എഡിറ്റോറിയല്‍

ഇ.എഴുത്തിന്റെ ഒന്നാം പാഠം
 

 



മലയാളം ഇ.എഴുത്ത്‌ ഒരു ഘട്ടം പിന്നിടുമ്പോള്‍ അതിന്റെ ബഹുസ്വരതയാല്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്‌. കേവലമായ പ്രതികരണങ്ങള്‍ക്കും ആശയവിനിമയങ്ങള്‍ക്കും ജനപ്രിയവഴികള്‍ക്കുമപ്പുറം സാംസ്കാരികവും രാഷ്ട്രീയവുമായ സൂക്ഷ്മതകളില്‍ ശ്രദ്ധിക്കുന്ന അന്വേഷണങ്ങള്‍ നിരവധിയാണ്‌. ഒരു ഭാഷാസമൂഹം എന്ന നിലയില്‍ മലയാളികളെപ്പോലെ ലോകത്തിലേക്ക്‌ ചിതറിയവര്‍ അപൂര്‍വമാകയാല്‍ നവമാധ്യമങ്ങള്‍ ഏറ്റവും ആഴത്തില്‍ സ്വാധീനിക്കാനിടയുള്ള ജനസമൂഹവും നമ്മള്‍ തന്നെയാവും. എഴുത്തോലയില്‍ നിന്ന് ഇ.ഇടങ്ങളിലേക്ക്‌ പല വേഗത്തിലാണ്‌ കാലം സഞ്ചരിച്ചത്‌. പത്രം ഒരു ദിവസത്തെ, ദൃശ്യമാധ്യമങ്ങള്‍ ഒരു മണിക്കൂറിനെ, പരിഗണിക്കുമ്പോള്‍ ഇ.ഇടങ്ങളില്‍ ഓരോ നിമിഷത്തിലും ലോകം വന്നു നിറയുന്നു. ഒരാളുടെ അസമയത്തിലേക്ക്‌ മറ്റൊരാളുടെ സമയം ഒഴുകി വരുന്നു. ഏകപക്ഷീയമായലോകവീക്ഷണങ്ങളെ തകര്‍ത്ത്‌ പല കാഴ്ചപ്പാടുകള്‍ പകരംവയ്ക്കുന്നു.

ബ്ലോഗുകളിലെന്നപോലെ എഴുത്തുകാരും പ്രസാധകരും ഒന്നാകുന്നതോടെ മാധ്യമങ്ങളുടെ ഇടനില അവയുടെ നിയന്ത്രണം, സാമ്പത്തിക താല്‍പര്യം അത്‌ നിലനിര്‍ത്താനുള്ള രാഷ്ട്രീയതാല്‍പര്യം ഒക്കെ പ്രതിസന്ധിയിലാകുകയും തിരിച്ചടി നേരിടുകയും ചെയ്യും. ഒരളവുവരെ കേരളത്തിന്റെ രാഷ്ട്രീയ അജണ്ട മാധ്യമങ്ങള്‍ തീരുമാനിക്കുന്നതുകൊണ്ട്‌ രാഷ്ട്രീയസ്വാധ്വീനത്തിനുവേണ്ടി മാധ്യമങ്ങള്‍ ആരംഭിക്കുന്ന പ്രവണത കേരളത്തില്‍ വ്യാപകമാണ്‌. നവമാധ്യമങ്ങള്‍ നമ്മുടെ മാധ്യമ സങ്കല്‍പത്തിനെ തന്നെ വികേന്ദ്രീകരിക്കുകയും സാമ്പത്തികശക്തികളല്ലാത്തവരിലേക്കും അതിന്റെ നിയന്ത്രണം കൈമാറുകയും അതിലൂടെ നമ്മുടെ സംസ്കാരത്തെ മുമ്പില്ലാത്തവിധം ജനാധിപത്യവല്‍കരിക്കുകയും ചെയ്യും. എഴുത്തുകാരുടെ വംശവര്‍ദ്ധനവ്‌ കാലഹരണപ്പെട്ട എഴുത്തുകാരുടെ താരജീവിതം അസാദ്ധ്യമാക്കും.

ഈ മാറ്റത്തിന്റെ രാഷ്ട്രീയപ്രാധാന്യമാണ്‌ ഇ. എഴുത്തിനെ അതിന്റെ എല്ലാ ബാലാരിഷ്ടതകളോടെയും ഗൌരവത്തോടെ സമീപിക്കാന്‍ മലയാളിസമൂഹത്തെ പ്രേരിപ്പിക്കുന്നത്‌.
 

comments