വെളിച്ചപ്പാടിന്റെ തുള്ളിയുറയല്‍ തൊട്ട് HR എക്സിക്യൂട്ടീവിന്റെ “വെല്‍ ഡണ്‍” പറച്ചില്‍ വരെ പരന്നുകിടക്കുന്ന ഒന്നാണ് അഭിനയമെന്ന് സാമാന്യേനെ പറയാം. അറിഞ്ഞും അറിയാതെയും മനുഷ്യരൊക്കെ അഭിനയിക്കുന്നുണ്ട്. നിറം മാറ്റി അഭിനയിച്ചുകൊണ്ട് ശത്രുവില്‍ നിന്ന് രക്ഷപ്പെടുകയും, ഇര പിടിക്കുകയും ചെയ്യുന്ന ഓന്തിന്റെ അതിജീവനതൃഷ്ണ തന്നെയാണ് മനുഷ്യരുടെ അഭിനയത്തിനു പിന്നിലും.
അതിജീവനത്തിനുള്ള ഈ അഭിനയത്തില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട്, അഭിനയമെന്നൊരു കലാരൂപം കൂടി മനുഷ്യന്‍ ഉണ്ടാക്കിയിട്ടുണ്ട്. അനുഷ്ഠാനകലകള്‍ തൊട്ട് സിനിമ വരെയെത്തും ഇതിന്റെ വ്യവഹാര സീമ. ഏതൊരു കലയിലും എന്ന പോലെ, ആസ്വാദകരെ തൃപ്തിപ്പെടുത്തലും ചിന്തിപ്പിക്കലുമാണ് ഈ കലാരൂപത്തിന്റെയും ഉദ്ദേശ്യം.
ലോകം വലിയൊരു നാടകമാണെന്നും മനുഷ്യരൊക്കെ അഭിനേതാക്കളാണെന്നും അര്‍ത്ഥം വരുന്ന രണ്ടുവരിക്കവിത ഓര്‍മ്മയില്ലേ? ലോകധര്‍മ്മിയും നാട്യധര്‍മ്മിയും തമ്മിലുള്ള വ്യത്യാസം അറിയാം എന്നതിലുപരി, ആ രണ്ടുവരിക്കവിതയില്‍ ഊന്നിയാണ് ഈ ലേഖനം മുന്നോട്ട് പോവുന്നത്.

മോഹന്‍ലാലിനെപ്പറ്റി, സമകാലിക മലയാളം വാരികയുടെ പത്രാധിപര്‍,
ജയചന്ദ്രന്‍ നായരെഴുതിയ പ്രശംസാവചനങ്ങള്‍ തൊണ്ട തൊടാതെ വിഴുങ്ങി,
ചര്‍ദ്ദിച്ചതാണ് ഈ ലേഖനത്തിന്റെ പ്രചോദനം. എന്തായാലും വാളുവെച്ചു. ഇനി,
തലയേതെങ്കിലും വീണിട്ടുണ്ടോ എന്ന് നോക്കിയിട്ടു തന്നെ കാര്യം.
ജയചന്ദ്രന്‍ നായരുടെ, എന്നെ ചര്‍ദ്ദിപ്പിച്ച കുപ്പിച്ചില്ലുകളിതാ -
1) ലോകസിനിമയില്‍ മോഹന്‍ലാലിന്റെ മുമ്പില്‍ ചെറിയൊരു ദീപനാളം പോലും
പിടിച്ചു നില്‍ക്കാന്‍ മറ്റൊരു അഭിനേതാവില്ല എന്ന് തന്മാത്രയെന്ന സിനിമ
പ്രഖ്യാപിക്കുന്നു.
2) നടന്‍, കഥാപാത്രമായി ജീവിക്കുന്നു എന്നും കഥാപാത്രത്തിലേക്ക്
പരകായപ്രവേശം നടത്തുന്നു എന്നുമുള്ള നിരീക്ഷണം ക്ലീഷെ ആയതിനാല്‍
ഉപേക്ഷിക്കാം. പകരം, ലാല്‍, തന്മാത്രയില്‍ അവതരിപ്പിക്കുന്ന രമേശന്‍
നായര്‍ എത്ര ആഴത്തില്‍ നമ്മെ സ്വാധീനിക്കുകയും സംസ്കരിക്കുകയും
ചെയ്തുവെന്ന് ആലോചിക്കുകയാണ് വേണ്ടത്.
3) ധ്യാനാത്മക ജീവിതമുള്ളതുകൊണ്ടാണ് ലാലിന് കാണികളെ സ്വാധീനിക്കുകയും
സംസ്കരിക്കുകയും ചെയ്യുകയെന്ന് പുണ്യം കൈവരിക്കാനാവുന്നത്. ആത്മാവില്‍
തെളിവും മനസ്സില്‍ പ്രസാദവുമുള്ള ഒരാളിന് മാത്രം പറ്റുന്ന
സിദ്ധിയാണിത്.
4) ഒരു നടന്‍ അഭിനയത്തിന്റെ ആവരണമണിഞ്ഞ്, കഥാപാത്രമാവുന്നതിന്,
സാങ്കേതിക മികവുകള്‍ ഊന്നുവടിയാക്കുമ്പോള്‍, ലാല്‍ അതൊക്കെ
ഉപേക്ഷിക്കുകയും ശരീരത്തെയും മനസ്സിനെയും രമേശന്‍ നായര്‍ക്ക് വേണ്ടി
വിട്ടുകൊടുക്കുകയുമാണ്. ഈ തീറെഴുതല്‍ ബോധപൂര്‍വ്വമല്ല.
മോഹന്‍ലാലിന് മാത്രം റോസാദളമായേക്കാവുന്ന, ആദ്യത്തെ കുപ്പിച്ചില്ലിനെ
തൊണ്ട തൊടാതെ വിഴുങ്ങാനും ചര്‍ദ്ദിക്കാനുമുള്ള അവസരം വായനക്കാര്‍ക്ക്
വിട്ടു തരുന്നു. ഓസ്കാര്‍, ഗോള്‍ഡന്‍ ഗ്ലോബ്, കാന്‍, ദേശീയ അവാര്‍ഡിന്
അര്‍ഹരായ അഭിനേതാക്കള്‍, ലാലിന് മുമ്പില്‍ ചെറിയൊരു ദീപനാളം പോലും
പിടിക്കാനാവാതെ ചൊറിയും കുത്തിയിരിക്കുന്നതു കാണുമ്പോള്‍ എനിക്ക്
ചെറിയൊരു വിഷമം ഇല്ലാതില്ല!
അഭിനയകലയ്ക്ക് പുത്തനൊരു ഭാഷ്യം രചിച്ചയാളാണ് ബ്രത്തോള്‍ഡ് ബ്രെഹ്ത്ത്.
അയാളീ ഭാഷ്യത്തിന് അലിനേഷന്‍ തിയറിയെന്നാണ് പേരിട്ടിരിക്കുന്നത്.
അഭിനയത്തിലൂടെ അനുഭവവേദ്യമാവുന്നത് ജീവിതമല്ലെന്നും വെറും രംഗാവിഷ്കാരം
മാത്രമാണെന്നും ഇയാള്‍ കൂടെക്കൂടെ കാണികളെ ഓര്‍മ്മിപ്പിക്കുമായിരുന്നു.
ഇയാളുടെ കഥാപാത്രങ്ങള്‍, അഭിനയത്തിനിടെ മുന്നോട്ടുവന്ന്, ഇത് വെറും
അഭിനയമാണെന്ന് കാണികളെ ഓര്‍മ്മിപ്പിക്കുന്നത് പതിവായിരുന്നു.
അഭിനേതാക്കള്‍ക്ക് കഥാപാത്രങ്ങളോടുള്ള തന്മയീഭാവമല്ല, പകരം,
കാണികള്‍ക്ക് ചിന്തിക്കാന്‍ ഒരവസരം എന്നതായിരുന്നു ബ്രഹ്ത്തിന്
അഭിനയകല.
രമേശന്‍ നായരെന്ന കഥാപാത്രത്തിലേക്ക് പരകായപ്രവേശം നടത്തുന്ന
ലാലിനെപ്പറ്റി ആവോളം പുകഴ്ത്തുന്ന ജയചന്ദ്രന്‍ നായര്‍ക്ക് ബ്രെഹ്ത്തിനെ
പരിചയമില്ലായിരിക്കും. കഥാപാത്രം ആവേശിക്കുമ്പോള്‍ വെളിച്ചപ്പാടാവുന്ന
മീരാജാസ്മിനെപ്പറ്റിയും കളിയാട്ടത്തിലെ കഥാപാത്രമായി മാറിയപ്പോള്‍
തുള്ളല്‍പ്പനി പിടിച്ച താടിക്കാരന്‍ ലാലിനെപ്പറ്റിയും വായനക്കാര്‍
വായിച്ചുകാണും. അഭിനയകല ആവശ്യപ്പെടുന്നത് ഇത്തരമൊരു രീതിയാണോ?
അഭിനേതാവും കഥാപാത്രവും തമ്മില്‍ താദാത്മ്യം പ്രാപിക്കല്‍, ഒരുതരം
ഉന്മാദരോഗമല്ലേ? മള്‍ട്ടിപ്പിള്‍ പേര്‍സണാലിറ്റിയുടെ മറ്റൊരു രൂപമല്ലേ
ഇത്?
കാണികളെ സംസ്കരിച്ചെടുക്കുന്ന ലാലിന്റെ അഭിനയമികവിനെപ്പറ്റി -
കഥാര്‍സിസ് (വിമലീകരണം, സംസ്കരണം) എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന ഈ
രീതിയുടെ ഉറവിടം പഴയ ഗ്രീക്ക് നാടകങ്ങളാണ്. ദൈവത്തിന്റെ പദ്ധതികളില്‍
വിശ്വാസമര്‍പ്പിച്ച ഗ്രീക്ക് നാടകകൃത്തുക്കള്‍, “താന്‍ താന്‍ നിരന്തരം
ചെയ്യുന്ന കര്‍മ്മങ്ങള്‍, താന്‍ താന്‍ അനുഭവിച്ചീടുകെന്നേ വരൂ” എന്ന
ഒരൊറ്റക്കഥ മാത്രമാണ് നാടകമാക്കിയിരുന്നത്. കുടിലഹൃദയര്‍ സകലവിധ
ആഡംബരങ്ങളോടും കൂടി ജീവിച്ച്, മറ്റുള്ളവരെ പരമാവധി ദ്രോഹിച്ച്,
സ്വാഭാവിക മരണം പുല്‍കുന്നതാണ് എന്നത്തേയും
ജീവിതയാഥാര്‍ത്ഥ്യമെന്നിരിക്കെ, അഭിനയകലയിലായാലും കഥാര്‍സിസിന്റെ
ധര്‍മ്മമെന്ത്?
ആത്മാവില്‍ തെളിവും മനസ്സില്‍ പ്രസാദവുമുള്ള ലാല്‍ നയിക്കുന്നത്
ധ്യാനാത്മകജീവിതം ആണെന്നാണ് ജയചന്ദ്രന്‍ നായരുടെ അടുത്ത നിരീക്ഷണം.
ലാലിനു തന്നെ അത്ഭുതം ഉണ്ടാക്കിയേക്കാവുന്ന ഈ നിരീക്ഷണത്തെ
വിമര്‍ശിക്കാന്‍ ഞാനാളല്ല. (ശാന്തം പാപം!!) രമേശന്‍ നായരെന്ന
പരമസ്വാത്വികനായ, ഗൃഹസ്ഥാശ്രമിയെ മോഹന്‍ലാല്‍ അവതരിപ്പിച്ചത് കണ്ട്
ഉള്‍പ്പുളകിതനായി, മറ്റൊരു തിരുവനന്തപുരം നായര്‍ പറഞ്ഞതാവാം അത്.
എന്നാല്‍, നിരവധി സിനിമകളില്‍ നിഷ്ഠൂരനായ വില്ലനായി വേഷമിട്ടിട്ടുള്ള
സായികുമാറിനെ നായരെങ്ങിനെ വിലയിരുത്തും? ആത്മാവില്‍ കൊടിയ തമസ്സ്
കുടിയിരുത്തിയ രാക്ഷസനെന്നോ?
കഥാപാത്രത്തിന് സ്വന്തം ശരീരവും മനസ്സും തീറെഴുതുന്ന മോഹന്‍ലാലിന്റെ
അഭിനയരീതി മോശപ്പെട്ട ഒന്നാണെന്നും എനിക്ക് അഭിപ്രായമില്ല.
കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഭിനേതാവിന്റെ മുന്നില്‍ രണ്ട് വഴികളാണ്
ഉള്ളത് - ഒന്ന്, കഥാപാത്രമായി സ്വയം മാറുക. രണ്ട്, തന്റെ
വ്യക്തിത്വത്തിന് ഉള്ളിലേക്ക് കഥാപാത്രത്തെ ആവാഹിക്കുക. മലയാള
സിനിമയുടേതെന്നല്ല, ലോകസിനിമയുടെ ചരിത്രമെടുത്താലും, മുകളില്‍ പറഞ്ഞ
രണ്ട് വിരുദ്ധ ധ്രുവങ്ങളുടെ ആചാര്യന്മാരാണ് സൂപ്പര്‍സ്റ്റാര്‍
പദവിയില്‍ എത്താറ്.

കമല്‍ - രജനി, മോഹന്‍ലാല്‍ - മമ്മൂട്ടി എന്നീ ധന്ദ്വങ്ങള്‍,
മേല്‍പ്പറഞ്ഞ വിരുദ്ധധ്രുവങ്ങള്‍ക്ക് ദക്ഷിണേന്ത്യന്‍ ഉദാഹരണങ്ങളാണ്.
കഥാപാത്രങ്ങളുമായി തന്മയീഭവിക്കലാണ് കമലും ലാലും ചെയ്തുപോരുന്നത്.
കഥാപാത്രങ്ങളെ ഉള്ളിലേക്കാവാഹിച്ച്, സ്വന്തം സ്വത്വ ഗുണങ്ങളോടെ
അവതരിപ്പിക്കലാണ് രജനിയുടെയും മമ്മൂട്ടിയുടെയും രീതി. തന്മയീഭവിക്കലാണ്
കമലിനെയും ലാലിനെയും സൂപ്പര്‍സ്റ്റാറുകളാക്കുന്നതെങ്കില്‍
തന്മയീഭവിക്കാതിരിക്കലാണ് രജനിയെയും മമ്മൂട്ടിയെയും
സൂപ്പര്‍സ്റ്റാറുകളാക്കുന്നത്.
സംശയമുണ്ടെങ്കില്‍ ഇതൊന്ന് പരീക്ഷിക്കൂ - ബ്ലെസ്സിയുടെ കാഴ്ചയില്‍
മമ്മൂട്ടിയാണ് നായകന്‍. എന്നാല്‍ അയാളുടെ പേരെന്ത്? ഉത്തരം പറയാന്‍
സ്വല്‍പ്പം ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ തന്മാത്രയിലെ രമേശന്‍
നായര്‍ ഓര്‍മ്മയില്‍ നില്‍ക്കും. കിരീടത്തിലെ സേതുമാധവനെ ഭൂരിഭാഗം
പേരും ഓര്‍മ്മിക്കുന്നുണ്ടാവും. എന്നാല്‍ അമരത്തില്‍ മമ്മൂട്ടിയുടെ
കഥാപാത്രത്തിന്റെ പേരെന്ത്? ഒട്ടൊന്ന് ആലോചിക്കേണ്ടി വരും. രാജാവിന്റെ
മകന്‍ എന്നു കേള്‍ക്കുമ്പോഴേക്ക് ലാലിന്റെ കഥാപാത്രത്തിന്റെ പേരാണ്
മനസ്സിലേക്ക് ഓടിയെത്തുക. എന്നാല്‍ ന്യൂഡല്‍ഹിയില്‍ മമ്മൂട്ടി
അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരെന്ത്?
തന്മാത്ര റിലീസായതില്‍ പിന്നെ, അല്‍ഷിമേഴ്സ് രോഗമുണ്ടെന്ന് സംശയിച്ച്
ഡോക്ടര്‍മാരെ കാണാന്‍ വരുന്ന ആളുകളെ പറ്റി, സൂര്യാ ടിവി റിപ്പോര്‍ട്ട്
ചെയ്തിരുന്നു. ബ്ലെസ്സിയെന്ന സംവിധായകന്‍ സിനിമയെടുത്തത് കേരളീയരിലെ
അല്‍ഷിമേഴ്സ് രോഗം കണ്ടുപിടിക്കാനാണോ? (പ്രിയ എ എസ് മാധ്യമത്തില്‍
എഴുതിയ “മോഹന്‍ലാലേ, ഇത്ര റൊമാന്റിക്കല്ല അല്‍ഷിമേഴ്സ്” കാണുക)
കഥാപാത്രവുമായുള്ള ലാലിന്റെ തന്മയീഭാവമാണ് ചിത്രത്തിന്റെ ഗതി ഇങ്ങിനെ
തിരിച്ചുവിട്ടത്! രമേശന്‍ നായരെ കാണികള്‍ അനുഭവിക്കുകയായിരുന്നു.
അഭിനേതാവ് തോല്‍ക്കുകയും കഥാപാത്രം വിജയിക്കുകയും ചെയ്യുമ്പോള്‍,
ചിന്തിക്കാന്‍ ബ്രീത്തിംഗ് സ്പേസ് ഇല്ലാതെയാവും. ചിന്തിക്കാന്‍ അവസരം
നല്‍കുന്നതാവണം കലയെന്നാണ് ബ്രെഹ്ത്ത് പറഞ്ഞത്. സിനിമകളില്‍ ലാലിന്റെ
അഭിനയം, ചിന്തിക്കാനുള്ള ബ്രീത്തിംഗ് സ്പേസ് എടുത്തു കളയുന്നതായിട്ടാണ്
എന്റെ അനുഭവം. കഥാപാത്രങ്ങള്‍ക്ക് മേല്‍ മമ്മൂട്ടി നടത്തുന്ന
പരീക്ഷണങ്ങള്‍ ഒരുപടി മുമ്പേയാണ് എന്നു തോന്നുന്നു. അഭിനയത്തെ
ജീവിതമായി തെറ്റിദ്ധരിക്കുന്നതുകൊണ്ട് ലാല്‍ തുടങ്ങിയേടത്തുതന്നെ
നില്‍ക്കുകയാണ്.


