എതിര്‍വഴികള്‍

നാടു നീങ്ങുന്ന ഭാഷ

ഐസക്‌ ബാഷെവിസ്‌ സിംഗര്‍ - ഹാരോള്‍ഡ്‌ ഫ്‌ളെന്‍ഡര്‍

വിവര്‍ത്തനം: കെ.വി മണികണ്ഠന്‍

 

കഴിഞ്ഞ ലക്കം തുടര്‍ച്ച...

 

? എനിക്ക്‌ അസാധാരണമായി തോന്നിയിട്ടുള്ള ഒരു കാര്യം എങ്ങിനെയാണ്‌ ചെറുപ്പക്കാര്‍ താങ്കളുടെ എഴുത്തില്‍ ഇത്ര താല്‍പര്യം കാണിക്കുന്നത്‌ എന്നതാണ്‌. ജൂതയുവാക്കള്‍ മാത്രമല്ല, നിങ്ങളുടെ എഴുത്തിന്റെ പശ്ചാത്തലവുമായി ഒരു സാദൃശ്യവുമില്ലാത്ത പശ്ചാത്തലത്തില്‍ നിന്നു വരുന്ന ചെറുപ്പക്കാര്‍ പോലും.

= ഒരു വായനക്കാരനും തനിക്ക്‌ ഇപ്പോള്‍ തന്നെ അറിവുള്ള കാര്യങ്ങള്‍ എഴുത്തുകാരനില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല. ഒരാള്‍ക്ക്‌ പ്രതിഭയുണ്ടെങ്കില്‍, വിഷയം എന്തുമായിക്കൊള്ളട്ടെ, അയാള്‍ വായനക്കാരനെ കണ്ടെത്തുക തന്നെ ചെയ്യും. ഞാന്‍ ഇന്നത്തെ പ്രശ്നങ്ങള്‍ എന്ന് കരുതുന്ന കാര്യങ്ങള്‍, അത്‌ യിദ്ദിഷ്‌ എഴുത്തുകാര്‍ക്കും വിമര്‍ശകര്‍ക്കും പഴഞ്ചനാണെന്ന് തോന്നുന്നവയാകുമ്പോള്‍ പോലും ഒരു തരത്തില്‍ ആധുനികമാണ്‌. ഇന്ന് ജനങ്ങള്‍ ശാസ്ത്രത്തെ പ്രതി മറ്റെന്നത്തേക്കാളും കൂടുതല്‍ നിരാശരാണ്‌. ശാസ്ത്രം എങ്ങിനെയൊക്കെ പുരോഗമിച്ചെന്നിരിക്കിലും, ജീവന്റെ രഹസ്യങ്ങള്‍ ചെറുതായി വരുന്നില്ല. മറിച്ച്‌ അത്‌ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ്‌. നമ്മളൊരുപക്ഷേ ചന്ദ്രനിലോ ചൊവ്വയിലോ എത്തിയെന്നിരിക്കും. അപ്പോഴും പ്രപഞ്ചത്തിലെ ലക്ഷക്കണക്കിന്‌ ഗാലക്സികള്‍ ഒരു രഹസ്യമായി തന്നെ നിലനില്‍ക്കും. നമ്മളൊരിക്കലും പ്രപഞ്ചത്തിന്റെ മദ്ധ്യത്തില്‍ എത്തുകയില്ല. അറ്റുകൊണ്ടു തന്നെ മിസ്റ്റിസം ഇക്കാലത്ത്‌ ശക്തി പ്രാപിച്ചു വരികയാണ്‌. 200 വര്‍ഷം മുമ്പ്‌ ടെലസ്കോപ്പും മൈക്രോസ്കോപ്പും കൊണ്ട്‌ ഈ ഭൂമിയുടെയും സ്വര്‍ഗ്ഗത്തിന്റെയും രഹസ്യങ്ങള്‍ കണ്ടു പിടിക്കാന്‍ കഴിയുമെന്ന് വ്യാമോഹിച്ച കാലത്തേക്കാള്‍.

? പാശ്ചാത്യ കൃതികളില്‍ നായകന്‍ മിക്കവാറും അമാനുഷനായിരിക്കും. പ്രൊമത്യൂസിനെപ്പോലെയൊക്കെ. പക്ഷെ യിദ്ദിഷ്‌ ഭാവനകളില്‍ നായകന്‍ ഒരു സാധാരണക്കാരനായിരിക്കും. അവന്‍ അഭിമാനിയായ ദരിദ്രനായിരിക്കും. സ്വന്തം പദവിയും അന്തസ്സും നിലനിര്‍ത്താനായി രാഷ്ട്രീയമായും സാമ്പത്തികമായും വ്യക്തിപരമായിത്തന്നെയും നിരന്തരം കലഹിക്കുന്നവനായിരിക്കും. ഒന്നാന്തരം ഉദാഹരണമാണ്‌ താങ്കളുടെ വിഡ്ഡിയായ ഗിമ്പല്‍. ഇങ്ങനെ യിദ്ദിഷ്‌ സാഹിത്യത്തില്‍ കൂടൂതലായി ഇത്തരം കൊച്ചു മനുഷ്യരാണ്‌ നായകര്‍ എന്ന കാര്യം താങ്കള്‍ എങ്ങനെ വിശദീകരിക്കുന്നു?

= ശരിയാണ്‌, താങ്കള്‍ ജൂതകഥകളില്‍ വളരെക്കുറച്ച്‌ വീരയോദ്ധാക്കളേ ഉള്ളൂ. എന്റെ കാര്യത്തില്‍ ഞാന്‍ യിദ്ദിഷ്‌ എഴുത്തുകാര്‍ പിന്തുടര്‍ന്ന രീതിയിലല്ല നിങ്ങള്‍ പറയുന്ന കൊച്ചുമനുഷ്യനെ സമീപിക്കാറുള്ളത്‌.അവരുടെ കൊച്ചുമനുഷ്യന്‍ ആന്റി സെമിറ്റിസത്തിന്റെയും സാമ്പത്തിക സസഹചര്യങ്ങളുടെയുമൊക്കെ ഇരയായിരിക്കും. എന്റെ ആളുകളാകട്ടെ ലോകത്തിന്റെ ഗതിയില്‍ വലുതായ പങ്കുവഹിക്കുന്ന വലിയ ആളുകളല്ലെങ്കിലും അവരുടേതായ രീതിയില്‍ അവര്‍ ഉജ്ജ്വലരായിരിക്കും. സ്വഭാവത്തിലും ചിന്തയിലും സഹനത്തിലും വിഡ്ഡിയായ ഗിമ്പല്‍ ഒരു ചെറിയ മനുഷ്യന്‍ തന്നെ. നിങ്ങള്‍ പറയുന്ന ഈ യിദ്ദിഷിലെ കൊച്ചുമനുഷ്യന്റെ പാരമ്പര്യം ഞാന്‍ എന്റെ എഴുത്തില്‍ ഒഴിവാക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്ന ഒന്നാണ്‌.

? താങ്കളുടെ രചനകളിലൂടെ പോകുമ്പോള്‍ എനിക്ക്‌ തോന്നിയിട്ടുള്ളത്‌ ജ്ഞാനത്തിന്റെ വികാസത്തെപ്പറ്റി - എന്തിന്‌ ബുദ്ധിയുടെ വികാസത്തെപ്പറ്റി- താങ്കള്‍ക്ക്‌ ഗുരുതരമായ സംശയങ്ങള്‍ ഉണ്ടെന്നാണ്‌.

= ഒരര്‍ത്ഥത്തില്‍ അതു ശരിയാണ്‌. നേരത്തെ ഞാന്‍ സൂചിപ്പിച്ചതു പോലെ യിദ്ദിഷ്‌ സാഹിത്യം ജ്ഞാനോദയത്തിന്റെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുക്കപ്പെട്ടതാണ്‌. ജ്ഞാനോദയം നമ്മളെ രക്ഷിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അത്‌ എത്ര മുന്നോട്ട്‌ പോയാലും മോചനം കൊണ്ടു വരില്ല. സോഷ്യലിസമോ അങ്ങനെയുള്ള എന്തെങ്കിലും ഇസമോ മാനവികതയെ മോചിപ്പിച്ച്‌ അവര്‍ വിശേഷിപ്പിക്കുന്ന പുതിയ മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുന്നില്ല. ഞാന്‍ എഴുതിത്തുടങ്ങുന്ന കാലത്ത്‌ ജനങ്ങള്‍ ശരിക്കും വിശ്വസിച്ചിരുന്നു ഒരിക്കല്‍ ഉല്‍പാദനം ഗവണ്മെന്റിന്റെ ചുമതലയിലാകുമെന്നും അപ്പോള്‍ പുതിയ മനുഷ്യന്‍ ഉണ്ടാകുമെന്നും. ഞാന്‍ ബുദ്ധിമാനായതുകൊണ്ടോ വിഡ്ഡിയായതുകൊണ്ടോ അതോ ദോഷൈകദൃക്കായതുകൊണ്ടോ എന്നറിയില്ല ഇപ്പറയുന്ന കാര്യങ്ങളില്‍ ധാരാളം വിഡ്ഡിത്തം നിറഞ്ഞിട്ടുണ്ടെന്ന് മനസ്സിലാക്കി. റോഡുകളും ഫാക്ടറികളും ആരുടെ ഉടമസ്ഥതയിലായാലും മനുഷ്യര്‍ ഒരിക്കലും മാറില്ല എന്ന് വിശ്വസിക്കാനുള്ള ബുദ്ധി എനിക്കുണ്ടായിരുന്നു. നിങ്ങള്‍ പറയുന്ന ആ supernaturalല്‍ വിശ്വസിക്കുന്നവനായതുകൊണ്ട്‌ ഈ വികസനത്തില്‍ എനിക്കൊട്ടും വിശ്വസിക്കാന്‍ കഴിയുമായിരുന്നുമില്ല. പ്രത്യേകിച്ചും നിങ്ങള്‍ ഒരു യന്ത്രം കണ്ടുപിടിക്കുമ്പോഴത്തേക്കും മനുഷ്യവര്‍ഗ്ഗത്തിന്റെ മുഖഛായ അപ്പാടെ മാറും എന്ന ഈ സങ്കല്‍പത്തോട്‌.

? പിന്നെ മനുഷ്യവര്‍ഗ്ഗം എങ്ങനെ രക്ഷപ്പെടുമെന്നാണ്‌ താങ്കള്‍ കരുതുന്നത്‌?

= നോക്കൂ യാതൊന്നും നമ്മളെ രക്ഷപ്പെടുത്താന്‍ പോകുന്നില്ല. നമ്മള്‍ വളരെയധികം പുരോഗതിയുണ്ടാക്കി. പക്ഷെ നമ്മളെന്നും ദുരിതത്തിലാണ്‌. അതൊട്ട്‌ അവസാനിക്കാനും പോകുന്നില്ല. നമ്മള്‍ എപ്പോഴും പുതിയ ദുരിതങ്ങള്‍ക്കുള്ള ഉറവിടങ്ങള്‍ കണ്ടുപിടിക്കും. മനുഷ്യന്‍ രക്ഷപ്പെടാന്‍ പോവുകയാണ്‌ എന്നത്‌ കേവലം ഒരു മതപരമായ ആശയമാണ്‌. എന്നാല്‍ മതനേതാക്കള്‍ ഒരിക്കലും പറയുന്നില്ല നമ്മള്‍ ഈ ഭൂമിയില്‍ വെച്ച്‌ രക്ഷപ്പെടുമെന്ന്. അവര്‍ വിശ്വസിക്കുന്നത്‌ ആത്മാവ്‌ മറ്റൊരു ലോകത്തിലെത്തി അവിടെ സുരക്ഷിതമായിട്ടിരിക്കുമെന്നാണ്‌. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നമ്മളിവിടെ നന്നായി ജീവിച്ചാല്‍ നമ്മുടെ ആത്മാവ്‌ സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേരാന്‍ സാദ്ധ്യതയുണ്ട്‌. ഈ പറയുന്ന സ്വര്‍ഗ്ഗം ഭൂമിയില്‍ സൃഷ്ടിക്കുക എന്ന വാദം തന്നെ ഒരു ജൂത ആശയമോ ക്രിസ്ത്യന്‍ ആശയമോ അല്ല. മറിച്ച്‌ ഒരു ഗ്രീക്ക്‌ അല്ലെങ്കില്‍ പാഗന്‍ ആശയമണ്‌. ജൂതന്മാര്‍ പറയാറുള്ളതുപോലെ പന്നിവാലില്‍ നിന്ന് സില്‍ക്ക്‌ പേഴ്സ്‌ ഉണ്ടാക്കാന്‍ സാദ്ധ്യമല്ല. ജീവിതത്തെ ഉള്ളം കയ്യിലെടുത്ത്‌ പെട്ടെന്ന് അതിനെ അത്യാഹ്ലാദത്തിന്റെ ഒരു സമുദ്രമാക്കാനൊന്നും പറ്റില്ല. സാഹചര്യങ്ങള്‍ നന്നാക്കാന്‍ പറ്റുമായിരിക്കുമെന്ന് ഞാന്‍ സമ്മതിക്കാം. നമുക്ക്‌ യുദ്ധങ്ങള്‍ ഒഴിവാക്കാം. പക്ഷെ യഥേഷ്ടം രോഗപീഢകളും ദുരന്തങ്ങളുമായി മനുഷ്യവര്‍ഗ്ഗം എന്നത്തെയും പോലെ ദുരിതത്തില്‍ മുങ്ങിത്തന്നെയായിരിക്കും മുന്നോട്ട്‌ നീങ്ങുക. എന്നെ സംബന്ധിച്ച്‌ ഒരു പെസ്സിമിസ്റ്റ്‌ എന്നാല്‍ റിയലിസ്റ്റ്‌ ആണ്‌.

? ഐസക്‌, കുറേ വായനക്കാര്‍ താങ്കളെ ഒരു മാസ്റ്റര്‍ കഥപറച്ചിലുകാരനായി കാണുമ്പോള്‍ അനേകം പേര്‍ വിശ്വസിക്കുന്നു താങ്കള്‍ക്ക്‌ വെറും കഥപറയുന്നതിനേക്കാളുപരി മറ്റൊരു പ്രധാന ഉദ്ദേശ്യമുണ്ടെന്ന്.

= ഒരു കാഥികന്റെ ജോലിയാണ്‌ കഥ പറയുക എന്നത്‌. ഞാന്‍ എല്ലാ കഴിവും പ്രയോഗിക്കുന്നുണ്ട്‌, ഒരു കഥ ശരിയായി പുറത്തുവരാന്‍. ഈ ശരിയായി എന്നതുകൊണ്ട്‌ ഞാന്‍ ഉദ്ദേശിക്കുന്നത്‌ കഥയുടെ നിര്‍മ്മാണം വിവരണം ഇവ ശരിയായിരിക്കണം, ഘടനയിലും ഉള്ളടക്കത്തിലും സന്തുലനം വേണം എന്നൊക്കെയാണ്‌. പക്ഷെ ഇതുകൊണ്ട്‌ എല്ലാമായില്ല. എല്ലാ കഥകളിലും ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്‌ കൂടുതലായോ കുറവായോ എന്റെ ആശയങ്ങളുമായി ബന്ധപ്പെട്ടതായിരിക്കും. അതായത്‌ ആത്മാവ്‌,ദൈവം, മരിച്ചതിനു ശേഷമുല ജീവിതം ഇവയൊക്കെ. ഞാന്‍ എപ്പോഴും ഈ മതപരമായ വിശ്വാസങ്ങളിലേക്ക്‌ തിരിച്ചുവരും, അങ്ങനെ അന്ധമായ ഒരു മതവിശ്വാസി അല്ലെങ്കില്‍ കൂടി. സംഘടിത മതത്തിന്റെ എല്ലാ നിയമങ്ങളും അനുസരിക്കുന്ന ഒരാളല്ല ഞാന്‍.

? താങ്കളെ വായിക്കുന്ന വേളയില്‍ എനിക്ക്‌ ചില പൗരസ്ത്യ ചിന്തകരെ ഓര്‍മ്മ വരാറുണ്ട്‌. ഉദാഹരണത്തിന്‌, ഇന്ത്യാക്കാരനായ കൃഷ്ണമൂര്‍ത്തി. താങ്കള്‍ ബുദ്ധ, ഹിന്ദു ദര്‍ശനങ്ങളാല്‍ സ്വാധീനിക്കപ്പെട്ടിട്ടുണ്ടോ?

= അവരെന്നെ സ്വാധീനിക്കാന്‍ വഴിയില്ല. കാരണം അവരെ ഞാന്‍ വായിക്കുന്നതൊക്കെ വളരെ വൈകി മാത്രമാണ്‌. കുറച്ചുകാലം മുമ്പ്‌ അതൊക്കെ വായിച്ച വേളയില്‍ എനിക്ക്‌ തോന്നി ഇക്കാര്യങ്ങളൊക്കെ ഞാന്‍ മുമ്പേ ചിന്തിച്ചവതന്നെയാണല്ലോ എന്ന്! ഇതിനര്‍ത്ഥം എന്താണ്‌? ശാശ്വതസത്യങ്ങള്‍ ശാശ്വതമായിരിക്കും എന്നല്ലേ? അവ നമ്മുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു.

? പൗരസ്ത്യ എഴുത്തിന്റെ ഊന്നലുകള്‍ മിക്കപ്പോഴും പ്രത്യാശയുടെ എതിരറ്റങ്ങളിലായിരിക്കും. താങ്കളുടേതിലാകട്ടെ എപ്പോഴും ജീവിതത്തോട്‌ ഒരു ആത്മീയ ആദരവും ജീവിതത്തിലെ നിരാശകളിലും തോല്‍വികളിലുമെല്ലാം സാദ്ധ്യതകളുടെ ഒരു ദൃഢനിശ്ചയവും കാണാന്‍ കഴിയുന്നു.

= ഇത്രയേറെ ദുരിതങ്ങള്‍ക്കും സ്വര്‍ഗ്ഗം ഒരിക്കലും ഭൂമിയില്‍ ഉണ്ടാകില്ല എന്ന യാഥാര്‍ത്ഥ്യത്തിനിടയിലും ജീവിതം എന്നത്‌ മഹത്തായ ഒന്നാണ്‌. മനുഷ്യര്‍ക്ക്‌ ലഭിച്ചിട്ടുള്ള ഏറ്റവും വിശിഷ്ടമായ സമ്മാനം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ്‌(free choice). ഈ സ്വാതന്ത്ര്യം ഉണ്ടെങ്കിലും നമുക്ക്‌ പരിമിതികളുണ്ട്‌. പക്ഷെ അത്‌ മഹത്തായൊരു സമ്മാനം തന്നെയാണ്‌. അത്രയേറെ പ്രഭാവമുള്ള ഒന്ന്. പുതിയ എഴുത്തുകാര്‍ ഇതിനെ ഒഴിവാക്കുന്നു. അയാള്‍ വിധിയില്‍ വിശ്വസിക്കുന്നവനാണ്‌. അത്‌ തെറ്റാണ്‌. നമ്മള്‍ ഇന്ന് നേടിയതൊക്കെ ഈ സ്വാതന്ത്ര്യം കൊണ്ടാണ്‌. അല്ലാതെ മാര്‍ക്സിസ്റ്റുകാര്‍ വിശ്വസിക്കുന്നതുപോലെ സാഹചര്യങ്ങള്‍ മാറിയതുകൊണ്ടല്ല. സ്വാഭാവികമായും സാഹചര്യങ്ങള്‍ അവരുടേതായ പങ്ക്‌ നല്‍കിയിട്ടുണ്ടാകുമെന്ന് മാത്രം.

തുടരും...

comments