
2006 നവംബര്‍ 23 മുതല്‍ ഡിസംബര്‍ 2 വരെ നീണ്ട ഇന്ത്യയുടേ 37- മത്
അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പെഡ്രോ അമോദവറിന്റെ വോള്‍വറില്‍ തുടങ്ങി
അമേരിക്കന്‍ ചലച്ചിത്രമായ ബാബേല്‍ വരെ ഇരുന്നൂറോളം സിനിമകള്‍
പ്രദര്‍ശിക്കപ്പെട്ടു. ഈ വര്‍ഷത്തെ ലോകസിനിമയിലെ മികച്ച രചനകള്‍, ഏഷ്യന്‍,
ആഫ്രിക്കന്‍,ലാറ്റിനമേരിക്കന്‍ സിനിമകളുടെ മല്‍സരവിഭാഗം,
റിട്രോസ്പെക്ടീവുകള്‍ ഇന്ത്യന്‍ പനോരമ, 2006ല്‍ വാണിജ്യവിജയം നേടിയ
ഇന്ത്യന്‍സിനിമകള്‍ ഇങ്ങനെ അഞ്ചു പ്രധാന വിഭാഗങ്ങളിലായിട്ടാണ്
ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. ഗോവ ഇന്ത്യന്‍ അന്താരാഷ്ട്ര
ചലച്ചിത്രമേളയുടെ പ്രധാന വേദിയായതോടെ കൂടുതല്‍ വാണിജ്യവല്‍കരിക്കപ്പെട്ടു
എന്ന വിമര്‍ശനം വസ്തുതാപരമായി നിലനില്‍ക്കെത്തന്നെ ഇക്കുറി
മല്‍സരവിഭാഗത്തില്‍ അവസാനപരിഗണനക്ക് വന്ന പത്തു സിനിമകളും
പാര്‍ശ്വവല്‍കരിക്കപ്പെട്ട ജീവിതങ്ങളെയും ജനവിഭാഗങ്ങളെയും ഭാഷകളെയും മുന്‍
നിര്‍ത്തുന്നു എന്ന നിലയില്‍ ശ്രദ്ധേയമായി. ചൈന, ബംഗ്ലാദേശ്, ഇറാന്‍,
ഇന്ത്യ, കൊറിയ, തായ്‌വാന്‍, അര്‍ജന്റീന, ബ്രസീല്‍, ചിലി, ഇസ്രായേല്‍,
എന്നിവിടങ്ങളില്‍ നിന്നുള്ള ഈ സിനിമകള്‍ ഭൂമിശാസ്ത്രപരമായ
അതിരുകള്‍ക്കപ്പുറം യുവത്വത്തിന്റെ സിനിമ എന്ന് പൊതുവായി
വിശേഷിപ്പിക്കാനാവുന്നവയാണ്. മാറിയ കാലത്തോട്, സമകാലിക രാഷ്ട്രീയ
സ്ഥിതികളോട് സംവദിക്കുന്ന ഈ സിനിമകളുടെ വിചാരലോകം സൂക്ഷ്മവും
കലാത്മകവുമാണ്.

സുവര്‍ണ്ണമയൂരം നേടിയ ചൈനീസ് ചലച്ചിത്രകാരന്‍ Hasi Chaolu ന്റെ 'The Old
Barber' എന്ന സിനിമ പരമ്പരാഗത ജീവിതത്തനിമകളില്‍ നിന്ന് മാറുന്ന ലോകത്തെ
നേരിടുന്ന രീതികള്‍ക്കപ്പുറം, ജീവിതത്തോടും മരണത്തോടുമുള്ള ഒരു സാധാരണ
മനുഷ്യന്റെ കാഴ്ചപ്പാടുകള്‍ കൂടി ഉള്‍ച്ചേരുന്ന സിനിമയാണ്. Hasi Chaolu
ന്റെ മറ്റ് സിനിമകളിലും ഇന്നത്തെ ചൈനീസ് സിനിമകളില്‍ പൊതുവെയും
കാണപ്പെടുന്ന വൃദ്ധരായ പ്രധാന കഥാപാത്രങ്ങള്‍ തലമുറകള്‍ തമ്മിലുള്ള
ദൂരത്തിന്റെ അടയാളങ്ങളെന്നതിനേക്കാള്‍ പുതിയ കാലത്തിന് വേണ്ടതെടുക്കാനുള്ള
കലവറകളാണ്. താരതമ്യേന സംഘര്‍ഷങ്ങള്‍ കുറഞ്ഞ ലളിതജീവിതത്തിന്റെ,
താന്‍പോരിമയുടെ പതാക സൂക്ഷിക്കുന്ന ഇവരിലൂടെ പാരമ്പര്യം ഒരു പുതിയ പാതയായ്
മുന്നില്‍ നിവരുന്നു.പ്രൊഫഷണല്‍ നടന്മാര്‍ ആരും തന്നെ
അഭിനയിച്ചിട്ടില്ലാത്ത ഈ സിനിമ കലയോട് എന്നതിനെക്കാള്‍ ജീവിതത്തോട്
പുലര്‍ത്തുന്ന കൂറ് ശ്രദ്ധേയമാണ്.

തെക്കന്‍ കൊറിയന്‍ ചലച്ചിത്രകാരി ക്യോംഗ് ലി ആനീന്റെ 'A Short Life' എന്ന
സിനിമ മികച്ച സംവിധാനത്തിനുള്ള രജതമയൂരത്തിന് അര്‍ഹമായി. ഒരു ചെറുജീവിതം,
ചന്ദ്രനില്‍ മനുഷ്യനിറങ്ങിയ കാലത്ത് പിറന്ന ഒരു പെണ്ണിന്റെ കഥ പറയുന്നു.
പട്ടാളക്യാമ്പിനരികില്‍ ജീവിച്ച് കൗമാരത്തില്‍ ഗര്‍ഭം അലസിപ്പിച്ച്,
യ്‌ഔവ്വനത്തില്‍ ആത്മഹത്യക്ക് ശ്രമിച്ച് പരാജയപ്പെടുന്ന ഒരു സ്ത്രീയുടെ
മനോനിലകളാണ് ഈ സിനിമ.
പ്രത്യേക ജൂറി പുരസ്കാരം നേടിയ ബംഗ്ലാദേശില്‍ നിന്നുള്ള അബു സെയ്ദിന്റെ
'നിരന്തൂര്‍' എന്ന സിനിമയിലും അനന്തമായ ഒഴുക്കില്‍ ഒലിച്ചുപോകുന്ന
പെണ്‍ജീവിതമാണ് കേന്ദ്രപ്രമേയം. ധാക്കയിലെ ഏറ്റവും താഴെത്തട്ടിലുള്ള
മധ്യവര്‍ഗ്ഗജീവിതത്തില്‍ പുരുഷന്മാര്‍ തൊഴില്‍ ഇല്ലാത്തവരും സ്ത്രീകള്‍
ചൂഷണം ചെയ്യപ്പെടുന്നവരുമാണ്. അന്ധനായ പിതാവും അലസനും ധൂര്‍ത്തനുമായ
സഹോദരനുമുള്ള തിതി എന്ന പെണ്‍കുട്ടിക്ക് കുടുംബം പുലര്‍ത്താന്‍
ലൈംഗികത്തൊഴിലാളിയായി മാറേണ്ടി വരുന്നു. തിതിയെ, അവളുടെ കുടുംബത്തെ,
അവളുമായി ഇടപഴകുന്ന മനുഷ്യരെ മുന്‍വിധിയില്ലാതെ നോക്കിക്കാണുന്നു എന്നതാണ്
ഈ \സിനിമയുടെ പ്രത്യേകത. സംവിധായകന്‍ ഇവിടെ സദാചാരത്തിന്റെ നോട്ടം എടുത്തു
മാറ്റുകയും മനുഷ്യവാണിഭം സാദ്ധ്യമാക്കുന്ന മൂലധനശേഷിയുടെ
പ്രത്യയശാസ്ത്രത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുകയും ചെയ്യുന്നു.

ഇസ്രായേലി സിനിമ 'അവീവ മൈ ലവ്', കുശിനിക്കാരിയായ ഒരു പെണ്ണ്‍
എഴുത്തുകാരിയായി മാറുന്നതിന്റെ ദൃശ്യഭാഷയാണെങ്കില്‍ അര്‍ജന്റീനയില്‍
നിന്നുള്ള 'ഒരു നക്ഷത്രവും രണ്ടു കപ്പ് കാപ്പിയും' എന്ന സിനിമ ചെറിയ
പെണ്‍കുട്ടിയും മുതിര്‍ന്ന മനുഷ്യനുമായുള്ള ബന്ധത്തിന്റെ കഥ പറയുന്നു.
പൊതുവില്‍ ഈ ചലച്ചിത്രങ്ങള്‍, മുഖ്യധാരാ സിനിമകള്‍ അലങ്കരിച്ച്
എഴുന്നള്ളിക്കുന്ന അല്ലെങ്കില്‍ പാര്‍ശ്വവല്‍കരിക്കുന്ന സ്ത്രീ ജീവിതത്തെ
കൂടുതല്‍ യാഥാര്‍ത്ഥ്യ ബോധത്തോടെ പ്രമേയ കേന്ദ്രത്തിലേക്ക് കൊണ്ടു
വരുന്നു.
ഇറാനില്‍ നിന്നുള്ള മുഹമ്മദ് അഹദിന്റെ 'ചപ്പു ചവറുകളുടെ കവി' എന്ന സിനിമ
തെരുവ് വൃത്തിയാക്കുന്ന ഒരാളുടെ ജീവിതം പിന്തുടരുമ്പോള്‍ 'ചുവന്ന പരവതാനി'
എന്ന ബ്രസീലിയന്‍ സിനിമയിലെ പ്രധാന കഥാപാത്രം ഒരു കൃഷിക്കാരനാണ്. മകന്‍
സിനിമക്ക് കൊണ്ടുപോകണം എന്നാവശ്യപ്പെടുമ്പോള്‍ അയാള്‍ തന്റെ പിതാവ്
ചെയ്തപോലെ കഴുതപ്പുറത്ത് നഗരത്തിലേക്ക് പോകുന്നു. നഗരത്തില്‍ വെച്ച്
അയാള്‍ക്ക് കഴുതയെ നഷ്ടപ്പെടുന്നു. മകനെയും ഭാര്യയെയും കാണാതാവുന്നു. കാലം
മാറിയതറിയാതെ ഇടം മാറി പ്രവേശിക്കുന്ന ഒരാള്‍ ഉയര്‍ത്തുന്ന ചിരിയിലൂടെ
അയാള്‍ ചെന്നുപെടുന്ന വിഷമഘട്ടങ്ങളെ ഈ സിനിമ തൊടുന്നു.

നാടകരംഗത്ത് ശ്രദ്ധേയനായ Ahsan Muzid സംവിധാനം ചെയ്ത അരുണാചലിലെ ആദിവാസി
ഭാഷയായ 'moupa' യിലുള്ള ആദ്യ ഫീച്ചര്‍ ഫിലിമാണ് 'സോനം'. ആദിവാസി
ജീവിതത്തെയും ബഹുഭര്‍തൃത്വം ഉള്‍പ്പെടെയുള്ള അവരുടെ സവിശേഷ സംസ്കാരങ്ങളെയും
മുന്‍നിര്‍ത്തുന്ന ഈ സിനിമ ശ്രദ്ധ നേടുന്നത് വേരറ്റു പോകുന്ന ഒരു ഭാഷക്ക്
പുതുജീവന്‍ നല്‍കാനുള്ള ശ്രമം എന്ന നിലക്കു കൂടിയാണ്.
സിനിമ ഏറ്റവും ആധുനികമായ കലയായിരിക്കുന്നത് സാങ്കേതികമായി മാത്രമല്ല
അതിന്റെ വിചാരലോകം കൊണ്ടുകൂടിയാണെന്ന് ഇന്നത്തെ ഏഷ്യന്‍ ലാറ്റിനമേരിക്കന്‍
സിനിമകള്‍ വെളിപ്പെടുത്തുന്നു.
comments