എതിര്‍വഴികള്‍

നാടു നീങ്ങുന്ന ഭാഷ

ഐസക്‌ ബാഷെവിസ്‌ സിംഗര്‍ - ഹാരോള്‍ഡ്‌ ഫ്‌ളെന്‍ഡര്‍

വിവര്‍ത്തനം: കെ.വി മണികണ്ഠന്‍

 

കഴിഞ്ഞ ലക്കം തുടര്‍ച്ച...


? എഴുത്തില്‍ നിന്നും താങ്കളുടെ ദര്‍ശനം കണ്ടുപിടിക്കാന്‍ ശ്രമിക്കുമ്പോള്‍, 'ഞാന്‍ അടിമ' എന്ന നോവലില്‍ ഞാന്‍ രണ്ടു വിരുദ്ധ ആശയഗതികള്‍ കാണുകയുണ്ടായി.അതിലെ പ്രധാന കഥാപാത്രം ജേക്കബിനെ വിവരിക്കുമ്പോള്‍, ഞാന്‍ നോവലില്‍ നിന്നു തന്നെ പറയാം: 'എല്ലാ ജീവികളിലും കുടിയേറിയിരിക്കുന്ന അനീതിയെ അവന്‍ അപലപിച്ചു. ജൂതര്‍, ജൂതരല്ലാത്തവര്‍, മൃഗങ്ങള്‍ എന്തിനേറെ , പശുക്കിടാവിന്റെ ചുറ്റും പറന്നു നടക്കുന്ന ചെറുപ്രാണികള്‍ വരെ...' ഇതു തീര്‍ച്ചയായും ആര്‍ദ്രത നിറഞ്ഞ വിവരണമാണ്‌.വിശുദ്ധമായ ആത്മാവ്‌ പോലെ അത്രയും നല്ലത്‌.എന്നാല്‍ ഈ നോവലില്‍ മറ്റെവിടെയോ ഇതേ കഥാപാത്രം പറയുകയാണ്‌: 'ഒരാള്‍ എന്തു ചെയ്യുമ്പോഴും, അതെന്തുമായിക്കൊള്ളട്ടെ, പാപത്തിലേക്ക്‌ കാലു തെറ്റി വീഴുന്നു. നിങ്ങല്‍ ഒന്നിനെ തൊടുമ്പോള്‍ അതിനെ വേദനിപ്പിക്കുകയും ചെയ്യുകയാണ്‌. അപ്പോള്‍ ഇവിടെ ഒരു ആദര്‍ശപരമായ സമീപനവും പൂര്‍ണ്ണമായും സിനിക്കലായ സമീപനവും ഒരേ കഥാപാത്രത്തില്‍ നിന്നു വരുന്നു.

= അത്‌ സിനിക്കലാണെന്ന് ഞാന്‍ സമ്മതിക്കില്ല. നമ്മള്‍ പാപത്തിലേക്ക്‌ വീഴുന്നു എന്ന വാസ്തവത്തില്‍ ജേക്കബ്‌ സന്തോഷിക്കുന്നില്ല. മറിച്ചാണ്‌ സംഭവിക്കുന്നത്‌. അയാള്‍ പരിതപിക്കുകയാണ്‌.എത്ര നല്ലവനാകാന്‍ നിങ്ങള്‍ ശ്രമിക്കുമ്പോഴും നിങ്ങള്‍ എന്തെങ്കിലും പാപത്തിന്റെ ചതിക്കുഴിയില്‍ വീഴും. ഉദാഹരണത്തിന്‌, ഒരു പാവപ്പെട്ടവന്‌ എന്തെങ്കിലും സഹായം ചെയ്യാനായി നിങ്ങള്‍ പോകുമ്പോള്‍ നിങ്ങളുടെ കാലിനടിയില്‍ പെട്ട്‌ ഒരു കൊച്ചു തവളയോ അല്ലെങ്കില്‍ ഒരു വിരയോ ചാകുന്നു.വേറൊരു തരത്തില്‍ പറഞ്ഞാല്‍ ജേക്കബ്‌ പരിതപിക്കുകയാണ്‌. നമ്മള്‍ നല്ലതിനൊപ്പം പാപവും ചെയ്യുന്നുണ്ടെന്ന യാഥാര്‍ത്ഥ്യമോര്‍ത്ത്‌. ഇതൊരിക്കലും സിനിക്കലല്ല. നല്ല കാര്യം മാത്രം ചെയ്യാനാഗ്രഹിക്കുന്ന ഒരുവന്റെ, എന്നാല്‍ ഈ ലോകത്തെ ജീവിതം അതിനു പറ്റിയതല്ലെന്നറിയുന്ന ഒരുവന്റെ വികാരം മാത്രമാണ്‌. സിനിക്ക്‌ എന്നാല്‍ പാപവുമായി സന്ധി ചെയ്യുന്നവനാണ്‌, അതായത്‌ പാപമാണ്‌ ഇന്ന് ലോകത്തെ നയിക്കുന്നത്‌ അതിനാല്‍ നമുക്കും അതനുസരിച്ച്‌ മുന്നോട്ട്‌ പോകാം, അതില്‍ നിന്നു കിട്ടുന്ന ആനന്ദം ആസ്വദിക്കാം എന്നു കരുതുന്നവനാണ്‌.

? താങ്കളുടെ എഴുത്ത്‌ അധികാരമില്ലാത്ത, ഭൂമിയില്ലാത്ത,രാഷ്ട്രമില്ലാത്ത, രാഷ്ട്രീയപ്രസ്ഥാനങ്ങളില്ലാത്ത എന്തിന്‌ സ്വന്തമായി തെരഞ്ഞെടുക്കാന്‍ ഒരു തൊഴില്‍ പോലുമില്ലാത്ത ജനങ്ങളെപ്പറ്റിയാണ്‌. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നിരാശരായും, പരിമിതികളില്‍ തളയ്ക്കപ്പെട്ടും, എന്തിന്‌ അംഗഭംഗം വന്നവരായുമൊക്കെയുള്ള കാലത്തെ ജൂതരെപ്പറ്റിയാണ്‌ താങ്കള്‍ എഴുതുന്നത്‌. മൊത്തത്തില്‍ നോക്കുമ്പോള്‍ ജൂതര്‍ ഇതെല്ലാം അനുഭവിച്ചിരുന്ന കാലത്തായിരുന്നു നല്ലവരായിരുന്നത്‌ എന്ന് താങ്കള്‍ വിചാരിക്കുന്നോ?

= അധികാരം ഒരു പ്രലോഭനമാണെന്നതിനെപ്പറ്റി എനിക്ക്‌ ഒരു സംശയവുമില്ല. അധികാരം കയ്യാളുന്നവന്‍ ഇന്നല്ലെങ്കില്‍ നാളെ അനീതിയിലേക്ക്‌ വഴുതി വീഴും. 2000 വര്‍ഷത്തോളം അധികാരം ഉണ്ടായിരുന്നില്ല എന്നത്‌ ജൂതരുടെ മഹാഭാഗ്യമായിരുന്നു. അതുകൊണ്ടു തന്നെ നമ്മുടെ പാപങ്ങള്‍ അധികാരമുള്ളവരുടെ, മറ്റുള്ളവരെ കൊല്ലാന്‍ തക്ക അധികാരമുള്ളവരുടെ അടുത്തു പോലും എത്തുന്നില്ല. ഞാന്‍ ഇതൊരു ഉദ്ബോധനമായൊന്നും പറയുന്നതല്ല. ഒരു മിസ്റ്റിക്കായിരിക്കുമ്പോള്‍ തന്നെ ഞാനൊരു റിയലിസ്റ്റിക്കാണ്‌. പല മിസ്റ്റിക്കുകളും റിയലിസ്റ്റിക്കുകളാണ്‌. പോളണ്ടിലും റഷ്യയിലുമുള്ള യഹൂദര്‍ ഇത്തരക്കാരായിരുന്നുവെന്നിരിക്കെ, അതായത്‌ അധികാരം ഇല്ലാത്തവരായിരിക്കെ, എനിക്കങ്ങനെയുള്ളവരെപ്പറ്റി മാത്രമേ എഴുതാന്‍ സാധിക്കൂ. തന്നെയുമല്ല എനിക്ക്‌ അധികാരം കയ്യിലുള്ളവരെ കാര്യമായി പരിചയവുമില്ല.
 


? നമുക്ക്‌ എഴുത്തിലേക്ക്‌ മടങ്ങി വരാം. ചില വിമര്‍ശകര്‍, പ്രത്യേകിച്ച്‌ കനേഡിയന്‍ ചിന്തകനായ മക്‍ലൂഹന്‍, അഭിപ്രായപ്പെടുന്നത്‌, നൂറുകണക്കിന്‌ വര്‍ഷങ്ങളായി നമ്മള്‍ അറിയുന്ന ഈ സാഹിത്യമെന്ന സംഭവം കാലത്തിന്‌ യോജിക്കാത്ത ഒന്നാണെന്നാണ്‌. അത്‌ പുറത്തേക്കുള്ള പാതയിലാണ്‌, ഇലക്ട്രോണിക്‌ മാധ്യമങ്ങള്‍, റേഡിയോ, ടി.വി, സിനിമ, ഇങ്ങനെ ഇനിയും കണ്ടുപിടിക്കാന്‍ കിടക്കുന്ന പല രീതിയിലുള്ള കമ്യൂണിക്കേഷന്‍ മാധ്യമങ്ങള്‍ എന്നിവയ്ക്കു മുന്നില്‍. ഇതു സത്യമായിത്തീരുമെന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?

= നമ്മുടെ എഴുത്തുകാര്‍ നല്ല എഴുത്തുകാരല്ലെങ്കില്‍ ഇപ്പറഞ്ഞതൊക്കെ സത്യമാകുന്ന കാലം വരും. പക്ഷെ നമുക്ക്‌ കഥ പറയാന്‍ കഴിവുള്ള എഴുത്തുകാര്‍ ഉണ്ടെങ്കില്‍ ഇവിടെ വായനക്കാരും ഉണ്ടാകും. ഭാവനയിലുള്ള താല്‍പര്യം ഇല്ലാതാകുന്നിടത്തോളം മനുഷ്യന്‍ മാറുമെന്ന് എനിക്കു തോന്നുന്നില്ല. സ്വാഭാവികമായും യാഥാര്‍ത്ഥ്യങ്ങള്‍ വളരെ താല്‍പര്യജനകമാണ്‌. ഇപ്പോള്‍ തന്നെ ഭാവനയല്ലാത്ത യാഥാര്‍ത്ഥ്യങ്ങളുടെ കളികള്‍(plays) ധാരാളമായി വിജയിക്കുന്നുണ്ട്‌. പക്ഷെ, ഒരു യന്ത്രത്തിനും, ഏതു തരത്തിലുള്ള റിപ്പോര്‍ട്ടിംഗിനും, ഏതു തരം സിനിമക്കും ഒരു ടോള്‍സ്റ്റോയിയോ, ദസ്തയെവ്‌സ്കിയോ, ഒരു ഗോഗോലോ ചെയ്തത്‌ ചെയ്യാന്‍ കഴിയില്ല. കവിത ഇന്ന് വലിയ ഒരു പിന്നോട്ടടി നേരിടുന്നു എന്നത്‌ സത്യമാണ്‌. പക്ഷെ അത്‌ ടെലിവിഷനും മറ്റും മൂലമല്ല. മറിച്ച്‌ കവിത സ്വയം മോശമായിപ്പോയതാണ്‌. ടെക്നോളജിയില്‍ നിന്ന് നല്ല സാഹിത്യത്തിന്‌ ഒരു ഭീഷണിയും ഇല്ല. മറിച്ച്‌ സാഹിത്യത്തിന്‌ അത്‌ ഗുണമാണ്‌ ചെയ്യുക.ടെക്നോളജി വര്‍ദ്ധിക്കുന്തോറും കൂടുതല്‍ ആളുകള്‍ ഇലക്ട്രോണിക്സിന്റെ ആശ്രയമില്ലാതെ മനുഷ്യന്റെ മനസ്സ്‌ ചെയ്യുന്ന കാര്യങ്ങളില്‍ തല്‍പരരാകും.

? എഴുത്ത്‌ ഒരു ജീവനോപാധിയായി കണക്കാക്കാം എന്ന് ഇന്നത്തെ ചെറുപ്പക്കാരെ താങ്കള്‍ പ്രോല്‍സാഹിപ്പിക്കുമോ? അവര്‍ക്ക്‌ ഒരു ഭാവിയുണ്ടെന്ന് താങ്കള്‍ കരുതുന്നുണ്ടോ? പ്രത്യേകിച്ച്‌ ഭൂരിപക്ഷം ആളുകളും ഒരു പുസ്തകവുമായി ചുരുണ്ടുകൂടുന്നതിനേക്കാള്‍ ടി.വിക്കു മുന്നില്‍ ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന ഈ കാലത്ത്‌?

= ഇത്‌ ഒരു കച്ചവടക്കാര്യമാകുമ്പോള്‍, എന്തോ എനിക്കറിഞ്ഞുകൂടാ. ഒരു നോവലിസ്റ്റിന്‌ ജീവിതം കരുപ്പിടിപ്പിക്കാനുള്ളതിലും കുറവ്‌ പ്രതിഫലം കിട്ടുന്ന ഒരു കാലം വരുമായിരിക്കാം. പക്ഷെ ഒരു ചെറുപ്പക്കാരന്‍ വന്ന് എന്നോട്‌ ഉപദേശം ചോദിച്ചാല്‍ അയാള്‍ക്ക്‌ പ്രതിഭയുണ്ടെന്ന് എനിക്ക്‌ ബോധ്യം വന്നാല്‍, ഒരു കണ്ടുപിടിത്തത്തെയും പുരോഗതിയെയും പേടിക്കാതെ ധൈര്യമായി പോയി എഴുതൂ എന്നേ ഞാന്‍ പറയൂ. പുരോഗതിക്ക്‌ സാഹിത്യത്തെ കൊല്ലാന്‍ കഴിയില്ല, അതിന്‌ മതത്തെ ഒന്നും ചെയാന്‍ കഴിയത്തതുപോലെ.

? കഥയും നോവലും എഴുതുന്നതുകൂടാതെ താങ്കള്‍ വഷങ്ങളോളം ഒരു പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഇപ്പോള്‍ താങ്കള്‍ 'The Forward'ല്‍ ജേര്‍ണലിസ്റ്റായി ജോലി ചെയ്യുന്നുണ്ട്‌.

= അതെ, ഞാനൊരു ജേര്‍ണലിസ്റ്റാണ്‌. പക്ഷെ യിദ്ദിഷ്‌ ജേര്‍ണലിസം മറ്റു ഭാഷകളിലെ പോലെയല്ല. ഇംഗ്ലീഷിലെപ്പോലെ ഒട്ടുമല്ല. അമേരിക്കയില്‍ ഒരു ജേര്‍ണലിസ്റ്റ്‌ യാഥാര്‍ത്ഥ്യങ്ങളുമായി മല്ലിടുന്നു, അല്ലെങ്കില്‍ രാഷ്ട്രീയ സാഹചര്യങ്ങളുടെ വിമര്‍ശനാകുന്നു. പക്ഷെ ഒരു യിദ്ദിഷ്‌ പത്രം, അതൊരു ദിനപ്പത്രമാണെങ്കില്‍ പോലും ഒരു മാഗസിന്‍ പോലെയാണ്‌. എനിക്ക്‌ 'The Forward'ല്‍ എന്ത്‌ വിഷയത്തെപ്പറ്റിയും ലേഖനമെഴുതാം. ആത്മഹത്യയെപ്പറ്റിയോ, പിശാചുക്കളെപ്പറ്റിയോ ഒക്കെ. ഞങ്ങളുടെ വായനക്കാര്‍ വാര്‍ത്തകള്‍ റേഡിയോ, ടി.വി. ഇംഗ്ഗ്ലിഷ്‌ ദിനപ്പത്രം ഇവയില്‍നിന്നൊക്കെയാണ്‌ അറിയാന്‍ ശീലിച്ചിട്ടുള്ളത്‌. ഒരാള്‍ ഒരു യിദിഷ്‌ പത്രം വാങ്ങുമ്പോള്‍ ലേഖനങ്ങള്‍ വായിക്കാനാണ്‌ ഇഷ്ടപ്പെടുക.

? മിക്ക സമകാലീന എഴുത്തുകാരും അദ്ധ്യാപകരാണ്‌. അദ്ധ്യാപനം എഴുത്തിന്റെ കൂടെ ഒരു ജീവനോപാധിയായി കൊണ്ടു നടക്കുന്നതിനെപ്പറ്റി താങ്കള്‍ എന്തു ചിന്തിക്കുന്നു?

= എനിക്ക്‌ തോന്നുന്നത്‌ ജേര്‍ണലിസം അദ്ധ്യാപനത്തേക്കാള്‍ ഒരു എഴുത്തുകാരന്‌ പറ്റിയ തൊഴിലാണ്‌. പ്രത്യേകിച്ചും സാഹിത്യമാണ്‌ പഠിപ്പിക്കുന്നതെങ്കില്‍. സാഹിത്യം പഠിപ്പിക്കുന്നത്‌ സാഹിത്യത്തില്‍ എപ്പോഴും അന്വേഷണം നടത്തുവാന്‍ അയാളെ ശീലിപ്പിച്ചെടുക്കുന്നു.അപ്പോള്‍ അയാള്‍ എഴുതാന്‍ ഇരിക്കുമ്പോള്‍ കൂടെ അതിന്റെ പഠനവും നടത്തുന്നു. ഒരു വിമര്‍ശകന്‍ എന്നോടു പറഞ്ഞു, എനിക്ക്‌ ഒന്നും എഴുതാന്‍ കഴിയില്ല, കാരണം ആദ്യത്തെ വരി എഴുതുമ്പോഴേക്കും അതിനെ പറ്റി ഞാന്‍ ഒരു പ്രബന്ധം എഴുതിത്തുടങ്ങും. ഞാന്‍ എന്റെ എഴുത്തിനെ വിമര്‍ശിച്ചു തുടങ്ങും.

? താങ്കള്‍ എങ്ങനെ ജോലി ചെയ്യുന്നു എന്നൊന്ന്\പറയാമോ? ആഴ്ചയില്‍ ഏഴു ദിവസവും.

= ശരി. ഞാന്‍ എന്നും രാവിലെ എണീക്കുമ്പോള്‍ എന്തെങ്കിലും എഴുതാന്‍ ആഗ്രഹം തോന്നാറുണ്ട്‌.മിക്ക ദിവസവും എഴുതുകയും ചെയ്യും. വിജയിക്കണമെന്നില്ല. ഫോണ്‍കോളുകള്‍ വരും. അല്ലെങ്കില്‍ 'The Forward' ലേക്ക്‌ ലേഖനം തയ്യാറാക്കേണ്ടതുണ്ടാകും. ചിലപ്പോഴൊക്കെ എന്തെങ്കിലും റിവ്യൂ ചെയ്യാനുണ്ടാകും. അഭിമുഖങ്ങളുണ്ടാകും. ഇങ്ങനെയൊക്കെയിരിക്കിലും എഴുത്ത്‌ ഒരു വിധം മുന്നോട്ട്‌ പോകും. എഴുതാന്‍ വേണ്ടി ഓടിയൊളിക്കേണ്ടതില്ല.ഏതെങ്കിലും ദ്വീപില്‍ പോയി ഒറ്റക്കിരുന്നാലാണ്‌ എഴുത്ത്‌ വരിക എന്ന് ചിലര്‍ പറയുന്നത്‌ കേള്‍ക്കാം. തടസ്സങ്ങള്‍ ജീവിതത്തിന്റെ ഒരു ഭാഗമാണെന്നേ ഞാന്‍ പറയൂ. ചിലപ്പോള്‍ അത്‌ ഉപകാരവുമാവും. ഉദാഹരണത്തിന്‌ മറ്റെന്തിലെങ്കിലും മുഴുകേണ്ടി വരുമ്പോള്‍ നമുടെ കാഴ്ചപ്പാട്‌ മാറാം. എഴുത്തിന്റെ ചക്രവാളം വികസിക്കാം. എനിക്ക്‌ പറയാനുള്ളത്‌, ഞാന്‍ ഇതുവരെ സമാധാനത്തില്‍ ഇരുന്ന് എഴുതിയിട്ടില്ല . മറ്റു ചിലര്‍ അവകാശപ്പെടുന്ന പോലെ.
 

comments