കഥയും ജീവിതവും

അഷ്‌റഫ്‌ പേങ്ങാട്ടയില്‍, സി.വി.സലാം

ഉമ്മ വരച്ച കാക്ക,
അതിന്റെ കൊക്കിലെ അപ്പം


(ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവുമായുള്ള സംഭാഷണം)

 


? കഥകള്‍ക്ക്‌ തുടക്കക്കാലത്ത്‌ ലഭിച്ച എന്തെങ്കിലും പ്രതികരണം, പ്രത്യേകിച്ച്‌ എഴുത്തുകാരില്‍ നിന്ന്...

= 'ഇപ്പോള്‍ വിദൂരതയില്‍ നിന്ന് ഒരിരമ്പം കേള്‍ക്കാം. ഒരു വിസിലൂത്ത്‌ കേള്‍ക്കാം, ഒരു ജീപ്പ്പിന്റെ ഇരമ്പം. ഒരു പൊലീസുകാരന്റെ വിസിലൂത്ത്‌'. ആര്‍ക്കും വേണ്ടാത്ത്‌ കണ്ണ്‍ അവസാനിക്കുന്നതിങ്ങനെയാണ്‌. ഈ ഭാഗം വേണമായിരുന്നോ? ഒഴിവാക്കിക്കൂടേ എന്ന് വിലാസിനിയുടേ കത്ത്‌ വന്നിരുന്നു. ,എനിക്കാദ്യമായി കിട്ടിയ അറിയപ്പെടുന്ന ഒരെഴുത്തുകാരന്റെ കത്ത്‌ അതായിരുന്നു. പുസ്തകത്തിന്‌ പുതിയ എഡിഷനുകളുണ്ടായ സന്ദര്‍ഭങ്ങളിലൊക്കെ ഇങ്ങനെയൊരു മാറ്റത്തെക്കുരിച്ച്‌ ഞാനാലോചിച്ചിട്ടുണ്ട്‌. പക്ഷെ മാറ്റാന്‍ കഴിഞ്ഞില്ല. എല്ലാ ബലപ്രയോഗങ്ങളും ആത്യന്തികമായി അധികാരത്തിന്റേതാണ്‌. എത്ര ചെറിയ ഇടപെടലിന്റെ കണ്ണിയും ചെന്നവസാനിക്കുന്നത്‌ അധികാരത്തിലും ഭരണകൂടങ്ങളിലുമാണ്‌.

? മൂര്‍ത്തമായ ജീവിതനുഭവങ്ങളെ അശയങ്ങളിലേക്കുള്ള ചവിട്ടുപടികളാക്കുകയോ എല്ലാത്തരം മനുഷ്യവ്യഥയേയും അസ്തിത്വവ്യഥയുടെ ഒരു പൂര്‍വനിശ്ചിത വൃത്തത്തിന്നകത്തേക്ക്‌ ആനയിക്കുകയോ ആണ്‌ സാഹിത്യരചനയില്‍ ഒരെഴുത്തുകാരന്‍ പുലര്‍ത്തുന്ന ഗൗരവത്തിന്റെ ലക്ഷണമെന്ന ധാരണ നമ്മുടെ ഭാവുകത്വത്തിന്റെ ഒരു ഭാഗമായി നിലനിന്നുവരുന്നുണ്ട്‌. 1990ല്‍ താങ്കളുടെ കഥകള്‍ക്കെഴുതിയ പഠനത്തില്‍ എന്‍.പ്രഭാകരന്‍ ഇങ്ങനെയൊരു നിരീക്ഷണം നടത്തുന്നുണ്ട്‌. സാഹിത്യത്തിലെ ആധുനികത ശിഹാബിന്‌ എങ്ങനെയാണ്‌ അനുഭവപ്പെട്ടത്‌?

= എഴുത്തിന്റെ ധൈഷണിക ലോകം എനിക്ക്‌ അത്ര പരിചിതമല്ല. മറ്റൊരാലുടെ കൃതിയില്‍ ഞാന്‍ എന്നെത്തന്നെയാണ്‌ വായിക്കുന്നത്‌.എന്നെ ബാധിക്കുന്ന എഴുത്ത്‌, അതാണെനിക്കിഷ്ടം. അതുകൊണ്ടു തന്നെ ആധുനികതയെത്തുടര്‍ന്ന് എന്നെപ്പോലുള്ളവര്‍ പകച്ചുനിന്ന അവസരങ്ങളുണ്ട്‌. മലയാളത്തിലെ ആധുനികത എഴുത്തിന്‌ നവോന്മേഷം നല്‍കിയിട്ടുണ്ട്‌ എന്നുള്ളത്‌ വസ്തുതയാണ്‌. പക്ഷെ മൗലിക രചനകള്‍ക്കൊപ്പം വ്യാജരചനകളും ഏറെയുണ്ടായിരുന്നു. വ്യാജരചനകള്‍ എന്നു പറഞ്ഞാല്‍ മനസ്സ്‌ ഇല്ലാത്ത എന്നാല്‍ ഭംഗിയുള്ള ചില നിര്‍മിതികള്‍. നിര്‍മ്മാണവും സര്‍ഗ്ഗപ്രക്രിയയും തമ്മില്‍ വേര്‍തിരിച്ചറിയേണ്ടതുണ്ട്‌. ആധുനികരില്‍ പലരും ഇത്തരം കപടസൃഷ്ടികള്‍ ചെയ്തിട്ടുണ്ട്‌. ഉദാഹരണം, എം.മുകുന്ദന്‍. ബോധപൂര്‍വ്വം ഇതു ചെയ്തവര്‍ പെട്ടെന്ന് അതിനെ മറികടക്കും. നല്ലൊരു കൃതിയും അതിനെത്തുടര്‍ന്ന് ഒരു ഡ്യൂപ്ലിക്കേറ്റും എന്നത്‌ പലരിലും കാണാം.

മോശം കഥക്ക്‌ കപട വ്യഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. കവിതയിലും വേണ്ടുവോളം ഉദാഹരണങ്ങളുണ്ട്‌. അധുനികര്‍ക്ക്‌ തൊട്ടുപിന്നാലെ വന്നവര്‍ ഇത്‌ തിരിച്ചറിയുകയും മറികടക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഒറ്റയാന്റെ പാപ്പാനിലും മറ്റും ആധുനികതയുടെ ഗുണപരമായ തുടര്‍ച്ചയുണ്ട്‌. അശോകനിലും തോമസ്‌ ജോസഫിലുമൊക്കെ മൗലികതയുടെ വേറിടലുണ്ട്‌.എന്നാല്‍ പൊതുവേ നമ്മുടെ ലോകം ഗ്രന്ഥലോകമായി ചുരുങ്ങാന്‍ തുടങ്ങി. വല്ലാതെ നേര്‍പ്പിച്ച്‌ നേര്‍പ്പിച്ച്‌ സാഹിത്യം ജേര്‍ണലിസം കലര്‍ന്നതായി. വളരെ ലാഘവത്തോടെ വ്യായാമമായ്‌ ദിനചര്യയെന്നോണം എഴുതിയെഴുതി പത്രപ്രവര്‍ത്തനവും സാഹിത്യപ്രവര്‍ത്തനവും ഒന്നാക്കിത്തീര്‍ക്കുന്നവരുമുണ്ട്‌.

? അറവുമൃഗം എന്ന കഥയില്‍ അറവുശാല നടത്തുന്നവനും അറവുമൃഗവും ഒന്നായി മാറുന്നുണ്ട്‌. ചേട്ടത്തില്‍ കൂട്ടിക്കൊടുപ്പുകാരനും വിടനും ഒന്നായി മാറുന്നു. ചെമ്മണ്‍ കുന്നില്‍ വണ്ടിക്കാരനും കാളയും ഭാരവും ഒന്നാകുന്നു. അഞ്ചാം മണ്ണിലേക്കുള്ള കത്തുകളില്‍ പ്രതീക്ഷാ നിവാസിലെ കെ.പി.അനന്തന്‍ കുട്ടി പോസ്റ്റ്‌മാനായി മാറുകയും മറ്റൊരാള്‍ കെ.പി. അനന്തന്‍ കുട്ടിക്ക്‌ കത്തുണ്ടോ എന്ന് അയാളോട്‌ ചോദിക്കുകയും ചെയ്യുന്നുണ്ട്‌. വിശദീകരിക്കാമൊ? ഇതില്‍ എഴുത്തുകാരനെക്കൂടി പ്രതിസ്ഥാനത്ത്‌ ചേര്‍ക്കല്‍, ഉത്തരവാദിത്വം പങ്കിടല്‍ ഉണ്ടോ?

= ഞാന്‍ എന്ന വ്യക്തിയെ കേന്ദ്രീകരിച്ചുള്ള ഒരു രചനാരീതിയാണുള്ളത്‌. എന്റെ ഉള്ളില്‍ നിന്ന് ലോകത്തെ പിടിച്ചെടുക്കാനല്ലാതെ ലോകത്തില്‍ നിന്ന് എന്നെ പിടിച്ചെടുക്കാന്‍ ഞാന്‍ ശ്രമിക്കാറില്ല. എന്റെ പരിമിതിയാണത്‌. പക്ഷെ സത്യസന്ധമായും തീവ്രമായും പറയാന്‍ ഇതെന്നെ സഹായിക്കാറുണ്ട്‌. അതിനപ്പുറമുള്ള കാര്യങ്ങളില്‍ ഞാന്‍ ബോധവാനല്ല.ശാരീരികമായും മാനസികമായും ഉള്ള ജീവിതത്തില്‍ കേന്ദ്രീകരിക്കുന്നതുകൊണ്ടാകണം അയാള്‍ ഞാന്‍ തന്നെയാണെന്ന് വരുന്നത്‌.

? ആത്മാവില്‍ തലയൊളിപ്പിക്കുന്നതിനെക്കുറിച്ച്‌ മേതില്‍ രാധാകൃഷ്ണനെപ്പോലുള്ളവര്‍ ചില വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്‌. ഉത്തരാധുനികതയില്‍ ആത്മാവിന്റെ ഇടങ്ങള്‍ ശരീരം കയ്യേറുന്നതു കാണാം. ശരീരം തന്നെ ഭക്ഷണപദാര്‍ത്ഥങ്ങളായി വേര്‍പിരിയുകയും അഭിരുചികള്‍ എന്നത്‌ രുചികളായി മാറുകയും ചെയ്യുന്നു. കടന്നുകയറ്റത്തിന്റെ രാഷ്ട്രീയം ഇപ്പോള്‍ കപ്പലോടിക്കുന്നത്‌ അജ്ഞാതസമുദ്രങ്ങളിലല്ല ദരിദ്രലോകത്തിലെ മനുഷ്യരുടെ വായ്ക്കുള്ളിലാണ്‌.

ഭക്ഷണത്തിന്റെ വിവരണം കുഞ്ചന്‍ നമ്പ്യാരിലും വി.കെ.എന്നിലുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്‌. ഇതില്‍ നിന്ന് വ്യത്യസ്തമായ രീതിയിലുള്ള വിവരണമാണ്‌ സിഹാബിന്റെ കഥകളില്‍ ഭക്ഷണത്തിനുള്ളത്‌. കഥാപാത്രങ്ങളുടെ പുറംവടിവ്‌ പറയാന്‍ മുമ്പും ശരീരം വിവരിക്കപ്പെട്ടിട്ടുണ്ട്‌. കവിതകളില്‍ ഇത്‌ സ്ത്രീ ശരീരമായിരുന്നു എന്നു മാത്രം. അതല്ല ചോദിക്കുന്നത്‌. അദ്യകഥാസമാഹാരത്തില്‍ കഥകള്‍ക്കു മുമ്പ്‌ ശിഹാബ്‌ ഇങ്ങനെ കുറിച്ചിട്ടുണ്ട്‌. ചങ്ങാതീ പാല്‍ തരനുള്ള എന്റെ മോഹമാണീ പാലും വെള്ളം. കുപ്പായമിടാത്ത എന്റെ പശുക്കളൊക്കെ നിന്റെ പറമ്പിലാണ്‌ മേയുന്നത്‌. നിന്റെ കറുകകിനാക്കളെ കാര്‍ന്നു തിന്നുന്ന ഭാരം തൂങ്ങിയ അസ്തമയമായി അതു വരും. കല്ലെറിഞ്ഞ്‌ കൊന്നാല്‍ ഇറച്ചികൊണ്ടൊരത്താഴം തരാം.

= വിപ്ലവത്തിലും പ്രണയത്തിലും മനസിന്റെ വാഹനമാണ്‌ ശരീരം. വാഹന തടസ്സവും തടവറയും അതു തന്നെ. എന്റെ ആകാംക്ഷകളും ആകുലതകളും ജീവിതത്തിന്റെ അറ്റിസ്ഥാനപ്രശ്നങ്ങളെ ചുറ്റിപ്പറ്റിയുള്ളതാണ്‌. എന്റെ ജീവിതത്തിന്റെ ഭൗതിക സാഹചര്യമാണ്‌ ഇതിനെ നിയന്ത്രിച്ചിട്ടുള്ളത്‌. ഉമ്മ തീരെ പഠിച്ചിട്ടില്ല. ചിത്രം വരക്കുമായിരുന്നു. കാക്കകളെ വരയ്ക്കും. ഞാന്‍ പലപോഴും വിചാരിച്ചിട്ടുണ്ട്‌ അവര്‍ വരയ്ക്കുന്ന കുറച്ചു കാക്കകളെ എങ്കിലും ഫ്രെയിം ചെയ്തു വെക്കണമെന്ന്. അത്രയ്ക്ക്‌ ചടുലമായ വരയാണ്‌. വരക്കാന്‍ ആവശ്യപ്പെട്ടാല്‍ വരക്കില്ല. അവര്‍ക്ക്‌ തോന്നുമ്പോഴാണത്‌ ചെയ്യുക. പക്ഷെ എപ്പോഴും കാക്കയുടെ കൊക്കില്‍ ഒരപ്പമുണ്ടാകും. കൊക്കില്‍ അപ്പമില്ലാത്ത കാക്കയെ ഉമ്മ വരച്ചിട്ടില്ല. അപ്പത്തെക്കുറിച്ചുള്ള ഉമ്മയുടെ വേവലാതിയായിരുന്നിരിക്കണം അതിന്റെ കാരണം.

? ഉഷ്‌ണം കൊണ്ട്‌ പൊറുതിമുട്ടിയ ചങ്ങാതീ
കുറേ നേരത്തേക്ക്‌ ഈ തലയൂരി വെച്ച്‌
നമുക്ക്‌ അടുക്കളയിലേക്ക്‌ പോകാം.
അപരിണാമിയായ അടുക്കള
അടുക്കളക്ക്‌ വിശന്നുപോകാതിരിക്കാന്‍
നമുക്ക്‌ ഭക്ഷണമുണ്ടാക്കാം

(മഞ്ഞുകാലം... ആമുഖക്കുറിപ്പ്‌)


മൂന്നാമത്തെ സമഹാരത്തിലെ തല എന്ന കഥയില്‍ ഉടലും തലയുമയുള്ള ഒരു സംവാദമുണ്ട്‌.
തല ഉടലിനോട്‌: നീ ഏതു ചരിത്ര പുസ്തകത്തിലുണ്ട്‌?
എത്‌ ലിഖിതരേഖയില്‍ പാഠപുസ്തകങ്ങളെടുത്ത്‌ നോക്കുക മഹാശയന്മാരുടെ ഉടല്‍ നീ കാണിച്ചു തന്നാട്ടെ. നാണയങ്ങളെടുക്കൂ...
ഉടല്‍ തലയോട്‌: നീ ചരിത്രത്തിന്റെ കുരുടന്മാര്‍ക്ക്‌ തപ്പിനോക്കാനുള്ള വെറും ചിഹ്നം മാത്രം,. ക്ലാവിനു തിന്നാനുള്ള അലക്സാണ്ടര്‍ ചക്രവര്‍ത്തി. പക്ഷേ ഞാനൊരു വലിയ ശരീരമായി കോട്ടകളില്‍ അണക്കെട്ടുകളില്‍ നെഞ്ചുയര്‍ത്തി നില്‍ക്കുന്നുണ്ടെടോ...

അറുത്തു മാറ്റിയാലുടന്‍ കിളിര്‍ത്തുപൊന്തുന്ന രാക്ഷസശിരസ്സുകളെ കഥകള്‍ നേരിടുന്നുണ്ട്‌.

= വാദിച്ചും തര്‍ക്കിച്ചും സദാ ജയിക്കുന്ന ബുദ്ധിയുടെ ശല്യം നമുക്ക്‌ കൂടുതലാണ്‌. കാരുണ്യമില്ലാത്ത ബുദ്ധിയെപ്പോലെ അപകടമായി മറ്റൊന്നുമില്ല. മലയാളിക്കും ബുദ്ധിയെന്നാല്‍ ആര്‍ഗ്യുമന്റ്‌ ആണ്‌. അവന്റെ ചെരിപ്പു പോലെ ഉപേക്ഷിക്കാവുന്ന ഊരിവെക്കാവുന്ന ഒന്നാണ്‌. വ്യക്തിപരമായ ഒരനുഭവം പറയാം. ഉമ്മ ആസുപത്രിയിലായി. ഡിസ്ചാര്‍ജ്ജ്‌ ചെയ്യുമ്പോള്‍ അടക്കാന്‍ അവശ്യമായ പൈസ എന്റെ പക്കലില്ല. എഴുത്തുകാരനും ബുദ്ധിജീവിയുമായ ഒരു സുഹൃത്തിനെ വീട്ടില്‍ ചെന്നുകണ്ട്‌ കാര്യം പറഞ്ഞു. പുതിയ കഥകള്‍... ലേഖനങ്ങള്‍... പതിവിന്‍പടിയുള്ള സാഹിത്യചര്‍ച്ച നീണ്ടു പോയി. അയാള്‍ എന്റെ ആവശ്യത്തെക്കുറിച്ചു മാത്രം ഒന്നും പറഞ്ഞില്ല. ഒപ്പം പഠിച്ച്‌ ഏഴാം ക്ലാസ്സില്‍ പഠിപ്പു നിര്‍ത്തി ബാര്‍ബബറായി പണിയെടുക്കുന്ന ഒരു സുഹൃത്താണ്‌ പൈസ തന്ന് എനെ സഹായിച്ചത്‌. ഇത്തരം അനുഭവങ്ങള്‍ ഏറെയുണ്ട്‌. ഇത്‌ എന്റെ മാത്രം അനുഭവമല്ല. അതിന്റെ മുനകള്‍ കഥകളിലുണ്ടാവാം.മുത്തങ്ങ സംഭവമുണ്ടായപ്പോള്‍ ബുദ്ധിജീവികളൊക്കെ ഹാജരായി.വയനാട്ടിലെ ബാറുകളില്‍ കയറിയിരുന്ന് താടിയുഴിഞ്ഞ്‌ ചര്‍ച്ച ചെയ്ത്‌ തിരിച്ചുപോയി. ചിലര്‍ ധര്‍ണ്ണകളും സെമിനാറുകളുമൊക്കെ സംഘടിപ്പിച്ചിട്ടുണ്ട്‌. അതിനപ്പുറം എത്രപേര്‍ എന്തു ചെയ്തു? ആദിവാസി ജീവിതം പട്ടിണിയിലും പകര്‍ച്ചവ്യാധിയിലും ദുരിതത്തിലും കാലാകാലങ്ങളായി തുടരും. ചാനല്‍ ക്യാമറകള്‍ ഓഫാകുമ്പോള്‍ ഈ ബുദ്ധിജീവികളും ഓഫാകുന്നു. പശു ഇപ്പോഴും ഏട്ടിലെ പുല്ല്‌ തിന്നാനാണ്‌ നാവ്‌ നീട്ടുന്നത്‌. പ്രധാന പ്രശ്നം നമ്മുടെ ഇരട്ട ജീവിതമാണ്‌.

തുടരും...
 

comments