വള്ളിനിക്കറുമിട്ട് പറമ്പിലും തൊടിയിലും
ഓടിനടന്ന ബാല്യത്തിലെ ഒരു കൌതുകം തന്നെയായിരുന്നു കുഴിയാന.
കൈവിരല്‍ നീട്ടി തൊട്ടാല്‍ പിന്നോട്ടു പിന്നോട്ടു നടക്കുന്ന,
മണല്‍ക്കൂനയില്‍ കവിത പണിയുന്ന ഒരു കുഞ്ഞത്ഭുതം. ഓടു മേഞ്ഞ
വീടിന്റെ അടിസ്ഥാനത്തോടു ചേരുന്നിടത്ത് വരിവരിയായി കാണും
ഇവറ്റകളുടെ വാരിക്കുഴികള്‍

ഏട്ടനാണെന്നു തോന്നുന്നു, ഉറുമ്പുകളെ നൂലില്‍ കുരുക്കി
ചൂണ്ടയിലെ ഇര പോലെ ഉപയോഗിച്ച് ഇവയെ പിടിക്കുന്ന സൂത്രം
പറഞ്ഞു തന്നത്. അങ്ങനെയാണ് കുഞ്ഞുറുമ്പുകള്‍ കുഴിയാനകളുടെ
വീക്ക്നെസ് ആണെന്നറിഞ്ഞത്.
ബഷീറിന്റെ ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്
വായിച്ചിട്ടില്ലേ? അതിലെ കുഞ്ഞുപാത്തുമ്മയുടെ ആന ഒടുവില്‍
കുഴിയാനയായി ചുരുങ്ങുന്നതിന്റെ നൈര്‍മല്യവും ഹാസ്യവും ആഷര്‍
സായിപ്പിനു തര്‍ജ്ജമ ചെയ്തപ്പോള്‍ പൊയ്പ്പോയെന്നു പറഞ്ഞു
കേട്ടിട്ടുണ്ട്. കാരണം മറ്റൊന്നുമല്ല: കുഴിയാനയ്ക്ക് antlion
എന്നാണ് ഇംഗ്ലീഷില്‍ പറയുക. Elepahant-ഉം antlion-ഉം
തമ്മിലെന്തു ബന്ധം? എന്തു തമാശ? ഇത്തരം കള്‍ച്ചറല്‍
ഗാപ്പുകള്‍ എല്ലാ തര്‍ജ്ജമകളിലും നീളെക്കാണാനാകും.
സായിപ്പിന്റെ ഭാഷയേക്കാള്‍ മലയാളത്തിനു മെച്ചം
കൂടിയതിനാലൊന്നുമല്ല, ഓരോ ഭാഷയ്ക്കും അതിന്റേതായ ഭംഗിയും
കൂനും കുനിഷ്ഠും ഒക്കെ ഉണ്ടാവും.
“ഡോ..ആമുഖം നിര്‍ത്തി നേരേ ചൊവ്വേ കാര്യം പറയെടോ” ആരാ ആ
പറഞ്ഞത്? ആരായാലെന്താ. പറഞ്ഞതു ന്യായം. ഓക്കെ, തുടങ്ങാം.
പെരസ്ത്രോയിക്ക അമേരിക്കന്‍ ടെക്നിക്കാന എന്നൊക്കെ ദേവന്‍
പറയുന്ന പോലെ ശാസ്ത്രനാമത്തില്‍ പിടിച്ചു തുടങ്ങാം.
മയര്‍മിലോണ്ടിഡ് (Myrmeleontidae) എന്നറിയപ്പെടുന്ന
കുടുംബത്തിലെ ഒരെളിയ അംഗമാണ് കുഴിയാന എന്ന ഉറുമ്പു ചിങ്കം.
ശ്രീലങ്കയില്‍ മാത്രം നാലു സ്പീഷിസുകള്‍ ഉണ്ടത്രേ.
ഇവന്മാരിലൊരാളാവണം നമ്മുടെ തൊടിയില്‍ കുഴികുത്തി നടക്കുന്ന
വിദ്വാനും. ഇന്ത്യയില്‍ മാത്രമല്ല, ചൂടുള്ള സ്ഥലങ്ങളിലൊക്കെ
കുഴികുത്താന്‍ ഇവന്‍ മടിക്കില്ല. ഏഷ്യന്‍ ഭാഗത്തു മാത്രം
170-ല്‍ പരം സ്പീഷീസുകള്‍ ഉണ്ട്. ലോകത്താകമാനം
2000-ത്തിലധികവും. ഇത്രയൊക്കെ പറഞ്ഞിട്ടും കഥാനായകനെ ഓര്‍മ്മ
വരാത്ത പ്രവാസികള്‍ക്കായി ഒരു ചിത്രം കൊടുത്തിരിക്കുന്നു.
(സത്യം പറയാമല്ലോ, ഈ പടം കണ്ടിട്ട് എന്റെ ഇമ്പ്രഷന്‍
കമ്പ്ലീറ്റു പോയി. കുഴിയാനയെ കാണാന്‍ വളരെ
ക്യൂട്ടായിരുന്നെന്നാണ് ഓര്‍മ്മ)
ഇവനെ
കൈയിലെടുത്ത് മണലില്‍ ഇട്ടു കൊടുത്താലുടനെ തുടങ്ങും കുഴി
കുത്തല്‍ . വട്ടത്തില്‍ കറങ്ങി കുഴിച്ച് കുഴിക്കുള്ളിലേക്കു
ചുഴിഞ്ഞു ചുഴിഞ്ഞിറങ്ങി, മണല്‍ കോരിത്തെറിപ്പിച്ച്, ഒരു
പത്തു പതിനഞ്ചു മിനുട്ടിനുള്ളുല്‍ കുഴി റെഡി. രണ്ടു
കൊമ്പുകള്‍ (മാന്‍ഡിബിളുകള്‍ ) മാത്രം വെളിയില്‍ കാട്ടി
മണ്ണിനടിയില്‍ ഒളിച്ചിരിക്കും ഊണു കഴിക്കാന്‍ .
“വയറു വിശക്കുന്നെന്റമ്മേ” എന്ന പഴയ മലയാള സിനിമാ ഗാനവും
മൂളിക്കൊണ്ട് അതാ ഒരു ഉറുമ്പു പാഞ്ഞു വരുന്നു. ഭംഗിയുള്ള
കുഴിക്കു കരയില്‍ നിന്ന്, ചിലര്‍ ആഴമുള്ള കിണറ്റില്‍
വെള്ളമുണ്ടോന്നു പരിശോധിക്കുന്ന മട്ടില്‍ ഉറുമ്പൊന്നു
ചെരിഞ്ഞു നോക്കും. ദാ മണ്ണും മണലും ഊര്‍ന്നു ചതിക്കുഴിയിലായി
മണ്ടനുറുമ്പ്. തക്കം പാര്‍ത്ത് നമ്മുടെ ആന കൊമ്പുകള്‍ കൊണ്ട്
വീശി ഉറുമ്പിനു നേരേ മണലെറിയും. മുകളിലേയ്ക്ക് കയറും തോറും
താഴേയ്ക്ക് തെന്നുന്ന ഈ വാരിക്കുഴിയില്‍പ്പെട്ട ഉറുമ്പിനെ
മണ്ണിലടിയിലേയ്ക്ക് കൊണ്ടു പോയി സത്തൊക്കെ ഊറ്റിക്കുടിക്കും
കശ്മലന്‍ . ശവമോ കൊമ്പുകളില്‍ തൂക്കി ഒരേറും.
മറ്റുറുമ്പുകള്‍ക്കു സംശയം വരരുതല്ലോ. ആനയുടെയും
സിംഹത്തിന്റെയും മനുഷ്യരുടെയും ഒക്കെ ചില സ്വഭാവങ്ങള്‍
അല്ലേ?
ജീവിതചക്രം
ഇംഗ്ലീഷില്‍ ഡൂഡില്‍ബഗ്ഗ് (doodle bug) എന്നും വിളിക്കുന്ന ഈ
കുഴിപ്പുലി ഒരു ലാര്‍വ്വയാണെന്നറിയുന്നവര്‍ ചുരുങ്ങും. (ഇനി
ഇത് എല്ലാര്‍ക്കും അറിയാമായിരുന്നു എന്നു പറഞ്ഞാല്‍ ഞാന്‍
ചുരുങ്ങും) അതെ, രൂപപരിണാമം (Metamorphosis) നടത്തുന്ന ഒരു
ഷഡ്പദത്തിന്റെ ലാര്‍വ്വയാണ് കുഴിയാന. കാഴ്ചയില്‍ ചെറു
തുമ്പിയെപ്പോലെ (കല്ലെടുപക്കി എന്ന് തെക്കോട്ടുള്ളവര്‍
പറയും), നീണ്ട വാല്, നീണ്ട ചിറകുകള്‍ ഒക്കെ തുമ്പിയെപ്പോലെ.
പക്ഷേ അത്രയ്ക്ക് അഴകിയല്ല. കുഞ്ഞുങ്ങളെപ്പോലല്ല,
വെജിറ്റേറിയനാണ് പ്രായപൂര്‍ത്തിയായ കുഴിയാനത്തുമ്പികള്‍.
പൂമ്പൊടിയും മധുവും കഴിച്ച് മറ്റനേകം പ്രാണികളെപ്പോലെ
സാത്വിക ജീവിതമാണ് നയിക്കുന്നത്.

കുഴിയാനത്തുമ്പികളുടെ ഇണചേരലും രസകരമാണ്. ആണ്‍
തുമ്പിയ്ക്കാകട്ടെ സാഹസികവും. പെണ്‍തുമ്പി ഒരു
മരച്ചില്ലയില്‍ തൂങ്ങിപ്പിടിച്ച് നില്ക്കും
ആണ്‍തുമ്പിയാകട്ടെ വാലിനറ്റത്തുള്ള ലിംഗഭാഗം ചേര്‍ത്തു
വച്ച് തൂങ്ങിക്കിടക്കും, രണ്ടു മൂന്നു മണിക്കൂറുകള്‍ ! ഹോ
ദാമ്പത്യജിവിതത്തിന്റെ ഓരോ പുലിവാലുകളേ!
ഈര്‍പ്പമില്ലാത്ത നല്ല തൂവിമണലില്‍ വാല്‍ തിരുകി ഇരുപതോളം
മുട്ടകളിടും അമ്മത്തുമ്പി. ലാര്‍വ്വകളുടെ കോളനിയില്‍
ഒറ്റയ്ക്കു പോയി മുട്ടയിടാന്‍ നല്ല ഗട്ട്സു വേണം.
അപൂര്‍വ്വമായി ഇതിനകം വേട്ടക്കാരായി മാറിയ ചില കുഴിയാനകള്‍
തന്നെ മുട്ടയിടാന്‍ പ്രസവവാര്‍ഡിലെത്തിയ തുമ്പികളെ കശാപ്പു
ചെയ്ത് ശാപ്പിടാറുണ്ടത്രേ. തുമ്പിയ്ക്കായുസ് 20-30
ദിവസങ്ങള്‍ മാത്രം. ഇതിനിടയില്‍ ഒന്നു രണ്ടു തവണത്തെ
ഇണചേരലും മുട്ടയിടലും. മൂന്നു വര്‍ഷം കുഴിയ്ക്കുള്ളില്‍
കഴിഞ്ഞ് പുറത്തെത്തിയത് ഈ നാലാഴ്ചത്തെ ജീവിതത്തിനായിരുന്നോ
എന്ന് മരണക്കിടക്കയില്‍ കിടന്ന് ഈ തുമ്പികള്‍
ചോദിക്കുന്നുണ്ടാവണം.

രസകരമായ മറ്റൊരു സവിശേഷത, കുഴിയാനയ്ക്ക് ശരീരത്തിലെവിടെയും
വിസര്‍ജ്ജ്യങ്ങള്‍ക്കായി ദ്വാരങ്ങളില്ലത്രേ. വിസര്‍ജ്ജ്യം
ഉള്ളിലൊതുക്കി വര്‍ഷങ്ങളോളം നടക്കും. രണ്ടു മൂന്നു വര്‍ഷം
നീളുന്ന മലബന്ധം! ഒടുവില്‍ പ്യൂപ്പാവസ്ഥയില്‍ കൊക്കൂണ്‍
നിര്‍മ്മിക്കാനാവശ്യമായ നാരുകള്‍ക്ക് അല്പം
വിസര്‍ജ്ജ്യങ്ങളും ഉപയോഗിക്കും. എങ്കിലും ആദ്യമായി
വയറൊഴിക്കുന്നത് പ്യൂപ്പയ്ക്കു പുറത്തു വന്ന് നന്നായൊന്ന്
നടുനിവര്‍ത്തിയ ശേഷമാണ്.
കടുവയെ പിടിക്കുന്ന
കിടുവകള്‍
ചതിക്കുഴി കുത്തി കാത്തിരിക്കുന്ന കുഴിയാനയ്ക്ക്
ജൈവികപരിണാമത്തിലൂടെ ധാരാളം സവിശേഷതകള്‍ കൈവന്നിട്ടുണ്ട്.
അവയില്‍ ഏറ്റവും പ്രധാനം ശക്തിയേറിയ കൊമ്പുകള്‍ (mandibles)
തന്നെ. ഇരയെ നിസാരമായി കീഴ്പ്പെടുത്താന്‍ ഇവ ധാരാളം.
മറ്റൊന്ന് താരതമ്യേന സുരക്ഷിതമായ മണ്ണിനടിയിലാണ് അവയുടെ
വാസം. മണലില്‍ നിന്നു തിരിച്ചറിയാനാകാത്ത വിധം ചാരനിറം
ഇരപിടുത്തത്തിനും ശത്രുക്കളില്‍ നിന്നു രക്ഷപ്പെടാനും ഉപകാര
പ്രദം.
എന്നിരുന്നാലും ജീവജാലങ്ങള്‍ക്കിടയിലെ സമരവും സഹകരണവും
ഇവിടെയും ഇല്ലാതില്ല. ഉദാഹരണത്തിന് ചാത്സിഡ്
ജാതിയില്‍പ്പെട്ട ഒരിനം കടന്നല്‍ (Lasiochalcidia
igiliensis) കുഴിയാനയെ ചുറ്റിപ്പറ്റി ജീവിക്കുന്ന ഒരു
പരാദമാണ്. ഈ ഷഡ്പദങ്ങള്‍ മുട്ടയിടുന്നത് കുഴിയാനയുടെ
കഴുത്തിനു പിന്നില്‍ തന്നെ. മുട്ടയിടുന്ന പ്രായമെത്തുമ്പോള്‍
കുഴിയാനയുടെ മടയിലെത്തുകയും പെണ്‍കടന്നല്‍ കുഴിയാനയെ
മോഹിപ്പിക്കുകയും ചെയ്യും. ഓണ സദ്യ സ്വപ്നം കണ്ടെത്തുന്ന
കുഴിയാന കൊമ്പുകള്‍ വിടര്‍ത്തി പിടികൂടാന്‍ ശ്രമിക്കുന്നതും
കടന്നല്‍ ശക്തിയേറിയ പിന്‍കാലുകള്‍ കൊണ്ട് കൊമ്പുകളെ
അകറ്റിപ്പിടിച്ച് തൊറാക്സ് (മേല്‍ശരീരം) ഭാഗത്തേയ്ക്ക്
മുട്ടയിടുന്നതും ഒരുമിച്ചായിരിക്കും.

മറ്റൊരിനം ആസ്ത്രേലിയന്‍ ഈച്ച (Scaptia muscula) കുഴിയാനയുടെ
മടയില്‍ തന്നെ താമസവും. പണ്ടു നാട്ടില്‍ പാമ്പുകള്‍ക്കൊപ്പം
കുടിവയ്ച്ച് ഒരു കുഴിക്കുള്ളില്‍ നൂറും നൂറ്റമ്പതും ദിവസം
പിന്നിട്ട പാമ്പു യജ്ഞക്കാരെ ഓര്‍മ്മയില്ലേ? അതു പോലെ ജീവന്‍
വച്ചുള്ള കളിയാണിത്, ഈച്ചയ്ക്ക്. കുഴിയാന വലിച്ചെറിയുന്ന
ഉറുമ്പിന്‍ ശവങ്ങളെ തിന്നാനാണ് ഈ അപകടം പിടിച്ച പണി.
എന്നാല്‍ അതിനിടെ കുഴിയാനയുടെ വായില്‍പ്പെട്ടാലോ കഥ പിന്നെ
പറയണ്ട.
കാള, സിംഹം, ആന, പന്നി തുടങ്ങിയ മൃഗങ്ങളുടെ പേരിലാണ് ഓരോ
ഭാഷയിലും ഇവയെ വിശേഷിപ്പിക്കുന്നത്. ആനയെപ്പോലെ കൂനിയ
ശരീരവും , കാളയുടെ പോലുള്ള കൊമ്പുകളും, സിംഹത്തിനെപ്പോലുള്ള
വേട്ടയാടിപ്പിടിക്കലും ഒക്കെ ഈ കുഞ്ഞിപ്രാണിയെ
ആകര്‍ഷണീയമാക്കുന്നു. പരിണാമപ്രക്രിയയിലൂടെ ഓരോരോ ജീവിതക്രമം
കെട്ടിപ്പടുത്ത് പൊരുതി മുന്നേറുന്ന ഓരോ ജീവജാലത്തിനും
അതിന്റേതായ പ്രത്യേകതകള്‍ ഉണ്ട്. ഓരോ വ്യതിരിക്തമായ
ഫിംഗര്‍പ്രിന്റ്. ഈ വേറിട്ടുള്ള വ്യക്തിത്വം ആനയ്ക്കുണ്ട്
കുഴിയാനയ്ക്കുമുണ്ട്.
തൊടിയിലൊക്കെ വീടും പൂന്തോട്ടവും സിമന്റിട്ട മുറ്റവും
ഒക്കെയായി പുരോഗതിയുടെ പാതകള്‍ വെട്ടിത്തുറക്കുന്നതിനിടയില്‍
ഒരു പാടു ജീവികളെ നാം ദുരിതത്തിലാഴ്ത്തി. അവയില്‍
ചീറ്റപ്പുലിയും ചിത്രശലഭവും കീരികളും മരപ്പട്ടിയും
ഒക്കെപ്പെടും. അവയ്ക്കൊക്കെ എന്നെങ്കിലും ഒരു ദുരിതാശ്വാസ
പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്തിയാല്‍ കുഴിയാനയ്ക്കും
കൊടുക്കണം ഒരു പങ്ക്.
കൂടുതല്‍ വായന:
http://www.sel.barc.usda.gov/hym/chalcids/collecting/Lasiochalcidida.html
http://www.antlionpit.com
http://en.wikipedia.org/wiki/Antlion


