നിരീക്ഷണം

കരുണാകരന്‍

'കൃഷ്ണാ കൃഷ്ണാ'

 


ശ്രീകൃഷണനെ ഞാന്‍ കണ്ടത്‌ ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്‌. ഒരു രാത്രി, അത്രയൊന്നും പ്രകാശമില്ലാത്ത വൈദ്യുതവിളക്കുകള്‍ക്കു കീഴെ അനവധി നിശാശലഭങ്ങള്‍ വട്ടമിടുന്ന പീലിക്കിരീടം വെച്ച്‌ നീണ്ടകണ്ണുകളും ചുവന്ന ചുണ്ടും മിന്നുന്ന ഓടക്കുഴലുമായി ആ നീലമുഖം മോഹിപ്പിച്ചു. അന്ന്, മെലിഞ്ഞ്‌ എന്നോളം മാത്രം പ്രായമുള്ള കൃഷ്ണന്റെ അരികിലേക്ക്‌ അത്രമാത്രം വലുപ്പമുള്ള വെളുത്ത സുന്ദരിയായ രാധയും വന്നു. രണ്ടുപേരും ' രാസലീലക്ക്‌ വൈകിയതെന്തു നീ, രാജീവലോചനേ' എന്നു പാടി നിശാശലഭങ്ങള്‍ക്കും പല നിറങ്ങളില്‍ പ്രത്യക്ഷപ്പെട്ട വെളിച്ചത്തിനുമൊപ്പം നൃത്തം ചെയ്തു. അന്നത്തെ ആ സ്കൂള്‍വാര്‍ഷികത്തില്‍ സഹപാഠിനികള്‍ അവതരിപ്പിച്ച 'കൃഷ്ണാനുഭവം' പിന്നീടൊരിക്കലും ഉണ്ടായില്ല.

അത്രയും പെട്ടെന്നായിരുന്നു ഭാഗവത കഥയും മാറിയത്‌.

അമ്പലങ്ങള്‍ ദേവസ്വങ്ങളേയും നിയന്ത്രിക്കുന്ന ഭരണാധികാരികളുടെ പാര്‍ട്ടിഭണ്ഡാരങ്ങള്‍ ആയതോടെ കൃഷ്ണന്‍ പ്രഭുവും ആഢംബരശീലനുമായി. ഗുരുവായൂരിനു ചുറ്റും എച്ചിലുകളുടെ നനവോടെ ഉയര്‍ന്ന നിര്‍ത്താതെ സംസാരിക്കുന്ന ഈച്ചകള്‍ക്കൊപ്പം കമ്പവും കല്യാണവും യേശുദാസിന്റെ ഒച്ചയും കെട്ടിടങ്ങളും കേശവന്റെ പ്രതിമയും വലയം ചെയ്തു കഴിഞ്ഞതോടെ, അല്ലെങ്കില്‍ അതിനും മുമ്പ്‌, അതൊരു ടൗണായി- ദ്വാരക എന്ന് തെറ്റിദ്ധരിക്കാന്‍ മാത്രം.

പിന്നീട്‌ പിന്നീട്‌ വ്യഭിചാരവും ആത്മഹത്യകളും ആ രാജപുരിയെ ശാപത്തിന്റെ സമുദ്രത്തിലേക്ക്‌ താഴ്ത്തി താഴ്ത്തി കൊണ്ടുപോയി. കഥയ്ക്കും ചരിത്രത്തിനുമിടയില്‍ ക്ഷേത്രവും ക്ഷേത്രാചാരവും ദൈവത്തെ പിന്തള്ളുന്ന സന്ദര്‍ഭമാണിത്‌. പൗരോഹിത്യത്തിന്റെ ഒരു ഭൂതകാലം നമുക്ക്‌ ഓര്‍മ്മ വരും. അതേ പൗരോഹിത്യം തന്നെ പുതിയ രാഷ്ട്രീയാധികാരമാകുമ്പോഴും മറിച്ചല്ല സ്ഥിതി. ദൈവത്തെ, നന്മയുടെ ഏതൊരു സങ്കല്‍പത്തെയും, അങ്ങനെ അട്ടിമറിക്കുന്നു.

ചരിത്രത്തിന്റെ നിശിതമായ നിറവുകളില്‍ ദൈവങ്ങള്‍ വന്നു നില്‍ക്കില്ല. പകരം ദൈവങ്ങളുടെ പ്രതിനിധികള്‍ വരും. അവര്‍ അധികാരത്തിന്റെ ചൂരലേന്തും.തെരുവുകളില്‍ രഥയാത്രകളും ഭവനങ്ങളില്‍ വാതുവെപ്പുകളും നടത്തും. രണ്ടിലും 'ശത്രുനിഗ്രഹ'ത്തിനായുള്ള ഭാഗ്യക്കുറി,ഒരൊറ്റ അസാധുപോലും ഇല്ലാതെ,നമ്പറിട്ടു വില്‍ക്കുന്നു.

തന്നെ നിന്ദിച്ചവരോടും തനിക്കു വേണ്ടാത്തവരോടും കൃഷ്ണന്‍ സഹിഷ്ണുത കാണിച്ചതായി അറിയില്ല. എന്നാല്‍, നന്മയിലേക്ക്‌ തിരിച്ചിടുന്ന ഒരു പൂര്‍വ്വകഥകൊണ്ടോ ജന്മദോഷം കൊണ്ടോ തന്റെ ഹിംസ തന്റെ തന്നെ സ്മൃതിയും ജീവിതവുമാക്കുന്ന ഒരു ദേവലോകഭാഷ ആ അഖ്യാനങ്ങളിലൊക്കെയുമുണ്ട്‌. ദേവലോകത്തിന്റെ ധ്വനിയും സ്പര്‍ശവും ആ കഥകളില്‍ അങ്ങനെ അനുഭവിക്കാനാകും. ഭാഗവതകഥകളില്‍ ഈ നായകന്‍ അങ്ങനെ തന്റെ വിരുതും തന്ത്രവുമായി ഒരു യുദ്ധപ്രഭുവിനെപ്പോലെ കഴിഞ്ഞു. അയാള്‍ക്ക്‌ ചരിത്രത്തിലേക്ക്‌ അപ്പോഴും പടവുകളില്ല. എന്തെന്നാല്‍ കല്‍പനാസൃഷ്ടമായ സന്ദര്‍ഭങ്ങള്‍ ചരിത്രത്തെ നേരോടെ അഭിമുഖീകരിക്കുന്നില്ല. യാഥാര്‍ത്ഥ്യത്തെ ഭാവനയില്‍ തപ്പുന്നതു കഥയാണ്‌. ലോകം ലോകത്തെ പുതുതായി എപ്പോഴും നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ ഭാവന, വര്‍ത്തമാനത്തിന്റെ തിളക്കമുള്ള കണ്ണുകള്‍ സ്വീകരിക്കുന്നുണ്ടാകും. മൂര്‍ത്തമായ സാമൂഹ്യാനുഭവങ്ങളെ കാണുന്നുണ്ടാകും. അവിടെയും കഥ കഥയായി തന്നെ പിന്‍വാങ്ങുന്നു.

ഭഗവത്ഗീതയിലൂടെ ചരിത്രത്തിലേക്ക്‌ കൈപിടിച്ചിറക്കിയ കൃഷ്ണനോടൊപ്പം തിലകനും ഗാന്ധിയും ചിന്മയാനന്ദനുമൊക്കെ നടക്കാന്‍ പോയിട്ടുണ്ട്‌. ആ കഥാനായകനെ തങ്ങളുടെ തന്നെ ജീവചരിത്രത്തിന്റെ എഴുത്തുകാരനാക്കാന്‍ പോന്ന വിധത്തില്‍ ഇവരൊക്കെയും ആ സന്ദര്‍ഭത്തെ വിവരിച്ചിട്ടുണ്ട്‌. അപ്പോഴും കല്‍പനാസൃഷ്ടമായ സന്ദര്‍ഭങ്ങള്‍ ഒറ്റക്കു നില്‍ക്കില്ല. അത്തരം അവസരങ്ങളില്‍ തനിക്കു നില്‍ക്കാന്‍ ഏതൊരു 'ചരിത്രപുരുഷനും' ചെയ്യുന്ന കര്‍മ്മം അധികാരത്തെ കൈയ്യാളുക എന്നതാണ്‌. കൃഷ്ണന്‍ പാര്‍ത്ഥസാരഥിയായി. അപ്പോഴും ബാക്കിയുള്ള മുഴുവന്‍ ചരിത്രവും മനുഷ്യരുടെ ഉപ്പും ചോരയുമായി വേറിട്ടു കിടന്നു. ചരിത്രം കഥയാവാതിരിക്കുന്നത്‌ അതുകൊണ്ടാണ്‌.

വാസ്തവത്തില്‍ സമ്മാനം കിട്ടാതെയെങ്കിലും താന്‍ കെട്ടിയ വേഷം അഴിച്ചുവെക്കാന്‍ വിസമ്മതിച്ച്‌ ഗ്രീന്‍റൂമില്‍ മുഖം വീര്‍പ്പിച്ച്‌ ഈര്‍ഷയോടെ നില്‍ക്കുന്ന ഒരു ബാലനര്‍ത്തകനെ ഓര്‍മ്മ വരും., ഇപ്പോള്‍ ശ്രീകൃഷ്ണനെ ഓര്‍ക്കുമ്പോള്‍. പത്ത്‌ അവതാരങ്ങളിലും മികച്ച ആ വേഷമാണ്‌ ശരിയായി സമ്മാനിക്കപ്പെടാതെ പോയത്‌ എന്ന് ഓര്‍ക്കുമ്പോള്‍ ഇങ്ങനെയൊരു സങ്കല്‍പത്തിന്‌ സങ്കടവും പകരും. സത്യം ഇങ്ങനെയാണ്‌: നമ്മുടെയൊക്കെ ജീവിതത്തില്‍ ശ്രീകൃഷ്ണനും ശ്രീരാമനുമുള്ള പങ്കിനേക്കാള്‍ അദ്വാനിക്കും സിംഗാളിനും മാതാ അമൃതാനന്ദമയിക്കുമുണ്ട്‌. അവര്‍ പീലിക്കിരീടം വെക്കുന്നത്‌ ഫാന്‍സിഡ്രസ്സിന്റെ ഭംഗിയിലല്ല. തങ്ങളുടെ അധികാരനിര്‍വ്വഹണ സമയങ്ങളില്‍ ഒരു കെട്ടുകഥയുടെ ഓര്‍മ്മ നല്‍കുക മാത്രമല്ല., തങ്ങളുടെ അധികാരത്തിന്റെ ഏറ്റവും സമകാലികമായ ശക്തിയിലേക്ക്‌ പാരമ്പര്യത്തിന്റെ ഒരു മച്ചകം പശ്ചാത്തലമായി നിര്‍മ്മിക്കുകയാണ്‌. അത്തരമൊരു മച്ചകത്തിന്റെ നിലത്തേ ഏതു ഹിംസയും ഏതുദുഷ്‌പ്രവൃത്തിയും സാധുവാകൂ എന്നു വിശ്വസിക്കുന്ന ഫ്യൂഡല്‍ പ്രഭുക്കളുടെ ശാഠ്യമാണത്‌. ഏതൊരു അധികാരനിര്‍വ്വഹണവും അവസാനം സമൂഹവുമായി യുദ്ധത്തില്‍ ഏര്‍പ്പെടുന്നത്‌ സ്വാതന്ത്ര്യത്തെ പ്രതിയാണ്‌. എങ്കില്‍ അധികാരത്തോടൊപ്പം നില്‍ക്കുക മതവും പൗരോഹിത്യവും രാഷ്ട്രീയപ്രഭുക്കളുമാണ്‌. സ്വാതന്ത്ര്യത്തിനോടൊപ്പം നില്‍ക്കാന്‍ ഇതേക്കുറിച്ചുള്ള അനിവാര്യമായ അറിവും.

ജന്മാഷ്ഠമി നാളില്‍ തൃശൂരിനും കുന്ദംകുളത്തിനുമിടക്കുള്ള റോഡില്‍ ലോറിയില്‍ നിരത്തി നിര്‍ത്തിയ 'ബാലകൃഷ്ണന്‍'മാരെ കാണുകയുണ്ടായി. ലോറിക്കു മുകളില്‍, ലോറിക്കു ചുറ്റും 'ബാലഗോകുലം' ഒരു സര്‍ക്കസ്‌ കൂടാരം പോലെ കാവിയിലും മഞ്ഞയിലും കെട്ടിപ്പൊക്കിയിരിക്കുന്നു. വെയിലില്‍ വാടിയും മുഷിഞ്ഞും കരച്ചിലിന്റെ വക്കില്‍ ആ കൊച്ചുകുട്ടികള്‍ ശോഭായാത്രയുടെ കെട്ടുകാഴ്ചയായി. ദേവലോകം ഈ ലോറിയുടെ മക്കളെ പൂ വിതറി അനുഗ്രഹിച്ചെങ്കിലായി. ലോറിക്കു മുമ്പില്‍ ചെണ്ടകൊട്ടിയും കലിതുള്ളിയും നടക്കുന്ന സംഘപരിവാര്‍ മതിഭ്രമങ്ങള്‍ പക്ഷേ, ദ്വാപരയുഗാന്ത്യത്തിലെ ഒരു ഓര്‍മ്മ തന്നു: ദ്വാരകയുടെ പതനത്തിനു മുമ്പ്‌ അവിടമാകെ വളര്‍ന്ന നാശത്തിന്റെ പുല്ലുകള്‍ ഇപ്പോള്‍ കാറ്റിലാടി നൃത്തം വെക്കുന്ന പോലെ- അവക്കു ജീവന്‍ വെച്ച പോലെ - എന്റെ കൃഷ്ണാ! തന്നെ, തന്റെ കഥയെ, ആരാണ്‌ കൊന്നത്‌? വെറുമൊരു വേടനോ?
 

comments