ഉത്തരയമേരിക്കയില്‍ ഡിസംബര്‍ കണക്കെടുപ്പുകളുടെ കാലമാണ്.
ഭ്രാന്തമായവാങ്ങലുകളുടെയും കൊടുക്കലുകളുടെയും കാലമാണ്. ഈ ഭൂഖണ്ഡമാകെ
സ്പന്ദിക്കുന്നത് ക്രിസ്തുമസ് എന്ന താളത്തിലാണെന്ന് തോന്നിപ്പോകും.
ക്രിസ്തുമസ്സിനിനിയെത്ര ഷോപ്പിംഗ് ദിവസങ്ങള്‍ കൂടിയുണ്ടെന്ന് ഒക്ടോബര്‍
മുതല്‍ റേഡിയോ സ്റ്റേഷനുകള്‍ ഓര്‍മ്മിപ്പിക്കുവാന്‍ തുടങ്ങും.
ഡിസംബറെത്തിക്കഴിഞ്ഞാല്‍ പൊതുസംസാരം മുഴുവനും ക്രിസ്തുമസ്
ഷോപ്പിംഗിനെപ്പറ്റി മാത്രമായി ചുരുങ്ങും.ഇനി എത്ര ഷോപ്പിംഗ് മണിക്കൂറുകള്‍
അവശേഷിച്ചിട്ടുണ്ടെന്ന് റേഡിയോക്കാര്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കും.
ഇരുപത്തിനാലാം തീയതി രാത്രി ചിമ്മിനിയില്‍ കൂടി ഇറങ്ങി വരുന്ന
സാന്റാക്ലോസ് ക്രിസ്തുമസ് ട്രീക്കടിയില്‍ സമ്മാനങ്ങള്‍ വെച്ചിട്ടു
പോകുമെന്നാണ് സങ്കല്‍പം. സങ്കല്‍പത്തിന് യാഥാര്‍ത്ഥ്യത്തിന്റെ നിറം
പകരാന്‍ വാങ്ങുന്ന സമ്മാനങ്ങള്‍ അലങ്കരിച്ച് ക്രിസ്തുമസ് ട്രീക്കടിയില്‍
തന്നെ വെക്കുന്നു. ഇരുപത്തിയഞ്ചാം തീയതി രാവിലെ ട്രീക്കടിയിലുള്ള
സമ്മാനങ്ങള്‍ തുറക്കാം.

സമ്മാനത്തിനുവേണ്ടി ചെലവഴിച്ച സമയവും കരുതലും പണവും പലപ്പോഴും
അതുകൊടുക്കുന്നയാളോടുള്ള സ്നേഹത്തിന്റെ അളവിന്റെ അടയാളമായി
കരുതപ്പെടാറുണ്ട്. അതുകൊണ്ടു തന്നെ പലപ്പോഴും ഇത് മനസ്താപത്തിനും
നിരാശക്കും ചിലപ്പോള്‍ വലിയ വഴക്കുകള്‍ക്ക് പോലും വഴിതെളിക്കാറുമുണ്ട്.
എന്റെ ഇഷ്ടാനിഷ്ടങ്ങളെപ്പറ്റി നിങ്ങള്‍ക്കൊരു ചുക്കും അറിയില്ലല്ലോ എന്ന
ദു:ഖവും എനിക്കായി ഇത്രയും വിലകുറഞ്ഞ വസ്തുവാണോ വാങ്ങിയത് എന്ന
പല്ലിറുമ്മലും സാധാരണമാണ്. അത് വഴക്കിലും മല്‍സരത്തിലും ചിലപ്പോള്‍
വിവാഹമോചനത്തില്‍പ്പോലും കൊണ്ടെത്തിക്കാറുണ്ട്.
അണുകുടുംബങ്ങള്‍ ഒന്നിച്ചുകൂടുന്നതും സമൃദ്ധമായ ഭക്ഷണം കഴിക്കുന്നതും
പള്ളിയില്‍ പോകുന്നതിനേക്കാള്‍ പ്രധാനമാണ് വടക്കേയമേരിക്കക്കാര്‍ക്ക്.
വിരുന്നുകാരെ അമ്പരപ്പിക്കത്തക്ക തരത്തിലുള്ള സദ്യയൊരുക്കുക എന്നതാണ്
എല്ലാ ആതിഥേയരുടെയും ലക്ഷ്യം.ക്രിസ്തുമസിന് ധരിക്കാനുള്ള മനോഹരമായ വസ്ത്രം
മുതല്‍ വീടിനുള്ള അലങ്കാരവസ്തുക്കള്‍ വരെ ലാഭത്തില്‍ വാങ്ങാനുള്ള
പരസ്യങ്ങളുടെ വരവായി. ക്രിസ്തുമസ് ഇപ്പോള്‍ ഭ്രാന്തമായ കച്ചവടോപാധിയായി
മാറിയിരിക്കുകയാണ്. മദ്യം ഏറ്റവുമേറെ വില്‍ക്കപ്പെടുന്നതും ഈ സമയത്തു
തന്നെ.
സ്കൂളിലെ ടീച്ചര്‍മാര്‍ക്ക്, ഒപ്പം ജോലി ചെയ്യുന്നവര്‍ക്ക്, എന്തിന്
പോസ്റ്റുമാനും പത്രം കൊണ്ടിടുന്നയാള്‍ക്കും വരെ സമ്മാനം കൊടുക്കുകയെന്നത്
നാട്ടുനടപ്പാണ്. ഇതിനെ മുതലെടുത്തുകൊണ്ടുള്ള പരസ്യം 'എന്തു വാങ്ങണമെന്ന്
തീര്‍ച്ചയില്ലാത്തവര്‍ക്ക് വേണ്ടിയുള്ള സമ്മാനങ്ങള്‍' എന്ന വാചകത്തില്‍
തുടങ്ങുന്നു.
എല്ലാ പ്രമുഖ കടകളും വില്‍പന സാധനങ്ങളുടെ ചിത്രങ്ങളും വിവരണങ്ങളും
വിലയുമടങ്ങുന്ന ചെറു കാറ്റലോഗുകള്‍ വീടുകളിലെത്തിക്കും. ക്രിസ്തുമസ്
കാലമാകുന്നതോടെ മത്തുപിടിപ്പിക്കുന്ന പരസ്യങ്ങള്‍ കൊണ്ട് അവയുടെ വലിപ്പവും
വൈവിദ്ധ്യവും വളരെ കൂടുതലാകുന്നു.
വരൂ... വാങ്ങൂ... വാങ്ങിക്കൂട്ടൂ... എന്ന് സാധാരണക്കാരനെ
ഉത്തേജിപ്പിക്കുന്ന ഭ്രാമാത്മകത.
ക്രെഡിറ്റ്‌കാര്‍ഡുകളുടെ പരിധിയെത്തുന്നതുവരെ സാധനങ്ങള്‍ വാങ്ങുന്നവരാണ്
കൂടുതല്‍ പേരും. ജനുവരി എത്തുന്നതോടെ ബില്ലുകളുടെ വരവായി. നടുവൊടിക്കുന്ന
കടത്തിലേക്ക് വടക്കേയമേരിക്കക്കാര്‍ കൂട്ടത്തോടെ ചെന്നുപെടുന്നു. ഇതിന്റെ
അമ്പരപ്പിക്കുന്ന കണക്കുകളായിരിക്കും മാധ്യമങ്ങള്‍ ജനുവരിയില്‍
ആവര്‍ത്തിച്ചു കേള്‍പ്പിക്കുന്നത്.കഴിഞ്ഞ വര്‍ഷം കാനഡക്കാര്‍ ഡിസംബറില്‍
ചിലവാക്കിയത് 34.5 ബില്യണ്‍ കനേഡിയന്‍ ഡോളറാണത്രേ. അതിനുമുമ്പത്തെ
വര്‍ഷത്തേക്കാള്‍ 6.9% കൂടുതല്‍. ഇത് ഓരോ വര്‍ഷം കഴിയും തോറും കൂടി
വരുന്നു.

ഇവിടെ ആളുകള്‍ ഏറ്റവും കൂടുതല്‍ മാനസിക പിരിമുറുക്കം അനുഭവിക്കുന്ന
കാലമാണ് ഡിസംബര്‍ എന്നും ചില കണക്കുകള്‍ പറയുന്നു. നിറഞ്ഞുകവിയുന്ന
ഷോപ്പിംഗ് സെന്ററിലെ പാര്‍ക്കിംഗ് ലോട്ടില്‍ ഒരു സ്ഥലം
കണ്ടുപിടിക്കുന്നതുമുതല്‍ ക്രിസ്തുമസ് സദ്യ തയ്യാറാക്കുന്നതുവരെ ഇതു
തുടരുന്നു. ഈ തിരക്കിനിടയില്‍ പാര്‍ക്കിംഗ് ലോട്ടിലും ഷോപ്പിംഗ്
സെന്ററിനടുത്തുള്ള റോഡുകളിലും യാത്രക്കാര്‍ക്ക് പരസ്പരം സ്പര്‍ദ്ധ
വര്‍ദ്ധിക്കുന്നതു കാണാം.
മോഹിപ്പിച്ചിരുന്നതും ഇഷ്ടപ്പെട്ടതുമായ സമ്മാനം കിട്ടാത്തതില്‍
പരിഭവിക്കുന്നവര്‍ക്കുവേണ്ടിയും പരസ്യമുണ്ട്, 'ഈ ക്രിസ്തുമസിന് സോക്സിനു
പകരം നിങ്ങള്‍ക്ക് വേണ്ടത് നിങ്ങള്‍ തന്നെ വാങ്ങുക'.ഇഷ്ടപ്പെട്ട സാധനം
മറ്റൊരാള്‍ തരുമെന്ന് പ്രതീക്ഷിക്കുകയും അത് കിട്ടാതാവുകയും
ചെയ്യുന്നതിനേക്കാള്‍ നല്ലതല്ലേ അത് സ്വയം സമര്‍പ്പിക്കുന്നത്.
വേണ്ടാത്ത സാധനങ്ങള്‍ കിട്ടുന്നത് ഒഴിവാക്കാനായി ആവശ്യമുള്ള സാധനങ്ങളുടെ
ലിസ്റ്റ് മറ്റുള്ളവരെ ഏല്‍പിക്കുന്നതും ഇവിടെ സധാരണമാണ്. കുട്ടികള്‍
ചെറുപ്പത്തിലേ ഇത് ശീലിച്ചുവരുന്നതുകൊണ്ട് അതില്‍ അപാകതയൊന്നും അവര്‍
കാണുന്നില്ല. വീഡിയോ ഗെയിമുകളാണ് കുട്ടികളുടെ സമ്മാനങ്ങളില്‍ ഏറ്റവും
പ്രിയമായിട്ടുള്ളത്. ഓരോ വര്‍ഷവും ക്രിസ്തുമസിന് തൊട്ടു മുമ്പ് പുതിയ
തരം ഗെയിം സിസ്റ്റംങ്ങള്‍ ഇറങ്ങുകയും അതൊക്കെ മിക്കവാറും ഡിസംബര്‍ പാതിയോടെ
വിറ്റു തീരുകയും ചെയ്യും.
ക്രിസ്തുമസ് കഴിയുന്നതോടേ പുതുവല്‍സരത്തിനുവേണ്ടിയുള്ള കണക്കെടുപ്പുകള്‍
തുടങ്ങും. വര്‍ഷം എത്ര അപകടങ്ങള്‍, അപകടമരണങ്ങള്‍, മോഷണങ്ങള്‍ എന്നു
തുടങ്ങി കണക്കുകളുടെ നിര നീണ്ടു നീണ്ടു പോകും.

വ്യാപാരികളുടെ ലാഭക്കൊയ്ത്തിനും തൊഴിലാളികളുടെ അമിതാദ്ധ്വാനത്തിനും
സാധാരണക്കാരന്റെ അന്തമില്ലാത്ത ചിലവുകള്‍ക്കും വ്രഥാവാകുന്ന ഒരുപാട്
ഭക്ഷണത്തിനുമിടക്ക് ക്രിസ്തുമസിന്റെ മൂലകാരണക്കാരനായ ക്രിസ്തു പലപ്പോഴും
പൂര്‍ണ്ണമായി വിസ്മരിക്കപ്പെടുന്നു. ക്രിസ്തുമസ്സിന് പള്ളിയില്‍
പോകുന്നവര്‍ പൊതുവെ കുറവാണ്. പക്ഷെ മലയാളികള്‍ അക്കാര്യത്തില്‍ വേറിട്ടു
നില്‍ക്കുന്നു. ഈ വര്‍ഷം ഓന്റേറിയോയില്‍ പള്ളികളുടെ എണ്ണം കൂടിയതായി
അറിയുന്നു. ഇവിടേക്കുള്ള കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമായി
കൂടിയിട്ടുള്ളതുകൊണ്ടാണിതെന്ന് ആശ്വസിക്കട്ടെ. എന്തായാലും ഇത് ഭക്തരുടെയോ,
പാപികളുടെയോ, പട്ടക്കാരുടെയോ പെരുപ്പംകൊണ്ടാവാനേ തരമുള്ളൂ. കാരണം
ദൈവത്തിന്റെ എണ്ണം കൂടിയതായി ഇതുവരെ അറിവു കിട്ടിയിട്ടില്ല.
comments