എതിര്‍വഴികള്‍

നാടു നീങ്ങുന്ന ഭാഷ

ഐസക്‌ ബാഷെവിസ്‌ സിംഗര്‍ - ഹാരോള്‍ഡ്‌ ഫ്‌ളെന്‍ഡര്‍

വിവര്‍ത്തനം: കെ.വി മണികണ്ഠന്‍

 

കഴിഞ്ഞ ലക്കം തുടര്‍ച്ച...


? വായിക്കാന്‍ ആരുമില്ലെന്ന് തോന്നിയതുകൊണ്ട്‌ അഞ്ചുവര്‍ഷത്തോളം താങ്കള്‍ എഴുത്ത്‌ പൂര്‍ണ്ണമായും നിര്‍ത്തിയെന്ന് കേള്‍ക്കുന്നത്‌ ശരിയാണോ?

= ഈ രാജ്യത്തേക്ക്‌ വന്നപ്പോള്‍ കുറച്ചു വര്‍ഷങ്ങളോളം ഞാന്‍ എഴുത്ത്‌ നിര്‍ത്തിയിരുന്നു. വായനക്കാര്‍ ഇല്ല എന്ന് തോന്നിയതാണോ അതിനുണ്ടായ യഥാര്‍ത്ഥ കാരണം എന്ന് ഇപ്പോള്‍ കൃത്യമായി അറിയില്ല. ഒരു രാജ്യത്ത്‌ നിന്ന് മറ്റൊരു രാജ്യത്തേക്ക്‌ കുടിയേറുക എന്നതൊരു തരം പ്രതിസന്ധിയാണ്‌. എന്റെ ഭാഷ എനിക്കു നഷ്ടപ്പെട്ടു എന്നെനിക്കു തോന്നി. എന്റെ ബിംബങ്ങള്‍ എനിക്കിവിടെ കാണാന്‍ കഴിഞ്ഞില്ല. പോളണ്ടിലെ യിദ്ദിഷില്‍ പേരിലാത്ത അനേകം വസ്തുക്കള്‍ ഞാന്‍ ഇവിടെ വന്നപ്പോള്‍ കണ്ടു. ഉദാഹരണത്തിന്‌ subway, പോളണ്ടില്‍ നമുക്കങ്ങനെയൊരു വസ്തുവില്ല. പെട്ടെന്ന് എനിക്കെന്റെ ഭാഷ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്നു തോന്നി. ചുറ്റും കാണുന്ന വസ്തുക്കളെക്കുറിച്ചായി എന്റെ ചിന്ത. കുറച്ചുവര്‍ഷങ്ങള്‍ എനിക്കൊന്നും കഴിഞ്ഞില്ല.

? യിദ്ദിഷ്‌ ഭാഷക്ക്‌ ഒരു ഭാവി ഇല്ലെന്ന് തോന്നുന്നുണ്ടോ? അല്ലെങ്കില്‍ അത്‌ മരിച്ചുകൊണ്ടിരിക്കുന്ന ഒരു ഭാഷയായി.....

= ഒരിക്കലുമില്ല, കാരണം 500,600 വര്‍ഷത്തോളമുള്ള ജൂതചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ്‌ ഇത്‌. ഈ ചരിത്രം പഠിക്കണമെന്നുണ്ടെങ്കില്‍ ഒരാള്‍ക്ക്‌ യിദ്ദിഷ്‌ ഭാഷ പഠിച്ചേ മതിയാകൂ. തന്നെയുമല്ല ആധുനിക ഹീബ്രൂ സാഹിത്യം എന്നു പറയുന്നത്‌ യിദ്ദിഷ്‌ സാഹിത്യത്തിന്റെ സന്തതിയാണെന്നു പറയാം. പൊതുവേ ജൂതന്മാര്‍ ഒന്നും മറക്കുന്നവരല്ല. യിദ്ദിഷ്‌ ഒരിക്കലും വിസ്മരിക്കപ്പെടുകയില്ല.

? സമകാലീന യിദ്ദിഷ്‌ എഴുത്തുകാരെപ്പറ്റി ഓര്‍ക്കുമ്പോള്‍ താങ്കളുടെ പേര്‌ പെട്ടെന്ന് കയറിവരും. പക്ഷെ വേറെ ഒരു പേര്‌ കണ്ടെത്താന്‍ വിഷമവുമാണ്‌ താങ്കള്‍ കാര്യമായി പരിഗണിക്കുന്ന യിദ്ദിഷ്‌ എഴുത്തുകാര്‍ ഉണ്ടോ?

= ഉവ്വ്‌. A. Zeitlin ഒരു മഹാനായ കവിയാണ്‌. തോമസ്‌ ഹാര്‍ഡിയുടെ കവിതകളുടെ മൂല്യം ഞാന്‍ അവയില്‍ കാണുന്നു. പിന്നെ David Bergson, Sholem Asch... പിന്നെ ഒരുപോളിഷ്‌ എഴുത്തുകാരനുണ്ട്‌; A.M. Fuchs. അയാള്‍ ഒരു നല്ല എഴുത്തുകാരനാണെങ്കിലും , ഒരേ വിഷയം തന്നെയാണ്‌ കൈകാര്യം ചെയ്യുന്നത്‌. ഇപ്പോള്‍ യിദ്ദിഷ്‌ എഴുത്ത്‌ പഴഞ്ചന്‍ ശൈലിയിലാണെന്ന ഒരു കാഴ്ചപ്പാട്‌ ഉണ്ട്‌. എന്തെന്നാല്‍ ആധുനിക യിദ്ദിഷ്‌ എഴുത്തുകാരന്‍ യഥാര്‍ത്ഥ ജൂത ജീവിതത്തെപ്പറ്റിയൊന്നും തന്നെ എഴുതുന്നില്ല. അവന്‍ ഏതോ ബോധോദയത്തിന്റെ സന്തതിയാണ്‌. ജൂതസംസ്കാരത്തില്‍ നിന്നകന്നുമാറി ആഗോളജീവി ആകണമെന്ന ആശയം പേറുന്നവര്‍. എന്നാല്‍ ഇവര്‍ ഈ പറയുന്ന ആഗോളജീവിയാകാന്‍ എത്രയധികം ശ്രമിക്കുന്നുവോ അത്രയും അവര്‍ പ്രവിശ്യവല്‍കരിക്കപ്പെടുന്നു. ഇതാണ്‌ ദുരന്തം; മുഴുവന്‍ യിദ്ദിഷ്‌ സാഹിത്യത്തിനും ഇതു സംഭവിച്ചിട്ടിലെങ്കിലും. ദൈവത്തിനു സ്തുതി. എഴുത്താരംഭിച്ചപ്പോളേ എനിക്ക്‌ ഈ ദൗര്‍ഭാഗ്യത്തെ ഒഴിവാക്കാന്‍ സാധിച്ചു. എല്ലാവരും നിരുത്സാഹപ്പെടുത്തിയെങ്കിലും! അവര്‍ ചോദിച്ചു:'നീ എന്താണ്‌ പിശാചിനെയും കുട്ടിച്ചാത്തന്മാരെയും പറ്റി എഴുതുന്നത്‌? ജൂതന്മാരുടെ പ്രശ്നങ്ങള്‍, സിയണിസം, സോഷ്യലിസം, അങ്ങനെ എന്തെല്ലാം വിഷയങ്ങള്‍ കിടക്കുന്നു? അങ്ങിനെയങ്ങിനെ. പക്ഷെ എന്റെ ഉള്ളിലുള്ള എന്തോ ഒന്ന് അതിനെ നിരസിച്ചു. അവര്‍ എന്നെ പഴഞ്ചനെന്ന് മുദ്രകുത്തി. പുറകിലേക്ക്‌ നടന്ന് ഇല്ലാതായിപ്പോയ തലമുറകളെപ്പറ്റി എഴുതുന്നവനെന്നും പ്രതിലോമകാരിയെന്നും വരെ എന്നെ വിശേഷിപ്പിച്ചു. ചെറുപ്പക്കാരായ എഴുത്തുകാര്‍ ശാഠ്യബുദ്ധിക്കാരായിരിക്കും. മറ്റുള്ളവര്‍ എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നത്‌ ചെയ്യാതിരിക്കുക എന്ന സ്വഭാവത്തില്‍ എനിക്കൊരിക്കലും വിഷമിക്കേണ്ടി വന്നിട്ടില്ല.
 


? ആ തരത്തിലുള്ള എഴുത്ത്‌ എന്നു പറഞ്ഞത്‌ യൂണിയനെക്കുറിച്ചുമൊക്കെയുള്ള എഴുത്താണോ...

= അതെ, യൂണിയനുകളെ, കുടിയേറ്റങ്ങളെ, പുരോഗതികളെ, antisemtism ഇവയെക്കുറിച്ചൊക്കെയുള്ള എഴുത്ത്‌. ഒരു തരം ജേര്‍ണലിസ്റ്റിക്‌ എഴുത്താണിവ. നല്ല ലോകം എന്ന് അവര്‍ വിളിക്കുന്ന ഒരു സംഗതി ഉണ്ടാക്കിയെടുക്കാനുള്ള അല്ലെങ്കില്‍ ജൂതന്മാരുടെ സ്ഥിതി ഭേദപ്പെടുത്താനുള്ള എഴുത്ത്‌. ഇത്തരത്തിലുള്ള എഴുത്ത്‌ ഇരുപതുകളിലെ പരിഷ്‌കാരമായിരുന്നു. യിദ്ദിഷ്‌ എഴുത്തുകാര്‍ ഒരിക്കലും അതില്‍ നിന്ന് കരകയറിയില്ല.

? താങ്കള്‍ ഒരു നല്ല ലോകത്തില്‍ വിശ്വസിക്കുന്നില്ല?

= തീര്‍ച്ചയായും വിശ്വസിക്കുന്നു. പക്ഷെ ഭാവനാസൃഷ്ടി നടത്തുന്ന എഴുത്തുകാരന്‍ ലോകത്തെ നന്നാക്കാനായി കുത്തിയിരുന്ന് ഒരു നോവല്‍ എഴുതിയതുകൊണ്ട്‌ ഒന്നും നേടുന്നില്ല. നല്ല ലോകം ഉണ്ടാക്കിയെടുക്കേണ്ടത്‌ ജനങ്ങളാണ്‌, രാഷ്ട്രീയക്കാരാണ്‌, ഭരണാധികാരികളാണ്‌, സാമൂഹ്യപ്രവര്‍ത്തകരാണ്‌. ഒരു കാര്യം ഞാന്‍ ഉറപ്പിച്ചുപറയാം. നോവലിസ്റ്റുകള്‍ക്ക്‌ നല്ല ലോകം സൃഷ്ടിച്ചുകൊടുക്കാന്‍ ആവില്ല. പകരം അവര്‍ ഒരു നല്ല നോവല്‍ സൃഷ്ടിക്കുക, അത്രയും മതി.

? പ്രകൃതിയുടെ നിഗൂഢമായ ശക്തി കടന്നുവരുന്നുണ്ട്‌ താങ്കളുടെ എല്ലാ എഴുത്തിലും. പ്രത്യേകിച്ചു ചെറുകഥകളില്‍. എന്താണ്‌ താങ്കള്‍ക്ക്‌ ഇതിനോട്‌ ഇത്ര പ്രതിപത്തി? വ്യക്തിപരമായി അങ്ങനെയൊരു അജ്ഞാതശക്തി പ്രകൃതിക്കുണ്ടെന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?

= പരിപൂര്‍ണ്ണമായി വിശ്വസിക്കുന്നു. അതാണ്‌ എന്റെ മനസ്സില്‍ എപ്പോഴും ആ supernatural കടന്നുവരുന്നത്‌. എന്നെ മിസ്റ്റിക്‌ എന്ന് വിശേഷിപ്പിക്കാമോ എന്നെനിക്കറിയില്ല. പക്ഷെ നമ്മളെല്ലാം ആ നിഗൂഢശക്തിയാല്‍ വലയം ചെയ്യപ്പെട്ടിരിക്കയാണെന്ന് എനിക്കെപ്പോഴും തോന്നും. ടെലിപ്പതിയും അതീന്ദ്രിയജ്ഞാനവും(clair voyance) എല്ല പ്രേമകഥകളിലും മനുഷ്യന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അവയുടേതായ പങ്കു വഹിക്കുന്നുണ്ടെന്ന് ഞാന്‍ പറയും. ആയിരക്കണക്കിന്‌ വര്‍ഷങ്ങള്‍ ജനങ്ങള്‍ കമ്പിളി ഉടുപ്പുകള്‍ ധരിച്ചു. രാത്രികളില്‍ വസ്ത്രം ഉരിയുമ്പോള്‍ അവര്‍ അതില്‍ തീപ്പൊരികള്‍ കണ്ടു. പലരും ഇതിനെപ്പറ്റി പുറത്ത്‌ സംസാരിച്ചില്ല. ചിലപ്പോള്‍ മന്ത്രവാദികളായോ യക്ഷികളായോ തങ്ങള്‍ സംസയിക്കപ്പെടുമെന്ന് ഭയന്ന്. ഇന്നു നമുക്കറിയാം ഈ തീപ്പൊരികള്‍ യഥാര്‍ത്ഥ ശക്തിയായിരുന്നെന്നും ഇന്നു ലോകത്തെ നയിക്കുന്ന വൈദ്യുതിയാണെന്നും. ഞാന്‍ പറയുന്നു നമ്മളടക്കം എല്ലാ തലമുറകളും ഇത്തരത്തിലുള്ള തീപ്പൊരികള്‍ കാണുന്നുണ്ട്‌. നമ്മളവയെ അവഗണിക്കുന്നു. കാരണം ഇന്നത്തെ ശാസ്ത്രത്തിന്റെയും അറിവിന്റെയും ചട്ടക്കൂടുകളില്‍ ഇവയെ ഒതുക്കാന്‍ നമുക്ക്‌ സാധിക്കുന്നില്ല. ഈ തീപ്പൊരികളെ പുറത്തേക്ക്‌ കൊണ്ടുവരിക എഴുത്തുകാരുടെ ജോലിയും അതേസമയം സംതൃപ്തിയും ചുമതലയുമാണെന്ന് ഞാന്‍ വിചാരിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ടെലിപ്പതിയും അതീന്ദ്രിയജ്ഞാനവും...

? ചെകുത്താന്മാരും....

= അതെയതെ, ചെകുത്താന്മാരും കുട്ടിപ്പിശാചുക്കളും ഭൂതങ്ങളും.. ജനങ്ങള്‍ അന്ധവിശ്വാസമെന്ന് ആക്ഷേപിക്കുന്ന ഇവയെല്ലാം തന്നെ ഞാന്‍ ഇപ്പോള്‍ പറഞ്ഞ നമ്മള്‍ അവഗണിക്കുന്ന sparks ആണ്‌.

? താങ്കള്‍ പറഞ്ഞ തീപ്പൊരി വൈദ്യുതി ആയി വിശദീകരിക്കപ്പെട്ടതുപോലെ ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം ശാസ്ത്രീയമായി തെളിയിക്കപ്പെടുമെന്ന് താങ്കള്‍ക്ക്‌ തോന്നുന്നുണ്ടോ?

= ശാസ്ത്രത്തിന്റെ ആശയം തന്നെ, എന്താണ്‌ ശാസ്ത്രീയം എന്താണ്‌ അല്ലാത്തത്‌ എന്ന ആശയം തന്നെ കാലത്തിനനുസരിച്ച്‌ മാറുമെന്നാണ്‌ എനിക്കു തോന്നുന്നത്‌. എല്ലാ ശാസ്ത്രസത്യങ്ങളും പരീക്ഷണശാലയില്‍ ആവര്‍ത്തിച്ചു തെളിയിക്കാന്‍ കഴിയണമെന്നില്ല. ഇവിടെ വളരെയേറെ യാഥാര്‍ത്ഥ്യങ്ങളുണ്ട്‌,പരീക്ഷണശാലയില്‍ തെളിയിക്കാന്‍ കഴിയാത്തതും എന്നാല്‍ ഇപ്പോഴും യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുന്നതും. നെപ്പോളിയന്‍ ഇവിടെ ഉണ്ടായിരുന്നു എന്നത്‌ പരീക്ഷണശാലയില്‍ വെച്ച്‌ തെളിയിക്കാനാവുമോ? എന്നിട്ടും നമ്മള്‍ വിശ്വസിക്കുന്നില്ലേ അതൊരു യഥാര്‍ത്ഥ്യമായിരുന്നെന്ന്. അതൊരിക്കലും വൈദ്യുതി പോലെ കൃത്യമായി തെളിയിക്കാവുന്നതല്ലല്ലോ? ഞാന്‍ പറഞ്ഞ കാര്യങ്ങളുടെ അവസ്ഥയും അതുതന്നെ; അവയും ഈ പറഞ്ഞതുപോലെ പരീക്ഷണം നടത്തി തെളിയിക്കാന്‍ പറ്റാവുന്നവ അല്ല. എന്നുവച്ച്‌ ഇവയൊന്നും സത്യമല്ലാതാകുന്നില്ല. ഒരുദാഹരണത്തിന്‌ ടാലന്റ്‌ എന്ന സംഗതി എടുക്കാം. നിങ്ങള്‍ക്ക്‌ ടാലന്റിനെ എടുത്ത്‌ ലാബറട്ടറിയില്‍ കൊണ്ടുചെന്ന് ഇനി ഒരു കവിത എഴുത്‌ എന്ന് പറയാന്‍ കഴിയില്ലല്ലോ. അതേസമയം നമുക്കറിയാം ടാലന്റ്‌ എന്ന സംഗതി നിലവിലുള്ള ഒരു കാര്യമാണെന്ന്. ഒരു കാര്യം സത്യമാണെങ്കില്‍ അത്‌ ശാസ്ത്രീയമാണ്‌, അത്‌ ലാബറട്ടറിയില്‍ പുനര്‍നിര്‍മ്മിക്കാന്‍ സാധിക്കുന്നതായിരിക്കണമെന്നില്ല. ഭാവിയില്‍ ലോകം ഈ സത്യങ്ങളിലേക്ക്‌ ശ്രദ്ധ തിരിക്കുമെന്നാണ്‌ എന്റെ വിശ്വാസം.


? അപ്പോള്‍ പിശാച്‌? താങ്കളുടെ പല കൃതികളിലെയും മുഖ്യകഥാപാത്രം പിശാചാണ്‌.

= സ്വാഭാവികമായും. ചെകുത്താന്‍, പിശാച്‌ ഇവയൊക്കെ ഞാന്‍ ബിംബങ്ങളായി ഉപയോഗിക്കാറുണ്ട്‌. അതിനു കാരണം എനിക്കവയോട്‌ അനുഭാവമുണ്ടെന്നതാണ്‌. ഞാന്‍ ഇപ്പോഴും ജീവിക്കുന്നത്‌ നിഗൂഢമായ ചില ശക്തികളാല്‍ ചുറ്റപ്പെട്ടുകൊണ്ടുതന്നെയാണെന്ന് വിശ്വസിക്കുന്നു. ഒരു മുറിയില്‍ രാത്രി ഒറ്റക്കായാല്‍ ആറുവയസ്സുള്ളപ്പോഴുണ്ടായിരുന്ന അതേ പേടി എനിക്കിന്നുമുണ്ട്‌. പല വമ്പന്‍ യുക്തിവാദികളുമായി ഞാന്‍ സംസാരിച്ചിട്ടുണ്ട്‌. അവരെല്ലാം തന്നെ ഒരു മഞ്ഞുകാല രാത്രിയില്‍ ഒരു മൃതദേഹം വെച്ചിരിക്കുന്ന മുറിയില്‍ കിടന്ന് ഉറങ്ങാന്‍ ധൈര്യമുണ്ടോ എന്ന എന്റെ ചോദ്യത്തിനുമുന്നില്‍ വിറച്ചുപോയിട്ടുമുണ്ട്‌. ഇതുകാണിക്കുന്നത്‌ മുമ്പു നമ്മള്‍ പറഞ്ഞ ആ supernaturals എല്ലാവരും ഭയക്കുന്നുണ്ടെന്നുതന്നെയാണ്‌. ആ പേടി നമ്മള്‍ എന്തുകൊണ്ടുപയോഗിക്കുന്നില്ലെന്നതിന്‌ ഒരു ന്യായീകരണവുമില്ല.കാരണം നിങ്ങള്‍ ഒരു സംഗതിയെ ഭയക്കുന്നുവെങ്കില്‍ അതിനര്‍ത്ഥം ആ സംഗതി നിലനില്‍ക്കുന്ന ഒന്നാണെന്ന് സമ്മതിക്കുന്നു എന്നാണ്‌.നിലവിലില്ലാത്ത ഒന്നിനെ നമ്മള്‍ ഭയപ്പെടുകയില്ലല്ലോ.

? പക്ഷെ എന്റെ അറിവില്‍പ്പെട്ടിടത്തോളം താങ്കളാണ്‌ പിശാചിനെപ്പറ്റി എഴുതുന്ന ഒരേയൊരു ജൂതന്‍. ഹീബ്രൂ സാഹിത്യം പോലും പൈശാചികമായ പ്രമേയങ്ങള്‍ ഒഴിവാക്കുന്നു.

= യിദ്ദിഷ്‌/ ഹീബ്രൂ സാഹിത്യം ഇന്ന്, ഞാന്‍ നേരത്തേ പറഞ്ഞതുപോലെ ജ്ഞാനോദയത്തിന്റെ പിടിയിലാണ്‌. ആധുനിക എഴുത്തുകാര്‍ കരുതുന്നത്‌ ഇന്നത്തെ സാഹിത്യം യുക്തിയില്‍ അധിഷ്ഠിതമായിരിക്കണം, യഥാര്‍ത്ഥമായിരിക്കണം എന്നാണ്‌. ഞാന്‍ എഴുതിത്തുടങ്ങുമ്പോള്‍ അവര്‍ എന്നെ തികച്ചും ഒരു പ്രതിലോമകാരിയായ എഴുത്തുകാരനായിട്ടാണ്‌ കണക്കാക്കിയിരുന്നത്‌. പഴയ ഇരുണ്ട കാലത്തേക്ക്‌ തിരിച്ചുപോകുന്നവനായിട്ട്‌. അതിനാല്‍ അവര്‍ എന്നെ തിരസ്കരിച്ചു. പക്ഷെ ഇന്ന് ഈ വിധത്തിലുള്ള എന്റെ എഴുത്ത്‌ ഒരു പരിധിവരെ വിജയം വരിച്ചതുകൊണ്ട്‌ അവര്‍ ഇതിനോട്‌ രാജിയാവാന്‍ തയ്യാറായിട്ടുണ്ട്‌.

തുടരും...

comments