എഡിറ്റോറിയല്‍

ക്യാമ്പസ്‌ ഒരു റിഹേഴ്സല്‍ ക്യാമ്പ്‌
 

 



വിദ്യാര്‍ത്ഥികളെ ഇനിമേല്‍ നാം രക്ഷിതാക്കാളുടെ വളര്‍ത്തുകോഴികളായി മാത്രമേ പരിഗണിക്കൂ. പഠിപ്പ്‌ പൂര്‍ത്തിയാക്കി ക്യാമ്പസ്‌ വിട്ടിറങ്ങുന്നതുവരെ വോട്ടവകാശം വിനിയോഗിക്കരുതെന്ന് വിപ്പ്‌ കൊടുക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കാം. ഏകാധിപത്യത്തിനും കക്ഷി സര്‍വ്വാധിപത്യത്തിനും അധിനിവേശത്തിനും യുദ്ധഭീകരതയ്ക്കും മൗലികവാദത്തിനുമെതിരെ ലോകത്താകമാനം വിദ്യാര്‍ത്ഥി സമൂഹം ഉയര്‍ത്തിയിട്ടുള്ള പ്രക്ഷോഭങ്ങളുടെയും പോരാട്ടങ്ങളുടെയും ചരിത്രം നമ്മളങ്ങ്‌ മായ്ച്ചു കളയും. അവര്‍ ക്ലാസ്സില്‍ മാത്രം ശ്രദ്ധിക്കട്ടെ. അവര്‍ക്ക്‌ നാം നല്‍കിയിട്ടുള്ള സിലബസിലും. വിദ്യാര്‍ത്ഥികള്‍ എന്ന നിലയില്‍ അവര്‍ സംഘടിക്കേണ്ടതിന്റെ ഒരാവശ്യവുമില്ല.വാട്ടര്‍ ബോട്ടില്‍ മുതല്‍ മോട്ടോര്‍ ബൈക്കു വരെ വാങ്ങിക്കൊടുക്കാം. നമ്മളാഗ്രഹിക്കുന്ന ഒരു വ്യവസ്ഥയുടെ സ്പോണ്‍സര്‍മാരാണ്‌ നമ്മള്‍. സ്വാതന്ത്ര്യബോധവും രാഷ്ട്രീയചിന്തയും നിലപാടുകളും അപകടകരമാണ്‌. ലോകത്തെ മാറ്റിയതില്‍, പുതുക്കിയതില്‍, വിദ്യാര്‍ത്ഥികള്‍ക്ക്‌, ദേശത്തിന്റെ യൗവ്വനത്തിന്‌ യാതൊരു പങ്കുമില്ല. എല്ലാം ചെയ്തത്‌ രക്ഷിതാക്കളാകുന്നു.

ആയുധവ്യവസായത്തേക്കാള്‍ അപകടകരമാണ്‌ വിദ്യാഭ്യസവ്യവസായം എന്നു പറയുന്നവര്‍ക്ക്‌ എന്തോ കുഴപ്പമുണ്ട്‌. അനുസരണയുടെയും അടക്കത്തിന്റെയും നവമാനേജ്‌മെന്റ്‌ സംവിധാനങ്ങളെ ഇന്നത്തെപ്പോലെ എക്കാലവും നമ്മുടെ നീതിപീഠങ്ങള്‍ കലവറയില്ലാതെ പിന്തുണക്കട്ടെ. ആകയാല്‍ കേരളത്തില്‍ ഏതെങ്കിലും കോളേജില്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം നടന്നാല്‍ അത്‌ പൊലീസിന്‌ റിപ്പോര്‍ട്ട്‌ ചെയ്യുക. അറസ്റ്റും കേസുമുണ്ടായില്ലെങ്കില്‍ പൊലീസിനെതിരെ കോടതിയലക്ഷ്യനടപടികള്‍ ഉണ്ടാകുന്നതാണ്‌. എല്ലാ മൗലികവാദികളുടെയും രഹസ്യസംഘടനകള്‍ക്കായി നാം ക്യാമ്പസുകള്‍ തുറന്നിടുന്നു. തനിപ്പേരും കൊടിയുമില്ലാതെ അവര്‍ വിരാജിക്കട്ടെ.

വിപ്ലവ ഇടതുഫെഡറേഷനും വിപ്ലവ വലതുഫെഡറേഷനും തമ്മില്‍ നടക്കുന്ന ഗോഗ്വാവിളികള്‍ കേട്ട്‌ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹം ആവേശം കൊള്ളും. ആനയും അമ്പാരിയുമായ്‌ വിദ്യാര്‍ത്ഥി നേതാക്കള്‍ ജാഥ നയിക്കുന്നതിന്റെ വെളിവുകേട്‌ കണ്ട്‌ സമരമോ പൂരമോ എന്നറിയാതെ കുഴങ്ങും. സമകാലിക രാഷ്ട്രീയത്തിന്റെ എല്ലാ ഫ്യൂഡല്‍ ജീര്‍ണ്ണതകളും ഇങ്ങനെ വിപ്ലവ വിദ്യാര്‍ത്ഥി സംഘങ്ങള്‍ ഏറ്റുവാങ്ങട്ടെ. ക്രിമിനല്‍വല്‍കരിക്കപ്പെടുന്ന പൊതുരാഷ്ട്രീയത്തിന്റെ റിഹേഴ്സല്‍ ക്യാമ്പാണ്‌ ക്യാമ്പസുകള്‍ എന്ന ആരോപണത്തിന്‌ നമ്മള്‍ ആവും വിധം പിന്തുണ നല്‍കിക്കൊണ്ടിരിക്കുകയാല്‍ ഇത്തരം കോടതിവിധികള്‍ കേട്ട്‌ ജനം കൈയ്യടിക്കും. ഈ മധുരത്തിന്റെ കയ്പ്‌ എത്ര കഠിനമെന്ന് സാവധാനത്തിലേ അറിയൂ. തെറ്റുന്ന രാഷ്ട്രീയ വഴികളെ അരാഷ്ട്രീയം കൊണ്ട്‌ തിരുത്താനാവില്ല. അടങ്ങിയൊതുങ്ങി അനുസരണയോടെ ഇരിക്കൂ എന്നൊരു വാചകം പ്രോംറ്റ്‌ ചെയ്യപ്പെടുന്നത്‌ ശ്രദ്ധിക്കേണ്ടതുണ്ട്‌.

comments