കവിത

ടി.പി. അനില്‍കുമാര്‍

പ്രണയി, തെരുവിലെ
ഒരാവിഷ്കാരം നോക്കി നില്‍ക്കുന്നു.
 
 


പ്രണയം
കൊണ്ടുള്ള ഭ്രാന്തോ
ഭ്രാന്തു കൊണ്ടുള്ള പ്രണയമോ
നിനക്കെന്നോട്‌?

നഗരവഴിയിലെ പീടികച്ചുമരില്‍
ചിത്രമെഴുതുന്നു ഒരാള്‍
ഉന്മാദി, അര്‍ദ്ധനഗ്നന്‍
ചിത്രകാരനായ ഉന്മാദിയോ
ഉന്മാദി ചിത്രകാരനായതോ?

ഭ്രാന്തു കൊത്തിയ വിരലുകളാല്‍
ചെങ്കല്ലു കൊണ്ട്‌ പുലര്‍മാനം
കരിക്കട്ടകൊണ്ട്‌ ഇരുട്ട്‌
പച്ചില തേച്ച്‌ കാട്‌

ചെങ്കല്‍ മാനത്തുകൂടെ
ചിത്രകാരനറിയാതെ
കിളിക്കൂട്ടം പറന്നുപോയി.

കാണാന്‍ വരുന്നില്ലേ നീ
ഞാനടിമുടി തളിര്‍ത്തു നില്‍ക്കുന്നത്‌?

രാത്രി, കിടക്കപ്പായ തെറുത്ത്‌
മുടി നെറുകയില്‍ കെട്ടിവെച്ച്‌
നെഞ്ചിലെ ക്ഷതങ്ങളില്‍
തൊട്ടുനോക്കി

വസന്തമായ്‌
കാറ്റിന്റെ കൊമ്പനാനപ്പുറത്ത്‌
വരാത്തതെന്തേ
ഉമ്മവെച്ചുമ്മവെച്ച്‌
എന്റെ കൊമ്പുകള്‍ തോറും
പൂ നിറയ്ക്കാത്തതെന്തേ?
 


നോക്കിനോക്കി നില്‍ക്കേ
ആകാശവും സൂര്യനും കവിഞ്ഞ്‌
കാടു വളര്‍ന്നു
മൃഗമലറി
വെടികൊണ്ടതാവുമോ?
ആരാലെങ്കിലും കണ്ടെടുക്കപ്പെടാന്‍
അടിക്കാട്ടില്‍ ഇലകള്‍ മൂടിക്കിടന്നു
പുണര്‍ന്ന നിലയില്‍,അസ്ഥികള്‍

എത്രയേകാന്തമീ കാടെന്ന്
ഒരു പാട്ടുയര്‍ന്നു
തോന്നിയതാവുമോ?

മരങ്ങള്‍ സ്വയം വകഞ്ഞ്‌
വഴിയുണ്ടാക്കി വിളിച്ചു
കയറിക്കോളൂ
അന്ധചിത്രകാരന്റെ കണ്ണുകളില്‍
കരുണയുടെ കടലിളകി

കല്ലും മുള്ളുമില്ല,കയറിക്കോളൂ

മുള്ളുകളഞ്ഞ മീന്‍ വെച്ചുരുട്ടിയ
ചോറുരുള
ആരാണെന്നെ ഓര്‍മ്മപ്പെടുത്തുന്നത്‌?


 

comments