ആമുഖം
നമസ്കാരം. വരമൊഴിക്കും ഇന്റര്‍നെറ്റിലെ മലയാളത്തിനും തരുന്ന
പ്രോത്സാഹനങ്ങള്‍ക്ക് നന്ദി. 10 കൊല്ലം മുമ്പ് മലയാളമെഴുതാന്‍
മറ്റുവഴിയൊന്നുംകാണാതെ തുടങ്ങിയ ഒരു ഹോബിയായിരുന്നു വരമൊഴി. ഇന്നും,
വരമൊഴി ഒരു എഴുത്താണി മാത്രമാണ്. സത്യത്തില്‍ എഴുത്താണികളല്ല;
എഴുത്തുകാരാണ് ബഹുമാനമര്‍ഹിക്കുന്നത്. അതുകൊണ്ട് തന്നെ, ഇന്റര്‍നെറ്റിലെ
എഴുത്തച്ഛന്മാരുടെ പുതുലോകത്തെയും അതെങ്ങനെ സാധ്യമാവുന്നു എന്നും കുറഞ്ഞ
വാക്കുകളില്‍ നിങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുകയാണ്.
യുണീക്കോഡ്
ഇന്റര്‍നെറ്റില്‍ ദീപകയോ മനോരമയോ മലയാളത്തില്‍
വായിക്കാത്തവരുണ്ടാവില്ല. എന്നാല്‍ ചിലരെങ്കിലും ആലോചിച്ചിട്ടുണ്ടാവും,
എന്തുകൊണ്ട് ഗൂഗിളില്‍ ‘കരുണാകരന്‍‘ എന്ന് സെര്‍ച്ചു ചെയ്ത്
ദീപികയില്‍ നിന്നും കരുണാകരനെ പറ്റിയുള്ള വാര്‍ത്തകള്‍
കണ്ടുപിടിക്കാനാവുന്നില്ല എന്ന്? കാരണം ലളിതമാണ്. ഗൂഗിളിന്
മനസ്സിലാവുന്ന രീതിയില്‍ മലയാളം എഴുതാന്‍ ഒരു വഴികണ്ടില്ല; ദീപികയുടെ
മലയാളം ഗൂഗിളിനൊട്ട് മനസ്സിലാവുന്നുമില്ല.
സോഫ്റ്റ്വെയറുകള്‍ക്ക് മലയാളം മനസ്സിലാക്കാനുള്ള ഒരു സ്റ്റാന്റേഡ്
റെപ്രസെന്റേഷന്‍ ഇല്ലാതിരുന്നതാണ് അടിസ്ഥാനപ്രശ്നം. ഇന്ന് ഇതിന്
ഉത്തരമായിക്കഴിഞ്ഞു. കമ്പ്യൂട്ടര്‍ അക്കങ്ങളെ എന്നപോലെ അക്ഷരങ്ങളേയും
റെപ്രസ്ന്റ് ചെയ്യുന്നത് സംഖ്യകളായിട്ടാണ്. അതായത് ഒരോ ഇംഗ്ലീഷ്
അക്ഷരത്തിനും ഓരോ സംഖ്യ. A-ക്ക് 65, B-ക്ക് 66 എന്നിങ്ങനെ. ആസ്കി എന്ന
ഈ സ്റ്റാന്റേഡ് ഇംഗ്ലീഷിനു മാത്രമേ ഇതുവരെ ഉണ്ടായിരുന്നുള്ളൂ.
ഇത് പഴയ കഥ. ഇന്ന് മൈക്രോസൊഫ്റ്റ് അടക്കമുള്ള കമ്പനികളും ഭാഷാപണ്ഡിതരും
ചേര്‍ന്ന്, മലയാളം ഉള്‍പ്പടെയുള്ള എല്ലാ ഭാഷകളിലെ അക്ഷരങ്ങള്‍ക്കും
അക്ഷരസംഖ്യ നിശ്ചയിക്കുന്ന ‘യുണീക്കോഡ്’ എന്ന ഒരു സ്റ്റാന്‍ഡേര്‍ഡ്
ഉണ്ടാക്കിക്കഴിഞ്ഞു. അതില്‍ മലയാളം ‘അ’കാരത്തിന് 3333, 'ആ’കാരത്തിന് 3334
എന്നിങ്ങനെ വിലകള്‍.
അക്ഷരസംഖ്യ മാത്രം പോര മലയാളം കമ്പ്യൂട്ടറില്‍ കാണാന്‍; അക്ഷരരൂപവും
വേണം. ഈ അക്ഷരരൂപങ്ങളുടെ പട്ടികയാണ് ഫോണ്ട്. യുണീക്കോഡ് വ്യവസ്ഥ
അനുസരിക്കുന്ന ഫോണ്ടില്‍ 3333 എന്നെഴുതിയതിനു നേരെ, ‘അ’ എന്ന
രൂപമുണ്ടാവും. ഒരു ഡോക്യുമെന്റില്‍ 3333 കണ്ടാല്‍ കമ്പ്യൂട്ടര്‍,
ഫോണ്ടെന്ന പട്ടികയില്‍ നിന്നും ‘അ’ എന്ന രൂപം കാണിക്കുന്നു. അങ്ങനെ
കമ്പ്യൂട്ടര്‍ സ്ക്രീനില്‍ മലയാളം തെളിയുന്നു. കാര്യങ്ങള്‍ ഇങ്ങനെ
ഒക്കെയാണെങ്കിലും മലയാളപത്രങ്ങളൊന്നും യുണീക്കോഡിനെ സ്വീകരിച്ചിട്ടില്ല
എന്നത് ദയനീയമായ മറ്റൊരു വശം.
ഇന്റര്‍നെറ്റ്
ഓരോ യുഗാരംഭത്തിലും പഴയരീതികളെ മുഴുവന്‍ തുടച്ചുനീക്കാന്‍
കെല്‍പ്പുള്ള ഒരു disruptive technology ഉദയം ചെയ്യാറുണ്ട്. അങ്ങനെ
ഒന്നായിരുന്നു അച്ചടി. ഈ പുതിയ സാങ്കേതികവിദ്യ കാര്യങ്ങളെല്ലാം
എളുപ്പമാക്കുക മാത്രമല്ല ചെയ്യുന്നത്; അതു വരെ കാണാത്ത സാഹിത്യ
സാംസ്കാരിക രൂപങ്ങളുമായാണത് വരുന്നത്. അച്ചടിയുടെ കൊണ്ടുവന്നവയാണ്
പത്രങ്ങള്‍, കഥകള്‍, നോവലുകള്‍, ലേഖനങ്ങള്‍.. എല്ലാം നാളതുവരേയും
ഓര്‍ത്തുവയ്ക്കാനെളുപ്പമുള്ള കാവ്യങ്ങളായി മാത്രം സര്‍വ്വതും
ശീലിച്ചവരുടെ മുന്നിലേയ്ക്ക്.
അച്ചടിക്ക് മുമ്പ്, ദൂരങ്ങള്‍ താണ്ടിയുള്ള ആശയങ്ങളുടെ വിതരണം ഒട്ടും
എളുപ്പമായിരുന്നില്ല. അച്ചടിയുടെ വരവോടെ, പ്രമുഖരായ ഏതാനും ആളുകളുടെ
പ്രസിദ്ധീകരണങ്ങള്‍ എളുപ്പത്തില്‍ അനേകം പേരുടെ അടുത്തെത്തിക്കാന്‍
വഴിയൊരുങ്ങി. അച്ചടി 2.0 ആയ ഇന്റര്‍നെറ്റ് ഒരു പടി കൂടി കടന്ന്,
ഏതൊരാളെഴുതുന്നതും അനേകം വായനക്കാരുടെ അടുത്തെത്താനാവുന്നു.
അതിലുപരി, വായനക്കാരുടെ പ്രതികരണങ്ങള്‍
സുഗമമായി എഴുത്തുകാരനു തിരിച്ചെത്തിക്കാനും കഴിയുന്നു.
വിനിമയത്തിന് കടലാസും കയ്യെഴുത്തും ആവശ്യമില്ലാത്തതിനാല്‍ ഒട്ടും
ചിലവില്ലാതെ ചെയ്യാവുന്നതായി പ്രസിദ്ധീകരണം.

ലിപിമാറ്റം
ഇന്റര്‍നെറ്റ് സംസ്കാരത്തില്‍ വായനപോലെ തന്നെ പ്രധാനമാണ് എഴുത്തും.
കമ്പ്യൂട്ടറില്‍ മലയാളം എഴുതാന്‍ ടൈപ്പിങ് ഇന്‍സ്റ്റിറ്റ്യൂട്ട്
രീതിയേക്കാള്‍ ‘മംഗ്ലീഷ്’ രീതിക്കാണ് പ്രചാരം കൂടുതല്‍. മംഗ്ലീഷ്
രീതിയില്‍, ഇംഗ്ലീഷ് കീബോര്‍ഡില്‍ A M M A എന്നെഴുതിയാല്‍
കമ്പ്യൂട്ടറില്‍ ‘അമ്മ’ എന്നു വന്നോളും. ജപ്പാന്‍കാരെ പോലെയോ
ജര്‍മ്മന്‍കാരെ പോലെയോ ഇംഗ്ലീഷ് പരിചയമില്ലാത്തവരല്ല മലയാളികള്‍.
അതുകൊണ്ട് തന്നെ, ഇംഗ്ലീഷ് കീബോര്‍ഡില്‍ മലയാളം ടൈപ്പ് ചെയ്യുന്ന രീതി
വളരെ പെട്ടന്ന് പോപ്പുലറായി. കൂടുതല്‍ പ്രായോഗികമായതിനാലാവനം ഇന്ന്
95%ത്തോളം പേര്‍ ഈ ലിപിമാറ്റരീതിയിലാണ് ഇന്റര്‍നെറ്റില്‍
മലയാളമെഴുതുന്നത്.
ബ്ലോഗ്
ഇന്റര്‍നെറ്റിലെ എഴുത്തിനെ, വിജ്ഞാനപ്രധാനം, സര്‍ഗാത്മകം എന്നിങ്ങനെ
പൊതുവെ രണ്ടായി തിരിക്കാം. അതില്‍ സര്‍ഗാത്മകമായ രചനകള്‍ക്കുള്ളവയാണ്
ബ്ലോഗുകള്‍.
ഒരേസമയം വ്യക്തിപരവും, എന്നാല്‍ കൂട്ടായ്മ ഉണ്ടാക്കുന്നതുമായ രണ്ടു
സ്വഭാവങ്ങള്‍ കൊണ്ട്, ബ്ലോഗുകളെ ഒരു വെബ്‌സൈറ്റിന്റേയും ഡിസ്കഷന്‍
ബോര്‍ഡിന്റേയും സങ്കരമായി മനസ്സിലാക്കാവുന്നതാണ്. ഒരു ഇമെയില്‍ ബോക്സ്
പോലെ ലളിതമായ മനേജ്മെന്റാണ് ബ്ലോഗിനെ വെറും വെബ്‌സൈറ്റുകളേക്കാള്‍
പോപ്പുലറാക്കുന്നത്. അവിടെ ഓരോ എഴുത്തുകാരനും പരമാധികാരമുള്ള ഒരുതുണ്ട്
ഭൂമിയുണ്ട്. ഇന്നത് എഴുതാന്‍ പാടില്ല; ഇന്നതാണ് എഴുതേണ്ടത് എന്നു
എഴുത്തുകാരനെ നിര്‍ബന്ധിക്കുന്ന ഒരു പ്രക്രിയയും അവിടെയില്ല. ബ്ലോഗുകളിലെ
ഈ അരാചകത്വം ക്രിയേറ്റിവിറ്റിയെ വളരെ പ്രോല്‍സാഹിപ്പിക്കുന്നു. അതേസമയം,
പത്രം, ആഴ്ച്ചപ്പതിപ്പുകള്‍ എന്നീ അച്ചടി മാധ്യമങ്ങളിലും ഡിസ്കഷന്‍
ബോര്‍ഡുകളിലും രചനകളുടെ സെലക്ഷന്‍ മോഡറേറ്ററുടെ
മൂല്യവ്യവസ്ഥയ്ക്കുള്ളില്‍ നിന്നുകൊണ്ടാണ്.
ഇന്ന് യൂണീക്കോഡുപയോഗിച്ച് മലയാളത്തില്‍ എകദേശം 600-ല്‍ പരം
ബ്ലോഗുകളുണ്ടു്. ഒരു ദിവസം 20-നുമേല്‍ ബ്ലോഗ് പോസ്റ്റുകളുണ്ടാവുന്നു.
സാഹിത്യകാരനായ മേതില്‍ രാധാകൃഷ്ണന്‍ മുതല്‍ വീട്ടമ്മമാര്‍ മുതല്‍ സാധാരണ
കര്‍ഷകര്‍ വരെ ബ്ലോഗിങ്ങില്‍ സജീവമാണ്. നിങ്ങള്‍ നിര്‍ബന്ധമായും ചെന്നു
നോക്കേണ്ട ബ്ലോഗുകളാണ്, ഉമേഷിന്റെ ഗുരുകുലം, വിശാലമനസ്കന്റെ കൊടകരപുരാണം,
കര്‍ഷകന്റെ ഒരു കര്‍ഷകന്‍ സംസാരിക്കുന്നു എന്നിവ. വരമൊഴിയുടെ സൈറ്റില്‍
ശ്രദ്ധിക്കേണ്ട ബ്ലോഗുകളിലേക്കുള്ള ലിങ്കുകള്‍ കൊടുത്തിട്ടുണ്ട്.
വളരെ ഡൈനാമിക്കാണ് ഇന്നതെ മലയാളം ബ്ലോഗുകളുടെ ലോകം. ബ്ലോഗിലെ രചനകള്‍
ഒരുമിച്ചുകൂട്ടി പുസ്തകമാക്കുവാന്‍ പ്രമുഖ പ്രസാധകര്‍
മുന്നോട്ടുവന്നിരിക്കുന്നു.
വിശ്വാസ്യത
ഇനി ബ്ലോഗുകളും മറ്റു മാധ്യമങ്ങളുമായുള്ള ഒരു ചെറിയ comparison.
മുഖ്യധാരാപത്രങ്ങള്‍ക്കുള്ള വിശ്വാസ്യത ബ്ലോഗുകള്‍ക്കുണ്ടാവുമോ എന്നത്
സാധാരണ ഉയരുന്ന ചോദ്യമാണ്. അപ്പോള്‍, തിരിച്ചൊരു ചോദ്യത്തിനും
വിചിന്തനത്തിനും പ്രസക്തിയുണ്ട്. പത്രങ്ങള്‍ക്കെങ്ങനെയാണ്
വിശ്വാസ്യതയുണ്ടാവുന്നത്? അവയുടെ വിശ്വാസ്യത ബ്രാന്‍ഡ്‌നേമിലൂടെയാണ്.
തെറ്റായ വാര്‍ത്തകളെയെഴുതിയാല്‍ കാലക്രമത്തില്‍ ജനം അത്
തിരിച്ചറിയുന്നു, ആ ബ്രാന്‍ഡിന്റെ വിശ്വാസ്യത ചോരുന്നു, അവസാനം
വായനക്കാരെയും നഷ്ടപ്പെടുന്നു.
ഇനി ബ്ലോഗിലേയ്ക്ക്... ഇന്റര്‍നെറ്റിലെ കമ്യൂണിക്കേഷനുകളെ പറ്റിയുള്ള
ഇന്നത്തെ മലയാളമാധ്യമങ്ങളുടെ പൊതുധാരണ ചാറ്റ്, ഇമെയില്‍ എന്നിവയുടെ
സ്വഭാവത്തില്‍ നിന്നും കടംകൊണ്ടതാണ്. ഇന്റര്‍നെറ്റ് സംവാദങ്ങളെ
അതുകൊണ്ട് transient, casual എന്നീ വാക്കുകളാല്‍ അവതരിപ്പിക്കാനും
തുടങ്ങി. എന്നാല്‍, ഒരു ബ്ലോഗ് ഒരു SMS മെസേജ് പോലെ എവിടേ നിന്നോ
വന്ന് എവിടേയ്ക്കോ പോയ് മറയുന്നവയല്ല. ഒരോ ബ്ലോഗിനും സ്ഥായിയായ
വ്യക്തിത്വമുണ്ട്. ആ വ്യക്തിത്വമാണ് അനേകം ബ്ലോഗുകള്‍ക്കുള്ളില്‍
നിന്നും അതിന് വായനക്കാരെ നേടിക്കൊടുക്കുന്നത്. അതുകൊണ്ട് തന്നെ
പത്രങ്ങളിലേപ്പോലെ ബ്ലോഗിനും സൂക്ഷ്മമായി സൂക്ഷിക്കേണ്ട ബ്രാന്‍ഡ്
വാല്യൂ ഉണ്ട്. അബദ്ധപ്രസ്താവനകളിലൂടെ അത് തകര്‍ക്കാന്‍ ബുദ്ധിയുള്ള ഒരു
ബ്ലോഗറും ഒരുമ്പെടില്ല.
പത്രങ്ങളേക്കാള്‍ കാര്യക്ഷമമായ ഫീഡ്‌ബാക് സിസ്റ്റമാണ്
ബ്ലോഗുകള്‍ക്ക് പത്രങ്ങളേക്കാള്‍ വിശ്വാസ്യത തരുന്നത്.
തിരഞ്ഞെടുക്കപെടുന്ന അപൂര്‍വ്വം പ്രതികരണങ്ങളേ പത്രങ്ങളില്‍
പ്രസിദ്ധീകരിക്കപ്പെടുന്നുള്ളൂ. ഉണ്ടായിപ്പോയ തെറ്റുകള്‍
തിരുത്തപ്പെടുന്ന സംഭവങ്ങള്‍ നാമമാത്രമാണ്. അതിനാല്‍ പത്രങ്ങളുടെ
ഫീഡ്‌ബാക്ക് സിസ്റ്റം അതിന്റെ വായനക്കാരുടെ എണ്ണം മാത്രമണ്.
ബ്ലോഗ്ഗ്‌സംസ്കാരത്തിലാവട്ടെ, കമന്റുകളിലൂടെ ആര്‍ക്കും ഒരു ലേഖനത്തെപറ്റി
അഭിപ്രായെമെഴുതാം, ഏതു ബ്ലോഗ് വായനക്കാരനും ലേഖനത്തോടൊപ്പം ആ
അഭിപ്രായങ്ങളും വായിക്കാം.
ബ്ലോഗിലെ തെറ്റ് ഒരിക്കല് തിരുത്തിയാല്, പിന്നെ ആ ലേഖനം വായിക്കുന്ന
ആര്ക്കും ആ തിരുത്ത് ലഭ്യമാണ്. പത്രങ്ങള്ക്കുള്ള ഒരു പരിമിതിയും ഇതാണ്.
ഇന്നത്തെ പത്രത്തില് കടന്നു കൂടിയ തെറ്റ് നാളത്തെ പത്രത്തിലാണ്
തിരുത്തപ്പെടുക. അപ്പോള് കുറേക്കാലം കഴിഞ്ഞ് ഇന്നത്തെപ്പത്രം മാത്രം
നോക്കുന്നയാളിന് ആ തിരുത്ത് ലഭ്യമാകുന്നില്ല.
മാധ്യമത്തിന്റെ പ്രത്യേകതകൊണ്ടാവാം, റഫറന്‍സുകള്‍ക്ക് വേണ്ടത്ര
പ്രാധാന്യം കൊടുക്കാന്‍ പത്രങ്ങള്‍ ശ്രദ്ധിക്കാറില്ല. എന്നാല്‍, ബ്ലോഗ്
സംസ്കാരത്തില്‍, റഫറന്‍സുകള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. അതും
വിക്കിപീഡിയ, ബിബിസി തുടങ്ങി അറിയപ്പെടുന്ന സൈറ്റുകളിലേയ്ക്കുള്ളതിന്.
HTML എന്ന ഇന്റര്‍നെറ്റിന്റെ അടിസ്ഥാനഭാഷ, ഇത്തരം ലിങ്കിങ്ങിന് വളരെ
സഹായിക്കുന്നു.
പലപ്പോഴും സംഭവ സ്ഥലത്ത്’ പത്രറിപ്പോര്ട്ടര് ഉണ്ടാവാനുള്ള
സാധ്യതെയെക്കാളേറെയാണ് ബ്ലോഗര് ഉണ്ടാവാനുള്ള സാധ്യത. മിനി-മൈക്രോസോഫ്റ്റ്
ബ്ലോഗ് എന്ന അജ്ഞാത മൈക്രോസോഫ്റ്റ് ജീവനക്കാരന്റെ ബ്ലോഗ് ഒരുദാഹരണമാണ്.
മൈക്രോസോഫ്റ്റ് മാനേജ്മെന്റിനെ വിമര്ശിക്കുന്നതില് മുമ്പന്തിയിലാണ്
ഇദ്ദേഹം. ഒരു പത്രലേഖകനു സാധ്യമാകാത്ത കാര്യമാണ് ഇദ്ദേഹം ചെയ്യുന്നത്.
പത്രങ്ങള് വരെ, പലപ്പോഴും ഇദ്ദേഹത്തെ ഉദ്ധരിച്ചാണ് മൈക്രോസോഫ്റ്റ്
രഹസ്യങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്.
ഇന്നത്തെ മലയാളം പ്രിന്റ് മീഡിയയില്‍ അധികം വെറൈറ്റിയില്ല. മാതൃഭൂമി,
കലാകൌമുദി എന്നയിനം ഒരു ചട്ടക്കൂട് അല്ലെങ്കില്‍ മനോരമ, മംഗളം
എന്നയിനവും. എന്നാലീ ചട്ടക്കൂടുകള്‍ക്ക് പുറത്തൊക്കെയും
വായനക്കാരുണ്ട്. അവര്‍ക്കുവേണ്ടി ഇന്നാളുവരെ ആരെങ്കിലും
എഴുതിയിരുന്നുണ്ടായിരുന്നെങ്കില്‍ തന്നേയും അതൊന്നും
അവരിലെത്തിയിട്ടില്ല. ബ്ലോഗുകള്‍ അത് തിരുത്തുകയാണ്. അതുകൊണ്ടാണ്
ഇപ്പോഴത്തെ അഴ്ചപ്പതിപ്പ്‌പ്രസ്ഥാനത്തേക്കാള്‍ ശക്തിയും
വ്യാപ്തിയുമുള്ളൊരു മീഡിയമായി മലയാളം ബ്ലോഗുകള്‍ മാറും എന്ന്
കരുതപ്പെടുന്നത്.
ബ്ലോഗുകളില്‍ ബ്രാന്‍ഡുകളാവുന്നതോടെ വായനക്കാര്‍ കൂടുതലാശ്രയിക്കുക
അവിടെ നിന്നുകിട്ടുന്ന വിശകലനങ്ങളെ ആയിരിക്കും. ഇപ്പോള്‍
അച്ചടിമാധ്യമത്തില്‍ ശ്രദ്ധയൂന്നിയിരിക്കുന്ന സംരംഭങ്ങളെല്ലാം തന്നെയും
ബ്ലോഗുകളെയും ശ്രദ്ധിക്കേണ്ടതുണ്ട്. എവിടേയും വായനക്കാരുടെ എണ്ണമാണ്
ശക്തി. ബ്ലോഗ് വായനക്കാരുടെ എണ്ണം കൂടി വരുംതോറും മനോരമ, മാതൃഭൂമി
തുടങ്ങിയവയും പുഴ, ചിന്ത തുടങ്ങിയ ഇന്റര്‍നെറ്റ് പ്രസിദ്ധീകരണങ്ങളും
ഒരുപോലെ ബ്ലോഗില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്
ആഴ്ച്ചയിലൊരിക്കല്‍ പത്രത്തോടൊപ്പം വരുന്ന ഒരു ബ്ലോഗ് മാഗസിന്‍...
ഇന്ന് മലയാളത്തെ പറ്റി കൂടുതല്‍ നൊസ്റ്റാള്‍ജിയയും
താല്പര്യവുമുള്ളവര്‍ മറുനാടന്‍ മലയാളികളാണ്; പ്രത്യേകിച്ചും ഗള്‍ഫുകാര്‍.
എന്നാലും പോപുലറായ ഒരു പ്രസിദ്ധീകരണം തുടങ്ങാനുള്ള പണച്ചിലവും മറ്റു
ബുദ്ധിമുട്ടുകളും മൂലം എല്ലാവരും ആശ്രയിക്കുന്നത് കേരളത്തില്‍ നിന്നു
തന്നെയുള്ള പ്രസിദ്ധീകരണങ്ങളെയാണ്. തുടങ്ങാന്‍ ചിലവൊട്ടും
തന്നെയില്ലാത്തതിനാലും സാങ്കേതികതയുടെ കാര്യത്തില്‍ മറുനാടന്‍ മലയാളികള്‍
മുന്നില്‍ നില്‍ക്കുന്നതുകൊണ്ടും ബ്ലോഗ് പ്രസിദ്ധീകരണങ്ങളുടെ
സിരാകേന്ദ്രം കേരളത്തിനു പുറത്തായിരിക്കും.
വിക്കി
ക്രിയേറ്റിവ് രചനകള്‍ക്ക് ബ്ലോഗുകള്‍ പോലെ വിവരസമാഹരണത്തിനുള്ള
വിക്കിപീഡിയ എന്ന അത്ഭുതസംരംഭത്തെ പറ്റി ചിലരെങ്കിലും കേട്ടിരിക്കും.
ആര്‍ക്കും ഇന്റര്‍നെറ്റില്‍ ചെന്ന് എഡിറ്റ് ചെയ്യാവുന്ന
എന്‍സൈക്ലോപീഡിയയാണ് വിക്കിപീഡിയ. പണ്ഡിതനും പാമരനും ഒരുപോലെ
പങ്കെടുക്കാവുന്ന പ്രസ്ഥാനം. ഇന്റര്‍നെറ്റില്‍ ലേഖനങ്ങള്‍ എളുപ്പത്തില്‍
ഫോര്‍മാറ്റ് ചെയ്യാനുപയോഗിക്കുന്ന ഒരു നോട്ടേഷന്‍ രീതിയായ
വിക്കിവിക്കിവെബില്‍ നിന്നാണ് വിക്കി എന്ന വാക്കും ലേഖനരീതിയും
വിക്കിപീഡിയക്ക് കിട്ടുന്നത്. (വിക്കിയെന്നാല്‍ ഹവായിയന്‍ ഭാഷയില്‍
‘വേഗത്തില്‍‘ എന്നര്‍ത്ഥം.)
വിക്കിപീഡിയ 2000-ല്‍ തുടങ്ങുമ്പോള്‍ അതൊരു മഹാപ്രസ്ഥാനമായി മാറുമെന്ന്
അതുണ്ടാക്കിയവര്‍ പോലും കരുതിയിട്ടില്ല. എന്നാലിന്ന്, ബ്രിട്ടാണിക്ക
എന്‍സൈക്ലോപീഡിയയോടൊപ്പം തന്നെ നില്‍ക്കുന്ന ഒരു സ്വതന്ത്ര, സൌജന്യ
വിജ്ഞാനകോശമായി മാറിക്കഴിഞ്ഞു വിക്കിപീഡിയ. ഇത് വെറുതെ പറയുന്നതല്ല.
നേച്ചര്‍ മാഗസിന്‍ അത് ശാസ്ത്രീയമായ രീതികളുപയോഗിച്ച് സ്ഥിരീകരിച്ചു.
ബ്രിട്ടാണിക്കയിലേയും വിക്കിപീഡിയയിലേയും ലേഖനങ്ങള്‍ എവിടെ
നിന്നെടുത്തതാണെന്നറിയിക്കാതെ അതാത് വിഷയങ്ങളിലെ പ്രമുഖരെ കാണിച്ചു.
അവയിലെ തെറ്റുകളും കുറവുകളും രേഖപ്പെടുത്തി. അവസാനം കൂട്ടിനോക്കിയപ്പോള്‍
രണ്ടിന്റേയും വിവിധ വിഷയങ്ങളിലെ ശരാശരി സ്കോര്‍ ഒപ്പത്തിനൊപ്പം!
ഇന്ന് ഇംഗ്ലീഷ് വിക്കിപീഡിയയിലെ മാത്രം ലേഖനങ്ങളുടെ എണ്ണം
പത്തുലക്ഷത്തില്‍ കൂടുതലാണ്; ഒരു ദിവസം 6 ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍
ഇംഗ്ലീഷ് വിക്കിപീഡിയ റഫര്‍ ചെയ്യുന്നു.
മലയാളത്തിലും വിക്കിപീഡിയയുണ്ട്. 2002-ലെ ആദ്യലേഖനം മുതല്‍ വളരെ
പതുക്കെ ആയിരുന്നു വിക്കിപീഡിയയുടെ വളര്‍ച്ച. ശൈശവദശ ഇതുവരെയും
പിന്നിടാത്ത മലയാളം വിക്കിപീഡിയയില്‍ ഇന്ന് 1000-ല്‍ പരം
ലേഖനങ്ങളുണ്ട്. മലയാളം, ബ്ലോഗുകളുടെ കാര്യത്തില്‍ വളരെ
മുന്നിലാണെങ്കിലും, വിക്കിയുടെ കാര്യത്തില്‍ നമ്മള്‍ തമിഴ്, ഹിന്ദി,
കന്നട എന്നിവയേക്കാളൊക്കെ പിന്നിലായിരിക്കുന്നു.
വിക്കിയിലെ ഒരു ലേഖനത്തിനും കൃത്യമായൊരു രചയിതാവില്ല. അതായത് ഒരു
ലേഖനത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പലരുണ്ടാവും. അവരുടെ
കാഴ്ചപാടുകളും വ്യത്യസ്തമാവും. അതുകൊണ്ടുതന്നെ, എല്ലാവര്‍ക്കും ഒരു പോലെ
യോജിക്കാനാവുന്ന ഒരു മധ്യമാര്‍ഗത്തിനേ വിക്കിയിലെ ലേഖനങ്ങളില്‍
നിലനില്‍പ്പുണ്ടാവൂ. അതായത് വിക്കി സ്വാഭാവികമായി തന്നെ നിഷ്പക്ഷത
ഉറപ്പാക്കുന്നു. സിന്ധൂനദീതടസംസ്കാരം, ഇസ്രായേല്‍-പാലസ്തീന്‍
എന്നിങ്ങനെയുള്ള ഏറ്റവും കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങളില്‍ പോലും ഏറ്റവും
നിഷ്പക്ഷമായ സമീപനത്തിന് പേരുകേട്ടതാണ് വിക്കിപീഡിയ. വിക്കിപീഡിയയിലെ
വിവരണം മാത്രമേ ഏതു പ്രശ്നത്തിന്റേയും രണ്ടു വശങ്ങളും ഒരുപോലെ
വിവരിക്കുന്നുള്ളൂ എന്നു വിശ്വസിക്കുന്നവരേറി വരുന്നു. അനേകം പേരുടെ
കൂട്ടയ്മയില്‍ നിന്നാണ് ഓരോ ലേഖനങ്ങളുടേയും ആധികാരികത
ആരുറപ്പാക്കപ്പെടുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ തെറ്റെഴുതിയാല്‍
തിരുത്താനും ആളുണ്ട്.
വിക്കിയിലെഴുതാന്‍ താടിനീട്ടിയ ബുദ്ധിജീവിയൊന്നും ആവേണ്ടകാര്യമില്ല.
ഓണത്തെപ്പറ്റി പത്തുവാചകം എഴുതാന്‍ സാധിക്കുന്നവരായാല്‍ മതി.
എഴുതുന്നതെല്ലാം പെര്‍ഫക്റ്റാവണം എന്ന വാശിയും വേണ്ട; പുറകേ വരുന്നവര്‍
തിരുത്തിക്കോളും അല്ലെങ്കില്‍ കൂട്ടിച്ചേര്‍ത്തോളും എന്ന അവബോധം
വലിയൊരാത്മവിശ്വാസം തരുന്നു.
ഒരു പ്രൈമറി സ്ക്കൂള്‍ ടീചര്‍ അവരുടെ സ്കൂളിനെ പറ്റിയെഴുതുന്നു;
പ്രൈമറി വിദ്യാഭ്യാസത്തിന്റെ വിവിധഘട്ടങ്ങളെ പറ്റിയെഴുതുന്നു. ഒരു
ഡിഗ്രിവിദ്യാര്‍ഥി അവന്‍ പഠിക്കുന്ന വിഷയത്തിലെ ചില വാക്കുകള്‍
എന്താണെന്ന് നിര്‍വചിക്കുന്നു. പാര്‍ട്ടിപ്രവര്‍ത്തകന്‍ നേതാക്കന്മാരുടെ
ജീവിതരേഖ കുറിക്കുന്നു. ഒരു വീട്ടമ്മ അന്നുകണ്ട സീരിയല്‍ അല്ലെങ്കില്‍
സിനിമ ആരുണ്ടാക്കി, അഭിനയിക്കുന്നവരാരെല്ലാം എന്നെഴുതുന്നു. അങ്ങനെ
അങ്ങനെ അനേകം ചെറുതുള്ളികള്‍ ചേര്‍ന്നൊരു പെരുമഴയാവുകയാണ്. ആ
പെരുമഴയിലൊരു തുള്ളിയാവാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു.