
? ജി.സി.സി. രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാരെ പങ്കെടുപ്പിച്ചുകൊണ്ട്
ഒമാന്‍ മലയാള സമ്മേളനം സംഘടിപ്പിക്കുവാനുള്ള പശ്ചാത്തലമെന്തായിരുന്നു?
= കേരളപ്പിറവിയുടെ സുവര്‍ണ്ണ ജൂബിലിയും ഒമാന്‍ സോഷ്യല്‍ ക്ലബ്ബ് മലയളം
വിഭാഗത്തിന്റെ പത്താം വാര്‍ഷികവും ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ്
ഞങ്ങള്‍ മലയാള സമ്മേളനം സംഘടിപ്പിച്ചത്.1996 മുതലാണ് ഇന്ത്യന്‍ സോഷ്യല്‍
ക്ലബ്ബിന്റെ കീഴില്‍ മലയാള വിഭാഗം എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍
തുടങ്ങിയത്. ആ വര്‍ഷം പ്രവാസ സംഘടനകളെ നിയന്ത്രിച്ചുകൊണ്ട് ഒമാന്‍
സര്‍ക്കാര്‍ ഒരു നിയമം കൊണ്ടു വന്നിരുന്നു. അതുപ്രകാരം ഒമാനില്‍ ഒരു
രാജ്യത്തിന് ഒരു സംഘടന മാത്രമേ പാടുള്ളൂ എന്ന നിയന്ത്രണം വന്നു.എന്നാല്‍
നമ്മുടെ രാജ്യത്തിന്റെ ഭൂമിശാസ്ത്രപരവും ഭാഷാപരവുമായ വൈവിധ്യം പരിഗണിച്ച്
ഓരോ ഭാഷാവിഭാഗത്തിനും ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിനുകീഴില്‍ പ്രത്യേകം
വിഭാഗമയി പ്രവര്‍ത്തിക്കാനുള്ള അനുമതി ലഭിച്ചു. മുന്നൂറിലേറെ അംഗങ്ങളുള്ള
മലയാള വിഭാഗത്തിന് കേരള കള്‍ച്ചറല്‍ സെന്റര്‍ എന്ന നിലയില്‍ 1996ല്‍
ഇരുപതു വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യം ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ
മൊത്തത്തില്‍ ഞങ്ങള്‍ക്ക് മുപ്പതുവര്‍ഷത്തെ അനുഭവസമ്പത്തുണ്ട്.
കലാസാംസ്കാരിക രംഗത്തെന്നപോലെ സാമൂഹികക്ഷേമരംഗത്തും തുല്യ പ്രാധാന്യത്തോടെ
എല്ലാ മാസവും നിശ്ചിതതുക അക്കാര്യങ്ങള്‍ക്ക് നീക്കിവെച്ചുകൊണ്ടുള്ള
പ്രവര്‍ത്തനങ്ങളുണ്ട്. ഈ കാലയളവിനുള്ളില്‍ കേരളത്തിലെ
കലാസാമൂഹികരാഷ്ട്രീയരംഗങ്ങളിലെ പ്രമുഖരെല്ലാം തന്നെ ഞങ്ങളുടെ
പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചിട്ടുണ്ട്. പത്താം വാര്‍ഷികാഘോഷത്തിന്
ടി.എന്‍.ശേഷനാണ് തുടക്കം കുറിച്ചത്. അടൂര്‍ ഫിലിം ഫെസ്റ്റിവല്‍
ഉള്‍പ്പെടെ വ്യത്യസ്തമായ നിരവധി പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ ഈ വര്‍ഷം
ഏറ്റെടുത്തു നടത്തി.
2006ലെ മലയാള വിഭാഗത്തിന്റെ സാഹിത്യപുരസ്കാരത്തിന് തെരഞ്ഞെടുത്തത്
സേതുവിനെയായിരുന്നു. അദ്ദേഹം ഒമാനില്‍ എത്തുമ്പോള്‍ ജി.സി.സി.
രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാരെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട്
മലയാളസമ്മേളനം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.കേരളത്തില്‍ നിന്നുള്ള
എഴുത്തുകാരെ ക്ഷണിച്ചു വരുത്തിയും പുരസ്കാരങ്ങള്‍ നല്‍കിയും ഏറെക്കാലമായി
നാം ആദരിക്കുന്നു.കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഗള്‍ഫിന്റെ
പൊതുശ്രദ്ധയിലേക്ക് ഉയര്‍ന്നു വന്ന നിരവധി എഴുത്തുകാര്‍ ജി.സി.സി.
രാജ്യങ്ങളിലുണ്ട്. ഇവരെ ഒന്നിച്ചു ചേര്‍ക്കുന്നത് കാലത്തിന്റെ
ആവശ്യവുമായിരുന്നു.സൗദിയില്‍ നിന്നും പി.ജെ.ജെ.ആന്റണി, ബഹ്‌റൈനില്‍ നിന്നും
ബെന്യാമിന്‍, ഷാര്‍ജയില്‍ നിന്ന് കെ.പി.കെ. വേങ്ങര. അബുദാബിയില്‍ നിന്ന്
സര്‍ജു,ദുബായില്‍ നിന്ന് കുഴൂര്‍ വില്‍സണ്‍, ഒമാനില്‍ തന്നെയുള്ള എന്‍.ടി.
ബാലചന്ദ്രന്‍ തുടങ്ങിയവരുടെ പങ്കാളിത്തം മൊത്തം പരിപാടിയെ
വ്യത്യസ്തമാക്കി,അതിനേക്കാളേറെ ഒരു സജീവത സൃഷ്ടിച്ചു. കുവൈറ്റില്‍ നിന്ന്
കരുണാകരനെ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് പങ്കെടുക്കാനായില്ല.

? എന്തുതരം വ്യത്യാസമാണ് നിങ്ങളീ പറയുന്ന ആളുകളുടെ സാന്നിദ്ധ്യം
കൊണ്ടുണ്ടായത്?
= നാട്ടില്‍ നിന്നുള്ള എഴുത്തുകാര്‍ നമുക്ക് മലയാള ഭാഷയോടും സസ്കാരത്തോടും
കലാപാരമ്പര്യത്തോടും ഒക്കെയുള്ള താല്‍പര്യത്തെക്കുറിച്ച് നല്ല വാക്കു
പറയും. കേരളത്തിലെ പ്രശ്നങ്ങള്‍, ജീവിതസംഘര്‍ഷങ്ങള്‍ ഒക്കെ പ്രതിപാദിക്കും.
അതുകൊണ്ട് നമ്മള്‍ ഗള്‍ഫില്‍ തുടരുകയാണ് നല്ലതെന്ന് സൂചിപ്പിക്കും.
എന്നാല്‍ ഗള്‍ഫ് ജീവിതത്തെ മുന്‍ നിര്‍ത്തിയുള്ള സംസാരമോ ആലോചനയോ
ഉണ്ടാവില്ല. അതിനൊരു മാറ്റം വന്നത് വ്യത്യസ്തമായ കാര്യമാണ്. ഇതിനു
മുമ്പ് ഒരു ഗള്‍ഫ് സംഘടനയും ഇത് ചെയ്തിട്ടില്ല. അക്കാര്യത്തില്‍ ഒരു
മാതൃക കാട്ടി എന്ന് ഞങ്ങള്‍ അഭിമാനിക്കുന്നു.
നവംബര്‍ 30, ഡിസംബര്‍ 1, ഇങ്ങനെ രണ്ടു ദിവസങ്ങളിലായിട്ടാണ് മലയാള സമ്മേളനം
നടന്നത്. 30ന് രാത്രി കഥാ ചര്‍ച്ചയുടെ വേദിയില്‍ രൂപപ്പെട്ട ഒരു കാര്യം
ഞാന്‍ പറയാം. പ്രവാസത്തിന്റെ കഥകള്‍ എന്ന വിഷയത്തില്‍ എന്‍.ടി.ബാലചന്ദ്രന്‍
ഒരു പ്രബന്ധം അവതരിപ്പിക്കുകയും അതിനെക്കുറിച്ചുള്ള ചര്‍ച്ച നടക്കുകയും
ചെയ്തു. പങ്കെടുത്ത ഓരോരുത്തരും വ്യത്യസ്തമായ അഭിപ്രായങ്ങളും
നിലപാടുകളുമുള്ളവരായിരുന്നു. സേതു പറഞ്ഞു വെച്ച മലയാള ഭാഷ നേരിടുന്ന
പ്രതിസന്ധിയെ മുന്‍ നിര്‍ത്തിയാണ് വേങ്ങര സംസാരിച്ചത്. എന്നാല്‍ മറ്റു
പലര്‍ക്കും ആ അഭിപ്രായത്തോട് യോജിപ്പുണ്ടായിരുന്നില്ല. ഇത് കാലത്തിന്റെ
കൂടി ഒരു വ്യത്യാസമണ്. ഗല്‍ഫില്‍ മലായാളം റേഡിയോ ജനപ്രിയമാക്കിയതില്‍
മുഖ്യ പങ്കു വഹിച്ച ആളാണ് വേങ്ങര.

നമ്മള്‍ കഥയില്‍ നിന്നും കവിതയില്‍ നിന്നും പുറത്തു വന്ന് ഗള്‍ഫിലെ മലയാളം
റേഡിയോ സംപ്രേഷണം എന്ന വിഷയത്തെക്കുറിച്ച് സാമൂഹ്യശാസ്ത്രപരമായ ചില
അന്വേഷണങ്ങളും ചര്‍ച്ചകളും നടത്തേണ്ടതുണ്ട്. എന്നാല്‍ മലയാള ഭാഷയുടെ
പ്രതിസന്ധി, മരണം, ഇത്തരം വിഷയങ്ങളോട് പൂര്‍ണ്ണമായി വിയോജിക്കുകയും
ഇ.മലയാളത്തെയും മലയാളം ബ്ലോഗുകളെയും ഒക്കെ മുന്‍ നിര്‍ത്തി മുമ്പ്
ചെന്നെത്തിയിട്ടില്ലാത്ത ഇടങ്ങളിലേക്ക് ഭാഷ ചെന്നെത്തുന്നതിനെക്കുറിച്ച്
അനുഭവങ്ങളുടെ മറ്റൊരു ലോകം സമാഹരിക്കപ്പെടുന്നതിനെക്കുറിച്ച് സര്‍ജു,
സംസാരിച്ചു. വേദിയിലുണ്ടായിരുന്ന എന്‍.ടി. ബാലചന്ദ്രനാകട്ടെ ദീര്‍ഘനാള്‍
ഇന്‍ലന്റ് മാസിക നടത്തിയിട്ടുള്ള ആളാണ്. ചെറുമാസികകളും ഇന്‍ലന്റ്
മാസികകളുമൊക്കെ മലയാള സാഹിത്യത്തിലെ ആധുനികതയേയും സമാന്തര
പ്രസാധനത്തെയുമൊക്കെ തുണച്ചിട്ടുള്ള സംഗതികളാണ്. ഇത് വേദിയില്‍ ഞാന്‍
തന്നെയാണ് ചൂണ്ടിക്കാണിച്ചത്.ലോകത്താകമാനം റേഡിയോ തിരിച്ചുവരുന്നുണ്ട്,
വാണിജ്യനിലയങ്ങള്‍ എന്ന നിലക്കാണെങ്കിലും. സൈബര്‍ സ്പെയ്സില്‍
മലയാളത്തിന്റെ നല്ല ഇടങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. മലയാളത്തിന് ജനകീയമായ
ഒരു സമാന്തര പ്രസാധന ചരിത്രമുണ്ട്. ഈ കാര്യങ്ങളൊക്കെ ഒമാനിലെ
മലയാളസമ്മേളനവേദിയില്‍ ആസൂത്രിതമല്ലാതെ ഒന്നിക്കുന്നത് പ്രധാനപ്പെട്ട
കാര്യമാണ്.
ജൂതരുടെ ചിതറലിനെ, diasporaയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ബെന്യാമിനും
ആന്റണിയും മലയാളിയുടെ ചിതറലിനെക്കുറിച്ച്, അതിലൂടെ പ്രവാസത്തെക്കുറിച്ചും
പ്രധാനപ്പെട്ട ചില നിരീക്ഷണങ്ങള്‍ നടത്തി ..
തുടരും.
comments