ്വാതന്ത്ര്യം ദര്‍ശിക്കാം.
ബോംബെയില്‍ പോയിട്ടുണ്ട്. ഇന്ത്യാക്കാര്‍ വളരെ വ്യത്യസ്തരാണ്.
ഇന്ത്യാക്കാര്‍ ഞങ്ങളോടൊപ്പം ജീവിക്കുന്നവരാണ്. ഇന്ത്യന്‍ സംഗീതം
എനിക്കിഷ്ടമാണ്. അര്‍ത്ഥമറിയില്ലെങ്കിലും ഞാന്‍ ഇന്ത്യന്‍ ഗാനങ്ങള്‍
മൂളാറുണ്ട്. ഇന്ത്യന്‍ സംസ്കാരം എന്റെ കവിതയെ സ്വാധീനിച്ചിട്ടുണ്ട്.
ചൈനീസ് ദര്‍ശനങ്ങളും പൗരസ്ത്യ തത്വചിന്തയും വായിച്ചിട്ടുണ്ട്.
കണ്‍ഫ്‌യൂഷ്യസ്, താവോ, മഹാഭാരതം, കുറച്ച് ഉപനിഷത്തും.
യാത്ര മറ്റു പലതും പോലെ എഴുത്തിനെ സ്വാധീനിക്കുന്നു. യൂറോപ്പില്‍
പ്രത്യേകിച്ച് ലണ്ടനില്‍ എനിക്ക് ഒരു തരം ഇരുണ്ട അവസ്ഥ അനുഭവപ്പെട്ടു.
ചന്ദ്രനില്ല, സൂര്യനില്ല, സമുദ്രമില്ല,ഒരുതരം ഘനീഭവിച്ച ഇരുട്ട്. ആ
ഇരുട്ടിലാണ് ഒരു വര്‍ഷം ഞാന്‍ ജീവിച്ചത്. പക്ഷെ അവിടെവെച്ചും ഞാന്‍
കവിതകളെഴുതിയിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷമായി 'റെയ്ക്കി' പഠിക്കുന്നു. ഇത് എന്നെയും എന്റെ
കവിതയെയും ചികില്‍സിക്കലാണ്. ഇന്ത്യയില്‍ നിന്നും വന്ന മാര്‍ട്ടിന്‍
എന്നൊരാളാണ് എന്റെ ആദ്യഗുരു. ഇപ്പോള്‍ റെയ്ക്കി ജിന്‍കിഡോ എന്ന സ്കൂളാണ്
പരിശീലിപ്പിക്കുന്നത്. ഓഷായ്, താക്കമോറി തുടങ്ങിയവരാണ് ഈ ജാപ്പനീസ്
രീതിയുടെ ഉപജ്ഞാതാക്കള്‍.
ശ്രീലങ്കയില്‍ നിന്നുള്ള ഡോ. രംഗയില്‍ നിന്നും പരിശീലനം സിദ്ധിച്ച ഒരു
ബഹ്‌റൈന്‍ വനിതയാണ് എനിക്ക് ഈ രീതി പരിചയപ്പെടുത്തിത്തന്നത്. ദിവസം
രണ്ടു മണിക്കൂര്‍ പരിശീലനം. ധ്യാനം, യോഗ, റെയ്ക്കി, എല്ലാം മിശ്രണം ചെയ്ത
രീതി. എവിടെയെത്തുമെന്ന് പറയുവാനാവില്ല.

ഫോബെര്‍
? പരിഭാഷകള്‍ വല്ലതും നിര്‍വ്വഹിച്ചിട്ടുണ്ടോ?
= സാംസ്കാരിക സ്ഥാപനങ്ങളും റൈറ്റേഴ്‌സ് യൂണിയനുമാണ് അത് ചെയ്യേണ്ടത്.
നീഷേയെപ്പോലുള്ള തത്വചിന്തകരെ ഞങ്ങള്‍ അധികം പരിഭാഷപ്പെടുത്തിയിട്ടില്ല.
പൗരസ്ത്യ ദര്‍ശനങ്ങളുടെ സ്ഥിതിയും ഇതു തന്നെ. ഇന്ത്യന്‍, ചൈനീസ്,
ശ്രീലങ്കന്‍ രചനകള്‍ അറബിയില്‍ കുറവാണ്. ഇവിടെ വിവിധസംസ്കാരങ്ങളില്‍പെട്ട
നൂറുകണക്കിനു കവികളുണ്ട്. പക്ഷെ ഇവര്‍ക്ക് പരസ്പരം പങ്കുവെക്കാനുള്ള ഒരു
പൊതു ഇടമില്ല.അങ്ങനെ ഒരു പൊതു ഇടം ആഗ്രഹിക്കുന്നുണ്ട്.
എന്റെ സുഹൃത്ത് അഹ്‌മദ് ഫര്‍ഹാന്‍ 'സൂര്യനൂട്ട്' (feeding the sun) എന്ന
പേരില്‍ ഒരു സമാഹാരം അറബിയില്‍ പ്രസിദ്ധപ്പെടുത്തി. ഗള്‍ഫില്‍ വസിക്കുന്ന
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കവികളുടെ രചനകളുടെ പരിഭാഷ. ധാരാളം നല്ല
കവിതകള്‍ ഈ സമാഹാരത്തിലുണ്ട്.
comments