ഓര്‍മ്മ

കരുണാകരന്‍



മന്ദാകിനി നാരായണന്‍

 


ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അറുപതുകളുടെയും എഴുപതുകളുടെയും ദശകങ്ങള്‍ തെരുവിലേക്ക്‌ കൊണ്ടുപോയ ജനതയാണ്‌ സാമൂഹികജീവിതത്തിലെ ഉത്തരവാദിത്വത്തെ വീണ്ടും തീവ്രമായി ഓര്‍മ്മിപ്പിച്ചത്‌. അധികാരത്തിന്റെ വിമര്‍ശനം രാഷ്‌ട്രീയ നീതിയുടെ കൂടി പ്രശ്‌നമായി ആവര്‍ അവതരിപ്പിച്ചു. അനീതിക്കെതിരെ കലാപം ചെയ്യുന്നത്‌ ന്യായമാണ്‌ എന്നാണവര്‍ പറഞ്ഞത്‌. അങ്ങനെ കാണിച്ചുതരികയും ചെയ്‌തു.

ഇന്ത്യയിലെ കര്‍ഷകകലാപങ്ങളിലേക്ക്‌ മധ്യവര്‍ഗ്ഗ ബുദ്ധിജീവികളും രാഷ്‌ട്രീയ പ്രവര്‍ത്തകരും എത്തുന്ന കാലം കൂടിയായിരുന്നു അത്‌. നക്‍സല്‍ബാരി പ്രസ്‌ഥാനം രൂപം കൊള്ളുന്നത്‌ ഉത്‌പതിഷ്‌ണുവായ ധാരകളിലേക്ക്‌ നയിക്കുന്നതും ആ കാലമാണ്‌. മന്ദാകിനി നാരായണ്‍ ആ തലമുറയിലെ ആദ്യനേതൃത്വത്തിലൊരാളാണ്‌. ഒരേ സമയം സ്ത്രീയായിരിക്കുന്നതിന്റെയും വിപ്ലവകാരിയായി ജീവിക്കുന്നതിന്റെയും പരീക്ഷണങ്ങള്‍ അവര്‍ തന്റെ ജീവിതം കൊണ്ട്‌ ചെയ്യുകയായിരുന്നു. നമ്മുടെ കാലത്തെ പരാജയങ്ങള്‍ തന്നെയായിരുന്നു അവരുടെ പരാജയങ്ങള്‍. വിജയങ്ങളും അങ്ങനെ. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഒരു രേഖാചിത്രം തന്നെയായി, അവരുടെ ജീവിതവും.

വളരെ കുറച്ചുപേരെ അങ്ങനെ തങ്ങളുടെ ജീവിതത്തെ കാലത്തിന്റെകുരുക്കിലേക്ക്‌ ഇട്ടുകൊടുക്കാതിരുന്നിട്ടുള്ളൂ. തന്റെ ആയുസ്സിനെ കാലത്തിനു വിട്ടുകൊടുക്കാന്‍ വിസമ്മതിച്ച്‌ അതേ ആയുസ്സുകൊണ്ട്‌ മനുഷ്യജീവിതത്തെ കുറിച്ച്‌ തന്റെ ജീവിതകാലത്തില്‍ ഒരദ്ധ്യായം എഴുതി വെക്കുകയായിരുന്നു മന്ദാകിനി നാരായണന്‍ തന്റെ ജീവിതം കൊണ്ട്‌ ചെയ്തത്‌.അന്ത്യ നാളുകളില്‍ ആശുപത്രിയില്‍ കിടക്കുന്ന തന്നെ കാണനെത്തിയ സന്ദര്‍ശകരോട്‌ ഒരിക്കല്‍ അവര്‍ പറഞ്ഞത്‌,' Please let me go' എന്നാണത്രേ. അത്രത്തോളം മുഴുമിപ്പിച്ചതായിരുന്നു ആ ജീവിതം. ഇന്ത്യയില്‍ പലയിടത്തും ഇന്ന് നക്സലൈറ്റ്‌ പ്രസ്ഥാനം സജീവമാണ്‌. പല അന്തര്‍ദ്ദേശീയ പഠനങ്ങളിലും ഇന്ത്യയിലെ 'സ്ഫോടനാത്മകമായ അവസ്ഥ'യെക്കുറിച്ച്‌ പറയുമ്പോള്‍ 'നക്സലൈറ്റുകളെ'ക്കുറിച്ച്‌ സൂചിപ്പിക്കുന്നു. ന്യായമായും നാം വിശ്വസിക്കേണ്ടത്‌ അനീതി നിലനില്‍ക്കുന്നുവെന്നുതന്നെയാണ്‌. അതുകൊണ്ടു തന്നെ അനീതിക്കെതിരെ കലാപം ചെയ്യുന്നത്‌ ന്യായവുമാണ്‌.

ലോകത്തെ നേരിടാന്‍ മനുഷ്യരെ പ്രാപ്തരാക്കുന്ന ആശയങ്ങളുണ്ട്‌,നേതൃത്വങ്ങളുണ്ട്‌, മനുഷ്യരുമുണ്ട്‌. ജനതയെ നായകരായി കാണുന്നു ആ ആശയങ്ങള്‍, ആ മനുഷ്യര്‍. മന്ദാകിനി നാരായണന്‍, ജനങ്ങളോട്‌ നായകരാകാന്‍ പറഞ്ഞ ഒരാള്‍. ആ ജനത അവരോട്‌ കാണിച്ച ആദരവും ഹൃദയസ്പര്‍ശിയായിരുന്നു.'മാ' എന്നാണ്‌ അവര്‍ മന്ദാകിനി നാരായണനെ വിളിച്ചതും തിരിച്ചറിഞ്ഞതും.

comments