കവിത

ദേവസേന

റൂട്ടു കനാല്‍ ട്രീറ്റമെന്റ്
 

 


കഠീനമായ
തണുപ്പിന്‍റെ
മരവിപ്പു കടം വാങ്ങിയിരുന്ന
മുറിയില്‍ ഡോക്ടര്‍

വെള്ളക്കോട്ട്
ഇണങ്ങുന്നേയില്ല അയാള്‍ക്ക്

ചെമ്മീനിലെ പരീക്കുട്ടിയുടെ
വിഷാദം ആവേശിച്ചിരുന്നു മുഖത്ത്

പല്ലു പ്രശ്നങ്ങളുടെ സ്ഥിതി വിസ്തരിച്ചു
ബാങ്കിലേക്കെന്നു പറഞ്ഞു
കൂടെയുള്ളയാള്‍ പോയ നേരത്തു-
ജനാലച്ചില്ലിനപ്പുറം ചാഞ്ഞുകിടന്ന്
രാജമ്മല്ലി ഒരു പൂവു പൊഴിച്ചു

അയാളുടെ ഓരോ സ്പര്‍ശനത്തിലുമെന്‍റെ
ബി പോസറ്റീവു രക്തം ഉണര്‍ന്നു
നാസികത്തുന്‍പിന്മേലു വിയര്‍പ്പു തൂങ്ങി

അയാള്‍ ഇടക്കിടെ തിരിഞ്ഞു
ഉപകരണങ്ങള്‍ തിരഞ്ഞു-
ഗ്ലൌവിലെ ചുളിവുകള്‍
തീര്‍ത്തയിടവേള

ഒന്നിളകിയിരുന്നു
കണ്ഠ്ത്തിലെ മംഗല്യസൂചികയെ
ദുപ്പട്ട മടക്കിലേക്കിട്ടു ഞാന്‍

പിങ്കു ഫ്രോക്കിട്ടു,
വലിയ കണ്ണുകള്‍ ആവുന്നത്ര വിടര്‍ത്തി
12 വയസ്സുകാരി മകള്‍
സസൂക്ഷ്മം മുന്നിലിരുന്നു

നിസാര വേദനകളിലും
'പേടിച്ചുവോ'യെന്ന
വെളുത്ത വായ മൂടി ഭേദിച്ച
പതിഞ്ഞയൊച്ചയും

3 ½ ഇഞ്ചു അകലത്തില്‍ നിന്നും
കവിളിലേക്കു തെന്നി വീണ ശ്വാസശകലങ്ങളും
ഏതു അര്‍തമില്ലായമയിലേക്കാണ്
എന്നെ വലിച്ചെറിഞ്ഞത്.

ശരിക്കും
ആരായിരുന്നു അയാള്‍ ?

ആണ്ടുകള്‍ ചിലതു തീര്‍ന്നു പോയിട്ടും
ചോദിക്കാന് ബാക്കിവെച്ചതു

പേരു ?
ഇ മെയില്‍ ഐ ഡി
സെല്‍മ്പര്‍ ...

അങ്ങനെ പലതും...
 

comments