കവിത

ടി.പി വിനോദ്

കണ്ണൂര്‍ സ്വദേശി. ഇപ്പോള്‍ കൊറിയയില്‍ ഗവേഷകവിദ്യാര്‍ത്ഥി. ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച കവിതകളില്‍ക്കൂടി ശ്രദ്ധേയന്‍. ബ്ലോഗ്ഗ്: ലാപുട

 


ചിഹ്നങ്ങള്‍

പിറുപിറുപ്പ് പോലുമല്ലാത്ത
ചിലതിനെയൊക്കെ
ചോദ്യമാക്കുന്നതിന്റെ
സങ്കോചത്തിലാവണം
ചോദ്യചിഹ്നം
വളഞ്ഞ് കുനിഞ്ഞ്
തലതാഴ്ത്തിയിരിക്കുന്നത്.

എഴുതിത്തീരാത്ത
അതിശയങ്ങളുടെയും
വായിച്ച് തീരാഞ്ഞ
ക്ഷോഭങ്ങളുടെയും
ചൂടിലായിരിക്കും
ആശ്ചര്യചിഹ്നം
ഇതുപോലെ
ഉരുകിയുറ്റുന്നത്.

ഗര്‍ഭത്തിലെ
കുഞ്ഞെന്നപോലെ
അല്ലലേശാത്ത
ഒരു ധ്യാനത്തിലേക്ക്
ചുരുണ്ട് കിടക്കാന്‍
കഴിയുന്നത് കൊണ്ടാവും
വാക്പെരുക്കങ്ങളുടെ
അനുസ്യൂതിയിലും
അല്‍പവിരാമത്തിന്
ഭ്രാന്തെടുക്കാതിരിക്കുന്നത്.

ഭൂതകാലത്തിലെ
ഭാരമുള്ളവയെ
വാക്യങ്ങളിലേക്ക്
കെട്ടിത്തൂക്കി നിര്‍ത്തുമ്പോഴും
ഉദ്ധരണിയുടെ ചിഹ്നങ്ങള്‍
വര്‍ത്തമാനത്തിന്റെ
അര്‍ത്ഥങ്ങളോട്
പ്രാര്‍ത്ഥിക്കുകയാവും.

തീരുന്നില്ല ഒന്നും
എന്ന് പറയാനാവാത്തതിന്റെ
സങ്കീര്‍ണ്ണ വ്യഥയിലാവാം
പൂര്‍ണ്ണവിരാമചിഹ്നം
ചുരുങ്ങിച്ചുരുങ്ങി
ഇത്രയും ചെറുതായത്.

ശബ്ദാതുരം

തേപ്പുപണി നടക്കുന്നിടത്ത്
സിമന്റ് ചട്ടിയില്‍ നിന്നുള്ള
അവസാനത്തെ
ചുരണ്ടിമാന്തിയെടുക്കല്‍
കേള്‍ക്കുമ്പോഴൊക്കെ
പൊള്ളുന്ന ഇക്കിളി പോലെ
എന്തോ ഒന്നില്‍ നിന്ന്
ഞാന്‍ ചെവിപൊത്തി
ഒഴിഞ്ഞ് മാറുന്നു.

ഏങ്കോണിച്ചും
മുഴച്ചും കുഴിഞ്ഞുമുള്ള
എന്റെ നില്പിനെ
വാക്ക് തേച്ച് ഞാന്‍
മിനുസമാക്കുമ്പോഴാകുമോ
ജീവിതം
ചിലപ്പോഴൊക്കെ
എന്റെയരികില്‍ നിന്നും
ഓടിമാറുന്നത്?

ബോറടിയുടെ ദൈവം

സമയത്തിന്റെ ഭാഷയില്‍
വായിച്ചുനോക്കിയാല്‍
ജീവിതം
ബോറടിയുടെ
ഇതിഹാസമാണ്.

നിശ്ചലതയുടെ
പ്രശസ്തമായ ഈണങ്ങളില്‍
ഓര്‍ത്തെടുക്കുമ്പോള്‍
ആശയങ്ങള്‍
ബോറടിയുടെ
സങ്കീര്‍ത്തനങ്ങളാണ്.

ബോറടിയുടെ
ദിവ്യാദ്ഭുതങ്ങളല്ലെങ്കില്‍
പ്രതിമകളും പതാകകളും
വേറെയെന്തിന്റെ
അര്‍ത്ഥങ്ങളാണ്?

സമയത്തിലും
ചലനങ്ങളിലും
സ്ഥലരാശിയിലും
നിറഞ്ഞുകവിയുന്നതായിട്ടും
എന്തുകൊണ്ടാവാം
ബോറടിക്ക്
ഒരു ദൈവമില്ലാത്തത്?

നിങ്ങളില്‍
ബോറടിക്കുന്നവര്‍ മാത്രം
സ്വപ്നങ്ങള്‍ കാണട്ടെ എന്ന്
കക്ഷിചേരുവാനെങ്കിലും....

ആംഗ്യങ്ങള്‍

പരാജയപ്പെടുന്നതുകൊണ്ട്
പാവനമായിത്തീരുന്ന
രണ്ടു കാര്യങ്ങളില്‍
ഒന്നാമത്തേത് പ്രണയവും
രണ്ടാമത്തേത് കവിതയുമാവണം.

സാഫല്യത്തെക്കുറിച്ചുള്ള
പഴയസ്വപ്നങ്ങള്‍ കൊണ്ട്
മലിനമാക്കപ്പെട്ട ഒരു ശരീരത്തില്‍
ഏറെ നാള്‍ വിങ്ങിപ്പൊട്ടുവാന്‍
രണ്ടിനും കഴിയുകയില്ല.

രാത്രിവണ്ടിയെ കാത്ത്
ഉരുക്കുപാളത്തില്‍
ഇരുട്ടിലേക്ക് മിടിക്കുന്ന
ഒരു കഴുത്തും,

വാക്കുകളുടെ പെരുംകല്ലുകള്‍
അരയില്‍ കെട്ടിവെച്ച്
ഭാഷയുടെ
തണുത്ത ആഴത്തിലേക്ക്
കൂപ്പുകുത്തുന്ന ഒരു കവിതയും

വിടുതലിനെക്കുറിച്ച്
പുതിയതെന്തോ പറയുന്നത്
അതുകൊണ്ടാവണം.

comments