കവിത

ജയേഷ്‌

പുതുവര്‍ഷം
 

 


എല്ലാവരും
കൂവുന്നു
കൂടെ ഞാനും

എനിക്കു പോകാന്‍
വിടവുകള്‍ വെച്ചുകൊണ്ടാണ്‌
അവരുടെ നില്‍പ്‌

ദേഹമുരസാതെ
കടന്നു പോകുമ്പോള്‍
അവര്‍ നിരാശയുടെ
വിരഹത്തിന്റെ
ദു:ഖത്തിന്റെ
വിദ്വേഷത്തിന്റെ
ചുടുനിശ്വാസങ്ങള്‍
പുകച്ചുകൊണ്ടിരുന്നു.

വേണ്ടായിരുന്നെന്ന
തോന്നലില്‍
ഒരു പുതുവര്‍ഷം
കാത്തു നില്‍ക്കുന്നു....

ആരോ തുടങ്ങിയ
ആര്‍പ്പുവിളി
അവരെ പടര്‍ന്നു
എന്തിനെന്നറിയാതെ
പരസ്പരം അഭിനന്ദിച്ചു,
ആരാണ്‌ തുടക്കമിട്ടതെന്ന്
ആര്‍ക്കും അറിഞ്ഞുകൂടാ!

ആരോ പറഞ്ഞു:
'ആരോ തുടങ്ങി,
ആരോ കൈമാറി,
ആരായാലെന്താ?'
 

comments