എഡിറ്റോറിയല്‍

ഈ ഭരണം ഇങ്ങനെ വിലയിരുത്തപ്പെടുന്നു.
 

 


വിപുലമായ
ഒരു ജനപിന്തുണയെ ആറുമാസം കൊണ്ട്‌ തിരുവമ്പാടി തലത്തിലേക്ക്‌ കൊണ്ടു വരാന്‍ അസാധാരണമായൊരു വൈഭവം വേണം.കേരളത്തിന്റെ പൊതു ഭരണത്തില്‍ അര്‍ബുദം പോലെ പടര്‍ന്ന അഴിമതി ഉള്‍പ്പെടെ അടിസ്ഥാന പ്രശ്നങ്ങളെ ഒന്നും അഭിമുഖീകരിക്കാതെ അലസവും ഉദാസീനവുമായി അതു നീളുന്നു. മുഖ്യമന്ത്രിയായ നാളുകളില്‍ ഉമ്മന്‍ ചാണ്ടിക്ക്‌ സൃഷ്ടിക്കാന്‍ കഴിഞ്ഞ ഉണര്‍വോ പ്രത്യാശയോ പോലും കേരളത്തിനു നല്‍കാന്‍ കഴിയാത്ത ഇടതുപക്ഷ ഭരണം, ഇടതുപക്ഷം എന്ന നിലക്കുള്ള അതിന്റെ നിലനില്‍പിനെത്തന്നെ മാച്ചുകൊണ്ടിരിക്കുന്നു.

തിരുവമ്പാടിയില്‍ 246 വോട്ടിന്റെ ഭൂരിപക്ഷം നേടാനായത്‌ കരുണാകരന്റെയും മുരളിയുടെയും അദ്ധ്വാനം കൊണ്ടു കൂടിയാണെന്ന് പരസ്യ പ്രസ്താവന നടത്തുന്ന പാര്‍ട്ടി സെക്രട്ടറി എന്താണ്‌ അര്‍ത്ഥമാക്കുന്നത്‌? ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീരു കാണണം എന്ന നിലപാടിലേക്ക്‌ എങ്ങനെയാണ്‌ അദ്ദേഹം എത്തിച്ചേരുന്നത്‌? '2010ല്‍ ഞങ്ങളുടെ പാര്‍ട്ടി അധികാരത്തില്‍ വരും' എന്ന് നടന്‍ ദേവന്‍ പറയുന്നതുപോലെ ഞാനില്ലെങ്കില്‍ കേരളമില്ലെന്ന് പുലമ്പുന്ന കരുണാകരന്റെ കോളാമ്പിയായി സി.പി.എം. സംസ്ഥാന സെക്രട്ടറി എങ്ങനെയാണ്‌ മാറുന്നത്‌? ഈ വിജയം അക്ഷരാര്‍ത്ഥത്തിലുള്ള പരാജയമാണെന്ന് അദ്ദേഹം തുറന്ന് സമ്മതിക്കുകയാണെങ്കില്‍ ഈ നിലയിലേക്ക്‌ കാര്യങ്ങളെ എത്തിച്ചതില്‍ നിന്നുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് പാര്‍ട്ടി സെക്രട്ടറി എങ്ങനെ ഒഴിഞ്ഞു മാറും?

ചെറിയ മനുഷ്യരുടെ ഗര്‍വുകളുടെയും അല്‍പത്തങ്ങളുടെയും കൂടാരമായി മാറും വിധം കേരള രാഷ്ട്രീയം അരാഷ്ട്രീയവല്‍കരിക്കപ്പെട്ടു കഴിഞ്ഞു.ഒടുക്കം മാത്രം ദേശവും ജനതയും പരിഗണിക്കപ്പെടുന്നു.

ഇടതുപക്ഷ മന്ത്രിസഭയിലെ ഗണ്യമായൊരു വിഭാഗം അവരിലര്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാനുള്ള പ്രാപ്തിയുള്ളവരല്ല. മറ്റൊരു വിഭാഗം മെല്ലെപ്പോക്ക്‌ നയം സ്വീകരിച്ചുകൊണ്ട്‌ ബോധപൂര്‍വ്വം മരവിപ്പ്‌ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. ഭരണത്തിന്‌ വേഗം പോരെന്ന് വി.എസ്‌ തുറന്നുപറയുന്നതും ഇതുകൊണ്ടു തന്നെ.കേരളത്തില്‍ കൃത്യമായ ഇടവേളകളില്‍ ആളുകള്‍ മാത്രം മാറുന്നു. മറ്റൊന്നും മാറുകയില്ലെന്നുറപ്പിക്കപ്പെടുന്നതിന്റെ പ്രതിസന്ധി വിശദമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്‌. ഇന്ന് കേരളത്തില്‍ രണ്ടു പക്ഷങ്ങളില്ല . ഒറ്റപക്ഷമേയുള്ളു.ഒറ്റച്ചിറകിന്‌ ആകശമില്ലാത്തതിനാല്‍ വേഗത കിട്ടാത്ത ജനതയായി നാം കാലത്തിന്‌ പിന്നിലേക്ക്‌ തള്ളപ്പെടുന്നു.
 

comments