കഥ

ബെന്യാമിന്‍
 

രണ്ടു പട്ടാളക്കാര്‍
 മറ്റൊരു അറബിക്കഥയില്‍
 

 

കഴിഞ്ഞ ലക്കം തുടര്‍ച്ച..

'ഏയ്‌ കോവല്‍... കഴിഞ്ഞ ദിവസത്തെപ്പോലെ കുറേ പീക്കിരികള്‍ ഇങ്ങോട്ട്‌ വരുന്നുണ്ട്‌. നീ നിന്റെ തോക്ക്‌ ശരിയാക്കിവെച്ചുകൊള്ളൂ.' കാഴ്ച കണ്ണില്‍ നിന്നെടുക്കാതെ എഡ്‌വേര്‍ഡ്‌ വിളിച്ചു പറഞ്ഞു:
 


'ഏയ്‌ മണ്ടാ, നിന്റെ ബൈനോക്കുലര്‍ മാറ്റിയിട്ടു നോക്കൂ അവരെവിടെയാണെന്ന്.' വായനയില്‍ നിന്ന് കണ്ണെടുക്കാതെ കോവല്‍ വിളിച്ചു പറഞ്ഞു. അന്നേരമാണ്‌ എഡ്‌വേര്‍ഡ്‌ കാഴ്ചയും വസ്തുവും തമ്മിലുള്ള ദൂരത്തെപ്പറ്റി ബോധവാനാകുന്നത്‌.അവന്‍ ഇളിഭ്യത നിറഞ്ഞ ഒരു പൊട്ടിച്ചിരിയില്‍ നിറഞ്ഞു. പെട്ടെന്ന് മനസ്സിലേക്ക്‌ പതഞ്ഞു കയറി വന്ന ഒരു പിരിമുറുക്കം അയഞ്ഞൊഴിയുകയും ചെയ്തു.

കഴിഞ്ഞ ദിവസം ഞങ്ങള്‍ ബസ്‌സ്റ്റാന്‍ഡില്‍ നിന്ന് വന്നതേയുണ്ടായിരുന്നുള്ളൂ. ഒരു ജനവാസകേന്ദ്രത്തിന്നടുത്ത്‌ പെട്രോളിങ്ങിലായിരുന്നു അന്ന് ഡ്യൂട്ടി. ഇതു പോലെ കുറേ പിള്ളേര്‍ അതു വഴി വനു. ഞാനവരുടെ അടുത്തേക്ക്‌ ചെന്ന് 'ഹലോ ബോയ്സ്‌...' എന്ന് അവരെ സംബോധന ചെയ്തു വിളിച്ചു. അവരാകട്ടെ ഏതോ പരഗ്രഹജീവിയെകാണുന്നതുപോലെയാണ്‌ എന്നെ വീക്ഷിച്ചത്‌. പിന്നെ അറബിഭാഷയില്‍ എന്തൊക്കെയോ തമാശകള്‍ തമ്മില്‍ത്തമ്മില്‍ പറഞ്ഞു ചിരിച്ചു. 'ഞങ്ങള്‍ നിങ്ങളെ രക്ഷിക്കാന്‍ വന്നതാണ്‌'. കഴിഞ്ഞ ദിവസം ക്യാമ്പില്‍ വെച്ച്‌ പറഞ്ഞു പഠിപ്പിച്ച അറബിവാചകം ഞങ്ങളിലൊരാള്‍ പറഞ്ഞു.ഏതോ പെരുത്ത തമാശ കേട്ടതുപോലെ പിള്ളേര്‍ ആര്‍ത്തു ചിരിക്കാന്‍ തുടങ്ങി. ഞങ്ങളുടെ നാവിനു വഴങ്ങാത്ത ഉച്ചാരണം കേട്ടിട്ടാവാമെന്ന് ആശ്വസിച്ചെങ്കിലും പലരുടെയും മുഖത്തു നിന്നും ചമ്മല്‍ മാഞ്ഞിരുന്നില്ല. എന്നിട്ടും അവരോട്‌ സൗഹൃദം സ്ഥാപിക്കാനായി കുറേ ചോക്കലേറ്റുകള്‍ ഞങ്ങള്‍ അവര്‍ക്കിടയില്‍ വിതരണം ചെയ്തു.എന്നാല്‍ തിന്നാന്‍ മിനക്കെടാതെ അവറ്റകള്‍ അത്‌ ഞങ്ങളുടെ മുഖത്തിനു നേരെ വലിച്ചെറിഞ്ഞു. ചിലര്‍ പൊടുന്നനെ കൈയ്യില്‍ കരുതിയിരുന്ന കല്ലുകൊണ്ട്‌ ഏറു തുടങ്ങി. ഭാഗ്യത്തിന്‌ അതില്‍ ചിലത്‌ എന്റെ തലയിലൂടെ ഏശിപ്പോയതേയുള്ളൂ. തോക്കുമായി കോവല്‍ ചാടി വന്നപ്പോഴേക്കും തെണ്ടിപ്പരിഷകള്‍ കൂകിവിളിച്ചുകൊണ്ട്‌ ഓടിക്കളഞ്ഞു. ഞങ്ങള്‍ക്കു മാത്രമല്ല മറ്റു പലര്‍ക്കും ഇത്തരം തിക്താനുഭവങ്ങള്‍ അവിടവിടെയായി അനുഭവപ്പെട്ടു തുടങ്ങിയിരുന്നു.

'കോവല്‍ എഴുന്നേല്‍ക്ക്‌... ഒരു കാര്‍ ഇങ്ങോട്ട്‌ വരുന്നുണ്ട്‌.' എഡ്‌വേര്‍ഡ്‌ തന്റെ ബൈനോക്കുലര്‍ വീക്ഷണത്തിന്നിടയില്‍ വിളിച്ചു പറഞ്ഞു.
'നോക്ക്‌ അതിനകത്തിരിക്കുന്നവന്റെ നീണ്ട താടി കണ്ടോ.. ചടച്ച കണ്ണുകള്‍ കണ്ടോ... അവന്റെ തലക്കെട്ട്‌ കണ്ടോ... സംശയമില്ല ഇതവന്‍ തന്നെ.'

കോവല്‍ ഹാരി പോട്ടറെ മടക്കിവെച്ച്‌ റോഡിലേക്ക്‌ ഇറങ്ങിച്ചെന്നു. എഡ്‌വേര്‍ഡ്‌ ബൈനോക്കുലര്‍ അവനു നേരെ നീട്ടി.

'അതിന്റെ ഡിക്കി തുറന്നുവെച്ചിരിക്കുകയാണല്ലോ...' കോവല്‍ പറഞ്ഞു.

'അതിനുള്ളില്‍ ഒരു ബോംബ്‌ അല്ലെന്ന് ആരു കണ്ടു?' എഡ്‌വേര്‍ഡിന്റെ ശബ്ദത്തില്‍ ഭീതി കലര്‍ന്നിരുന്നു.

'നീയിങ്ങനെ ഭയപ്പെടാതെ എന്റെ എഡ്‌വേര്‍ഡ്‌... നിയമം നമ്മുടെ കൈയ്യിലാണ്‌.

'നമ്മുടെ ജീവന്‍ അവരുടെ കൈയ്യിലും... ആ ബാസ്റ്റാര്‍ഡ്‌ അതിവിടെ വച്ചു തന്നെ പൊട്ടിക്കും.'

'അയ്യോ... എന്റെ ജോവാന എന്റെ ചുംബനങ്ങള്‍ക്കായി കാത്തിരിക്കുകയാണ്‌.'

'ഞാന്‍ വെടിവെക്കട്ടെ.'

'അവന്റെ പുറപ്പാട്‌ എന്തിനാനെന്ന് നോക്കാം.'

കാര്‍ കൂടുതല്‍ അടുത്തു വന്നു. അവര്‍ നിര്‍ത്തുവാനായി ആംഗ്യം കാണിച്ചു. വണ്ടി സ്പീഡ്‌ കുറച്ച്‌ അവരുടെ അടുത്തു വന്നു നിന്നു. തോക്ക്‌ ചൂണ്ടി കൊണ്ട്‌ കോവല്‍ അയാളോട്‌ പുറത്തിറങ്ങുവാന്‍ അവശ്യപ്പെട്ടു. ഭീതിയോടെ അറബി വണ്ടിയില്‍ നിന്നിറങ്ങി. എഡ്‌വേര്‍ഡ്‌ അയാളെ തോക്കിന്റെ പാത്തികൊണ്ട്‌ ദൂരേക്ക്‌ തള്ളി മാറ്റി നിര്‍ത്തി. കോവല്‍ വളരെ സൂക്ഷ്മമായി വണ്ടി പരിശോധിക്കാന്‍ തുടങ്ങി.

'വണ്ടിക്കുള്ളിലെന്താണ്‌...?'എഡ്‌വേര്‍ഡ്‌ അയാളോട്‌ ചോദിച്ചു.

'ഗ്രാമത്തിലേക്കുള്ള കുറച്ച്‌ പച്ചക്കറിയാണ്‌.'

'അതിനടിയില്‍ ബോംബില്ലേ...?'

'തീര്‍ച്ചയായും ഇല്ല.ആ പ്രതിമ വീണപ്പോള്‍ സന്തോഷിച്ചവരുടെ കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു... എന്റെ നാലു സഹോദരങ്ങളെയാണ്‌ അയാള്‍ കൊന്നുകളഞ്ഞത്‌.'

'ഞങ്ങള്‍ വന്നത്‌ സന്തോഷമായില്ലേ..?'

അയാള്‍ അതേ എന്ന് പേടിയോടെ തലയാട്ടി. എന്നിട്ട്‌ 'ബാക്കി മൂന്നു പേരെ നിങ്ങളുടെ ബോംബുകളും' എന്ന് പിറുപിറുത്തു.

'എന്താ പറഞ്ഞത്‌' എന്നുഃ ചോദിച്ചുകൊണ്ട്‌ എഡ്‌വേര്‍ഡ്‌ അയാളുടെ ദേഹപരിശോധന തുടങ്ങി.

അതിനിടയില്‍ കോവല്‍ കാറു പരിശോധിച്ച്‌ തിരികെ വന്നു. 'ആ നീചനെ എവിടെയെങ്കിലും കാണുകയാണെങ്കില്‍ ഞങ്ങളോട്‌ വന്നു പറയണം... ഉം... പൊയ്‌ക്കോളൂ..'

'യാ... അള്ളാ...' എന്ന് നിശ്വസിച്ചുകൊണ്ട്‌ ജീവന്‍ തിരിച്ചുകിട്ടിയ മുയലിനെപ്പോലെ അയാള്‍ വണ്ടിയില്‍ കയറി രക്ഷപ്പെട്ടു. അയാളേക്കാള്‍ വലിയ ആശ്വാസത്തില്‍ അവര്‍ പരസ്പരം നോക്കിച്ചിരിച്ചു.

എങ്ങനെ ഭയക്കാതിരിക്കും. കഴിഞ്ഞ കുറേ ദിവസങ്ങളായി അപ്രതീക്ഷിതമായി ആക്രമണങ്ങള്‍ നടക്കുന്നതിന്റെയും സഹപ്രവര്‍ത്തകര്‍ മരണപ്പെടുന്നതിന്റെയും വാര്‍ത്തകള്‍ മാത്രമാണ്‌ ഞങ്ങള്‍ കേള്‍ക്കുന്നത്‌. ഓരോ ദിവസം ഡ്യൂട്ടി കഴിഞ്ഞ്‌ ക്യാമ്പില്‍ മടങ്ങിച്ചെല്ലുമ്പോഴും ഏതെങ്കിലും ഒരു ദു:ഖവാര്‍ത്ത ഞങ്ങളെ കാത്തിരിക്കും എന്ന സ്ഥിതിയായിട്ടുണ്ട്‌. ഒന്നുകില്‍ ഒരു സഹപ്രവര്‍ത്തകന്റെ അല്ലെങ്കില്‍ ഒരു പരിചിതന്റെ ശരീരം നാട്ടിലേക്ക്‌ കയറ്റിവിടാനുള്ള തയ്യാറെടുപുകള്‍ അവൈറ്റ്‌ തുടങ്ങിയിട്ടുണ്ടാവും. ശരിയാണ്‌, ഞങ്ങള്‍ പടയാളികള്‍ ആരുടെയെങ്കിലും കൈകൊണ്ട്‌ കൊല്ലപ്പെടാനായി ഇറങ്ങിത്തിരിച്ചവര്‍... ഇതുപക്ഷേ... കഴിഞ്ഞ ഒരു യുദ്ധത്തേക്കാള്‍ ഭീകരമാണ്‍` അതിനുശേഷമുള്ള ഓരോ ദിവസങ്ങളും! സത്യത്തില്‍ ഒരു യുദ്ധം ജയിച്ചതിന്റെ സന്തോഷമൊക്കെ പൊറ്റ അടര്‍ന്നുപോകുന്ന പോലെ ഞങ്ങളില്‍ നിന്ന് അകന്നു പോയിരിക്കുന്നു. എന്തൊക്കെ പ്രതീക്ഷകളോടെയാണ്‌ ഞങ്ങള്‍ ബാഗ്ദാദിലേക്ക്‌ കടന്നത്‌. മാലയിട്ട്‌ ആര്‍പ്പുവിളികളോടെ സ്വീകരിക്കുന്ന ഒരു ജനത എന്ന സ്വപ്നമായിരുന്നു യുദ്ധദിവസങ്ങളിലത്രയും മരുഭൂമിയിലെ പൊടിക്കാറ്റിനെ അഭിമുഖീകരിക്കുമ്പോള്‍ ഞങ്ങള്‍ക്കുണ്ടായിരുന്ന പ്രചോദനവും പ്രതീക്ഷയും. പക്ഷെ ഇപ്പോള്‍ അമേരിക്കയ്ക്കും പ്രസിഡന്റിനും ഞങ്ങളുടേ സേനക്കും എതിരായി അനുദിനം വര്‍ദ്ധിച്ചുവരുന്ന സമരങ്ങള്‍, പ്രകടനങ്ങള്‍, ആക്രമനങ്ങള്‍... അതിനിടയിലാണ്‌ മനുഷ്യബോംബുകള്‍... ബാക്കിയെല്ലം നിയന്ത്രിക്കാം. പക്ഷെ ഇവറ്റകളെ എങ്ങനെ തിരിച്ചറിയും...?

'അയാള്‍ പറഞ്ഞതു കേട്ടില്ലേ പ്രതിമ വീഴുമ്പോള്‍ സന്തോഷിച്ചവരുടെ കൂട്ടത്തിലായിരുന്നു അയാളെന്ന്. നമുക്ക്‌ ആ കാഴ്ച കാണാന്‍ കഴിഞ്ഞില്ലല്ലോ എന്ന വിഷമമാണ്‌ എനിക്ക്‌.' പുസ്തകത്തിലേക്ക്‌ മടങ്ങിപ്പോകുന്നതിനിടെ കോവല്‍ പറഞ്ഞു:

'എനിക്കു വേണ്ടി സ്റ്റെഫാന അത്‌ റെക്കോഡ്‌ ചെയ്തു വെച്ചിട്ടുണ്ടെന്ന് കഴിഞ്ഞ തവണ വിളിച്ചപ്പോള്‍ പറഞ്ഞു. എന്നാണാവോ അവലുടെ മടിയില്‍ നഗ്നനായി കിടന്ന് ഇത്തിരി വിസ്കിയും നുണഞ്ഞ്‌ അതൊന്ന് കാണാന്‍ കഴിയുക...'

'യുദ്ധം പെട്ടെന്ന് കഴിയുമെന്നും ഉടനെ മടങ്ങിപ്പോകാമെന്നുമായിരുന്നു എന്റേയും വിചാരം. ഈതിപ്പോള്‍ നമ്മള്‍ ഉടനെയൊന്നും നാടു കാണുമെന്ന് വിചാരിക്കണ്ട. '

'ഹൊ.. അതിനിടെ ഈ മുടിഞ്ഞ ചൂട്‌ എത്ര നാള്‍ കൂടി കാണും...?' പുറത്തു തൂക്കിയിട്ടിരിക്കുന്ന വട്ടര്‍ബാഗില്‍ നിന്നുള്ള കുഴല്‍ വായിലേക്ക്‌ വെച്ച്‌ ഈമ്പികുടിച്ചുകൊണ്ട്‌ എഡ്‌വേര്‍ഡ്‌ ചോദിച്ചു.

'കുറഞ്ഞത്‌ ഒരു മൂന്നുമാസം കൂടി... '

'മൈ ഗോഡ്‌... അപ്പോഴേക്കും നമ്മള്‍ ഇവിടെക്കിടന്ന് പൊരിഞ്ഞു ചാവും.' അവന്‍ ടെന്റിന്റെ തണലിലേക്ക്‌ പരമാവധി ഒതുങ്ങി നിന്നു.

'ഇന്ത്യന്‍ സൈന്യത്തെ ഇങ്ങോട്ട്‌ ക്ഷണിച്ചിട്ടുണ്ടെന്നാണ്‌ കേള്‍ക്കുന്നത്‌. നമ്മുടെ നേതാക്കന്മാരുടെ നാവുമിടുക്ക്‌ ഫലിച്ചിരുന്നെങ്കില്‍ അവരെ ഈ നാശത്തിലേക്ക്‌ തള്ളിയിട്ട്‌ നമുക്ക്‌ രക്ഷപെടാമായിരുന്നു.'

'ഒരു ദിവസം തെരുവിലേക്ക്‌ ഇറങ്ങിച്ചെന്ന് ഈ ഭ്രാന്തന്മാരെ മുഴുവന്‍ വെടിവെച്ച്‌ കൊല്ലണം. എന്നിട്ട്‌ മനസ്സമാധാനത്തോടെ കിടന്നൊന്നുറങ്ങണം.'

'എന്നാലും തീരില്ലല്ലോ. ചിതല്‍പ്പുറ്റില്‍ നിന്ന് ഈയാംപാറ്റകള്‍ കണക്കല്ലേ ഇവറ്റകള്‍ ലോകത്തിന്റെ ഓരോരോ മൂലകളില്‍ നിന്ന് പൊന്തിവന്നുകൊണ്ടിരിക്കുന്നത്‌. ബാസ്റ്റേഡ്‌സ്‌..!'

' നമ്മുടെ രാജ്യം ഇവന്മാര്‍ക്ക്‌ കൊണ്ടുകൊടുത്ത സ്വാതന്ത്ര്യത്തെപ്പറ്റി ഇവര്‍ തെല്ലും ബോധവാന്മാരല്ലാത്തത്‌ എന്തുകൊണ്ടെന്നാണ്‌ എനിക്കിനിയും മനസ്സിലാവാത്തത്‌.'

'ആര്‍ക്കരിയാം... നമ്മള്‍ വിചാരിക്കുന്ന ഒന്നായിരിക്കില്ല അവരുടെ സ്വാതന്ത്ര്യം. '

വര്‍ത്തമാനം അവസാനിപ്പിച്ച്‌ കോവല്‍ വെണ്ടും ഹാരി പോട്ടറിലെക്ക്‌ മടങ്ങി. എഡ്‌വേര്‍ഡ്‌ ആകട്ടെ വീണ്ടും ബൈനോക്കുലറിലൂടെ പാതവീക്ഷണം ആരംഭിച്ചു. അല്‍പനേരം കഴിഞ്ഞപ്പോള്‍ ഒരുവന്‍ ഒരു ബാഗും തൂക്കിപ്പിടിച്ച്‌ അകലെ നിന്ന് വരുന്നത്‌ എഡ്‌വേര്‍ഡ്‌ കണ്ടു.


'കോവല്‍ എഴുന്നേല്‍ക്കൂ.. ഇതവന്‍ തന്നെ. സംശയമൊന്നുമില്ല. അവന്റെ വീര്‍ത്ത ബാഗ്‌ കണ്ടോ. സ്ഫോടകവസ്തുക്കള്‍ നിറച്ചതു തന്നെ.'

മുഷിവോടെ വീണ്ടും പുസ്തകം മടക്കി കോവല്‍ അങ്ങോട്ടിറങ്ങിച്ചെന്നു. എഡ്‌വേര്‍ഡ്‌ നീട്ടിയ ബൈനോക്കുലറിലൂടെ അവന്‍ വീക്ഷണം ആരംഭിച്ചു.

'എന്തായാലും ഭാരമുള്ള എന്തോ ആണ്‌,' കോവല്‍ പറഞ്ഞു.

'ഞാന്‍ തോക്കിന്റെ മുന ശരിയാക്കി നിര്‍ത്താം. നീ അവനെ ചോദ്യം ചെയ്യണം. എന്തെങ്കിലും സംശയം തോന്നിയാല്‍ എനിക്കൊരു സൂചന തന്നാല്‍ മതി. അവന്റെ ശരീരം ഇറാഖിലെ മണല്‍ത്തരികളേക്കാള്‍ ചെറുതാക്കുന്ന കാര്യം ഞാനേറ്റു.'
 


അപ്പോഴേക്കും അവനിങ്ങ്‌ അടുത്തെത്തറായിരുന്നു. കോവല്‍ റോഡിലേക്ക്‌ ഇറങ്ങിച്ചെന്ന് അവനു നേരെ തോക്കു ചൂണ്ടി.

'എന്താണ്‌ നിന്റെ ബാഗില്‍..?'

'കുറച്ച്‌ ആട്ടിറച്ചിയാണ്‌. അടുത്ത ഗ്രാമത്തില്‍ നിന്ന് വാങ്ങിക്കൊണ്ടുവരികയാണ്‌. ഒത്തിരിനാളായി ഒരു ബിരിയാണി തിന്നിട്ട്‌.'

അയാള്‍ വിളിച്ചുപറഞ്ഞുകൊണ്ട്‌ അവരുടെ അരികിലേക്ക്‌ വന്നു. എഡ്‌വേര്‍ഡ്‌ എന്തിനും തയ്യാറായി തോക്കു ചൂണ്ടി നിന്നു. കോവല്‍ അയാളുടെ ബാഗ്‌ തുറന്നു പരിശോധിച്ച്‌ പറഞ്ഞത്‌ സത്യമാണെന്ന് ഉറപ്പുവരുത്തി.

'ശരി പൊയ്ക്കോളൂ.'

അയാള്‍ പോയതും തീച്ചൂളയില്‍ നിന്ന് പച്ചവെള്ളത്തിലേക്ക്‌ ചാടുന്നതുപോലെ സമാധാനം അവരുടെ നെഞ്ചില്‍ വന്നു പതിച്ചു. ഓരോ ആളുകള്‍ വരുമ്പോഴും എഡ്‌വേര്‍ഡിന്റെ നെഞ്ചില്‍ സന്ദേഹങ്ങളുടെ തീയാളുകയാണ്‌. ഇവന്‍ എന്റെ മരണം തേടിവരുന്നവനാണ്‌, ഇവന്‍ ഒരു ബാത്ത്‌ പാര്‍ട്ടിക്കാരനാണ്‌, ഇവന്‍ ഒരു അല്‍ഖൈദയാണ്‌, ഇവനൊരു മതതീവ്രവദിയാണ്‌, ഇവനൊരു ചാവേറാണ്‌, ഇവനൊരു മനുഷ്യബോംബാണ്‌....

അകലെ നിന്നൊരു പഴഞ്ചന്‍ കാറ്‌ നല്ല വേഗത്തില്‍ വരുന്നുണ്ട്‌.

'കോവല്‍ അവനെന്താണിത്ര വേഗം...? ഇത്‌ തീര്‍ച്ചയായും അവരില്‍ ഒരുവന്‍ തന്നെ. '

റോഡിലേക്ക്ക്‌ ഇറങ്ങി നിന്ന് എഡ്‌വേര്‍ഡ്‌ കൈ കാണിച്ചു. പക്ഷെ വണ്ടിയുടെ വേഗം തെല്ലും കുറയ്ക്കുന്ന മട്ടില്ല.

'കണ്ടോ കോവല്‍ ആ അഹങ്കാരി ഞാന്‍ കൈകാണിച്ചിട്ടുകൂടി സ്പീഡു കുറക്കാനുള്ള ഭാവമില്ല. അവന്‍ വണ്ടി നമ്മുടെ ദേഹത്ത്‌ ഇടിച്ചുകേറ്റും. അതിനുമുമ്പ്‌ ഞാന്‍ വെടിവെയ്ക്കട്ടെ...'

'വേണ്ട.. മുന്‍പത്തെപ്പോലെ അവനും ഒരു പാവമാണെങ്കിലോ...?'

'പവങ്ങളെ ദൈവം രക്ഷിക്കട്ടെ.ആത്മരക്ഷാര്‍ത്ഥം വെടിവെക്കാന്‍ നമുക്ക്‌ അധികാരമുണ്ട്‌.'

'പക്ഷെ അത്‌ വെറും സംശയത്തിന്റെ പേരിലാകരുത്‌...'

'കാത്തുനിന്നാല്‍ അവന്‍ നമ്മുടെ ജീവനും കൊണ്ടു പോകും.'

പറഞ്ഞു തീര്‍ന്നതും എഡ്‌വേര്‍ഡ്‌ വെടിവെച്ചുകഴിഞ്ഞു. കാരിന്റെ ചില്ലു തകരുന്നത്‌ അവര്‍ കണ്ടു. കാര്‍ വഴിയില്‍ നിന്ന് ഒന്നു പാളി. എന്നാല്‍ അത്‌ അപ്പോഴും നിര്‍ത്താനുള്ള പുറപ്പാടിലായിരുന്നില്ല. ഒരു ഭീരുവിനെപ്പോലെ എഡ്‌വേര്‍ഡ്‌ ഓടീ മണല്‍ച്ചാക്കുകള്‍ക്ക്‌ പിന്നിലൊളിച്ചു.

'ഓടിക്കോ കോവല്‍... അതൊരു ചാവേറു തന്നെ.'

അപ്പോഴേക്കും കാര്‍ കോവലിന്റെ അരികിലായി വന്നുനിന്നു.അതില്‍നിന്ന് ഒരു അറബി നിലവിളിച്ചുകൊണ്ട്‌ ഇറങ്ങി. കാറിന്റെ ചില്ല് വീണ്‌ അയാളുടെ മുഖവും കൈയുമൊക്കെ മുറിഞ്ഞിരുന്നു.

'ഒന്നും ചെയ്യല്ലേ...' അയാള്‍ കൈ കൂപ്പി നിലവിളിച്ചു 'എന്റെ കുട്ടിക്ക്‌ അസുഖം കൂടുതലായി ആശുപത്രിയില്‍ കൊണ്ടുപോകുകയാണ്‌.'

കോവല്‍ കുനിഞ്ഞ്‌ കാറിനുള്ളിലേക്കു നോക്കി. അവശനായ ഒരു കുട്ടി പിന്‍സീറ്റിലിരിക്കുന്ന സ്ത്രീയുടെ മടിയില്‍ തളര്‍ന്നുകിടപ്പുണ്ടായിരുന്നു. കഷ്‌ടം തോന്നി കോവല്‍ ആവരെ വിട്ടയച്ചു. മണല്‍ചാക്കുകളുടെ പഴുതിലൂടെ അതു കണ്ട എഡ്‌വേര്‍ഡ്‌ അങ്ങോട്ട്‌ ഇറങ്ങിച്ചെന്നു.

'കോവല്‍ നീ എന്തു മണ്ടത്തരമാണ്‌ കാട്ടിയത്‌...? നീ എന്താണ്‌ അവരെ പരിശോധിക്കാതെ വിട്ടത്‌..?'

'അയാളുടെ മകന്‌ അസുഖമായി ആശുപത്രിയില്‍ പോകുകയായിരുന്നു.'

'കള്ളത്തരമല്ലെന്ന് ആരറിഞ്ഞു. ...? വേഷംകെട്ടലുകളില്‍ മിടുക്കന്മാരാണിവര്‍.എന്തായാലും നമ്മുടെ ഭരണകൂടത്തോട്‌ വലിയൊരു അനീതിയാണ്‌ നീ ചെയ്തത്‌.... ഒരു ശത്രുവിനെ സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയക്കുക എന്നു പറഞ്ഞാല്‍.... എനിക്കിത്‌ കമാന്റില്‍ റിപ്പോര്‍ട്ട്‌ ചെയ്യാതിരിക്കാനാവില്ല. '

'ആഹാ... തെമ്മാടി.. ഒരു ഭീരുവിനെപ്പോലെ ഓടിയൊളിച്ചതിന്‌ എനിക്കു നിന്നെ അപ്പോള്‍ തന്നെ വെടിവെച്ചുകൊല്ലാമായിരുന്നു. എന്നിട്ടിപ്പോള്‍...'

'ബാസ്റ്റഡ്‌.. ഞാന്‍ നാട്ടില്‍ മടങ്ങിച്ചെന്ന് സ്റ്റെഫാനയുടെ ചുംബനം വാങ്ങുന്നത്‌ നിനക്ക്‌ സഹിക്കുനില്ല അല്ലേ... നീയെന്നെ ഈ മരുഭൂമിയിലിട്ട്‌ കൊന്നുകളയുകതന്നെയില്ലെന്ന് ആരറിഞ്ഞു....?'

'നിന്നെ കൊല്ലുകതന്നെയാണ്‌ വേണ്ടത്‌.ഭീരുക്കളെ മറൈന്‍സില്‍ ആവശ്യമില്ല.'

'തെമ്മാടി... ഇതു രണ്ടാമത്തെ തവണയാണ്‌ നീയെന്നെ ഭീരു എന്നു വിളിക്കുന്നത്‌.'

പറഞ്ഞു തീര്‍ന്നതും എഡ്‌വേര്‍ഡ്‌ തോക്കിന്റെ പാത്തികൊണ്ട്‌ കോവലിനെ അടിച്ചു. ആ വിജനമായ പ്രദേശത്തെ കൊടും ചൂടില്‍ കിടന്ന് അവര്‍ കെട്ടിമറിഞ്ഞ്‌ ഇടികൂടി. കോവലിന്റെ നെറ്റി മുറിഞ്ഞു. എഡ്‌വേര്‍ഡിന്റെ ഒരു പല്ല് താഴെ വീണു.

'നീയും അവരിലൊരാളാണോ എന്ന് ഞനിപ്പോള്‍ സംശയിക്കുന്നു. തെണ്ടീ നിന്നെ ഇനി ഞാന്‍ ജീവിക്കാന്‍ അനുവദിച്ചാല്‍ ..'

എഡ്‌വേര്‍ഡ്‌ തോക്ക്‌ എടുത്ത്‌ കോവ്വലിന്റെ നേരെ വെടിവെച്ചു. മണല്‍ച്ചാക്കുകള്‍ക്ക്‌ പിന്നിലേക്ക്‌ മാറിയതുകൊണ്ട്‌ ഭാഗ്യത്തിന്‌ അത്‌ കൊണ്ടില്ല. അപ്പോഴേക്കും അവരുടെ ഒരു പട്ടാളവാഹനം ഹൈവേയില്‍ പ്രത്യക്ഷപ്പെട്ടു. രണ്ടുപേരും ചാടി എഴുന്നേറ്റ്‌ പൊടി തട്ടി ജോലിയില്‍ അറ്റന്‍ഷനായി.

'എന്താണ്‌ അല്‍പം മുമ്പ്‌ ഇവിടൊരു വെടിയൊച്ച കേട്ടത്‌....? വണ്ടിയില്‍ നിന്നിറങ്ങിയ ഓഫീസര്‍ ചോദിച്ചു.

'ഈ തെണ്ടി എന്നെ കൊല്ലാന്‍ ശ്രമിച്ചതാണ്‌', കോവല്‍ പറഞ്ഞു.

'അതേ, ഞാനതിനു ശ്രമിച്ചു. അല്ലെങ്കില്‍ ഈ ബാസ്റ്റഡ്‌ എന്നെ കൊല്ലുമായിരുന്നു.'

ഓഫീസര്‍ വണ്ടിയിലുണ്ടായിരുന്ന മറ്റു രണ്ടു പേരെ അവിടെ ജോലിക്കു നിയമിച്ചശേഷം അവരെ ക്യാമ്പിലേക്കു കൊണ്ടുപോയി. അത്യാഹിതം നിറഞ്ഞ ഒരു വാര്‍ത്ത അവരെ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. അവരുടെ പ്രിയസുഹൃത്ത്‌ മൈക്കിള്‍ നഗരമദ്ധ്യത്തിലുണ്ടായ ഒരു സ്ഫോടനത്തില്‍ മരണപ്പെട്ടിരിക്കുന്നു. അത്‌ എഡ്‌വേര്‍ഡിന്‌ കൂറ്റുതല്‍ ആഘാതമായി. അവന്റെ ശരീരം യാത്രയാക്കുന്നത്‌ കാണാന്‍ പോലും അവന്‍ പോയില്ല.

ഭക്ഷണത്തിനുപോലും നില്‍ക്കാതെ ചെന്നപാടെ എഡ്‌വേര്‍ഡ്‌ കട്ടിലില്‍ കയറി മൂടിപ്പുതച്ച്‌ കിടപ്പായി. കോവലാവട്ടെ വിശദമായ ചോദ്യംചെയ്യലുകള്‍ പ്രതീക്ഷിച്ച്‌ ഏറെനേരം വിഷണ്ണനായി ക്യമ്പിന്റെ ഒരു മൂലയില്‍ ചെന്ന് കുത്തിയിരുന്ന് സമയം പോക്കി. എന്നാല്‍ അപ്പോള്‍ അതൊന്നുമുണ്ടായില്ല. രാത്രി ഏറെ വൈകി എഡ്‌വേര്‍ഡിനെ കൂട്ടുകാര്‍ ആഹാരത്തിന്‌ വിളിക്കുമ്പോള്‍ അവനു നന്നയി പനിക്കുന്നുണ്ടായിരുന്നു. ആ രാത്രിയാകെ ആരെയോ ഭയപ്പെട്ടിട്ടെന്നപോലെ അവന്‍ പിച്ചും പേയും പറയുന്നതും ഏങ്ങലടിച്ചു കരയുന്നതും കൂട്ടുകാര്‍ കേട്ടു.

കാലത്തുതന്നെ ക്യാമ്പിലെ ഡോക്ടര്‍ വന്ന് അവനെ പരിശോധിച്ച്‌ കൂടുതല്‍ ചികില്‍സക്കായി സ്‌റ്റേറ്റ്‌സിലേക്ക്‌ അയച്ചു. അവിടെ അവന്റെ അതേ അസുഖം ബാധിച്ച ഒരു വലിയ പട്ടാളനിരയുടെ പിന്നിലായി മാത്രമാണ്‌ അവനു സ്ഥാനം ലഭിച്ചത്‌. അവനു പിന്നാലെ കൂടുതല്‍ പട്ടാളക്കാര്‍, ഉദ്യോഗസ്ഥര്‍, ഭരണാധികാരികള്‍, ജനങ്ങള്‍, എന്തിന്‌, ഒരു രാജ്യം തന്നെ ഒഴുകിവന്നുകൊണ്ടിരുന്നു.....
 

comments