ആകാശം
വന്നു തലയ്ക്കടിച്ചപ്പോള്‍
ഭൂമി വഴുതിയപ്പോള്‍
ചുടുകാറ്റിന്റെ തിരയില്‍
മുങ്ങിപ്പോയപ്പോള്‍
എന്തെല്ലാമോ ചെയ്യണമെന്നാശിച്ചെങ്കിലും
ഒന്നും സംഭവിച്ചില്ല
വേനലിന്റെ നിഷ്‌കരുണമായ തുടര്‍ച്ചകളാല്‍
ഉണക്കുപിടിച്ച കണ്ണുകളില്‍
ചുടുമഴ പൊടിഞ്ഞതല്ലാതെ

അതിന്റെ ചൂടേറ്റ് ഇരുട്ടിന് പൊള്ളിയിട്ടുണ്ടാകുമോ
നനവു ഭൂമിയില്‍ പ്രളയം ഉണ്ടാക്കിയിട്ടുണ്ടാകുമോ
ആവിയാക്കാനാകാതെ സൂര്യന്‍ വിയര്‍ത്തിട്ടുണ്ടാവുമോ
ഉപ്പുമല കയറുവാന്‍
ആരോഹകന്‍ പുറപ്പെട്ടിട്ടുണ്ടാകുമോ
അതിന്റെ ഭാരത്താല്‍ വിറച്ച്
ഭൗമാന്തരങ്ങളില്‍ വിള്ളലുകളുണ്ടായത്
റിക്ടര്‍ മെഷീനുകള്‍ അറിഞ്ഞിട്ടുണ്ടാകുമോ
ഇരുട്ടിലേക്ക് വീണുപോയ അതിനെ
അറിഞ്ഞവരോ കണ്ടവരോ ഇല്ല
പുറന്തള്ളിയ കണ്ണുകള്‍ക്കും വേണ്ട
ഏറ്റുവാങ്ങാനാളില്ലാതെ
നേര്‍ത്ത ഒഴുക്കിന്റെ തുടര്‍ച്ച പോലും വെടിഞ്ഞ്
ചിതറി വീണ് അവസാനിച്ചു
ഒരിക്കല്‍ പ്രബന്ധ പഠനങ്ങളുടെ വരികളില്‍
എവിടെയെങ്കിലും, ആരെങ്കിലും
അവയെ കണ്ടെത്തും
സുനാമി പോലെ ഭംഗിയുള്ള ഒരു പേര്
പതിച്ചുകൊടുക്കും.
comments